ബെംഗളൂരു സ്വദേശിയായ ഹര്‍ഷിത റെഡ്ഡി 6-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ‘അര്‍ജുന്‍’ എന്ന തെലുങ്കു സിനിമ കാണുന്നത്. മധുരയിലെ ഒരു ക്ഷേത്രം സിനിമയില്‍ പുനര്‍നിര്‍മിച്ചത് ആ കൊച്ചു പെണ്‍കുട്ടിയെ അദ്ഭുതപ്പെടുത്തി. സിനിമയില്‍ എന്തും സാധ്യമാണെന്ന തിരിച്ചറിവിലേക്ക് ഹര്‍ഷിത എത്തുന്നതും അര്‍ജുന്‍ സിനിമയിലൂടെ തന്നെ. അവിടെതുടങ്ങുന്നു ഹര്‍ഷിതയും സിനിമകളും തമ്മിലുള്ള ബന്ധം. ഇന്ന് ഹോളിവുഡിലെ അറിയപ്പെടുന്ന പ്രൊഡക്ഷൻ ഡിസൈനറാണ് ഹര്‍ഷിത. പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഹ്രസ്വ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരി. 

ഇന്ത്യയില്‍ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ആര്‍ക്കിടെക്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് ഹോളിവുഡില്‍ ഹര്‍ഷിത എത്തുന്നത്. ഒരു സിനിമ പോലെ രസകരമാണ് ആ ജീവിതം. ഹ്രസ്വചിത്രങ്ങള്‍ക്കു പുറമെ എമ്മി പുരസ്കാരം നേടിയ റെന്റ്, എച്ച്ബിഒയുടെ  വെസ്റ്റ് വേള്‍ഡ് എന്നീ പരമ്പരകള്‍ക്കും പിന്നില്‍ ഹര്‍ഷിതയുണ്ട്. ഗോള്‍ഡന്‍ ഗ്ലോബിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത സംവിധായികയായ അവ ഡുവെര്‍ണെയുടെ ചെറിഷ് ദ് ഡേ എന്ന സിരീസിലും ഹര്‍ഷിതയുടെ സാന്നിധ്യമുണ്ട്. ‘ചെറിഷ് ദ് ഡേ’യുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച 50 ശതമാനം പേരും സ്ത്രീകള്‍ തന്നെയാണ്. മൊത്തം 18 പേര്‍. 

തെക്കേ ഇന്ത്യയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഹര്‍ഷിത ഒട്ടേറെ പരിമിതികളെ മറികടന്നാണ് ഹോളിവുഡില്‍ എത്തിയതും അറിയപ്പെടുന്ന പദവി കരസ്ഥമാക്കിയതും. പ്രൊഡക്ഷന്‍ ഡിസൈനിങ് പഠിപ്പിക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു ഹര്‍ഷിതയുടെ ലക്ഷ്യം. അങ്ങനെയൊന്നു കണ്ടെത്താനാവാതെ വന്നതോടെ ആര്‍ക്കിടെക്ച്വർ പഠിക്കാന്‍ തീരുമാനിച്ചു. മൈന്‍ഡ് സ്പെയ്സ് ആര്‍ക്കിടെക്റ്റ്സ് എന്ന സ്ഥാപനത്തില്‍ സഞ്ജയ് മോഹെ എന്നയാളുടെ കീഴിലായിരുന്നു ഹര്‍ഷിതയുടെ പഠനം. പഠനം പാതിവഴിയില്‍ എത്തിയപ്പോഴേക്കും രണ്ടു ഹോളിവുഡ് സിനിമകള്‍ രക്ഷയ്ക്കെത്തി- ദ് ലേക്ക് ഹൗസും ദ് പ്രസ്റ്റീജും. രണ്ടു സിനിമകളുടെയും പിന്നില്‍ നതാന്‍ കൗലേയുണ്ടായിരുന്നു. ഈ സിനിമകള്‍ കണ്ടതോടെ ആര്‍ക്കിടെക്ചര്‍ ഉപേക്ഷിക്കാനും സിനിമയുടെ ലോകത്തു സ്വന്തം വഴി കണ്ടെത്താനും ഹര്‍ഷിത തീരുമാനിച്ചു. 

തെലുങ്കു സിനിമയില്‍ എത്തിപ്പെടാനാണ് ആദ്യം ശ്രമിച്ചത്. അതു പരാജയപ്പെട്ടു. അതോടെ ഒരു സിനിമാ സ്കൂളില്‍ പഠനം എന്ന ആശയം ഉദിച്ചു. ഇന്ത്യയില്‍ അവസരം  ഇല്ലാതെ വന്നതോടെ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കണ്‍സര്‍വേറ്ററിയില്‍ പ്രവേശനം നേടി. അതോടെ കുടുംബത്തിന്റെ എതിര്‍പ്പുകളും ഇല്ലാതായി. മകളുടെ ആഗ്രഹത്തെ പിന്തുണയ്ക്കാനും അവര്‍ തീരുമാനിച്ചു. സഹപാഠികള്‍ക്കൊപ്പം പഠനത്തിന്റെ ഭാഗമായി ഹര്‍ഷിത നിര്‍മിച്ച ‘മോത്’ എന്ന ചിത്രം ശ്രദ്ധ പിടിച്ചുപറ്റി. ഏഷ്യയില്‍ നിന്നുള്ള ഒരു നടിയുടെ വിസ്മൃതിയിലേക്കുള്ള യാത്രയുടെ കഥയായിരുന്നു ആ സിനിമ. ലോകത്തെ വിവിധ 25 മേളകളിലേക്ക് ‘മോത്’ തിരഞ്ഞെടുക്കപ്പെട്ടു. യുകെ ഫിലിം റിവ്യൂ 2019 ലെ മികച്ച 20 ഹ്രസ്വചിത്രങ്ങളിലൊന്നായും ‘മോത്’ തിരഞ്ഞെടുത്തു. 

നല്ല സിനിമകള്‍ രസിപ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്നാണ് ഹര്‍ഷിതയുടെ അഭിപ്രായം. അവയ്ക്കു വിജ്ഞാനം പകരാനാകും. മാനസിക ചക്രവാളം വികസിപ്പിക്കാനാകും. മറ്റൊന്നിനും കഴിയാത്ത രീതിയില്‍ ജീവിതത്തെ സ്വാധീനിക്കാനും കഴിയും- ഹര്‍ഷിത പറയുന്നു. ഹോളിവുഡിലെ മികച്ച കരിയറിനു ശേഷം മടങ്ങിവന്ന ഹര്‍ഷിത ഇന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. 

English Summary: Architect to Hollywood production designer: How this Bengaluru girl is breaking film industry stereotypes