ശകുന്തളാ ദേവി എന്നത് ഒരു എനർജിയുടെ പേരാണ്. കണക്കിൽ കളിച്ച് ലോകം മുഴുവൻ കീഴടക്കിയ പ്രതിഭാശാലിയായ ഒരു സ്ത്രീ. അതുകൊണ്ട് തന്നെയാണല്ലോ മലയാളിയായ അനു മേനോൻ വിദ്യ ബാലൻ എന്ന മറ്റൊരു എനർജി ബൂസ്റ്ററെക്കൊണ്ട് ആ ബയോപിക്ക് പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഒറ്റിറ്റി പ്ലാറ്റഫോമിലൂടെയാണ് ശകുന്തളാദേവി എന്ന ഹിന്ദി സിനിമ റിലീസായത്. അതുകൊണ്ട് ലോകം മുഴുവൻ പ്രശസ്തയായ ഒരു സ്ത്രീയെക്കുറിച്ച് അതേപോലെ കാലം കഴിഞ്ഞും ഇതാ ലോകമറിയുന്നു.

ആരാണ് ശകുന്തളാ ദേവി?

മനുഷ്യ കംപ്യൂട്ടർ എന്ന പേരിലാണ് ശകുന്തളാ ദേവി എന്ന ഗ്രാമീണ പെൺകുട്ടി പ്രശസ്തയായത്. മജീഷ്യനായിരുന്ന അച്ഛന്റെയൊപ്പം കണക്കിലെ ചില അദ്‌ഭുതക്കളികൾ കാണിച്ചു കൊണ്ടാണ് കുഞ്ഞു ശകുന്തളയുടെ അരങ്ങത്തേയ്ക്കുള്ള യാത്ര തുടങ്ങുന്നത്. കണക്ക് കൊണ്ടാണ് ശകുന്തള മാജിക് കാണിച്ചത്, അത് സംസ്ഥാനവും രാജ്യവും കടന്നു ലോകം വരെ എത്തുകയും ചെയ്തു. 

"പാട്ടും നൃത്തവും നാടകവുമൊക്കെ ആളുകൾ അരങ്ങിൽ അവതരിപ്പിക്കുന്നുണ്ടല്ലോ, പിന്നെന്തുകൊണ്ട് കണക്ക് അവതരിപ്പിച്ചുകൂടാ?"ശകുന്തളാ ദേവി ചോദിക്കുന്നു. സെക്കന്റുകൾ കൊണ്ടാണ് ക്യൂബ് റൂട്ടുകളുടെയൊക്കെ ഉത്തരം ശകുന്തള തന്റെ മുന്നിലിരുന്ന ജിജ്ഞാസുക്കൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. അസ്‌ട്രോളജി, ഗണിതം, തുടങ്ങിയ പല വിഷയങ്ങളിലും ഗ്രാഹ്യമുണ്ടായിരുന്ന ദേവി ഇത്തരം വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങളുമെഴുതി. പെർഫക്ട് മർഡർ,ആസ്‌ട്രോളജി ഫോർ യു,ഫിഗറിങ്: ദ ജോയ് ഓഫ് നമ്പേഴ്‌സ്, സൂപ്പർ മെമ്മറി: ഇറ്റ് കേൻ ബി യുവേഴ്‌സ് ആൻഡ്, മാത്തബിലിറ്റി : എവേക്കൻ ദ മാത്ത് ജീനിയസ്സ് ഇൻ യുവർ ചൈൽഡ് ,'വണ്ടർലാൻഡ് ഓഫ് നമ്പേഴ്‌സ്' എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അവരുടേതായുണ്ട്. ഗിന്നസ് വേൾഡ് റോക്കോർഡിലും ശകുന്തള ദേവിയുടെ കണക്കിലെ അതിവേഗത അടയാളപ്പെട്ടിരിക്കുന്നു. 

അവരുടെ മരണം 2013 ഏപ്രിലിൽ ആയിരുന്നു. അതിനു ശേഷം ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ശകുന്തളാ ദേവി ഇപ്പോൾ സംസാര വിഷയമാകാൻ കാരണം ആണ് മേനോൻ സംവിധാനം ചെയ്ത സിനിമ" ശകുന്തളാ ദേവി" ആണ്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമ ശകുന്തളാ ദേവിയെന്ന മികച്ച മാത്തമാറ്റിഷ്യനെ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലുള്ള അവരുടെ ജീവിതവും അനാവരണം ചെയ്യപ്പെടുന്നു. സ്വന്തം വീട്ടിൽ നിന്നും ശകുന്തള ഇറങ്ങിപ്പോയതിന്റെ കാരണം മറ്റാരുമല്ല നിശ്ശബ്ദയായിരുന്ന അവരുടെ അമ്മയായിരുന്നു. അച്ഛന്റെ വാക്കുകൾക്കപ്പുറം ഒച്ചയുയർത്താത്ത 'അമ്മ, സ്വന്തമായി ശബ്ദമില്ലാത്ത സ്ത്രീകളെ ശകുന്തള വെറുത്തു. അതുകൊണ്ട് എല്ലാത്തിൽ നിന്നും സ്വതന്ത്രമായി പുറത്ത് കടന്നു ലോകമറിയുന്ന സ്ത്രീയാകണമെന്നു അവർ മനസ്സ് കൊണ്ട് പ്രതിജ്ഞ ചെയ്തു. ഒരു സ്ത്രീ എന്ന നിലയിൽ തന്നെയാണ് ശകുന്തളാ ദേവി എന്ന വിദ്യാബാലൻ സിനിമയെ കാണേണ്ടതും. ലോകം മുഴുവൻ പറന്നു നടക്കുകയായിരുന്നു ആ സ്ത്രീ. തന്റെ മനസ്സിന്റെ അദ്‌ഭുതം മനുഷ്യരുടെ മുന്നിൽ കാണിക്കുമ്പോഴെല്ലാം അവർ വല്ലാതെ സന്തോഷിച്ചു. സ്വയം അഭിമാനം കൊണ്ടു. ഒരിടത്തും അവർ മാറ്റി നിർത്തപ്പെട്ടില്ല. ലോകം മുഴുവൻ സ്വീകരിക്കപ്പെട്ട ഒരു സ്ത്രീയായി അവർ അവരെ മാറ്റിയെടുത്തു.

കൊൽക്കൊത്തക്കാരനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചെങ്കിലും സ്വന്തം സ്വപ്നങ്ങൾക്ക് അദ്ദേഹം തടസ്സം പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അതിനു വേണ്ടി അവർ യാത്രകൾ തുടർന്ന് കൊണ്ടേയിരുന്നു. പക്ഷെ സ്വന്തം മകളുടെ പിറവിയ്ക്ക് ശേഷം ശകുന്തള അവൾക്കു വേണ്ടി യാത്രകളെല്ലാം പാടെ ഉപേക്ഷിച്ച് ജീവിക്കാൻ തുടങ്ങി. എന്നാൽ ലോകമറിയുന്ന "മരമായി" മാറാൻ തീരെ താൽപ്പര്യമുള്ള ഒരുവൾക്ക് എത്രനാൾ വീടിനുള്ളിൽ നിഷ്ക്രിയമായി ഇരിക്കാനാകും? മകളെ ഭർത്താവിനെ ഏൽപ്പിച്ച് ശകുന്തള പിന്നെയും സ്വപ്നങ്ങൾക്ക് പിന്നാലെ ലോകം ചുറ്റി. പക്ഷെ എപ്പോഴോ മകൾ സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും ഭാഗമാണെന്നു മനസ്സിലാക്കുന്നതോടെ അവർ അവളെ അവളിലേക്ക് കൊണ്ടു വരികയാണ്. സ്വന്തം അമ്മയ്ക്ക് നൽകാത്തത് മകളിൽ നിന്ന് സ്വയം ലഭിക്കണമെന്ന് പറയുന്നതിന്റെ പ്രസക്തിയില്ലായ്മ മനസ്സിലാകുമ്പോഴേക്കും ശകുന്തളാ ദേവിയ്ക്ക് ഏറെ പ്രായമായിരുന്നു. മകളിൽ നിന്നും ആ സത്യം കേൾക്കുമ്പോൾ അവർ തിരിച്ചറിയുന്നുണ്ട്, എന്തായിരുന്നു സ്ത്രീ എന്നത്.

സത്യത്തിൽ എന്താണ് സ്ത്രീ? അവളുടെ സ്വപ്നങ്ങൾക്കും ജീവിതത്തിനും എന്ത് വിലയാണുള്ളത്? സ്വപ്നങ്ങൾക്ക് വേണ്ടി ജീവിതം പോലും നഷ്ടപ്പെടുത്തുന്ന എത്ര ശകുന്തള ദേവിമാർ ഉണ്ടാകും? പലപ്പോഴും സ്ത്രീകൾ അവരുടെ അമ്മയെപ്പോലെ പുരുഷന്റെ ജീവിതത്തിലെ അത്രയ്ക്കൊന്നും പ്രാധാന്യമില്ലാത്ത ഒരു കണ്ണിയായി നിന്ന് കൊടുത്ത ശേഷം നിശബ്ദയായി, വിട വാങ്ങുന്ന ഒരു അഭിനേത്രി മാത്രമാകും, എന്നാൽ ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് സ്വപ്നങ്ങളുടെ വില മനസ്സിലാകുകയും ജീവിതം അതിനൊപ്പം സഞ്ചരിക്കുന്ന ഒന്നാണെന്ന് ബോധ്യമാവുകയും ചെയ്യും. എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയപ്പെട്ട അമ്മമാരാണെന്നും സിനിമ പറഞ്ഞു വയ്ക്കുന്നു. എന്നാൽ അതൊരു തെറ്റാകുന്നില്ല. ഒരു സ്ത്രീയാണ് സ്വന്തം അമ്മയും എന്നു തിരിച്ചറിയുമ്പോഴാണ് മകളും അമ്മയെ മാനസ്സിലാകുന്നത്. അമ്മയെ അമ്മയായി മാത്രം കാണാൻ ശ്രമിച്ച് പരാജയപ്പെടുമ്പോഴാണ് ശകുന്തള ദേവിയുടെ മകൾ അത് കണ്ടെത്തുന്നത്.  

ശകുന്തളാ ദേവിയായി വിദ്യാ ബാലൻ അക്ഷരാർത്ഥത്തിൽ അരങ്ങു തകർത്തു. എന്നാൽ സൗന്ദര്യത്തിനു പോലും പ്രസക്തിയില്ലാത്ത വിധത്തിൽ അവരുടെ അഭിനയം തന്നെയാണ് എടുത്തു നിന്നത്. അത്രമാത്രം ശകുന്തളാ ദേവിയുടെ സ്ക്രീൻ പ്രേസേന്സ് ഉണ്ടായിരുന്നു. സ്ത്രീകൾ സ്വയം അവളെ കണ്ടെത്തുന്നത് തന്നെയാണ് സിനിമയുടെ കാതൽ. ഒരു അമ്മയെന്താണ് മകൾ എന്താണ് എന്നും സിനിമ പറഞ്ഞു വയ്ക്കുന്നു. ലോകമറിയപ്പെടുന്ന സ്ത്രീയായിരുന്നിട്ടും അവരുടെ ജീവിതത്തിലേയ്ക്ക് സിനിമ മനോഹരമായി കണ്ണെറിഞ്ഞിട്ടുണ്ട്. മകളെ അടക്കി പിടിക്കാൻ ശ്രമിക്കുന്ന അമ്മയാകുമ്പോഴും അവളെ അവളുടെ സ്വപ്നങ്ങളിലേക്ക് കൊണ്ടു പോകാനാണ് ശകുന്തള ശ്രമിക്കുന്നത്. പക്ഷെ ജീവിതമാണ് വലുതെന്നു മകൾ കണ്ടെത്തി. എന്നാൽ ഒടുവിൽ മകളും തിരിച്ചറിയുന്നു ജീവിതവും സ്വപ്നവും ഒരുപോലെ പ്രധാനമാണെന്ന്. അമ്മയും ഭർത്താവും ഒരു പോലെ പ്രിയപ്പെട്ടതാണെന്നു. അമ്മയും ഒരു സ്ത്രീയാണെന്ന്.

സ്വയം കണ്ടെത്താൻ കാത്തിരിക്കുന്ന സ്ത്രീകളുടെ അടയാളമാണ് ശകുന്തളാ ദേവി. ലോകം മുഴുവൻ ആരാധിക്കുന്ന സ്ത്രീയെ അവരുടെ ജീവിതത്തോട് ചേർത്ത് വച്ച് വായിക്കാനാണ് അനു മേനോൻ എന്ന സംവിധായിക ശ്രമിച്ചിരിക്കുന്നത്. സ്ത്രീകൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രവുമാകുന്നു അതുകൊണ്ട് തന്നെ ശകുന്തള ദേവി.