പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് ആയിഷ എന്ന പെൺകുട്ടിയുടെ പേരാണ്. അവൾക്കൊപ്പം തന്നെ ധീരമായി പോരാടിയ മറ്റു പെൺകുട്ടികളുമുണ്ട്. ലദീനയും ചന്ദ യാദവും. കൗമാരപ്രായം പോലും കടന്നിട്ടില്ലാത്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി നേരിട്ടപ്പോഴും ധീരമായി നടത്തിയ ചെറുത്തുനില്‍പിന്റെ പേരിലാണ് അവരൊക്കെയും വാർത്തകളിലിടം പിടിച്ചത്.

അടിയുറച്ച വിശ്വാസങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെയും പോരാടുമെന്നും ആരുടെ മുമ്പിലും പേടിക്കില്ലെന്നും ഉറച്ചു പ്രഖ്യാപിച്ച അപൂര്‍വ സാഹസികതയുടെ പേരില്‍. പ്രക്ഷോഭ സ്ഥലത്തുനിന്നുള്ള ഒരു വിഡിയോയിലൂടെയാണ് പെണ്‍കുട്ടികളുടെ  ധീരത പുറംലോകം അറിഞ്ഞത്. ലദീദ ഫര്‍സാന, അയിഷ റെന്ന, ചന്ദ യാദവ് എന്നീ പെണ്‍കുട്ടികളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ലോകമെങ്ങുമുള്ള അവകാശ സമരങ്ങളില്‍ പ്രചോനദമായി മാറിയിരിക്കുകയാണ് ജാമിയ സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ പോരാട്ടവും ചെറുത്തുനില്‍പും. 

പൊലീസ് തല്ലിച്ചതയ്ക്കാന്‍ ശ്രമിച്ച ഒരു സഹപാഠിയെ  രക്ഷിക്കനായിരുന്നു പെണ്‍കുട്ടികളുടെ ശ്രമം. എല്ലാവരും 20 വയസ്സിനപ്പുറം കടന്നിട്ടില്ലാത്തവര്‍. ഞായറാഴ്ച നടന്ന വിദ്യാര്‍ഥി സമരം അക്രമാസക്തമായപ്പോഴായിരുന്നു പൊലീസ് തേരോട്ടം തുടങ്ങിയത്. കണ്ണീര്‍വാതക ഷെല്ലുകളും ബാറ്റണുകളും ലാത്തികളുമായിട്ടായിരുന്നു പൊലീസിന്റെ വരവ്. ഒരു കൂട്ടം പെണ്‍കുട്ടികള്‍ സഹപാഠിയ്ക്കൊപ്പം ന്യൂ ഫ്രണ്ട്സ് കോളനിയിലെ വീട്ടില്‍ അഭയം തേടി. സര്‍വകലാശാലയ്ക്ക് അടുത്തുതന്നെയായിരുന്നു ഈ വീട്. വീടിനു മുന്നില്‍ കിടക്കുന്ന രണ്ടു കാറുകളുടെ പിന്നിലായാണ് പെണ്‍കുട്ടികള്‍ നിന്നത്. പക്ഷേ, പൊലീസ് അവിടെയുമെത്തി. 

പൊലീസുകാര്‍ മുഖം മൂക്കുവരെ മറച്ച് തുണി കെട്ടിയിട്ടുണ്ടായിുരന്നു. വീട്ടില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടികളോട് പുറത്തേക്കുവരാന്‍ അവര്‍ വെല്ലുവിളിച്ചു. ഇക്കൂട്ടത്തില്‍ പൊലീസുകാരനല്ലാത്ത ഒരു യുവാവുമുണ്ടായിരുന്നു. ഇയാള്‍ ചുവന്ന ടീ ഷര്‍ട്ടും ജീന്‍സുമായിരുന്നു ധരിച്ചത്. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും ധരിച്ചിട്ടുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ പുറത്തുവരാത്തതിനെത്തുടര്‍ന്നു പൊലീസ് വീട്ടില്‍ അതിക്രമിച്ചുകയറി അവരുടെ കൂടെയു ണ്ടായിരുന്ന ആണ്‍കുട്ടിയെ വലിച്ചിഴച്ചു പുറത്തെത്തിച്ചു. റോഡിലിട്ട് യുവാവിനെ പൊലീസ് തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഉടന്‍തന്നെ പെണ്‍കുട്ടികള്‍ റോഡില്‍ എത്തി. ഒരു കുട്ടി കൂട്ടുകാരനെ അടക്കിപ്പിടിച്ച് പൊലീസ് മര്‍ദനത്തില്‍നിന്നു രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരും അയാള്‍ക്കു ചുറ്റും കവചം ഒരുക്കി. 

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രതിരോധത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പെൺകുട്ടികൾ തുറന്നു പറയുന്നതിങ്ങനെ :-

''ആണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന് അപ്പോഴേക്കും രക്തം വരുന്നുണ്ടായിരുന്നു. വനിതാ പൊലീസ് കൂടെയില്ലാത്തതിനാല്‍ ഞങ്ങളെ ഉപദ്രവിക്കില്ല എന്നായിരുന്നു ധാരണ''.- അറബിക് സാഹിത്യം പഠിക്കുന്ന 22 വയസ്സുകാരിയായ ലദീദ ഫര്‍സാന പറയുന്നു. പക്ഷേ പെണ്‍കുട്ടികള്‍ ഒരുക്കിയ കവചനത്തിനിടയിലൂടെയും പൊലീസ് ആണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. വടി കൊണ്ട് തങ്ങളെ അവര്‍ കുത്തിയതായും ഫര്‍സാന പറയുന്നു. 

''മോശം ഭാഷ ഉപയോഗിച്ചുകൊണ്ടായിരുന്നു പൊലീസുകാരുടെ അക്രമം. ഇതിനിടെ കുട്ടികള്‍ പൊലീസിനെതിരെ ഗോ ബാക്ക് വിളികളും മുഴക്കി. ആ നിമിഷത്തില്‍ ഏതു വിധേയനയും സുഹൃത്തിനെ രക്ഷിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യമെന്ന്'' ചരിത്ര വിദ്യാര്‍ഥിനിയായ ആയിഷ റെന്ന പറയുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡിഗ്രി വിദ്യാര്‍ഥിയായ ചന്ദ യാദവ് പറയുന്നത് ''പൊലീസിനെ പേടിച്ചുനില്‍ക്കാന്‍ അപ്പോള്‍ പറ്റില്ലായിരുന്നു എന്നാണ്. പൊലീസ് ഞങ്ങളെയും തല്ലിച്ചതച്ചിരുന്നെങ്കിലും അതോര്‍ത്ത് ഒരിക്കലും പശ്ചാത്തപിക്കില്ല''.- ചന്ദ തുറന്നുപറയുന്നു. 

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ജാമിയയിലെ പെണ്‍കുട്ടികളുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് ലോകം. എങ്ങനെ സുഹൃത്തിനെ രക്ഷിക്കാം എന്നതിന്റെ മാതൃകയായിരുന്നു പെണ്‍കുട്ടികളുടെ പ്രവൃത്തി എന്നാണ് സംഭവത്തെക്കുറിച്ച് പലരും പുകഴ്ത്തിയത്. നതാഷ ബധ്വാര്‍ എന്ന എഴുത്തുകാരിയും പെണ്‍കുട്ടികളെ പുകഴ്ത്തി. 

English Summary : Brave Students Who Rescued Friend From Police Attack Talks About Their Experience