സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ വനിതകൾ നടത്തിയ രാത്രി നടത്തം ഏറെ ചർച്ചയായിരുന്നു. പുലര്‍ച്ചെ ഒരുമണി വരെ സംസ്ഥാനത്ത് നൂറിലധികം സ്ഥലങ്ങളിലായിരുന്നു നടത്തം. നിർഭയ ദിനമായ ഞായറാഴ്ച ‘പൊതുഇടം എന്റേതും’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി. എന്നാൽ കുറച്ച് സ്ത്രീകളെ മാത്രം സംഘടിപ്പിച്ച് നടത്തുന്ന ഈ രാത്രി നടത്തം യഥാർഥ സ്ത്രീ സംരക്ഷണത്തിനുള്ള പരിഹാരമാകുമോ എന്ന ചോദ്യമുയർത്തുകയാണ് ഒരു കൂട്ടം സ്ത്രീകൾ. രാത്രി നടത്തത്തിനിടെ അവർക്കുണ്ടായ അനുഭവങ്ങളുടെ വിവരണം ഇവിടെ ചേർക്കുന്നു.

രാത്രി നടത്തം ഞങ്ങൾക്ക് പുതുമയല്ല

രാത്രി നടത്തം ഞങ്ങൾക്ക് ആർക്കും ഒരു പുതുമയല്ല...!വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവരും ജോലി കഴിഞ്ഞ് യാത്ര പോകുന്നവരും രാത്രിയിലെ സാംസ്കാരിക പരിപാടികൾ എല്ലാം ആഘോഷിച്ചും സിനിമ കണ്ടും ബീച്ചിലൂടെ നടന്നും ശീലിച്ചവർ. പക്ഷേ. ഒന്നാം തിയതിയുടെ നടത്തത്തിന് ഒരു വലിയ ഉദ്ദേശവും പ്രതിഷേധവും ഉണ്ടായിരുന്നു. സംസ്ഥാന വനിതാ, ശിശുവികസന ഡയറക്ടറേറ്റിന്റെ കീഴിൽ പൊതുയിടം എന്റേതും എന്ന നിശ്ചയ ദാർഢ്യത്തോടെ മുന്നേറാൻ സ്ത്രീകളെ ശാക്തീകരിക്കുകയും അവർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്തുകയും ചെയ്യാൻ വേണ്ടി ഒരു പ്രഹസനം പോലെ വെറും 25 സ്ത്രീകളെ മാത്രം രാത്രി പുറത്തിറക്കുന്നു. പോലീസിന്റെ സഹായത്തോടെ അവർ സ്ത്രീകൾക്ക് ഒരു റൂട്ട് മാപ്പ് നൽകും. ആ വഴിയിലൂടെ ഈ നടത്തിനു സൗകര്യമായി പ്രത്യേകം വഴിവിളക്കുകളും പറ്റുന്നിടത്തൊക്കെ സിസിടിവി സംവിധാനവും ഉറപ്പാക്കുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ പ്രത്യക്ഷത്തിലല്ലാതെ പൊലീസ് സഹായവും നിരത്തിലുണ്ടാവും. 

യഥാർഥ രാത്രി നടത്തം ഒരു യുദ്ധമാണ്!

സംസ്ഥാന വനിതാ, ശിശുവികസന ഡയറക്ടറേറ്റിന്റെ പരിപാടിക്കെതിരെ ആയിരുന്നു ഞങ്ങളുടെ രാത്രി നടത്തം. കാരണം, ഇത്രയും നാൾ നമ്മുടെ നാട്ടിൽ, രാവും പകലും ഒരുപോലെ ജോലിക്ക് പോകുകയും യാത്രചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ഉണ്ട്. അവരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തമോ സുരക്ഷിതത്വമോ പരിഗണനയോ കാണിക്കാതെ, രാപകൽ അധ്വാനിക്കുന്ന ആ സ്ത്രീകളോട് ഒന്നടങ്കം വിവേചനം കാണിച്ച്, അവഗണിച്ച് വെറും 25 പേർക്കു വേണ്ടി കാണിച്ചു കൂട്ടിയ കോപ്രായത്തെ ഏങ്ങനെ കണ്ടില്ലെന്ന് നടിക്കും? സുരക്ഷിതത്വം തരേണ്ടവർ ഡ്യൂട്ടി സമയം പോലും ഓഫീസ് മുറികളിൽ ചുരുണ്ടു കൂടി സുഖമായി കിടന്നുറങ്ങുന്നു. ഇത്രയും നാൾ ആരുടെയും സംരക്ഷണമില്ലാതെ, സ്വന്തം മനോധൈര്യത്തിലും ആത്മാവിശ്വാസത്തിലും ഇരുട്ടിനെ ഭേദിച്ച് എല്ലാ രാത്രിയും വീട്ടിലെത്തുന്ന വനിതകൾ ഉണ്ട്. ഓരോ രാത്രിയും പല വൈകൃത സ്വഭാവങ്ങളുള്ള മനുഷ്യരോടും, സമൂഹത്തോടും സ്വയം രക്ഷയ്ക്കായ് മാനസികമോ ശാരീരികമോ ആയി ഏതെങ്കിലും തരത്തിൽ യുദ്ധം ചെയ്താണ് ഓരോ സ്ത്രീയും രാത്രി യാത്ര കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുന്നത്.

വഴിവിളക്കുകളില്ല, ടോയ്‌ലറ്റുകളും

25 പേർ രാത്രി നടത്തത്തിന് ഇറങ്ങിയപ്പോൾ വഴിവിളക്കുകൾ തെളിഞ്ഞു. പോലീസിന്റെ സംരക്ഷണം ഉറപ്പിച്ചു. സിസിടിവികൾ പ്രവർത്തനക്ഷമം. എല്ലാം സംസ്ഥാന വനിതാ, ശിശുവികസന ഡയറക്റക്റ്ററേറ്റിന്റെ മേൽനോട്ടത്തിൽ. എന്നാൽ ഇതിനു മുൻപ് ലക്ഷക്കണക്കിന് സ്ത്രീകൾ രാത്രി യാത്ര ചെയ്തത് ഇതൊന്നുമില്ലാതെ. എന്തിന് അത്യാവശ്യമായി ഒന്ന് മൂത്രമൊഴിക്കാനും പിരീഡ്സ് ആയാൽ ഒന്ന് പാഡ് മാറാനും നമ്മുടെ നാട്ടിലെ പൊതുയിടങ്ങളിൽ സൗകര്യമില്ല! ഉള്ളവയിൽ മിക്കതും മൂക്കും കണ്ണും പൊത്തി കയറേണ്ട അവസ്ഥയിൽ.

റോഡ് സൈഡിൽ ടെലഫോൺ ബൂത്ത് പോലെ കുറേ ഇ–ടോയ്‌ലറ്റ് സ്ഥാപിച്ചു. ഒരുവർഷം തികയും മുൻപേ അവയെല്ലാം പണിമുടക്കി. വളരെ കുറച്ച് ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും മാത്രമാണ്് മുലയൂട്ടാൻ സൗകര്യമുള്ളത്! ഈ വഴി അല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകൾ എന്തു ചെയ്യുമെന്നത് ചോദ്യചിഹ്നമാണ്. നിയമപരമായും ആരോഗ്യപരമായും നിലവിലുള്ള സൗകര്യങ്ങൾ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താനും വേണ്ട സൗകര്യങ്ങൾ അടിയന്തരമായി സ്ത്രീകൾക്ക് ലഭിക്കാനുമുള്ള നടപടികളാണ് അടിയന്തരമായി വേണ്ടത്. എല്ലാ സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. യഥാർഥ സ്ത്രീ വിഷയങ്ങൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകണം. അല്ലാതെ നടത്തുന്ന പരിപാടികളോടുള്ള പ്രതിഷേധമാണ് ഞങ്ങളുടെ രാത്രി നടത്തം. ഒപ്പം യാഥാർഥ്യത്തിലേക്കുള്ള ചൂണ്ടുവിരലും.

റെസ്പെക്റ്റോടെ സംസാരിക്കണമെന്ന് ആവശ്യം

ജനുവരി ഒന്നാം തീയതി രാത്രി 10 മണിക്ക് കോഴിക്കോട് മിഠായി തെരുവിലെ എസ്കെ പ്രതിമയ്ക്കടുത്തുനിന്നും ഞാനും സപ്ന പരമേശ്വരൻ, ബിന്ദു അമ്മിണി, സക്കീന, സീന, ഓൾഗ, സിസിലി ജോർജ് എന്നിവർ നടത്തം തുടങ്ങി. നടത്തം തുടങ്ങുന്നതു തന്നെ ബിന്ദു ചേച്ചി ഫേസ്‌ബുക്ക് ലൈവിട്ടുകൊണ്ടാണ്.

ഡോക്യുമെന്ററിയുടെ ഭാഗമായി യുഎസിൽ നിന്നും വന്ന ഒരു വനിതയും നടത്തം തുടങ്ങിയപ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. നടത്തം രണ്ടാം ഗേറ്റ് വഴി ബീച്ചിലേക്കാണ്. രണ്ടാം ഗേറ്റ് എത്തിയപ്പോൾ രണ്ടു പയ്യന്മാർ ക്യാമറയുമായി നിൽക്കുന്ന യുഎസ് വനിതയോട് പേര് എന്താണ് എന്ന് ചോദിച്ചു. അവർക്ക് ചോദ്യത്തിന്റെ രീതി ഇഷ്ടപ്പെടാത്തതുകൊണ്ടാവാം അതിന് മറുപടി നൽകിയില്ല. അത് ആ ചെറുപ്പക്കാരെ ചൊടിപ്പിച്ചു. അവർ പിന്നെ നിർത്താതെ എന്തൊക്കെയോ പറയാൻ തുടങ്ങി. 'റെസ്പെക്റ്റോടെ ആദ്യം സംസാരിക്കാൻ പഠിക്ക് എന്നിട്ട് രാത്രി കീഴടക്കാം' എന്നൊക്കെയായി സംസാരം. ഞങ്ങൾ ഓരോരുത്തരായി പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഈ പയ്യൻമാർ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു എന്ന് ഓൾഗ മോൾ പറഞ്ഞു. സ്വാഭാവികമായ സംസാരരീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു പരിഹാസം കലർന്ന ധ്വനിയായിരുന്നു അവർക്ക്. 'സംസാരിക്കണോ, പേര് പറയണോ എന്നൊക്കെ അവരുടെ ഇഷ്ടമാണ് പറഞ്ഞേ പറ്റൂ എന്നുണ്ടോ?' എന്ന് സീന അവരോട് ചോദിച്ചു. അവർ വീണ്ടും തർക്കിച്ചു. "സംസാരിക്കാൻ നിൽക്കേണ്ട.നമുക്ക് നമ്മുടെ നടത്തം തുടരാം." എന്ന് ഒപ്പമുള്ളവർ എല്ലാവരും സീനയോട് പറഞ്ഞു.

ഒരാൾ ഒറ്റയ്ക്ക് നടന്നപ്പോൾ

ഇടയ്ക്ക് സപ്ന ചേച്ചി പോയി. കൂട്ടമായി നടക്കുമ്പോൾ പ്രത്യേകിച്ചൊരു മാറ്റം പറയാനുണ്ടായിരുന്നില്ല. ഒരാൾ കുറച്ചു മുൻപിൽ ഒറ്റയ്ക്ക് നടന്നുനോക്കാം എന്ന് സക്കീനത്ത പറഞ്ഞു. അവർ തന്നെ മുന്നിൽ നടന്നു നീങ്ങുകയും ചെയ്തു, അപ്പോഴാണ് വെളിച്ചത്തു യാത്ര ചെയ്ത മാന്യൻമാരുടെ ഇരുട്ടിന്റെ മറവിൽ ഉള്ള സ്വഭാവം മനസ്സിലാവാൻ തുടങ്ങിയത്‌. നല്ല പീസ്‌, ചരക്ക്, പോരുന്നോ. എന്നിങ്ങനെയുള്ള സംസാരം വരാൻ തുടങ്ങി.

ഇടയ്ക്ക് സീനയുടെ ഒരു സുഹൃത്ത് സീനയെതേടി വന്നതുകൊണ്ട്, സീന ബീച്ചിലേക്ക് എത്തിയേക്കാം എന്നും പറഞ്ഞ് കുറച്ചു സമയത്തേക്ക് പിരിഞ്ഞു. നീണ്ട റോഡ്! ആ വഴി കാൽ നട യാത്രക്കാരായി ഞങ്ങൾ നാലു പേർ! മുന്നോട്ട് നടക്കുംതോറും ഇരുട്ടുകൂടി വന്നു. ഇടയ്ക്ക് കടന്നുപോകുന്ന ബൈക്ക് യാത്രക്കാർ ഞങ്ങളെ അദ്ഭുത വസ്തുക്കളെ നോക്കി. ചിലർ ഒരു മൂളൽ, ചിലരുടെ മുഖത്ത് വല്ലാത്തൊരു ആക്കിയ ചിരി. ആരെയും കൂസാതെ നടത്തം തുടർന്നു. പല വിഷയങ്ങളും ചർച്ച ചെയ്തും പാട്ടുകൾ പാടിയും. അങ്ങനെ ഏകദേശം 12 മണി ആയപ്പോൾ അൽപം സമയം ഒന്നു വിശ്രമിക്കണം എന്ന് തോന്നി. ഒരു ചായ കുടിക്കാം എന്ന് എല്ലാവരും പറഞ്ഞു. ചായകുടിയും കഴിഞ്ഞ് പത്തു മിനിറ്റ് വിശ്രമിച്ച് ഞങ്ങൾ പതുക്കെ നടന്നു. സൗത്ത് ബീച്ചിലേക്ക് തിരിയുമ്പോൾ  ഒപ്പമുള്ള സക്കീനത്ത നിർത്തുകയാണെന്നും വണ്ടി വഴിയിലുണ്ടെന്നും പറഞ്ഞു യാത്രയായി.

ലൈവ് ഇടണമെങ്കിൽ വീട്ടിൽ ഇരുന്ന് ലൈവ് ഇടണം

സൗത്ത് ബീച്ചിൽ കയറിയപ്പോൾ ഞങ്ങൾ മൂന്നുപേരും ഓരോരോ കഥകൾ സംസാരിച്ചു നടത്തം തുടർന്നു. ഇടയ്ക്ക് ഓൾഗ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ രണ്ടു പയ്യന്മാർ ഞങ്ങളും ഫോട്ടോയ്ക്ക് പോസ് ചെയ്യട്ടെ എന്നും ചോദിച്ച് വോൾഗയുടെ അടുത്ത് വന്ന് നിന്നു. മുഖത്ത് പരിചയഭാവം. മുൻപരിചയമുള്ള ആളെപോലെ ഇടിച്ചു കയറി സംസാരിക്കലായി. അത് ഞങ്ങൾ അത്ര ആസ്വദിക്കുന്നില്ലെന്ന് മനസിലായപ്പോള്‍ എന്നോട് ചേച്ചി ഞാനും കൂടെ നിന്നോട്ടെ എന്നായി. മാറി നിൽക്കാൻ പറഞ്ഞപ്പോഴും വല്ലാത്ത ചിരി. ഒരു രീതിയിലും അടുത്ത് നിന്ന് മാറുന്നില്ല. അവസാനം കുറച്ച് ഉച്ചത്തിൽ 'തന്നോടല്ലേടോ കുട്ടിടെ അടുത്ത് നിന്ന് മാറാൻ പറഞ്ഞത് 'എന്ന് ഞാൻ പറഞ്ഞു. അവർ പിന്നെ ബിന്ദു ചേച്ചീടെ അടുത്തേക്ക് ആയി പിന്നെ...,ഹാപ്പി ന്യൂയിർ.. എന്ന് വിഷ് ചെയ്ത് ചേച്ചീടെ വീട് എവിടെയാ...? നല്ല കണ്ടു പരിചയം ഉണ്ടല്ലോ...? എന്തെല്ലാ...,സുഖമല്ലേ...എന്നൊക്കെ ചോദിച്ചു...,ചേച്ചി അതിനു മറുപടി പറഞ്ഞ ശേഷം നിങ്ങൾക്ക് എന്നെ പരിചയം  ഉണ്ടോ...? അറിയാമോ എന്നെ? എന്ന് ചോദിച്ചു. പേര് മറന്നുപോയെന്നായിരുന്നു കൂട്ടത്തിൽ ഒരുത്തന്റെ മറുപടി. 

ഫോണ്‍ കയ്യിൽ വച്ചിട്ടാണ് സംസാരിക്കുന്നതെന്നും വിഡിയോ ഓൺ ആണെന്ന് കണ്ടപ്പോൾ ചമ്മിയ ചിരിയോട് കൂടി ഇതൊന്ന് മാറ്റി പിടിക്കാമോ? എന്നായി. വിഡിയോ എടുക്കുകയാണോ എന്നായി ഒരാൾ. ഞങ്ങൾ നേരത്തേ... ലൈവിൽ ആയിരുന്നു...നിങ്ങൾ അതിനിടയ്ക്ക് വന്നതല്ലേ എന്ന് ചേച്ചി ചോദിച്ചു. പെട്ടെന്ന് തന്നെ അതിൽ ഒരുത്തന്റെ സ്വഭാവം  മാറി. ഓ...ഇങ്ങള് വിഡിയോ..എടുത്തോ. ഞങ്ങള് കൊയ്‌ക്കൊട്ടാരാണ്.. മ്മളും കല്യാണം കഴിഞ്ഞ് ഭാര്യേം മക്കളൊക്കെ ഇണ്ട്.. എന്താ...സീൻ..? ഇങ്ങളെപ്പോലെയുള്ള ആളുകൾ ഇങ്ങനെ കേറി കേറി വരുന്നതാണ് ഞങ്ങളെ പ്രശ്നം. ഇതൊന്നും ഇവിടെ വേണ്ട. ഇത് കോഴിക്കോടാ...വിട്ടോ...വിട്ടോ... എന്നൊക്കെയുള്ള ഭീഷണികൾ വന്നു... നിങ്ങളെപ്പോലെയുള്ളവരെ തിരിച്ചറിയാനും നിങ്ങളെയൊക്കെ പറ്റിയാണ് ഇതുവരെ ഞങ്ങൾ സംസാരിച്ചതെന്നും ലൈവിൽ ബിന്ദു ചേച്ചി പറഞ്ഞു.!

ബീച്ചിലെ നടത്തം തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ ലൈവിട്ടു തുടങ്ങിയതാണ്. ആ ലൈവിൽ ഞങ്ങളെ തടഞ്ഞു നിർത്തി കുശലം പറഞ്ഞും പിന്നീട് ഭീഷണിപ്പെടുത്തിയുമുള്ള ഭാവമായിരുന്നു അവരുടെ പെരുമാറ്റത്തിൽ. രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകൾ ഒന്നുകിൽ അവരോട്, അവരുമായുള്ള സംസാരത്തിനോട് സഹകരിക്കണം. ഇല്ലെങ്കിൽ എന്തെങ്കിലും കാര്യം പറഞ്ഞു ഒരു തർക്കത്തിലേക്കും ആ തർക്കത്തിലൂടെ ഒറ്റയടിക്ക് സ്ത്രീകളെ അങ്ങു മര്യാദ പഠിപ്പിച്ചു കളയാം എന്നൊരു വ്യാമോഹം അവരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. ഇതിനു തൊട്ടു മുൻപ് സംസാരിച്ച പയ്യന്മാരും ഇതേ പ്രായക്കാർ ആയിരുന്നു. ഇതേ സമീപന രീതി തന്നെ ആയിരുന്നു അവർക്കും ഉണ്ടായിരുന്നത്. കൂട്ടുകാരൻ വന്ന് സീൻ ആക്കരുത്, വിട്ടുകളയണം എന്ന് ഞങ്ങളുടെ അടുത്ത് വന്നു പറയുമ്പോഴും ഞങ്ങളെ വിഡിയോ എടുത്ത് അവൻ ഞങ്ങളുടെ നടത്തത്തെ പിന്തുടരുന്നുണ്ടായിരുന്നു. നിനക്ക് ലൈവ് ഇടണമെങ്കിൽ വീട്ടിൽ ഇരുന്ന് ലൈവ് ഇടണം എന്നൊക്കെ പറഞ്ഞ് ഒറ്റയടിക്ക് അവനങ്ങ് ബിന്ദു ചേച്ചിയുടെ കുടുംബത്തിലെ കാരണവർ ആയി. കൂടെ ഭീഷണിയും. അപ്പോഴും അവന്റെ കൂട്ടുകാരൻ ഞങ്ങളോട് ക്ഷമ ചോദിക്കുന്നുണ്ട്. ഇവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടു പോകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ. അവർ പോകുന്നില്ല.

രാത്രി സമയത്ത്‌ പുറത്തുകാണുന്ന സ്ത്രീകളോട് എങ്ങനെയും സംസാരിക്കാം. അവരുടെതായ പേർസണൽ കാര്യങ്ങളിലേക്ക് കയറി അങ്ങു ഇടപെട്ടേക്കാം. അവരുടെ ഭാഷയിൽ 'അസമയത്ത്' നടക്കുന്നവരെല്ലാം വഴിതെറ്റിയവരും അലമ്പു സ്ത്രീകളും ആണെന്ന പൊതുബോധം മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആ പൊതുബോധത്തെ പൊളിച്ചെഴുതാൻ ഞങ്ങൾക്ക് കഴിയും എന്ന ആത്മവിശ്വാസത്തോടെ നടത്തം തുടർന്നു.

"നിങ്ങൾ പെട്ടു മക്കളേ. ന്റെ പിന്നാലെ ചാനലുകാർ ഉണ്ട്"

പെട്ടെന്ന് സക്കീനത്ത വിളിച്ചു. അൽപം ഭയത്തോടെ ആണ് സംസാരിച്ചിരുന്നത്. സ്‌കൂട്ടർ വച്ചിരുന്നത് കുറച്ചു ദൂരെ ആയിരുന്നത്രെ. ആളൊഴിഞ്ഞ വഴിയിലൂടെ അങ്ങോട്ടു നടക്കുമ്പോൾ മുഖത്ത് തുണികൊണ്ട് മറച്ച് മൂന്ന് ബൈക്കിൽ കുറച്ചാളുകൾ സക്കീനത്തയെ ആക്രമിക്കാൻ വന്നു. അവർക്ക് ഫേസ് ബുക്കിൽ ലൈവ്‌ ഇടാനൊന്നും അറിയില്ല. ആകെ പേടിച്ചു എങ്കിലും പെട്ടെന്ന് ഒരു ഐഡിയ തോന്നി. "നിങ്ങൾ പെട്ടു മക്കളേ. ന്റെ പിന്നാലെ ചാനലുകാർ ഉണ്ട്." എന്ന് പറഞ്ഞു. അത് കേട്ടതും വണ്ടിയും എടുത്ത് അവർ സ്ഥലം കാലിയാക്കി എന്ന് സക്കീനത്ത പറഞ്ഞപ്പോൾ ആ ഒരു ആശയം അവർക്ക് തോന്നിയില്ലായിരുന്നെങ്കിൽ എന്ന ഭീതി കുറച്ചു നിമിഷങ്ങൾ മനസ്സിനെ മരവിപ്പിച്ചു.

രാത്രി യാത്ര ശീലിച്ച എല്ലാ സ്ത്രീകളും ഇത്തരം സന്ദർഭത്തെ മറികടക്കാൻ പ്രാപ്തരായിട്ടുണ്ടാവും. പോലീസ് സുരക്ഷയിൽ ചുറ്റുപാടും ആളുകളും ആയി നടത്തുന്ന പദ്ധതി പ്രകാരം ഇത്തരം സാഹചര്യങ്ങൾ എങ്ങനെയാകും കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നത്.

സമയം രാത്രി 12. 40

സമയം ഏതാണ്ട് 12.40 ആയിട്ടുണ്ടായിരുന്നു. ഞങ്ങൾ നടത്തം തുടർന്നു. ഇടയ്ക്ക് സീനയും തിരിച്ചു വന്നു. ആകാശവാണിയുടെ മുന്നിലെത്തിയപ്പോൾ ഒരു കാർ ഞങ്ങൾക്കടുത്തുകൂടെ പതുക്കെ ഓടിച്ച് കുറച്ചു മുന്നിൽ കൊണ്ടുപോയി നിർത്തി. കാർ ഞങ്ങൾക്കരികിലൂടെ പോകുമ്പോഴും കാറിലുള്ളവർ മുഴുവൻ ഞങ്ങളെ നോക്കുന്നുമുണ്ടായിരുന്നു. ആ പോക്കിൽ എന്തോ പന്തികേട് തോന്നി. ഫോണ്‍ ലൈവ് ഓൺ ചെയ്തു. എല്ലാവരും നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു, നമുക്ക് കുറച്ചു സമയം ഇവിടെ തന്നെ കാത്തുനിൽക്കാം. അവർ എന്താ ചെയ്യുന്നതെന്ന് നോക്കാമെന്ന്. എന്നാൽ ഞങ്ങൾ നടന്നു കാറിന്റെ അടുത്തേക്ക് വരുന്നുണ്ടോ എന്ന് മിററിലൂടെ ഡ്രൈവർ നോക്കുന്നുണ്ടായിരുന്നു. പിൻസീറ്റിലിരുന്ന രണ്ടുപേർ വണ്ടിയിൽ നിന്ന് ഞങ്ങളെ നോക്കി മണലിലേക്ക് ഇറങ്ങി,

ഞങ്ങൾ പതുക്കെ നടന്നു. കാറിന്റെ അടുത്തെത്തിയപ്പോൾ ഇറങ്ങിയ രണ്ടാൾ തിരക്കിൽ കാറിനടുത്തു വന്നു. ഡോർ  തുറന്നതും ഒരു കുപ്പി ഗ്ലാസ് താഴെ വീണു. വണ്ടിയിൽ നല്ല മദ്യത്തിന്റെ മണം. ഞങ്ങൾ കാറിന്റെ കുറച്ചു മുന്നിൽ എത്തിയപ്പോൾ അവർ വീണ്ടും വണ്ടിയെടുത്തു. ഞങ്ങളെ നോക്കി "പോയെടി അവിടുന്ന്" എന്ന് വിളിച്ചു. (ഓർക്കണം ഇതു പറയാനാണ് അവർ അത്രയും സമയം കാത്തിരുന്നത്) അതേ രീതിയിൽ ഉച്ചത്തിൽ ഞങ്ങളും മറുപടി കൊടുത്തു.

നാറിയ ഇ–ടോയ്‌ലെറ്റ്

ഇടയ്ക്ക് കടന്നുപോകുന്ന ബൈക്കുകാർ ഞങ്ങളെ കണ്ടിട്ട് കൂവി, ചുമ്മാ ഒച്ചവച്ചു. ചില ബൈക്ക് യാത്രക്കാർ ഹാപ്പി ന്യൂയർ വിഷ്ചെയ്തു. 1.45 ആയപ്പോൾ ഓൾഗയ്ക്ക് ടോയ്‌ലറ്റിൽ പോണം. ബീച്ചിലെ ലൈറ്റ് ഹൗസിന്റെ അടുത്ത് ഒരു സെക്യുരിറ്റി ചേട്ടനെ കണ്ടു ടോയ്‌ലെറ്റ് അന്വേഷിച്ചു. നേരെ എതിർ വശത്തുള്ള ഇ–ടോയ്‌ലെറ്റ് ഞങ്ങൾക്ക് കാണിച്ചു തന്നു. അടുത്ത് എത്തുമ്പോഴേ മൂക്ക് പൊത്താതിരിക്കാൻ നിവൃത്തിയില്ലായിരുന്നു. ഡോർ തുറന്നപ്പോൾ ക്ലോസെറ്റിൽ കെട്ടിക്കിടക്കുന്ന വെള്ളവും വീത്തിഹീനമായ ടോയ്‌ലറ്റുമാണ് കണ്ടത്. വല്ലാത്തൊരു നാട്. ഒരുപാട് സ്കൂൾ കുട്ടികളും സഞ്ചാരികളും വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വരുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച ലിസ്റ്റിൽ ഉള്ള ഈ ബീച്ചിൽ ആകെയുള്ള ടോയ്‌ലറ്റിന്റെ അവസ്ഥ ഇതാണ്. ഞങ്ങളെല്ലാവരും ദയനീയ ഭാവത്തിൽ പരസ്പരം നോക്കി. അപ്പോഴും മുഖത്ത് ആ കെട്ട മണം മൂക്കിൽ വന്നടിച്ചതിന്റെ ഭാവം മാറിയിട്ടില്ല.

സഹായമായെത്തിയ വാഹനം

തുടർച്ചയായി കിലോമീറ്റർ താണ്ടിയുള്ള കാൽനടയാത്രയിൽ എല്ലാവരും എല്ലാവരും ക്ഷീണിച്ചു. സമയം 2 മണി. ഇന്ന് പിരിഞ്ഞു പോകാം എന്ന് പറഞ്ഞു. അപ്പോഴാണ് ആലോചിച്ചത്. എങ്ങനെ പോകും? ഒരു ഓട്ടോ പോലും കിട്ടാനില്ല. ബസ് സ്റ്റാന്റിന്റെ അടുത്ത് ചെന്ന് ഓട്ടോ പിടിക്കാം എന്ന് മനസ്സിൽ കരുത്തിയിരിക്കുമ്പോൾ പെട്ടെന്ന് കാർ നിർത്തി. "എങ്ങോട്ടാ...വല്ല സഹായവും വേണോ" എന്ന് ചോദിച്ചു. അപരിചിതരായതുകൊണ്ട് എല്ലാവരും ആദ്യം വേണ്ട എന്നുതന്നെ പറഞ്ഞു. ഞങ്ങളെ അങ്കലാപ്പ് കണ്ടിട്ട് വീണ്ടും അവർ പറഞ്ഞു. "എന്തേലും സഹായം വേണോ.? എവിടെയെങ്കിലും ഇറക്കി തരണോ". എന്ന്. അവർ എയർപോർട്ടിൽ നിന്ന് ഒരു ഫ്രണ്ടിനെ കൊണ്ടുവിട്ടു വരുന്ന വഴിയാണെന്നും പറഞ്ഞു. 

ഒരു ഓട്ടോ പറഞ്ഞു വിടാമോ എന്ന് ചോദിച്ചപ്പോൾ അവർക്ക് ഈ സ്ഥലം പരിചയമില്ല, ഓട്ടോ സ്റ്റാന്റ് എവിടെയാണെന്ന് അറിയില്ല എന്ന് പറഞ്ഞു. ഒടുവിൽ സംസാരവും പെരുമാറ്റവും മാന്യമാണെന്നു കണ്ടപ്പോൾ ബിന്ദു ചേച്ചി ആ വണ്ടിയിൽ പോകാം. മൂന്നു പേർ ഉണ്ടല്ലോ. പേടിക്കേണ്ട എന്ന് പറഞ്ഞു. വണ്ടിയുടെ നമ്പർ ഞങ്ങൾ ലൈവിൽ എടുത്തു. പുതുവത്സരാനുഭവത്തിൽ ഭാവിയുടെ പ്രതീക്ഷയാവാൻ രണ്ടുപേരെങ്കിലും ഉണ്ടല്ലോ. എന്ന് മനസ്സ് പറഞ്ഞു. നല്ലൊരനുഭവം ആയിരുന്നു. ഒറ്റ വണ്ടി പോലും കിട്ടാതെ നഗരത്തിൽ തുറിച്ചു നോക്കിയും പരിഹസിച്ചും കൂവിയും മുരണ്ടും പോയ ബൈക്ക് യാത്രക്കാർ. 4 പേർ ഒന്നിച്ചിരുന്നിട്ടും തിരിച്ചുപോകാൻ ഒരു വണ്ടി പോലും കിട്ടാതിരുന്നപ്പോൾ ഞങ്ങൾ അനുഭവിച്ച പ്രഷർ. ആ അവസ്ഥയിൽ ഒരു പെൺകുട്ടി ഒറ്റപ്പെടുമ്പോഴുള്ള ഭീതി ഞങ്ങൾ നാലു പേർ ഉണ്ടായിരുന്നിട്ടും നന്നായി  അനുഭവിച്ചറിഞ്ഞു.

സ്വീകരിക്കാം അടിസ്ഥാന സുരക്ഷാ മാർഗങ്ങൾ

സ്ത്രീകൾക്ക് സ്വസ്ഥമായോ സ്വാതന്ത്ര്യമായോ രാപകലില്ലാതെ ആരെയും ഭയക്കാതെ ജീവിക്കാൻ യാത്ര ചെയ്യാൻ കഴിയുന്നില്ല. പിന്നെങ്ങനെ സ്ത്രീ "സ്വാതന്ത്ര്യം"എന്ന വാക്ക് പൂർണമാവും?

മോശം പ്രവർത്തിയിൽ സ്വന്തം മുഖം ക്യാമറയിൽ പതിയാതിരിക്കാൻ എല്ലാ പകൽ മാന്യന്മാരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു സ്ത്രീയ്‌ക്ക്‌ രാത്രി സ്വസ്ഥമായി യാത്രചെയ്യാൻ സ്വയം കരുതി വയ്‌ക്കേണ്ട സുരക്ഷാമർഗങ്ങളിൽ ഒന്ന് ക്യാമറയാണ്. മറ്റൊന്ന് രാത്രി യാത്രയ്ക്കൊരുങ്ങുന്നതിനു മുൻപ് ഫുൾ ചാർജ് ചെയ്ത, നെറ്റ് കണക്‌ഷനുള്ള ഫോൺ ഉണ്ടായിരിക്കണം, സ്വർണ്ണാഭരണങ്ങൾ രാത്രി യാത്രയിൽ പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. അത്യാവശ്യ നമ്പറുകൾ അതിൽ പെട്ടെന്ന് എടുക്കാൻ പറ്റുന്നരീതിയിൽ സെറ്റ് ചെയ്ത് വയ്ക്കണം. അപകട സൂചന ഉണ്ടായാൽ ലൈവ് ഓൺ ചെയ്യുക. ഏതെങ്കിലും വാഹനം പിന്തുടരുന്നുണ്ടെങ്കിൽ ആ വാഹനത്തിന്റെ നമ്പർ മനസ്സിലാവുന്ന വിധം ധൈര്യത്തോടെ വിഡിയോയിൽ പകർത്തുക. കയ്യിൽ കുരുമുളക്, മുളക് എന്നിവ ഏതെങ്കിലും സ്റ്റോക്ക് വയ്ക്കുക. പെട്ടെന്ന് എടുക്കാൻ പാകത്തിന് ,ഒരു സ്വയ രക്ഷയ്ക്ക്. ഹെൽപ്പ് ലൈൻ നമ്പരിൽ നിലവിൽ വിശ്വാസമില്ല. മെച്ചപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.

അപകട സൂചന ഉണ്ടായാൽ ധൈര്യം കൈവിടാതിരിക്കുക. നിങ്ങളെ നിങ്ങൾക്ക് സംരക്ഷിക്കാനാവുമെന്ന് സ്വയം പറയുക. സ്വയം നിങ്ങളെ വിശ്വസിക്കുക. ആക്രമിക്കാൻ വരുന്ന ആളിൽ നിന്ന് എങ്ങനെ പ്രതിരോധിക്കാം എന്ന വിഡിയോ ടിപ്സ് പരിശീലിക്കുക...ഇതൊക്കെയാണ് ഒരു സ്ത്രീയ്ക്ക് അടിസ്ഥാനപരമായി സ്വീകരിക്കാവുന്ന സുരക്ഷാ മാർഗങ്ങൾ.

English Summary: Bad Experience In Women Night Walk