ചരിത്രം പഠിക്കാൻ പോകുന്ന കുട്ടികൾ ചരിത്രത്തെത്തന്നെ തിരുത്തിയെഴുതുന്ന കാഴ്ചകളാണ് ഇക്കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ആവേശത്തോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയും ശത്രുക്കളുടെ മർദനങ്ങൾ ആൺകുട്ടികൾക്കൊപ്പം ഏറ്റു വാങ്ങുന്ന പെൺകുട്ടികളാണ് താരങ്ങൾ. പട്ടാളക്കാർക്ക് നേരെ സ്നേഹത്തോടെ പൂവ് നീട്ടുകയും മർദിക്കാൻ വരുന്ന ഉദ്യോഗസ്ഥർക്ക് നേരെ വിരൽ ചൂണ്ടി അവർ തങ്ങളുടെ അവകാശങ്ങളെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

"കൂടുതൽ നെഗളിക്കരുത് പച്ചമാങ്ങ തീറ്റിക്കും" തുടങ്ങിയ പഴുത്തു ചീഞ്ഞ നാടൻ പ്രയോഗങ്ങൾ ഇനിയുമെത്രനാൾ ഓടുമെന്നതാണ് കാണേണ്ടത്. കാരണം പെൺകുട്ടികൾ ഒന്നാകെ മാറിക്കഴിഞ്ഞു. ചിന്തയിലും പ്രവൃത്തികളിലും അവർ ലിംഗഭേദമില്ലാതെ മുന്നോട്ടു നീങ്ങുന്ന മനുഷ്യക്കൂട്ടങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. 

ഏതു കാലത്തും സ്ത്രീകൾ ഏറ്റവും വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നത് അവളുടെ ഒപ്പമുള്ളവരിൽ നിന്ന് തന്നെയാണ്. അച്ഛൻ, 'അമ്മ, സഹോദരൻ, ഭർത്താവ്, മക്കൾ, അയൽക്കാർ തുടങ്ങിയവരിൽ നിന്നു പോലും നീതി നിഷേധങ്ങൾ അവൾക്ക് നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടേയിരുന്നു. ഏറ്റവുമധികം മറ്റു മനുഷ്യരിൽ നിന്ന് ശാരീരികമായ ഉപദ്രവങ്ങളേറ്റു വാങ്ങുന്നത് കുട്ടികളാണ്. എന്നാൽ മാതാപിതാക്കൾ അറിഞ്ഞാൽപ്പോലും കുടുംബത്തിന്റെ അഭിമാനം ഭയന്ന് അതിനെ ചോദ്യം ചെയ്യാനോ കുട്ടികളെ അതിൽ നിന്ന് രക്ഷപെടുത്താനോ ഇപ്പോഴും പല മാതാപിതാക്കളും തയാറാകുന്നില്ല എന്നതാണ് ക്രൂരമായ സത്യം. അതൊക്കെ എല്ലാ കുട്ടികൾക്കും പതിവാണെന്ന് വിധത്തിൽ അമ്മമാർ പോലും കുഞ്ഞുങ്ങളുടെ ശരീരത്തോടൊപ്പം ഹൃദയവും മുറിയുന്നത് അറിയാറില്ല. 

ഇംതിയാസ്‌ അലിയുടെ ആലിയ ഭട്ട് നായികയായ "ഹൈവേ" എന്ന ചിത്രം ഇത്തരമൊരു വിഷയത്തെ സൂചിപ്പിച്ചിരുന്നു. അമ്മാവന്റെ ശാരീരിക ഉപദ്രവത്തെ കുറിച്ച് പറയാനാകാതെ വീർപ്പു മുട്ടിയ പെൺകുട്ടിയെ 'അമ്മ കുടുംബത്തിന്റെ അപമാനം ഭയന്ന് അടക്കി വയ്ക്കുകയാണ്. ഒടുവിൽ വീർപ്പു മുട്ടലിന്റെ അവസാനം അവൾ പൊട്ടിത്തെറിക്കുന്നു. ഇങ്ങനെയൊന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ സാധാരണഗതിയിൽ നമ്മുടെ പെൺകുട്ടികൾക്ക് കുറവ് തന്നെയാണ്. കണക്കെടുത്താൽ ഏറ്റവുമധികം ഉപദ്രവിക്കപ്പെടുന്നതും കുട്ടികൾ തന്നെയാണ്.

പെൺകുട്ടികളെ മനുഷ്യരായി പോലും കാണാത്തവർ

പെൺകുട്ടികളെ പലപ്പോഴും മനുഷ്യരായി കാണാൻ പോലും കഴിയാതെയാണ് ആൺകുട്ടികൾ അവരോടു പ്രണയം അഭ്യർത്ഥിക്കുന്നത്. വീട്ടിൽ കണ്ടു വളരുന്ന 'അമ്മ എന്ന അടിമ ജീവിയുടെ അവസ്ഥ കണ്ടു സ്ത്രീകൾ അങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്നും ആൺകുട്ടികൾ തെറ്റിദ്ധരിക്കുന്നതിൽ കുറ്റമില്ല. ഒരിക്കലും അവന്റെ ചിന്തകളെ സ്വാധീനിക്കാൻ പോലും അമ്മമാർക്കാവുന്നുമില്ല. ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, വീട്ടിലെ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നോക്കുക, അച്ഛന്റെയും മുത്തശ്ശിയുടെയും ആട്ടും തുപ്പും ഏൽക്കുകഎന്നിങ്ങനെ സർവംസഹയായ അമ്മമാർ ഇന്നും ഉള്ളതുകൊണ്ട് തന്നെയാണ് അത് കണ്ടു വളരുന്ന ആൺകുട്ടികൾക്ക് അവന്റെ മുന്നിലെത്തുന്ന പുതിയ കാലത്തെ പെൺകുട്ടികളും തന്റെ അമ്മയുടെ പിന്തുടർച്ചയാകുന്നത്. എന്നാൽ കാലം മാറുന്നതോടെ കോലം മാറുന്നതോ ഒന്നും അവൻ സ്വന്തം ജീവിതത്തിൽ ശ്രദ്ധിക്കുന്നതേയില്ല. എവിടെയോ ഉപദ്രവിക്കപ്പെട്ട പെൺകുട്ടിയ്ക്ക് വേണ്ടി അവൻ മെഴുകുതിരി കത്തിക്കുകയും ഫെയ്‌സ്ബുക്കിൽ പോസ്റ്റുകളിടുകയും ചെയ്യും. എന്നാലിതൊന്നും സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ എളുപ്പമല്ലെന്നാണ് ഇത്തരക്കാരുടെ വാദം. തങ്ങളെ എതിർക്കാൻ തുടങ്ങുന്ന പെൺകുട്ടികളെ പിന്നെ അവർ ജീവിച്ചിരിക്കാൻ പോലും അർഹരല്ലെന്ന കണ്ടെത്തലിൽ ഒന്നുകിൽ ആസിഡ് ഒഴിക്കുകയോ അല്ലെങ്കിൽ മണ്ണെണ്ണയിൽ കുളിപ്പിച്ച് കൊലപ്പെടുത്തുകയോ ചെയ്യും. സ്നേഹിക്കുന്ന പെൺകുട്ടിയെ മനുഷ്യനായിപ്പോലും അംഗീകരിക്കാത്ത ഒരാൾക്ക് അവളെ കൊലപ്പെടുത്തുന്നത് തുടലിൽ ഇട്ട് വളർത്തുന്ന നായയെ കൊലപ്പെടുത്തുന്നത് പോലെയേ ഉള്ളൂ. കാഴ്ചകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. "ഉയരെ" എന്ന ചിത്രത്തിലെ ഗോവിന്ദിന്റെ മുഖമുള്ള ഒരുപാട് ആൺകുട്ടികൾ ഇന്നും ഇവിടെയുണ്ട് എന്നത് ലജ്ജിപ്പിക്കുന്നുണ്ട്.

ചരിത്രം മാറ്റിയെഴുതാൻ തക്ക കരുത്തുള്ള പെൺകുട്ടികൾ

ചരിത്രത്തെ മാറ്റിയെഴുതാൻ തക്ക കരുത്തുള്ള പെൺകുട്ടികളുടെ കാലമാണ്, അത് വന്നെത്തിക്കഴിയുകയും ചെയ്തു. സിനിമ പോലെയുള്ള കലായിടങ്ങളിൽ പോലും എത്ര കാലങ്ങളായി ഉണ്ടായിരുന്ന പുരുഷാധിപത്യം തകർന്നു വീണു പോയത് നാമിപ്പോൾ കാണുന്നുണ്ട്. വിധു വിൻസെന്റും ഗീതു മോഹൻദാസും ശ്രീബാല കെ മേനോനും ഒക്കെ വിരിച്ചിട്ട വഴിയിലൂടെ ഇനി ഒരുപാട് സ്ത്രീകൾ നടന്നു വരുമെന്നുറപ്പായിക്കഴിഞ്ഞിരിക്കുന്നു. പുതുമുഖ സിനിമ പ്രവർത്തകർക്ക് ഒരു മുഖവും ശരീരവും മാത്രമല്ല കഴിവാണ് പ്രസക്തമാക്കേണ്ടതെന്ന് സിനിമയിലെ ഒരു വിഭാഗത്തിന് തിരിച്ചറിവുണ്ടായിക്കഴിഞ്ഞിരിക്കുന്നു.  സംവിധാന രംഗത്ത് മാത്രമല്ല അവരവരുടെ അവകാശവും നീതിയും ഉറപ്പിച്ച് കൊണ്ട് ഏതു മേഖലയിലും ലിംഗ ഭേദമന്യേ സ്ത്രീകൾ ഇനിയുള്ള കാലങ്ങളിലുണ്ടാവും എന്നുറപ്പാണ്. ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന സ്ത്രീകൾ മലയാള സിനിമയിൽ തങ്ങളുടെ വഴികൾ കൃത്യമായി പിടിച്ചടക്കുന്ന കാഴ്ച ആനന്ദകരമാണ്. ആ വഴിയിലൂടെ ഇനി പുതിയ തലമുറയ്ക്കും ധൈര്യത്തോടെ കടന്നു ചെല്ലാം. അങ്ങനെ ഓരോ മേഖലകളും ലിംഗഭേദമില്ലാതെ മനുഷ്യരുടേതായി കഴിഞ്ഞിരിക്കുന്നു. ആ അവസ്ഥ തന്നെയാണ് ഇനിയങ്ങോട്ടുള്ള കാലങ്ങളെ മാറ്റിയെഴുതേണ്ടത്.

"എന്റെ വീട്ടിൽ ഇപ്പോഴും ഞാൻ ചെന്നാൽ വലിയ വിലയൊന്നുമില്ല. അനിയനുണ്ടെങ്കിൽ അവനു തന്നെയാണ് എല്ലാം ആദ്യം. റീമ കല്ലിങ്കൽ പറഞ്ഞത് എത്ര വലിയ സത്യമാണ്. മീൻ പൊരിച്ചത് എനിക്ക് ഒരുപാടിഷ്ടമാണ്. പക്ഷേ ഏറ്റവും വലിയതും കൂടുതലും അവനാണ്. പിന്നെയാണ് എനിക്ക്. അത് മിക്കവാറും അച്ഛനും കൊടുത്തു കഴിഞ്ഞ ശേഷമാവും. ഭർത്താവിന്റെ വീട്ടിലാണെങ്കിലും ഈ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. അമ്മായിയമ്മയുള്ളത് കൊണ്ട് എല്ലാത്തിനും കണക്കുണ്ട്. ഭക്ഷണം പാകം ചെയ്യുന്നത് അമ്മയാണ്, എന്നാൽ മുഴുവൻ സമയവും നമ്മൾ ഒപ്പം നിൽക്കണം. ഒരു ദിവസം തനിയെ വച്ച് കഴിഞ്ഞാൽ അന്ന് ആ കറിക്ക് ഇല്ലാത്ത കുറ്റമൊന്നും ഉണ്ടാവില്ല. അതുകൊണ്ട് എല്ലാം അളന്നും തൂക്കിയും മാത്രമേ ഉണ്ടാക്കൂ. മീൻ വറുത്തത് അവിടെയും ഉള്ളതിൽ ചെറുത് തന്നെ. ഒരിക്കൽ 'അമ്മ ആശുപത്രിയിൽ പോയ ദിവസം കുറെ മീൻ വാങ്ങി ഞാൻ ഒറ്റയ്ക്ക് പൊരിച്ച് തിന്നു. അത്ര ആർത്തി തോന്നിയിരുന്നു.",

വീട്ടമ്മയായ ഈ പെൺകുട്ടിയുടെ വാചകങ്ങൾ ഒരുപക്ഷെ പലർക്കും പറയാനുള്ളത് തന്നെയാണ്. ജാമിയയിലും ജെഎൻയുവിലും പെൺകുട്ടികൾ ആവേശത്തോടെ സംസാരിക്കുന്നത് കണ്ട തന്റെ രോമം എഴുന്നേറ്റു നിന്നെന്നും ആവേശത്തോടെ കയ്യടിച്ചെന്നുമാണ് ഒരു സ്ത്രീ പറഞ്ഞത്. വീടുകളിൽ പല കാരണങ്ങൾ കൊണ്ടും അടിച്ചമർത്തപ്പെട്ടു പോയ ഒരുപാട് പേരുടെ പ്രതീകമായിരിക്കാം അവർ.

"വീട്ടിൽ അദ്ദേഹമില്ലാത്തപ്പോൾ ഞാൻ വെറുതെ കണ്ണാടിയുടെ മുന്നിൽപ്പോയി നൃത്തം കളിക്കും. പഠിച്ചിട്ടൊന്നുമില്ല. എങ്കിലും വെറുതെ സിനിമാ പാട്ടിട്ട് കളിക്കും. അല്ലെങ്കിൽ ദിവസം മുഴുവനും കനത്ത വിഷാദമാണ്. ആ സങ്കടത്തെ ഈ നൃത്തം ഒരുപാട് കുറയ്ക്കാറുണ്ട്. ഇതൊന്നും മാറുമെന്ന പ്രതീക്ഷയൊന്നുമില്ല", മറ്റൊരു സ്ത്രീ പറയുന്നു. 

പുതിയ കാലത്തേ പെൺകുട്ടികൾ ചോദ്യം ചെയ്യാൻ പഠിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവർക്ക് നേരെ നടക്കുന്ന കൊലപാതകങ്ങൾ. തങ്ങൾക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങൾ ചോദ്യം ചെയ്യുന്നതോടെ അവർ ചുട്ടു കരിഞ്ഞു തീരാൻ വിധിക്കപ്പെട്ടവരാകുന്നു. കാലം മാറുന്നെന്ന് അറിയാത്ത ആൺകുട്ടികൾ ഇനിയും ഏറെക്കാലമൊന്നും തുടരാൻ വഴിയില്ല. അവരുടെ യുഗവും ഉടനെ അവസാനിക്കും. പൊരുതുന്ന അമ്മമാർ പുതിയ തലമുറയിലുണ്ട്. അവരോടൊപ്പം നിൽക്കുന്ന പുരുഷന്മാരുമുണ്ട്. ഇത്തരം എഴുത്തുകൾക്ക് പോലും പ്രസക്തിയില്ലാത്തൊരു കാലത്തിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പുതിയ ദശകത്തിൽ തന്നെ ആ പ്രതീക്ഷ മുന്നോട്ടു നയിക്കുന്നു.

English Summary: Harassment Against Women