ഒരു വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. വര്‍ഷത്തിന്റെ അവസാന ആഴ്ചകളില്‍ ബോസ് സമീപിച്ച് കഴിഞ്ഞു പോയ വര്‍ഷത്തെക്കുറിച്ച് ചോദിച്ചേക്കാം. എന്തായിരിക്കും മറുപടി. നല്ലതെന്നോ, ഗംഭീരമെന്നോ,ഭീകരമെന്നോ ?  മറുപടിയിലുണ്ട് ഓരോരുത്തര്‍ക്കും അവരവരെക്കുറിച്ചുള്ള വിലയിരുത്തല്‍. സ്വയമുള്ള വിശ്വാസം. ആത്മവിശ്വാസം. 

ജോലിയെക്കുറിച്ചും കഴിഞ്ഞുപോയ വര്‍ഷത്തെക്കുറിച്ചും പറയുന്ന മറുപടിയെ ആശ്രയിച്ചിരിക്കും ശമ്പള വര്‍ധന, പ്രമോഷന്‍, സ്ഥാനക്കയറ്റം, സ്ഥാപനത്തിലെ വളര്‍ച്ചയും സാധ്യതയും. 

ഓരോരുത്തരുടെയും മറുപടിയിലുമുണ്ട് വ്യത്യാസം. വ്യക്തികളെന്നതിനേക്കാള്‍ സ്ത്രീ-പുരുഷ വ്യത്യാസം.  സ്ത്രീകളും പുരുഷന്‍മാരും ചെയ്യുന്നത് ഒരേ ജോലി തന്നെയാണെങ്കിലും സ്ത്രീകളേക്കാള്‍ 33 ശതമാനത്തിലധികം ഗംഭീരമായിട്ടായിരിക്കും പുരുഷന്‍മാര്‍ അവരുടെ ജോലിയെക്കുറിച്ചു വിശേഷിപ്പിക്കുക. പുരുഷന്‍മാര്‍ ഗംഭീരമെന്ന് അവരുടെ ജോലിയെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ അതേ ജോലി തന്നെ ചെയ്ത സ്തീകള്‍ അവരുടെ ജോലിയെക്കുറിച്ച് നല്ലത് എന്ന ഒറ്റവാക്കില്‍ വിശേഷണം ഒതുക്കിയേക്കാം. വിലയിരുത്തല്‍ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന് ആത്മവിശ്വാസം. അതായത് സ്വന്തം ജോലിയെക്കുറിച്ചുള്ള ശരിയായ അറിവും അറിവില്ലായ്മയും.  രണ്ടാമത്തേത് തന്ത്രപരമായ ബുദ്ധി. ഈ ബുദ്ധിയില്ലെങ്കില്‍ സ്ഥാപനത്തില്‍ സ്ഥാനക്കയറ്റം വൈകാനുള്ള സാധ്യതയുണ്ടെന്നും മറക്കരുത്. 

ആമസോണ്‍ മെക്കാനിക്കല്‍ ടര്‍ക്കില്‍ പുതുതായി നിയമനം കൊടുത്തവര്‍ക്കിടയില്‍ അടുത്തിടെ ഒരു സര്‍വേ നടത്തിയിരുന്നു. ഗണിതശാസ്ത്രവും സയന്‍സുമായിരുന്നു ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയ രണ്ടു വിഷയങ്ങള്‍. സ്ത്രീകളും പുരുഷന്‍മാരും ഈ രണ്ടു വിഷയത്തിലും ഒരുപോലെയാണ് ഉത്തരം രേഖപ്പെടുത്തിയത്. പക്ഷേ, സ്വന്തം കഴിവുകള്‍ രേഖപ്പെടുത്താനുള്ള അവസരം വന്നപ്പോള്‍ പുരുഷന്‍മാര്‍ സ്വയം നല്‍കിയത് 60 ശതമാനത്തില്‍ അധികം മാര്‍ക്കാണെങ്കില്‍ സ്ത്രീകള്‍ പരമാവധി അവരവര്‍ക്കു നല്‍കിയത് 40 ശതമാനം മാര്‍ക്ക് മാത്രം. 

ചോദ്യങ്ങള്‍ക്കു കൃത്യമായി ഉത്തരം നല്‍കിയെന്ന് സ്ത്രീകള്‍ക്കറിയാം. പക്ഷേ, അക്കാര്യം അവര്‍ പോലും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പുരുഷന്‍മാരാകട്ടെ അമിത ആത്മ വിശ്വാസമുള്ളവരായി കാണപ്പെട്ടു. 

സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയുമായും ബന്ധമില്ലാത്ത മറ്റൊരു ടെസ്റ്റും ഇതേ വിഭാഗം ജീവനക്കാര്‍ക്കിടയില്‍ നടത്തുകയുണ്ടായി. അപ്പോഴാകട്ടെ സ്ത്രീകളും പുരുഷന്‍മാരും അവരവര്‍ക്ക് മാര്‍ക്കിട്ടത് ഒരുപോലെ. 

English Summary : How Women Describe their Perfomence