ജീവിതത്തിന്റെ ആദ്യനാളുകൾ താരതമ്യേന പ്രശ്നങ്ങളില്ലാതെ പോവുകയും എന്നാൽ പിന്നീടങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ 'അഡ്ജസ്റ്റ്മെന്റിൽ' കഴിച്ചുകൂട്ടുകയും  ചെയ്യുന്ന ദമ്പതികൾ നിരവധിയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തന്റെയും മുൻപിൽ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് വരുത്തി തീർക്കുന്നതിനു വേണ്ടിയും എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് സ്വയം കരുതിയുമാണ് പലരും ഇത്തരം അഡ്ജസ്റ്റ്മെന്റുകളുമായി മുന്നോട്ടുപോകുന്നത്. എന്നാൽ ജീവിതത്തിന്റെ ആരംഭത്തിൽതന്നെ  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നും സന്തോഷകരമായി ദാമ്പത്യബന്ധം നിലനിർത്താൻ നിങ്ങൾക്കും സാധിക്കും.

പൂർണമനസ്സോടെ പങ്കാളിയെ തിരഞ്ഞെടുക്കുക..

ജീവിതത്തിന്റെ ഭാഗമാകാൻ ഒരാളെ കണ്ടെത്തുമ്പോൾ അത് പൂർണ മനസ്സോടെ ആയിരിക്കണം എന്നത് സുപ്രധാനമാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന്റെ പേരിലും മറ്റു സാഹചര്യങ്ങൾ കൊണ്ടും മാത്രം പങ്കാളിയെ തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ  മുൻപോട്ടുള്ള ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പങ്കാളിയെ അടുത്തറിയാൻ ശ്രമിച്ചതിനു ശേഷം  മാത്രം വിവാഹജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യപടി.  

ജീവിതത്തെപ്പറ്റി യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കാം..

വിവാഹ ജീവിതം എങ്ങനെ ആവണം എന്ന സ്വപ്നങ്ങൾ  ഇല്ലാത്തവർ ഉണ്ടാകില്ല. എന്നാൽ ഈ സ്വപ്നങ്ങളുടെ പേരിൽ അമിത പ്രതീക്ഷകൾ  വളർത്തി എടുക്കാതിരിക്കാൻ  ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം സാഹചര്യങ്ങൾക്കും പങ്കാളിയുടെ സാഹചര്യങ്ങൾക്കും അനുസരിച്ച് ചില വിട്ടുവീഴ്ചകൾ വേണ്ടി വന്നേക്കാം. ജീവിതത്തെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയും സമചിത്തതയോടെയും തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞാൽ തന്നെ പങ്കാളികൾക്കിടയിൽ ബന്ധം സുദൃഢമാക്കും.

 അതേസമയം ആഗ്രഹിക്കുന്ന ജീവിതത്തെപ്പറ്റി പങ്കാളിയോട് തുറന്നു പറയാൻ മടി കാണിക്കുകയും അരുത്. കാരണം പ്രതീക്ഷകൾ പൂർണമായി  ഉപേക്ഷിക്കേണ്ടിവന്നാൽ അത് കാലക്രമേണ വഴക്കുകളിലേക്ക് നയിക്കും. പങ്കാളിയുടെ സാഹചര്യമനുസരിച്ച് ജീവിത സ്വപ്നങ്ങൾ നടത്തിയെടുക്കാൻ സാവകാശം നൽകാൻ മനസ്സിനെ ഒരുക്കണമെന്ന് മാത്രം.

 തുറന്നുപറച്ചിലുകൾക്കിടയിലും പരസ്പര ബഹുമാനം സുപ്രധാനം

പങ്കാളികൾക്കിടയിൽ തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായാൽ ജീവിതം സുഖകരമാകും എന്ന ധാരണ പലരും വച്ചുപുലർത്താറുണ്ട്. എന്നാൽ ഇത് പൂർണമായും ശരിയായ ഒന്നല്ല. നല്ല സൗഹൃദത്തിന് ഒപ്പം പരസ്പരബഹുമാനവും ദാമ്പത്യം എന്നും സന്തോഷകരമായി തുടരുന്നതിന് അനിവാര്യമാണ്. പങ്കാളിയെക്കുറിച്ച് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുമ്പോഴും  അവരുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ആകാതിരിക്കാൻ ശ്രദ്ധിക്കാം. ചെറിയ അസ്വാരസ്യങ്ങൾക്ക് ഇടയിലും പരസ്പരമുള്ള മതിപ്പ് കുറയാതിരിക്കാൻ ഇത് സഹായിക്കും.

ഇഷ്ടപ്പെടാത്തവ തുറന്നു പറയുക...

ജീവിതത്തിന്റെ ആദ്യനാളുകളിൽ പങ്കാളിയുടെ പ്രവർത്തികൾ  അതേപടി അംഗീകരിക്കാൻ പലരും തയ്യാറായെന്നു വരാം. എന്നാൽ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾ ഇത് എപ്പോഴും സാധ്യമായി എന്നു വരില്ല. അവിടെ പ്രശ്നങ്ങളും ഉടലെടുത്തു തുടങ്ങുകയായി. ഭാര്യയുടെയോ ഭർത്താവിന്റെയോ സംസാരമോ പ്രവർത്തിയോ മനസ്സിൽ വിഷമം ഉണ്ടാക്കിയെങ്കിൽ അത് തുറന്നു പറഞ്ഞു തുടക്കത്തിൽ തന്നെ മാറ്റേണ്ടതുണ്ട്. അങ്ങനെ പറയുമ്പോൾ പങ്കാളിക്ക് നീരസം തോന്നുമോ എന്ന ചിന്ത പലരെയും അതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്. എന്നാൽ പരസ്പരം  മനസ്സിലാക്കുക എന്നത് അതിനേക്കാൾ  പ്രധാനമാണ് എന്ന് ആദ്യം തന്നെ തിരിച്ചറിയണം.

ത്യാഗം എപ്പോഴും ഗുണം ചെയ്യില്ല...

ജീവിതം സന്തോഷകരമാകണമെങ്കിൽ വിട്ടുവീഴ്ചകൾ വേണം എന്നത് ശരി തന്നെ. എന്നാൽ സ്വന്തം വ്യക്തിത്വം അടിയറവ് വച്ചുകൊണ്ടുള്ള വിട്ടുവീഴ്ചകൾക്ക് ഒരിക്കലും മുതിരാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ സാഹചര്യങ്ങളിൽ സ്വന്തം അഭിപ്രായങ്ങളെക്കാളും ഇഷ്ടങ്ങളെക്കാളും കൂടുതൽ പങ്കാളിയുടെ അഭിപ്രായത്തിന്  മാത്രം പ്രാധാന്യം നൽകുന്ന പ്രവണത കാലം പോകുംന്തോറും ഉലച്ചിലുകളിലേക്ക് വഴിവയ്ക്കാനേ ഉപകരിക്കു. സ്വന്തം  ഇഷ്ടങ്ങൾ മാറ്റി വയ്ക്കുക എന്നത് മാനസിക സന്തോഷം കുറയ്ക്കുന്ന  കാര്യമാണ്. രണ്ടു വ്യക്തികളും സന്തോഷമായി ഇരുന്നാൽ മാത്രമേ ഒരുമിച്ചുള്ള ജീവിതവും സന്തോഷകരമായിരിക്കു. പങ്കാളിയുടെ സന്തോഷം മാത്രം എപ്പോഴും കണക്കിലെടുത്തുകൊണ്ടുള്ള ത്യാഗമനോഭാവവും വിപരീതഫലം ചെയ്യും എന്ന് ചുരുക്കം.