ഒരു പെൺകുട്ടി വിവാഹം കഴിക്കുമ്പോൾ അവളുടേതായി ഭർത്താവാകാൻ പോകുന്നയാൾക്ക് എന്തൊക്കെ നൽകണം? മകളെ നോക്കുന്നതിനായി കാണപ്പെട്ട സ്വത്തും സ്വർണവുമൊക്കെ നൽകിയാണ് മരുമകനെ പെൺകുട്ടിയുടെ മാതാപിതാക്കൾ അയക്കുന്നത്. പെണ്ണിനെ എല്ലായിപ്പോഴും കെട്ടിച്ചയക്കുകയുമാണ്. ഒരു തരാം ഭാരം തീർക്കുന്നത് പോലെ. പ്രായം ഇത്തിരി കൂടിപ്പോയാൽ ആശങ്കകളാണ്, വിവാഹ മാർക്കറ്റിൽ വിലയിടിഞ്ഞു കൊണ്ടിരിക്കുകയാണ്, ഇനി അവളെ ഒരു കര പറ്റിക്കണമെങ്കിൽ പണമായും സ്വര്‍ണമായും സ്ത്രീധനം നൽകുന്നതിന്റെ അളവ് വർധിപ്പിക്കണം. യഥാർത്ഥത്തിൽ അതൊരു ആശ്വാസം തന്നെയാണോ? ഒരുതരം ഭാരമൊഴിപ്പിക്കലല്ലേ? ഇരുപത്തിരണ്ടു വയസ്സോളം വളർത്തി വലുതാക്കിയ ശേഷം "ഒടുവിലന്യന്റേതാമവൾ" എന്ന് നെരൂദ കവിതയിൽ പാടും പോലെ പെണ്മക്കൾ സ്വന്തമല്ല എന്ന് പറഞ്ഞു അവളെ മറ്റേതോ വീട്ടിലേയ്ക്ക്, അവൾക്ക് ഒട്ടും പരിചിതമല്ലാത്ത ഒരിടത്തേക്ക് "പറഞ്ഞയക്കും". ഒരു പെൺകുട്ടിയുടെ കഥ കേൾക്കൂ,

"പത്തു ദിവസമാണ് ഞാൻ ആ വീട്ടിൽ താമസിച്ചത്. സ്ട്രെസിന്റെ ഗുളിക കഴിക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് അൻപത് പവനും രണ്ടു ലക്ഷവും കൊടുക്കാം എന്ന് വീട്ടുകാർ അയാളുടെ വീട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നതാണ്. ഞാൻ ഗുളിക കഴിച്ചിരുന്ന കാര്യമറിഞ്ഞപ്പോൾ (അത് ഞാൻ തന്നെ പറഞ്ഞതാണ്) അവർക്ക് ഞാൻ ഒരു ചുമടായി മാറി. വിവാഹത്തിൽ നിന്ന് പിന്മാറാനൊന്നും അവർക്ക് താല്‍പര്യമുണ്ടായിരുന്നില്ല, പകരം മകൾ ഭ്രാന്തിനുള്ള ഗുളിക കഴിക്കുന്നു. അതുകൊണ്ട് രണ്ടു ലക്ഷം എന്നത് അവർ പത്തു ലക്ഷമാക്കി. ഈ കല്യാണം നടന്നില്ലെങ്കിൽ അവർ ആരോടെങ്കിലും ഇത് പറയുമോ എന്ന് ഭയന്ന് അച്ഛൻ അത് കൊടുക്കാൻ തയ്യാറായി. അങ്ങനെ കല്യാണം നടന്നു. സത്യത്തിൽ അയാൾക്കായിരുന്നു ഭ്രാന്ത്- കാമഭ്രാന്ത്. ഒരു ദയയും ഇല്ലാതെയാണ് ആ പത്ത് ദിവസവും രാത്രിയിൽ എന്നെ ഉപദ്രവിച്ചിരുന്നത്. മിക്കപ്പോഴും പകലിലും അത് തന്നെ അവസ്ഥ. ഭ്രാന്തുള്ളവർക്ക് സെക്സിൽ ഭയങ്കര അഭിനിവേശമായിരിക്കില്ലേ- എന്നൊക്കെ അയാളെന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ അയാളോട് പറഞ്ഞു- എനിക്ക് ഭ്രാന്തില്ല, ഒരു ബിസിനസ് സ്ഥാപനത്തിലെ സെക്രട്ടറിയാണ് ഞാൻ. അതിന്റെ സ്ട്രെസ് നന്നായി ഉണ്ട്. അത് കുറയാൻ വേണ്ടിയാണു മരുന്ന് കഴിക്കുന്നത്- പക്ഷെ അയാൾക്ക് അത് ഭ്രാന്തിന്റെ മരുന്നാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പണം വേണമെന്നായി. പക്ഷെ സഹികെട്ട് മൂന്ന് ദിവസം കൂടി നിന്ന് അതിനു ശേഷം വീട്ടിലേക്ക് പോരുന്നു. ഇപ്പോൾ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഞാൻ വീണ്ടും വിവാഹം കഴിക്കുന്നില്ല. എന്തൊരു സ്വസ്ഥതയാണ്, എന്റെ കാര്യം നോക്കാം, അച്ഛനെയും അമ്മയെയും നോക്കാം, ഇഷ്ടം പോലെ പണം ചിലവാക്കാം, ഭക്ഷണം കഴിക്കാം, ശാരീരികമായ ബുദ്ധിമുട്ടുകൾ ഇതുവരെയില്ല, അങ്ങനെയൊരു അവസ്ഥ വന്നാൽ ഒരു പങ്കാളിയെ ഒരുപക്ഷെ ഞാൻ കണ്ടെത്തിയേക്കും. എന്തായാലും അത് കുറെ വർഷങ്ങൾ കഴിഞ്ഞാവും" ഈ പെൺകുട്ടിയുടെ പേര് ഉത്ര എന്നല്ല, പക്ഷെ അവളും ഉത്ര ആയി മാറിപ്പോയേനെ, പത്തു ദിവസത്തിൽ കൂടുതൽ ഭർത്താവിന്റെ വീട്ടിൽ നിന്നിരുന്നെങ്കിൽ.

സ്ത്രീധനവും സ്വത്തും തന്നെയാണ് കൊട്ടാരക്കരയുള്ള ഉത്രയുടെ മരണത്തിന്റെയും കാരണമെന്നു പറയപ്പെടുന്നു. കേസ് അന്വേഷിക്കുന്നത് പോലീസ് ചീഫ് നേരിട്ടാണ്. അതുകൊണ്ട് തന്നെ അതിന്റെതായ ഗൗരവം ഈ കൊലപാതകത്തിൽ കാണാനാകും. ഭർത്താവ് സൂരജിനെ അറസ്റ്റു ചെയ്‌തെങ്കിലും മാധ്യമപ്രവർത്തകരുടെ മുന്നിലെത്തുമ്പോൾ പോലീസിന്റെ മുന്നിൽ സമ്മതിച്ച കുറ്റങ്ങൾ ഇയാൾ മാറ്റി പറയുന്നുണ്ട്, തല്ലി പറയിപ്പിച്ചതാണെന്നു നിലവിളിക്കുന്നുണ്ട്. ഇയാളുടെ വീട്ടിൽ സൂരജിന്റെ മാതാവ് മാധ്യമപ്രവർത്തകരുടെ മുന്നിൽ മകന്റെ നിരപരാധിത്വം വിളമ്പുമ്പോൾ ഉത്രയുടെയും സൂരജിന്റെയും കുഞ്ഞിന് ഭക്ഷണം നൽകാൻ സൂരജിന്റെ പിതാവ് നിർബന്ധിച്ച് അകത്തേക്ക് വിളിക്കുമ്പോൾ - ഞാനതിനു ഭക്ഷണം കൊടുക്കില്ല- എന്ന് പറഞ്ഞവർ അലറുന്നുണ്ട്. അത് തന്നെയാണ് ചില മനുഷ്യരുടെ സ്വഭാവം. മനുഷ്യത്വമില്ലാതെയായാൽ അത് ആരോടും കാണിക്കാൻ അവർക്കാകില്ല. സ്വത്തും പണവും തന്നെയാണ് ഉത്രയെ കൊല്ലാൻ കാരണമെന്നു സൂരജ് പൊലീസിനു മുന്നിൽ സമ്മതിച്ചിരിക്കുന്നു, പോലീസ് തെളിവുകൾ കണ്ടെടുത്തിക്കൊണ്ടേയിരിക്കുന്നു. 

ഉത്രയുടെ കൊലപാതകം കേരളത്തിൽ ആദ്യത്തേതാണോ? അല്ല. അവസാനത്തേതാണോ? അതും ആകാൻ വഴിയില്ല. കാരണം ഏതു നൂറ്റാണ്ടിലും പെൺകുട്ടികൾ ബാധ്യതയായി കാണുന്ന മാതാപിതാക്കൾ ഉള്ള കാലത്തോളം ഇത്തരം കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി നടന്നു കൊണ്ടേയിരിക്കും. വിവാഹം എന്നതാണോ പെൺകുട്ടികളുടെ യഥാർത്ഥ ജീവിതം നിർണയിക്കേണ്ടത്? പഠനം, ജോലി ഒക്കെ കഴിഞ്ഞു പരിഭ്രമിച്ചു തുടങ്ങുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വേണ്ടിക്കൂടിയാണ് വ്യക്തമായ ജീവിത ലക്ഷ്യങ്ങൾ കൂടിയുള്ള പെൺകുട്ടികൾ പലരും വിവാഹത്തിന് തയ്യാറാകുന്നത്. എന്നാൽ വിവാഹം കഴിഞ്ഞു, പുതിയ വീടും വീട്ടുകാരും ഭർത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഗർഭവും കുഞ്ഞുങ്ങളുമൊക്കെയായി ജീവിതം തിരക്കേറിയതാക്കുമ്പോൾ ആദ്യകാലത്തുണ്ടായിരുന്ന ലക്ഷ്യം പതിയെ വഴിയിൽ വച്ച് മുന്നോട്ടു നടക്കും. വളരെ അപൂർവം പേർ വർഷങ്ങൾ കഴിഞ്ഞു പഴയ സ്വപ്നങ്ങളെ പൊടി തട്ടിയെടുക്കും. അവിടെ ഓർമ്മ വരുന്നത് മാലിനിയെ ആണ്. ‘രാമന്റെ ഏദൻ തോട്ടം’ സിനിമയിലെ മാലിനി. എൽവിസ് ആകാൻ പൊതുവെ ഭർത്താക്കന്മാർക്കൊക്കെ എളുപ്പമാണ്. സ്വന്തം കരിയർ , സ്വപ്നം, വീട്ടിലെത്തുമ്പോൾ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ഭാര്യ, കിടപ്പറയിൽ എല്ലാം സഹിക്കുന്ന പെണ്ണ്, അങ്ങനെയൊക്കെയാണെങ്കിൽ ഭയങ്കര സന്തോഷം. എന്നെങ്കിലുമൊരിക്കൽ സ്വന്തം സ്വപ്നത്തെക്കുറിച്ച് അവൾ പറഞ്ഞാൽ അവിടെ ഒരു കരട് വീഴുകയാണ്. "രാമൻ " ആകാൻ പൊതുവെ ഭർത്താക്കന്മാർക്ക് കഴിയാറില്ല, അതിനു മറ്റൊരാൾ/ കാമുകൻ വേണ്ടി വരുന്നത് എത്ര അസുഖകരമായ കാര്യമാണ്! എന്തുകൊണ്ട് ആ പ്രതീക്ഷയുടെയും സ്വപ്നത്തിന്റെയും കൂട്ടിരിപ്പുകാരനാകാൻ ഭർത്താവിന് കഴിയുന്നില്ല?

സ്ത്രീധനം വേണ്ട എന്ന് പറയുന്നവർ എത്ര പേരുണ്ട്? ഒരുപക്ഷെ ഈ കാലത്ത് യുവാക്കളിൽ പലരും ഈ തീരുമാനമെടുത്തിട്ടുണ്ട്, നല്ല കാര്യമാണ്. സ്ത്രീകൾക്കും സ്വന്തമായി വ്യക്തിത്വമുണ്ടെന്നും അവർക്കും സ്വപ്നവും സ്വാതന്ത്ര്യവും ഉണ്ടെന്നും അവർ മനസ്സിലാക്കുന്നുണ്ട്, എന്നാൽ അത് എത്ര പേരുണ്ടാവും? അങ്ങനെ അല്ലാത്തവർ തന്നെയാണ് കൂടുതലും. ജനിച്ചു, ജീവിച്ചു, കണ്ടു വളരുന്ന സാഹചര്യങ്ങളിൽ നിന്നും അത്രയെളുപ്പമൊന്നും പുറത്ത് കടക്കാൻ ഒരു സൂരജിനുമാവില്ല. ഈയടുത്ത് വിവാഹം കഴിച്ചവരാണ് സൂരജും ഉത്രയും. അത്രയധികമൊന്നും പ്രായമില്ലാത്ത ചെറുപ്പക്കാർ. എന്നാൽ ചിന്താശേഷിയ്ക്ക് മുകളിൽ ദുര വല വിരിച്ചവർ. സൂരജുമാർ നമുക്ക് ചുറ്റും ധാരാളമുണ്ട്. പലപ്പോഴും ഉത്രമാർ മരിക്കാത്തത് കൊണ്ട് മാത്രം പല അനുഭവങ്ങളും അറിയാതെ പോകുന്നു. എന്നാൽ വീടുകളിൽ, കൂടുകളിൽ പെൺകുട്ടികൾ ദുരിതം അനുഭവിക്കുന്നു. അങ്ങനെ എത്ര ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും. മരണം സംഭവിക്കുമ്പോൾ മാത്രം ചർച്ച ചെയ്യപ്പെടുന്ന അനീതികളാണ് ഇവയെല്ലാം. എന്നാൽ ഈ കാലവും കടന്നു പോകും. മറ്റൊന്ന് വരുന്നത് വരെ പിന്നീട് നമ്മൾ ഇതേക്കുറിച്ച് സംസാരിക്കുകയില്ല. മാതാപിതാക്കൾ പെണ്‍കുട്ടികളെന്ന ഭാരം ഒഴിവാക്കാൻ "കെട്ടിച്ചു കൊടുക്കും" സ്ത്രീധനം ആവശ്യപ്പെടുന്നത് നൽകും. അവളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടെന്നു കേട്ടാലും നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് പറയാൻ അവരെ പ്രേരിപ്പിക്കുന്നതും അവള്‍ക്കായി നൽകിയ ഈ മുതൽ മുടക്ക് ഓർക്കുമ്പോഴാണ്. ഒരുതരം ബിസിനസ്.

സത്യത്തിൽ എന്താണ് ഈ സ്ത്രീധനം? പണം നൽകി മകൾക്കായി ഒരാളെ വില കൊടുത്തു വാങ്ങുന്ന ഒരു രീതിയല്ലാതെ മറ്റെന്താണ്! എന്നാൽ വില കൊടുത്തു വാങ്ങുന്നത് നമ്മുടെ സ്വന്തമാണ്, അത് നമ്മൾ കൊണ്ട് പോകേണ്ടത് അത് മുടക്കുന്നയാളുടെ വീട്ടിലും. എന്നാൽ പെൺകുട്ടികളെ പണം അങ്ങോട്ട് നൽകി വിൽക്കുന്ന അവസ്ഥയ്ക്കാണ് സ്ത്രീധനമെന്നു നമ്മുടെ നാട്ടിൽ പറയുക. പിന്നെ അവളുടെ പരിപൂർണ ഉത്തരവാദിത്തം പണം വാങ്ങി അവളെ വാങ്ങിയ ഭർത്താവിനും. അതും ഒരുതരം അടിമത്തം തന്നെയല്ലേ? അവളുടെ സ്വപ്നത്തെ ഇല്ലാതാക്കി, വീട്ടിൽ ഒതുക്കി, ജോലിയുണ്ടെങ്കിൽ പോലും വീട്ടു ജോലികളും ചെയ്യിച്ചു, വീണ്ടും പണം കൊണ്ട് വരാൻ നിർബന്ധിച്ച്. ഈ അടിമത്തം അവസാനിപ്പിക്കാൻ പെൺകുട്ടികൾ തന്നെയാണ് തയ്യാറാക്കേണ്ടത്. പഠനവും ജോലിയും വളർച്ചയുടെ ഭാഗമാക്കുകയും സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുകയാണ് പ്രധാനമെന്ന് കണ്ടെത്തുകയും ചെയ്യുന്നവർ എത്ര സമാധാനത്തിലാണ് ജീവിക്കുന്നതെന്നോ! ജീവിത പങ്കാളിയാകാൻ, നല്ലൊരു സുഹൃത്താകാൻ , തയ്യാറാകുന്ന ഒരാളെ കണ്ടെത്തുമ്പോൾ ഒപ്പം കൂട്ടുന്ന മനോഹരമായൊരു ജീവിതമാണ് വിവാഹം എന്ന അവസ്ഥയിലെത്തുമ്പോൾ മാത്രം ഇത്തരം കൊലപാതകങ്ങൾ ഇല്ലാതായേക്കാം. അത് ഏതു കാലത്താണ് എന്നാണു അറിയാത്തത്!