കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആശങ്കയനുഭവിക്കുന്നവരില്‍ മുലയൂട്ടുന്ന അമ്മമാരുണ്ട്. തങ്ങളുടെ നവജാത ശിശുക്കളെ മുലയൂട്ടാമോ? എന്നതാണ് അവരെ ആശങ്കപ്പെടുത്തിയത്. കോവിഡ് ബാധിച്ച അമ്മ മുലയൂട്ടിയാല്‍ കുട്ടിക്ക് കോവി‍ഡ് പകരുമോ എന്നതും വലിയ ആശങ്കയായി ലോകമെങ്ങും വ്യാപിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെ ഉത്തരവുമായി ലോകാരോഗ്യ സംഘടന മുലയൂട്ടല്‍ വാരത്തില്‍ എത്തിയിരിക്കുന്നു.

മുലയൂട്ടുന്നതിലൂടെ കോവിഡ് ബാധിച്ച അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക്  രോഗം പകരില്ലെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.  മുലയൂട്ടുന്നത് പൂര്‍ണമായി തുടരാം എന്നാണ് ലോകത്തോട് പറയാനുള്ളത്: ലോകാരോഗ്യ സംഘടന ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ആക്ഷന്‍ ഹെല്‍ത്ത് സിസ്റ്റം യൂണിറ്റ് മേധാവി ഡോ.ലോറന്‍സ് ഗ്രമ്മര്‍ സ്ട്രോണ്‍ വ്യക്തമാക്കുന്നു. മുലയൂട്ടുന്നതിലൂടെ കോവിഡ് പകരുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ ആറു മാസം മുലയൂട്ടുന്നത് കുട്ടിക്കും അമ്മയ്ക്കും വളരെ നല്ലതാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ് കാലത്തും അതിനു മാറ്റമില്ല. കുട്ടികളെ പിടികൂടാവുന്ന പല രോഗങ്ങളില്‍ നിന്നും അവരെ രക്ഷിക്കാനുള്ള ഘടകങ്ങള്‍ മുലപ്പാലിലുണ്ട്. ആന്റിബോഡികളും. അമ്മമാരും നവജാതശിശുക്കളും തമ്മില്‍ അടുത്തുകിടക്കുന്നതും പ്രധാനമാണ്. ഇവയിലൂടെയൊന്നും കോവിഡ് പകരില്ല. ചില അമ്മമാരുടെ മുലപ്പാലില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അവ കുട്ടികളിലേക്ക് രോഗം പകര്‍ത്തുന്നില്ല എന്നതാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ ലോകത്താകമാനം അമ്മമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇതു വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും സംഘടന സമ്മതിക്കുന്നു.

കോവിഡ് കാലത്ത് കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പോലും കൊണ്ടുപോകാന്‍ അമ്മമാര്‍ മടിക്കുന്ന സാഹചര്യവുമുണ്ട്. പല ടെസ്റ്റുകള്‍ നടത്തുന്നതില്‍നിന്നും പ്രതിരോധ മരുന്ന് നല്‍കുന്നിതില്‍നിന്നുമെല്ലാം ഇതു കുട്ടികളെ അകറ്റുന്നു. 

മുലയൂട്ടലിന്റെ കുറവു മൂലം ലോകത്താകമാനം ഒരു വര്‍ഷം മരിക്കുന്നത് 8,20,000 കുട്ടികളാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതിനിടെയാണ് ആശങ്കകള്‍ അകറ്റുന്ന പ്രഖ്യാപനങ്ങളമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. 

അവികസിത രാജ്യങ്ങളില്‍ പല കുട്ടികളുടെയും മരണത്തിനു കാരണമാകുന്നത് വയറിളക്കമാണ്. ഇതു തടയാന്‍ മുലപ്പാലിനു കഴിവുണ്ട്. വിളര്‍ച്ചയില്‍ നിന്നും അമിത വണ്ണത്തില്‍നിന്നും കുട്ടികളെ രക്ഷിക്കാനും മുലപ്പാലിനു കഴിവുണ്ട്. ബ്രെസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നീ മാരക രോഗങ്ങളില്‍നിന്ന് അമ്മമാരെ രക്ഷിക്കാനും മുലയൂട്ടലിനു കഴിയും. മുലപ്പാലിനു പകരമുള്ളതെന്ന രീതിയില്‍ പ്രചരിക്കുന്ന ഉല്‍പന്നങ്ങളില്‍നിന്ന് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും സംഘടന വ്യക്തമാക്കുന്നു.

English Summary: Breast feeding link to COVID-19 is negligible, says World Health Organization