തുല്യജോലിക്ക് സ്ത്രീ പുരുഷന്‍മാര്‍ക്ക് തുല്യവേതനം എന്ന സ്വപ്നം ഇന്നും വിദൂരമായി നില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കു ലഭിക്കുന്ന വേതനത്തിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി പുതിയൊരു പഠനം. പ്രായം അമ്പതുകളിലെത്തിയ സ്ത്രീകള്‍ക്ക് 8 ശതമാനത്തോളം ശമ്പളം കുറയുന്നതായാണ് പുതിയ റിപ്പോർട്ട്. പുരുഷന്‍മാര്‍ക്ക് ഇതേ പ്രായത്തില്‍ കുറയുന്നതാകട്ടെ വെറും 4 ശതമാനം ശമ്പളം മാത്രവും. നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ഓഫിസില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയ തയാറാക്കിയ പഠനം പുറത്തുവന്നതിനെത്തുടര്‍ന്ന് ബിബിസിയുടെ 51 വയസ്സുള്ള അവതാരക സമീറ അഹമ്മദ് സംഭവം ലണ്ടനിലെ തൊഴില്‍ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന രാജ്യാന്തര ട്രൈബ്യൂണലില്‍ എത്തിച്ചിരിക്കുന്നു. 

നാല്‍പതുകളിലാണ് സ്ത്രീ പുരുഷന്‍മാര്‍ അവരുടെ ശമ്പളത്തിന്റെ ഉയരത്തിലെത്തുന്നത്. പക്ഷേ, അമ്പതുകളിലെത്തുന്നതോടെ സ്ത്രീകളുടെ ശമ്പള വര്‍ധനവില്‍ ഗണ്യമായ മാറ്റം വരുന്നില്ല. സമീറ അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ അതേ തസ്തികകളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ അതേ ശമ്പളം ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്ന് അഭിപ്രായപ്പെടുന്നു ഇതേക്കുറിച്ചു പഠനം നടത്തിയ റെസ്റ്റ് ലെസ് സ്ഥാപക സ്റ്റുവര്‍ട്ട് ലൂയിസ്. 

അമ്പതുകളിലെത്തുമ്പോള്‍ സ്ത്രീകളുടെ ജോലി ഭാരം കൂടുകയാണെന്നും റിപ്പോർട്ടിലുണ്ട്. ആനുപാതികമായ വര്‍ധനവ് എന്നാല്‍ ശമ്പളത്തില്‍ വരുന്നുമില്ല. പ്രായം അമ്പതുകളിലും അറുപതുകളിലും എത്തുമ്പോഴും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 75 ശതമാനത്തില്‍ അധികമാണ് വര്‍ധിച്ചത്. 1999 ല്‍ ഇത് 2.7 ദശലക്ഷമായിരുന്നെങ്കില്‍ ഇന്നത് 4.8 ദശലക്ഷമായി വര്‍ധിച്ചിരിക്കുന്നു. സ്ത്രീകളുടെ ശരാശരി വിരമിക്കല്‍ പ്രായം ഇപ്പോള്‍ പുരുഷന്‍മാരുടേതിനേക്കാള്‍ ഒരു വയസ്സിനു മാത്രം പിന്നിലാണ്. 

18-21 പ്രായത്തിനിടെ സ്ത്രീ-പുരുഷന്‍മാരുടെ ശമ്പളത്തിലെ വ്യത്യാസം 18 ശതമാനമാണെങ്കില്‍ നാല്‍പതുകളിലെത്തുമ്പോഴേക്കും ഇത് 25 ശതമാനമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. .യൗവനത്തിലേക്കാള്‍ കുടുംബത്തിനുവേണ്ടി സ്ത്രീകള്‍ക്കു കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നത് മധ്യവയസ്സിലാണ്. 

മക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി കൂടുതല്‍ സമയം വേണ്ടിവരുന്ന കാലം. ഇതേ കാലത്തുതന്നെ ശമ്പളത്തില്‍ വ്യതിയാനവും വരുന്നതോടെ സ്ത്രീകള്‍ക്ക് ജോലിസ്ഥലത്ത് നേരിടേണ്ടിവരുന്നത് ഇരട്ടിപ്രഹരം. കൂടുതല്‍ സ്ത്രീകള്‍ മധ്യവയസ്സില്‍ ജോലി ചെയ്യാൻ താല്‍പര്യം കാണിക്കുകയും അതിനു തയാറാകുകയും ചെയ്യുമ്പോഴും ആനുപാതികമായ ശമ്പള വര്‍ധന വരുത്താതെ സ്ത്രീകള്‍ക്ക് ദോഷകരമായ തൊഴില്‍ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. ഇതു മാറണം. അതിനുവേണ്ടിയാണ് ബിബിസി അവതാരക സമീറ അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ പോരാടുന്നത്. 

English Summary :  Woman paid less than male colleagues for doing equivalent work