ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ക്രിസ്മസ് കാലത്തും ആശങ്കയിലൂടെ കടന്നുപോകുന്നവരുണ്ട്; അവരുടെ പ്രതിനിധിയാണ് ജൂലി എന്ന യുവതി. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് രണ്ടാഴ്ച മാത്രം മുമ്പ് ജൂലി ഫോണില്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ കേള്‍ക്കുക: എന്റെ ക്ഷമ നശിച്ചിരിക്കുന്നു. മമ്മി രോഗത്താല്‍ അവശയായിരിക്കുന്നു. കുട്ടികളുടെ അവധി തുടങ്ങിയിട്ടില്ല, അതിനു മുമ്പുതന്നെ ബന്ധുക്കള്‍ അവധി ആഘോഷിക്കാന്‍ എത്തിക്കഴിഞ്ഞു. ഇതാ ഇപ്പോള്‍ മമ്മിയുടെ അസുഖവും. മകന്റെ സാന്റ പ്രോജക്ട് ഇതുവരെ തീര്‍ന്നിട്ടില്ല. അതു വേഗം തീര്‍ക്കണം... ’. ഭ്രാന്തു പിടിച്ചതുപോലെ ക്ഷമ നശിച്ച് ജൂലി ഇതു പറയുമ്പോള്‍ അവരുടെ വാക്കുകളില്‍ വിറയലുണ്ടായിരുന്നു. ശബ്ദം ഇടയ്ക്കിടെ ഇടറി. തേങ്ങലിലേക്ക് വഴുതിവീണുകൊണ്ടാണ് അവര്‍ സംസാരിച്ചതത്രയും. 

ഈ പരിഭവങ്ങള്‍ ജൂലിയുടേതു മാത്രമല്ല, ഓരോ ക്രിസ്മസ് കാലത്തും എണ്ണമറ്റ സ്ത്രീകളില്‍നിന്ന് കേള്‍ക്കുന്നതാണ്. ഓരോ ആഘോഷകാലത്തും ആവര്‍ത്തിക്കുന്നവ. വീടുകളില്‍ സ്ത്രീകള്‍ ചെയ്തുതീര്‍ക്കുന്ന, ഒരു കണക്കു പുസ്തകത്തിലും വരാത്ത, ആരും ശമ്പളം കൊടുക്കാത്ത ജോലികളുടെ ഒരു നേര്‍ച്ചിത്രം.  എന്നും കഷ്ടപ്പാട് തന്നെയെങ്കിലും ആഘോഷകാലമാകുന്നതോടെ സ്ത്രീകളുടെ വീട്ടു ജോലി കൂടുകയാണ്. പങ്കു വയ്ക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥയും. 

ക്രിസ്മസ് അടുക്കുമ്പോള്‍ അധികമായി നടത്തേണ്ട ഷോപ്പിങ്. സമ്മാനങ്ങള്‍ വാങ്ങുക, അവ പാക്ക് ചെയ്യുക. ആശംസാ കാര്‍ഡുകള്‍ സ്വീകരിക്കുക. അവയ്ക്കു മറുപടി എഴുതുക, ക്രിസ്മസ് ട്രീ അലങ്കരിക്കുക. വീട് വൃത്തിയാക്കുക. സ്പെഷല്‍ റെസിപ്പികളുടെ അടിസ്ഥാനത്തില്‍ വിരുന്നൊരുക്കുക. യഥാര്‍ഥത്തില്‍ ആരും മനസ്സിലാക്കുന്നില്ലെങ്കിലും ഓരോ വീടുകളിലും സ്ത്രീകള്‍ നടത്തുന്ന അധ്വാനമല്ലേ ഓരോ ക്രിസ്മസിനെയും അവിസ്മരണീയമാക്കുന്നത്. കാലങ്ങളോളം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭൂതിയാക്കിമാറ്റുന്നത്. പക്ഷേ, അതാരും അറിയുന്നില്ല, മനസ്സിലാക്കുന്നില്ല. അത് ആവര്‍ത്തിക്കപ്പെട്ടുകോണ്ടേയിരിക്കുന്നു. 

ഹര്‍വാര്‍ഡിലെ ഒരു പ്രഫസര്‍ അടുത്തിടെ തയാറാക്കിയ ഒരു ഗവേഷണ പ്രബന്ധം സ്ത്രീകള്‍ വീടുകളില്‍ ചെയ്തുതീര്‍ക്കുന്ന ജോലികളെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് ഒരു സ്ഥലത്തും എഴുതിവച്ചിട്ടില്ലാത്ത, റെക്കോര്‍ഡുകളിലില്ലാത്ത കണക്കറ്റ ജോലികളെക്കുറിച്ച്. നേരത്തെ ജൂലി സൂചിപ്പിച്ച സാന്റ പ്രോജക്റ്റ് തന്നെ ഉദാഹരണം. അവ തയാറാക്കണം, കുട്ടികളെ പരിശീലിപ്പിക്കണം. കുട്ടികള്‍ അവ മറക്കാതെ സ്കൂളില്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിന് സമ്മാനം കിട്ടുമോ, ഇല്ലയോ എന്ന ഉത്കണ്ഠ വേറെയും. വിദ്യാഭ്യാസമുള്ളവരും ജോലിയുള്ളവരും ഇല്ലാത്തവരും എല്ലാം ഈ ഉത്കണ്ഠയില്‍നിന്നു മുക്തരല്ല.

പല സ്ത്രീകള്‍ക്കും തങ്ങളെ അലട്ടുന്ന ഇത്തരം ജോലികളെക്കുറിച്ച് തങ്ങളുടെ പങ്കാളികളുമായി ചര്‍ച്ച ചെയ്യാനുള്ള സമയം പോലും കിട്ടുന്നുമില്ല.  അടുത്തിടെ ഗവേഷകർ പരിഹാരം നിർദേശിച്ചിരുന്നു. ഒരു ഗ്ലാസ്സ് വൈനുമായി ഭര്‍ത്താവിനൊപ്പം ഒരുമിച്ചിരിക്കുക. ഓരോ ആഘോഷകാലവും എങ്ങനെയാണ് ചെലവിടാന്‍ പോകുന്നതെന്ന് വ്യക്തമായ പദ്ധതി തയാറാക്കുക. 

ഓരോ വ്യക്തിയും അവരുടെ കുടുംബവും അവര്‍ ചെയ്യുന്നതില്‍ ഏതൊക്കെയാണ് അനിവാര്യമെന്നും അല്ലാത്തവയെന്നും കണ്ടുപിടിക്കുക. കുടുംബത്തിനുവേണ്ടി, വ്യക്തികള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ തരംതിരിക്കുക. രാത്രി വൈകിയും കുട്ടികള്‍ക്കു വേണ്ടിയുള്ള ജോലിയില്‍ മുഴുകിയിരിക്കുന്നതില്‍ സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ ആ ജോലി മാറ്റിവയ്ക്കുക. ആദ്യാവസാനം വേണ്ടത് പങ്കാളിയുമായുള്ള തുറന്ന സംസാരവും മുന്‍ഗണനാ ക്രമം തീരുമാനിക്കുന്നതുമാണ്. ഇതൊന്നും നിസ്സാരമെന്നു പറഞ്ഞ് തള്ളിക്കളയരുത്. ക്രിസ്മസ് ആശങ്കയുടേതല്ലാതാക്കി, ആഹ്ലാദത്തിന്റേതാക്കി മാറ്റാനുള്ള ചില നിര്‍ദേശങ്ങളാണിവ. കുടുംബത്തിലെ സന്തോഷവും സമാധാനവും നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍. ഓരോ നിമിഷവും സന്തോഷത്തിന്റേതാക്കി ആയുസ്സ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍. ഇനി ഒട്ടും താമസിക്കേണ്ട. പങ്കാളിയെ വിളിച്ചോളൂ. ആത്മാര്‍ഥമായി സംസാരിക്കൂ. ഈ ക്രിസ്മസ് അവിസ്മരണീയമായി മാറട്ടെ. 

English Summary : How Women Celebrate Christmas