ഗവേഷണ ഫലങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പുരുഷന്‍മാര്‍ തങ്ങളുടെ നേട്ടത്തെ ഉജ്വലമായ പദങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുമെങ്കിലും സ്ത്രീകള്‍ സാധാരണ വാക്കുകളാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തലുമായി പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. പുതുമയുള്ളത്, ചരിത്രത്തിലാദ്യം, ഏറ്റവും മഹത്തായത് തുടങ്ങിയ പദങ്ങളാണ് പുരുഷന്‍മാര്‍ തങ്ങളുടെ കണ്ടുപിടിത്തത്തെക്കുറിച്ച് പറയുമ്പോള്‍ ഉപയോഗിക്കുന്നത്. 

സാധാരണ പഠനങ്ങള്‍ പോലും ഇത്തരം വാക്കുകളുടെ ബലത്തില്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നു. സ്ത്രീകളാകട്ടെ യുക്തിപരമായി ചിന്തിച്ച് സാധാരണ വാക്കുകള്‍ മാത്രം ഉപയോഗിച്ച് ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന പഠനമാണ് സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

ഇന്നും ശാസ്ത്രമേഖലയില്‍ സ്ത്രീകള്‍ക്ക് ഗവേഷണം നടത്താനുള്ള മികച്ച വരുമാനം ലഭിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശക്തമായ പിന്തുണയും മികച്ച ഫണ്ടും ഉണ്ടെങ്കില്‍ മാത്രമേ ശാസ്ത്രഗവേഷണത്തില്‍ മുന്നോട്ടുപൊകാനാവൂ. ഇവിടെ സ്ത്രീകള്‍ പരാജജയപ്പെടുകയും പുരുഷന്‍മാര്‍ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു. മൂന്നു മാസം മുമ്പു പ്രഖ്യാപിച്ച ശാസ്ത്ര നൊബേല്‍ ജേതാക്കളില്‍ ഒരാള്‍ പോലും സ്ത്രീകളില്‍ നിന്ന് ഇല്ലായിരുന്നു എന്നതിനു കാരണവും സ്ത്രീകള്‍ക്ക് പിന്തുണ ലഭിക്കാത്തതുകൊണ്ടാണെന്നാണ് പഠനം പറയുന്നത്. 

സ്ത്രീകളും തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലും വലിയ പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. മാര്‍ക് ലെര്‍ക്കന്‍മുള്ളര്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനമാണ് ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹവും ഭര്യ കാരലിനും കൂടി നിരന്തരമായി പഠിച്ചും സംഭാഷണത്തിലേര്‍പ്പെട്ടുമാണ് ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കുന്നതില്‍പോലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യാസം കണ്ടെത്തിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച ആയിരക്കണക്കിനു ശാസ്ത്രപഠനങ്ങള്‍ അവര്‍ പരിശോധിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ പ്രതികരണങ്ങളും അവര്‍ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിച്ച രീതിയും പരിശോധിച്ചു. 

21 ശതമാനം സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ ഗവേഷണ ഫലങ്ങളെ മഹത്തരമെന്നു വിശേഷിപ്പിച്ച് ഇക്കാലത്ത് രംഗത്തെത്തിയത്. 60 ശതമാനം പുരുഷന്‍മാരാകട്ടെ നവീനം എന്ന വാക്കാണ് തങ്ങളുടെ കണ്ടുപിടിത്തങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. 44 ശമാനം പേര്‍ ആദ്യത്തെ കണ്ടുപിടിത്തം എന്ന വിശേഷണവും ഉപയോഗിച്ചു. 72 ശതമാനം പേരാകട്ടെ മികച്ച വാഗ്ദാനം എന്ന വാക്കാണ് ഉപയോഗിച്ചത്. 

അധ്വാനിച്ചാല്‍ മാത്രം പോരാ അതെങ്ങനെ വില്‍ക്കണം എന്നതിനെക്കുറിച്ചും മികച്ച ധാരണം വേണമെന്നും അക്കാര്യത്തിലും പ്രഫഷണല്‍ സമീപനം വേണമെന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രഗവേഷണത്തില്‍ ഉന്നതനിലവാരമാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്. അവരുടെ പ്രതീക്ഷയ്ക്കൊത്ത നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ അവര്‍ നിരാശരാകുന്നു. അതവരുടെ പേപ്പര്‍ പ്രസന്റേഷനിലും ഇക്കാര്യം പ്രകടമാകുന്നു. നിഷേധാത്മകത വെടിഞ്ഞ് പരമാവധി പോസിറ്റീവായി ഗവേഷണത്തില്‍ ഏര്‍പ്പെടുകയും ആത്മവിശ്വാസത്തോടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്ത്രീകള്‍ക്കു മുന്നിലുള്ള മാര്‍ഗ്ഗം. 

ഒരു വ്യക്തിയെന്ന നിലയിലും ഗവേഷക എന്ന നിലയിലും തന്നെത്തന്നെ പ്രധാന്യമുള്ള ആളെന്ന നിലയില്‍ അവതരിപ്പിക്കുന്നതിലും സ്ത്രീകള്‍ പിന്നാക്കമാണത്രേ. സെല്‍ഫ് പ്രമേഷനില്‍ പരാജയപ്പെടുന്ന വ്യക്തികള്‍ക്ക് മിക്കപ്പോഴും അംഗീകാരങ്ങള്‍ കിട്ടാക്കനിയാകും. ഇതാണ് സ്ത്രീകളുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്നാണ് ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍ പഠനം പറയുന്നത്. 

English Summary : Men Are More Likely Than Women to Call Their Science 'Excellent'