ജില്ലയിൽ പിങ്ക് ചാരുതയുമായി ഷീ ഓട്ടോകൾ സ്റ്റാൻഡുപിടിച്ചിട്ട് അഞ്ചുവർഷം. 2015ൽ സംസ്ഥാനത്തു തന്നെ ആദ്യമായി പത്തനംതിട്ടയിലാണ് ‘ഷീ ഓട്ടോ’ എന്ന ആശയം ‘റോഡിലിറങ്ങിയത്. ഷീ ടാക്സികൾ നാട്ടിൽ പ്രചാരത്തിലായ കാലത്ത് അന്നത്തെ നഗരസഭാധ്യക്ഷനായിരുന്ന എ. സുരേഷ് കുമാറാണ് വനിതകൾക്ക് 

ഓട്ടോറിക്ഷകൾ നൽകി ഒരു ഗ്രൂപ്പ് സംരംഭം തുടങ്ങാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. സ്റ്റാൻഡ് സംബന്ധിച്ച തർക്കങ്ങളുമൊക്കെയായി കൊണ്ടും കൊടുത്തും വളർന്ന് ഇന്ന് നഗരത്തിലെ ഓട്ടോകുടുംബത്തിലെ അമ്മമാരും പെങ്ങന്മാരുമൊക്കെയായി അവർ മുന്നോട്ട്. പകൽ മുഴുവൻ കഷ്ടപ്പെട്ട്, മാന്യമായി അധ്വാനിച്ച് കൈ നിറയെ കാശുമായി വീട്ടിലേക്കു പോകുന്നതിന്റെ അഭിമാനമുണ്ട് അവരുടെ ഓരോ വാക്കിലും. ലോലമ്മ, സുചിത്ര, വിലാസിനി, പ്രിയ, സ്റ്റെഫി എന്നീ അ‍ഞ്ചുപേരാണ് പത്തനംതിട്ട സ്റ്റാൻഡിലെ ഇപ്പോഴത്തെ ഷീ താരങ്ങൾ.

12 വനിതകൾക്ക് ഓട്ടോ നൽകാനായിരുന്നു നഗരസഭയുടെ ആദ്യ തീരുമാനം. പട്ടികജാതി വനിതകൾക്ക് 60000 രൂപയും ജനറൽ വിഭാഗത്തിന് 40000 രൂപയും സൗജന്യ സഹായം. ബാക്കി തുക ബാങ്ക് വായ്പ. 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഡ്രൈവിങ് ലൈസൻസ് ഉള്ള ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും അധികം പേർ ഉണ്ടായിരുന്നില്ല. താൽപര്യം തോന്നി അന്വേഷിച്ചു ചെന്നവരെ പ്രോത്സാഹിപ്പിച്ചും അവർക്ക് ഡ്രൈവിങ് സ്കൂൾ ഏർപ്പാടാക്കിയും നഗരസഭയുടെ പൂർണ പിന്തുണ. ആദ്യഘട്ടത്തിൽ ഓട്ടോ എടുത്തവരെല്ലാം ലോൺ അടച്ചു തീർത്തുകഴിഞ്ഞു. രണ്ടുവർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ബാച്ചിനും ഓട്ടോ നൽകി. അപ്പോഴേക്കും കേരളത്തിലെ മിക്ക ജില്ലകളിലും ഷീ ഓട്ടോകൾ ഓട്ടം തുടങ്ങിയിരുന്നു..

സ്വകാര്യ ബസ് സ്റ്റാൻഡിൽ ഓപ്പൺ സ്റ്റേജിനടുത്താണ് ഇപ്പോൾ ഷീ ഓട്ടോ സ്റ്റാൻഡ്. പരിപാടികൾക്കായി പന്തലിടുന്ന സമയത്തെ ബുദ്ധിമുട്ട് ഒഴിച്ചാൽ ബാക്കി എല്ലാം ഇവർ ഹാപ്പി. ചിലപ്പോൾ ഓട്ടം പോയി വരുമ്പോൾ ഓട്ടോ കിടക്കേണ്ട ഇടത്ത് ചിലർ ടൂവീലറും മറ്റും പാർക്കു ചെയ്ത് പോയിട്ടുണ്ടാകും. ഇതൊരു ബുദ്ധിമുട്ടാണ്. മുൻപത്തെ അടിപിടി ബഹളങ്ങളെല്ലാം പഴങ്കഥ. ഇപ്പോൾ സ്റ്റാൻഡിലെ പുരുഷ ഡ്രൈവർമാരെല്ലാം കട്ട സപ്പോർട്ടാണെന്നും ഇവർ പറയുന്നു. രാവിലെ 9.30–10 മുതൽ വൈകിട്ട് 6.00 വരെ ഓട്ടം. വൈകിയാൽ ‘പോകാറായില്ലേ’ എന്നു കരുതലാകുന്നതും, ഇടയ്ക്ക് ഓട്ടോ പിണങ്ങിനിന്നാൽ തള്ളിമെരുക്കി ഇണക്കുന്നതുമെല്ലാം ഓട്ടോചേട്ടന്മാരാണെന്നും ഇവർ നന്ദിയോടെ ഓർക്കുന്നു.

   ഷീ ഓട്ടോകൾക്കായി കാത്തുനിൽക്കുന്ന സ്ഥിരം യാത്രക്കാരുമുണ്ട്. ചില വിദ്യാർഥിനികൾ, അമ്പലത്തിലും ആശുപത്രിയിലും പോകുന്ന ചില അമ്മമാർ എന്നിങ്ങനെ... എവിടെ അപകടം കണ്ടാലും മടിയില്ലാതെ ഓടിയെത്താനുള്ള കരുതലും മനസുമുണ്ടിവർക്ക്. വയ്യാത്തവരെയും കൊണ്ടിറങ്ങുമ്പോൾ ചിലപ്പോൾ സമയം പോലും നോക്കാറില്ല. എല്ലാത്തിനും പൊലീസിന്റെയും മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പൂർണ പിന്തുണയുമുണ്ട്. 

   കൂട്ടത്തിലെ തലമുതിർന്ന അംഗമായ ലോലമ്മ ചേച്ചിക്കിപ്പോൾ വയസ്സ് 60 കഴിഞ്ഞു. മുൻപ് ഭർത്താവും മകനും ഓട്ടോ ഓടിച്ചിരുന്നു. മകൻ പ്രേം ഗൾഫിൽ ജോലി കിട്ടി പോയതോടെ വീട്ടിൽ റെസ്റ്റിലായ ഓട്ടോയെ ചേച്ചി കൂടെ കൂട്ടി. ഭർത്താവ് മൂന്നുദിവസങ്ങൾ കൊണ്ട് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. തയ്യലും വാട്ടർ കണക്ഷൻ റീഡിങ് എടുക്കാൻ പോകുന്ന ജോലിയും കഴിഞ്ഞു കിട്ടുന്ന സമയമെല്ലാം ഓട്ടോയിലായിരുന്നു. അങ്ങനെയങ്ങനെ ഓട്ടോയുമായി നല്ല കൂട്ടായി. ലൈസൻസുമെടുത്തു. പിന്നീടാണ് നഗരസഭയുടെ പിങ്ക് ഓട്ടോ സ്വന്തമാക്കുന്നത്. ഇപ്പോൾ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത രണ്ടു കാര്യങ്ങൾ മൊബൈൽഫോണും ഓട്ടോയുമാണ്. വണ്ടിക്ക് ഒരു കേടുവന്നാൽ പിന്നെ കുഞ്ഞുങ്ങൾക്ക് അസുഖം വന്ന വെപ്രാളം. ആകുന്നത്ര കാലം വണ്ടി ഓടിക്കുമെന്ന് ചേച്ചിയുടെ ഉറപ്പ്.

ഓട്ടോ ഓടിക്കുന്ന പെണ്ണ് ചീത്തയാണെന്ന ചിന്താഗതിയെ മറികടന്നെത്തിയ സന്തോഷമാണ് വിലാസിനിയുടെ വാക്കുകളിൽ. ഇപ്പോൾ കിട്ടുന്ന പണം കൊണ്ട് ലോൺ അടയ്ക്കുന്നു, കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നു, എപ്പോൾ വിചാരിച്ചാലും കൈയിൽ 5 രൂപ എടുക്കാനുണ്ടാകും. സ്വന്തമായി തൊഴിലായതോടെ കൈവന്ന ധൈര്യമാണ് പ്രിയയും സുചിത്രയും പങ്കുവച്ചത്. പൊലീസ് സ്റ്റേഷനിലോ ഏതെങ്കിലും ഓഫീസുകളിലോ പോകാനും ഒക്കെ പേടിയായിരുന്നു. ഇപ്പോൾ എന്തു കാര്യത്തിനും എവിടെയും പോകാനും ആളുകളോട് ഇടപെടാനും ധൈര്യമായി.  

  ഒരു സൈക്കിൾ പോലും ചവിട്ടിയിട്ടില്ലാത്ത സ്റ്റെഫി ഓട്ടോ ലോണിന് അപേക്ഷിക്കുന്നത് ആറുമാസം ഗർഭിണി ആയിരിക്കേ. ഇത്തരമൊരവസ്ഥയിൽ ലോൺ അടച്ചുതീർക്കുമെന്നുറപ്പില്ലാത്തതിനാൽ ബാങ്കുകാർക്ക് കൊടുക്കാൻ മടി. പക്ഷേ സ്റ്റെഫിക്ക് ഉറപ്പുണ്ടായിരുന്നു. മാർച്ചിൽ വണ്ടി കിട്ടി, മേയിൽ പ്രസവം... മൂന്നാം മാസം വണ്ടി ഓടിച്ചുതുടങ്ങിയതാണ്. ഓടി ലോണെല്ലാം അടച്ചുതീർത്തു. കുഞ്ഞുങ്ങളെ നന്നായി നോക്കുന്നു. സ്റ്റെഫിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘വീട്ടിൽ ഒരു മണി അരി ഇല്ലെങ്കിലും അടുപ്പത്ത് വെള്ളം വച്ച് ഓട്ടോയുമായി ഒന്നു കറങ്ങിയാൽ വെള്ളം തിളയ്ക്കും മുൻപ് ഒരു കിലോ അരിയുമായി തിരിച്ചെത്താമെന്ന ധൈര്യമുണ്ട്’. അതുകൊണ്ടുതന്നെ ജീവിതത്തെ പറ്റി ആശങ്കകളുമില്ല. 

ഇപ്പോൾ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ ഷീ ഓട്ടോ പദ്ധതികളുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഓടുന്ന നൂറുകണക്കിനു പിങ്ക് ഓട്ടോകളുണ്ട്. അതിനെല്ലാം തുടക്കം ഇവിടെയായിരുന്നു, നമ്മുടെ പത്തനംതിട്ട സ്റ്റാൻഡിൽ.

English Summary: She Taxi Drivers In Pathanamthitta