സിനിമയില്‍ അവകാശങ്ങളിലും അവസരങ്ങളിലും തുല്യത ആവശ്യപ്പെട്ടു രംഗത്തെത്തിയ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ് വിവിധ സംഘടനകൾക്കൊപ്പം ചേർന്നൊരുക്കിയ 'നോ ടു സൈബർ വയലൻസ്'  എന്ന ക്യാംപെയനിലൂടെ സൈബർ ലോകത്തു നിന്നുണ്ടായ അനുഭവങ്ങളെപ്പറ്റി തുറന്നു പറയുകയാണ് ഒരു യുവതി. 

ഹൈദരാബാദില്‍നിന്നുള്ള റുഷീക പുല്ലൂരി സൈബർ ലോകത്തു നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്നതിങ്ങനെ :- 

‘ 16-ാം വയസ്സില്‍ ഞാന്‍ ഒരു സംഗീത ട്രൂപ്പില്‍ അംഗമായി. അവിടെ എന്റെ അതേ പ്രായമുള്ള ഒരു സുഹൃത്തിനെ കണ്ടു പരിചയമായി. അയാളെ എന്റെ അടുത്ത സുഹൃത്തായാണ് ഞാന്‍ കണ്ടത്. എന്റെ ഫോണ്‍ നമ്പരും കൊടുത്തു. അയാള്‍ ഞാന്‍ താമസിക്കുന്ന അതേ നഗരത്തില്‍നിന്നുള്ളയാളാണ്. അതും എന്റെ അടുപ്പം വര്‍ധിപ്പിച്ചു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെക്കാള്‍ ഒരുപാട് മുതിര്‍ന്നയാളാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ അയാളെ കാണാന്‍ ചെല്ലണമെന്ന് ആവശ്യപ്പെടാനും തുടങ്ങി. 

അടുപ്പമുള്ള വ്യക്തിയോട് നോ പറയാന്‍ മടിയായിരുന്നു. അതുകൊണ്ട് ഞാന്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു. അവസാനം ക്ഷമ നശിച്ചപ്പോള്‍ അയാള്‍ എന്റെ നമ്പര്‍ സമൂഹമാധ്യമത്തില്‍ പരസ്യപ്പെടുത്തി. അതോടെ അശ്ലീല സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. അപരിചിതരായ ആളുകള്‍ പോലും ഭീഷണിപ്പെടുത്താനും തുടങ്ങി. അതോടെ ഞാന്‍ സമൂഹമാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. 

അക്കാലത്ത് എപ്പോഴും എനിക്ക് അപരിചിതരില്‍നിന്ന് കോളുകളും മെസേജുകളും സ്ഥിരമായി ലഭിക്കുമായിരുന്നു. അവയെപ്പറ്റി ആരോടെങ്കിലും പറയാന്‍ തന്നെ മടിയായിരുന്നു. എനിക്ക് പുതിയൊരു മൊബൈല്‍ നമ്പര്‍ തരാന്‍ രക്ഷകര്‍ത്താക്കളോടും ആവശ്യപ്പെട്ടു. ആ സംഭവത്തെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഇപ്പോഴും എന്റെ മനസ്സില്‍ കുറ്റബോധവും പശ്ചാത്താപവും നിറയും’. 

English Summary : Woman Talks About Cyber Violence