ബസ് യാത്രയിൽ വച്ചാണ് ഒഴുകുന്ന മുടിയുള്ള ഒരു പെൺകുട്ടി അടുത്ത് വന്നിരുന്നത്. പൊതുവെ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള സീറ്റിലെ കെഎസ്ആർടിസി ബസ് യാത്ര എന്നാൽ ലോകത്തെ കാണലാണ്. കാഴ്ചകളെ ആസ്വദിക്കുന്നവരാണ് ബേസിൽ മുന്നിലിരിക്കുന്നതെന്ന് ആരോ പറഞ്ഞതോർക്കുന്നു. ശരിയാവണം. ആ പെൺകുട്ടിയും അതുപോലെ ഉള്ളവൾ തന്നെ ആയിരിക്കണം! ഇരുപത് വയസ്സോളമുണ്ട്, വൃത്തിയുള്ള ചുരിദാർ ആണെങ്കിലും അത്ര വടിവൊന്നുമില്ല, ഒരുപക്ഷെ യാത്രയിൽ ഉലഞ്ഞു പോയതുമാകാം. ബസ് യാത്രയിലാണ് പെൺകുട്ടികൾ ആത്മാന്വേഷണം നടത്തുന്നത്. ഇയർ ഫോണിലൂടെ കേൾക്കുന്ന പാട്ടിൽ ലയിച്ചിരുന്നു ലോകം മറന്നു മറ്റേതോ സ്ഥലത്തിലാവും അവരിപ്പോൾ. പക്ഷെ അടുത്തിരിക്കുന്ന കക്ഷി ആ ടൈപ്പ് അല്ലെന്നു തോന്നുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾക്കെന്തോ സംസാരിക്കാനുള്ളതു പോലെയൊരു തോന്നൽ. അതങ്ങനെയാണല്ലോ, ചില സമയത്ത് ഒരു ഇന്റ്യൂഷൻ ഉണ്ടാവും, എന്തോ സംഭവിക്കാൻ പോകുന്നത് പോലെ, അല്ലെങ്കിലും ആരോ എന്തോ പറയാൻ പോകുന്നത് പോലെ. അതിനു മുൻപുള്ള നിശബ്ദത നെഞ്ചിടിപ്പിക്കും പോലെ. 

"ചേച്ചി എങ്ങോട്ടാ?"

ഞാൻ കോഴിക്കോട്"

"അവിടെയാണോ വീട്?"

"അല്ല, ഒരു പ്രോഗ്രാമിന് പോവ്വാ"

പിന്നെ നിശബ്ദത കനത്തു. ഇങ്ങോട്ട് ചോദിച്ച സ്ഥിതിയ്ക്ക് തിരിച്ചും ചോദിക്കുന്നത് മര്യാദയായതു കൊണ്ട് മാത്രം ചോദിച്ചു,

"നിങ്ങളെങ്ങോട്ടാ?"

"യൂണിവേഴ്‌സിറ്റിയിലാ പഠിക്കുന്നത്. പിജി ചെയ്യുന്നു"

"അപ്പോൾ ഇവിടെ തൃശൂരാണ് വീട് അല്ലെ"

തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും കയറി പഠിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്ന കുട്ടിയോട് അങ്ങനെ തന്നെയാണ് ചോദിക്കെണ്ടതെന്നു അപ്പോൾ തോന്നി. അല്ല, അങ്ങനെയാണ് അപ്പോൾ ഉള്ളിൽ നിന്നും വന്ന ചോദ്യം. അവൾ കുറച്ചു സെക്കന്റുകൾ ഒന്നും മിണ്ടിയില്ല"അല്ല, ഇവിടെ ഒരാളെ കാണാൻ വന്നതാ"

ഒന്നു ചിരിച്ചു. ഇനി കാര്യങ്ങളൊന്നും ചോദിക്കേണ്ടതില്ല.പത്തു ജനത്തിന്റെ മര്യാദയും സ്വാതന്ത്ര്യവും ആ ചോദ്യം വരെയേ ഉള്ളൂ. ബാക്കി ആ പെൺകുട്ടിയുടെ മാത്രം സ്വകാര്യതയാണ്. വീണ്ടും ജനൽ കമ്പിയിലേയ്ക്ക് കൈ കയറ്റി വച്ച് പുറം കാഴ്ചകളിലേക്ക് ശ്രദ്ധയെ മാറ്റി. എന്നാൽ അവൾ അധിക സമയം അത് നീളാൻ സമ്മതിച്ചില്ല.

"എനിക്കൊരാളോട് ഇഷ്ടമുണ്ടായിരുന്നു. അയാളെ കാണാൻ പോയതാ" എന്താ പറയേണ്ടത്, കണ്ടോ എന്ന് ചോദിക്കണോ, ഇതൊക്കെ എന്തിനാണ് ഒരു അപരിചിതയോടു സംസാരിക്കുന്നത് എന്ന ചോദിക്കാണോ? അല്ലെങ്കിൽ തന്നെ ഒട്ടും പരിചയമില്ലാത്ത ഒരാളോട് ഇതൊക്കെ പറയേണ്ടത് എന്ത് കാര്യത്തിനാണ്? ആരോടെങ്കിലും പറയേണ്ടത് അത്യാവശ്യമാകുമ്പോൾ മനുഷ്യൻ ആദ്യം ആശ്രയിക്കുന്നത് അപരിചിതരെ തന്നെയാവും. പരസ്പരമറിയാത്തവരോട് മനസ്സ് തുറന്നാൽ അത് ഭാവിയിലോ വീട്ടിലോ പ്രശ്നമാകാൻ പോകുന്നില്ലല്ലോ, അതൊരു നല്ല ആശയമായി തോന്നി. അങ്ങോട്ട് ചോദിക്കും മുൻപ് അവൾ അവളെ തുറന്നു വിട്ടു.

"അയാളൊരു ഫ്രോഡ് ആണെന്ന് ഇവിടെ വന്നപ്പോഴാ എനിക്ക് മനസ്സിലായത്" എന്താ ഇപ്പൊ കേട്ടത്? അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു, എന്നിട്ടും അവൾ ചിരിക്കുകയാണ്. "എങ്ങനെ മനസ്സിലായി?"ഇവൾക്ക് കാര്യമായി എന്തോ സംസാരിക്കാനുണ്ട്, ആരോടെങ്കിലും അത് പറഞ്ഞില്ലെങ്കിൽ വീർപ്പ് മുട്ടുന്നത് പോലെ തോന്നുന്നുണ്ടാവും.  "ഫെയ്‌സ്ബുക്കിൽ വച്ചാണ് പരിചയപ്പെട്ടത്. സോഷ്യൽ ആക്ടിവിസ്റ്റായിരുന്നു. എല്ലാ കാര്യത്തിലും ഇടപെടും, നല്ല പൊളിറ്റിക്കൽ സെൻസ്, സ്ത്രീകളുടെ പ്രശ്നങ്ങളിലൊക്കെ ഒപ്പം നിൽക്കുകയും അവർക്ക് വേണ്ടി പോസ്റ്റിടുകയും ഒക്കെ ചെയ്യുന്ന ആൾ, വായനക്കാരൻ"

അവൾ കഥ നിർത്താൻ ഭാവമില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ പരിചയപ്പെട്ട എല്ലാ ചെറുപ്പക്കാരുടെ മുഖങ്ങളും ഒരു നിമിഷം കൊണ്ട് അപ്പോൾ മനസ്സിലൂടെ കടന്നു പോയി. അവൾ കഥ തുടർന്നു. "പക്ഷെ അവന്റെ വായന ഉടായിപ്പായിരുന്നു. ഗുഡ് റീഡ്‌സിൽ ഒക്കെ വരുന്ന റിവ്യൂ എടുത്ത് സ്വയം വായിച്ചതാണെന്നു പറഞ്ഞു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യും. അതാണ് പുറത്താക്കപ്പെട്ട അവന്റെ ആദ്യത്തെ പൊള്ളത്തരം, അതിൽ ഞാൻ അവനെ മനസിലാക്കേണ്ടതായിരുന്നു. പക്ഷെ അതിലൂടെയാണ് ഞാനവനെ പ്രണയിക്കുന്നത്. എല്ലാവരും ക്രൂശിക്കുന്നത് കണ്ടപ്പോൾ ഞാനവന്റെയൊപ്പം നിന്നു. ഒരു പുസ്തകം റിവ്യൂ ചെയ്യുന്നത് ഇത്ര വലിയ കുറ്റമാണോ? അത് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയല്ലേ അവൻ ചെയ്തത്? അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. സത്യത്തിൽ അവനു വായനാശീലം ഉണ്ടായിരുന്നില്ല, എങ്കിലും ഇഷ്ടപ്പെട്ട റിവ്യൂ ഒക്കെ കാണുമ്പൊൾ അവൻ മെമ്പർ ആയ പുസ്തക ഗ്രൂപ്പിൽ റിവ്യൂ ഇടാൻ വേണ്ടി അത് എടുത്ത് ഒന്ന് എഡിറ്റ് ചെയ്ത പോസ്റ്റ് ഹെയും. ഒരു പരോപകാരം എന്നെ അവൻ അതിനെ കണ്ടുള്ളൂ. അവന്റെ പോസ്റ്റുകൾ, നിലപാടുകൾ, രാഷ്ട്രീയം എല്ലാം എനിക്കിഷ്ടായി. ഞങ്ങൾ കടുത്ത പ്രണയത്തിലായി. എന്നും ഫോൺ വിളിക്കും, മെസേജ് അയക്കും, ഒരു ദിവസം വിളിച്ചില്ലെങ്കിൽ എനിക്ക് സങ്കടം വരും. അവൻ ബഹളമുണ്ടാക്കും. അങ്ങനെയാണ് കാണാൻ തീരുമാനിക്കുന്നത്, സത്യത്തിൽ അവനു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് തൃശൂർ എത്തിയ ശേഷം മാത്രം ഞാനവനെ വിളിച്ചത്. അവൻ ഞെട്ടിപ്പോയി. വീട്ടിൽ പോകാമെന്നു പറഞ്ഞപ്പോ ഞാൻ പോയി. ഒരു ദിവസം അവന്റെയൊപ്പം നിന്നു. ഇന്ന് രാവിലെ എന്നെ മടക്കിയാക്കാൻ അവനു ഭയങ്കര ധൃതി ആയിരുന്നു. എനിക്ക് പക്ഷെ അവനെ വിട്ടു പോവാൻ തോന്നിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നു, അത് അവന്റെ ഭാര്യ ആണത്രേ. ഒത്തിരി ചെറുതിലെ വിവാഹം കഴിച്ചതാണ്. കുട്ടികളില്ല. അവൾ വീട് വരെ പോയതാണ്, ഇന്ന് രാവിലെ തിരികെയും എത്തി. അതുകൊണ്ടു മാത്രം ഞാൻ അതറിഞ്ഞു. 

ഭയാനകരമായൊരു ചതിയാണ് അവളുടെ ജീവിതത്തിൽ നടന്നത്. പ്രണയം നടിച്ചുള്ള പറ്റിക്കൽ. ജീവിതം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചതി. പക്ഷെ ഇപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. അത് നിസംഗമയാപ്പോലെ തോന്നി.  "എനിക്കപ്പോൾ ആത്മഹത്യാ ചെയ്യാൻ തോന്നി ചേച്ചി. ഞാൻ കുറെ നേരം ലെവൽ ക്രോസിലൂടെ നടന്നു. ആ സമയത്ത് ഏതെങ്കിലും ട്രെയിൻ വന്നാൽ ഞാൻ ചാടിയേനെദൈവമേ, നെഞ്ചിൽ കൈ വച്ച് പോയി. പ്രണയ പരാജയം വിഷാദത്തിലേയ്ക്ക് കൊണ്ട് പോകാൻ വളരെയെളുപ്പമാണ്. വിഷാദം ആത്മഹത്യയിലേക്കും നയിക്കും. ഇതൊക്കെ എത്രയെത്ര ആർട്ടിക്കിളിൽ എഴുതിയിരിക്കുന്നു, എത്ര മാസികകളിൽ വായിച്ചിരുന്നു, ജാവനോടെ ഇരിക്കുന്ന എത്ര മനുഷ്യർ സോഷ്യൽ മീഡിയയിൽ അവരുടെ അനുഭവങ്ങൾ പങ്കു വച്ചിരിക്കുന്നു, എന്നിട്ടും മനുഷ്യർ പ്രണയിക്കുന്നു, അത് പരാജയപ്പെടുമ്പോൾ സ്വയം മരണത്തിലേയ്ക്ക് നടന്നു പോകുന്നു. അപ്പോൾ അവളുടെ കൈ പിടിക്കാനാണ് തോന്നിയത്. മുറുകെ പിടിച്ചു. അത്തരത്തിലുള്ള എക്സ്പ്രെഷനുകൾ പുറമേയ്ക്ക്, അതും അപരിചിതരോട് തീരെ ശീലം ഇല്ലാത്ത ആളാണ് എങ്കിലും അതപ്പോൾ ചെയ്തില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകുമെന്നു തോന്നി. 

"ഹോസ്റ്റലിലേക്കാണ് ഞാൻ പോകുന്നെ. കൂട്ടുകാരികൾക്ക് കഥയറിയാം. പക്ഷെ എനിക്കറിയില്ല ചേച്ചി, എനിക്കിപ്പോഴും ആത്മഹത്യാ ചെയ്യാൻ തോന്നുന്നുണ്ട്. പക്ഷെ കരയാൻ തോന്നുന്നില്ല. എന്തിനാ ഞാൻ കരയുന്നത്. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ജീവിതത്തിൽ ഇതുവരെ കരയാത്ത പോലെ ഞാൻ കരഞ്ഞു. കുറച്ചു മണിക്കൂറുകൾ കൊണ്ട് എന്റെ കണ്ണുനീരെല്ലാം വറ്റിപ്പോയി. ഇനി കരയാൻ പറ്റുന്നില്ല. പക്ഷെ എനിക്ക് ജീവിക്കണ്ട"

"മരിക്കാൻ ആയിരം വഴികളുണ്ട് എന്ന് കേട്ടിട്ടില്ലേ, ജീവിച്ചിരിക്കാനാണ് സത്യത്തിൽ വഴികൾ കണ്ടെത്തേണ്ടത്, കാരണവും" തത്വ ചിന്തയ്ക്ക് പറ്റിയ സമയമല്ലെങ്കിലും മറ്റെന്താണ് പറയേണ്ടതെന്ന് മനസിലായില്ല. സത്യത്തിൽ അവൾക്ക് തിരിച്ച് ആശ്വസിപ്പിക്കലൊന്നുമായിരുന്നില്ല വേണ്ടതെന്നു മനസിലായി. കേൾക്കാൻ രണ്ടു ചെവികളായിരുന്നു. കൈകളിൽ മുറുകെ പിടിച്ചിരുന്നു അവൾ കാഴ്ചകൾ കണ്ടു. അല്ല കാഴ്ചകളെ നോക്കി, എന്നാൽ അത് കാണുന്നുണ്ടായിരുന്നോ എന്ന കാര്യം ഉറപ്പില്ല. എന്താണ് ഒന്നും അവളോട് പറയാൻ കഴിയാത്തത്! ഉപദേശങ്ങൾ കൊടുക്കാൻ മിടുക്കിയായ ഒരാൾക്ക് അത്യാവശ്യ സമയത്ത് എടുത്തു പ്രയോഗിക്കാൻ ഒരു വാചകങ്ങളും സഹായിക്കുന്നില്ല. യൂണിവേഴ്സിറ്റി ആയപ്പോൾ അവൾ ബസിറങ്ങി. പോകും മുൻപ് അവൾ ചിരിച്ചു,

"താങ്ക്സ് ഫോർ ഹിയറിങ് മി ചേച്ചി"

"മണ്ടത്തരം ഒന്നും തോന്നേണ്ട"

അവളൊന്ന് ചിരിച്ചു. ചെയ്യുമെന്നോ ചെയ്യില്ല എന്നോ ആ ചിരിയുടെ അർഥം? മനസ്സിലായില്ല. അവളുടെ മൊബൈൽ നമ്പർ വാങ്ങിക്കാമായിരുന്നു. ബസ് എടുത്ത ശേഷം കോഴിക്കോട് എത്തും വരെ വശത്തൂടെ ഓടിപ്പോകുന്ന കാഴ്ചകൾ കാണാനോ ആസ്വദിക്കാനോ പറ്റിയില്ല. കുറ്റബോധം തോന്നി. നാളത്തെ പരിപാടിക്ക് അവളെയും ക്ഷണിക്കാമായിരുന്നു. സംഘാടകർ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിൽ ഒറ്റയ്ക്കാണ്, അവിടെ അവളെയും ഉൾപ്പെടുത്താമായിരുന്നു, പക്ഷെ തൊട്ടടുത്ത നിമിഷം മനസ്സ് തീരുമാനം മാറ്റും, അവൾ പറഞ്ഞത് സത്യമാണോ എന്ന് എങ്ങനെയറിയാം, അപരിചിതരെ വിശ്വസിക്കാൻ വയ്യ. ഹൃദയവും ബുദ്ധിയും കലഹിച്ചു കഴിയാതെ കോഴിക്കോട് ചെന്ന് ബസിറങ്ങി.

ഇപ്പോഴും അവളെ ഇടയ്ക്ക് ഓർക്കാറുണ്ട്, ഒരു പ്രണയ കഥ കേൾക്കുമ്പോൾ അതിൽ ചതിയുടെ വൈബ് എവിടെയെങ്കിലുമുണ്ടോ എന്ന് സ്വയം അന്വേഷിക്കാറുണ്ട്, വിഷാദമുണ്ടെന്നു ആരെങ്കിലും പറയുമ്പോൾ മെസേജ് ബോക്സിൽ ചെന്ന് കാരണം തിരക്കാൻ ശ്രമിക്കാറുണ്ട്. എന്നിട്ടും കഴിഞ്ഞ ദിവസം ഒരുത്തൻ ആത്മഹത്യ ചെയ്തു. നാളുകൾക്ക് മുൻപ് മാത്രം ഫെയ്‌സ്ബുക്കിൽ സുഹൃത്തായ ഒരുവൻ. അവൻ കവിയായിരുന്നു. മരണത്തെക്കുറിച്ച് കവിതകൾ പോസ്റ്റ് ചെയ്തിരുന്നവൻ. എന്തോ ശ്രദ്ധിക്കാൻ തോന്നിയിരുന്നില്ല. എങ്കിലും എപ്പോഴാവും ഒരാൾക്ക് മരിക്കാൻ തോന്നുന്നത്? വിഷാദത്തിൽ നിന്നു യാത്ര ചെയ്തു രക്ഷപ്പെട്ട അനുഭവം ഒരു യുവ സിനിമ നടി എഴുതിയത് ഇക്കഴിഞ്ഞ ദിവസം വായിച്ചു. ആരോടും പറയാൻ കഴിയാത്ത സങ്കടം, വീട്ടുകാർക്ക് പറഞ്ഞാലും ബോധ്യപ്പെടാത്ത വിഷാദം, മരുന്നെടുക്കാൻ തോന്നിയത് കൊണ്ട് മാത്രമാകും അവർക്ക് ജീവിതത്തിലേയ്ക്ക് തിരികെ വരാനായത്. ഒപ്പമിരുന്ന് ആത്മഹത്യയെ കുറിച്ച് പറഞ്ഞ ആ പെൺകുട്ടി മരുന്നെടുത്ത് കാണുമോ എന്നാണു അപ്പോൾ ആലോചിച്ചത്. അവളെക്കുറിച്ചുള്ള വാർത്തകൾ അടുത്തുള്ള ദിവസങ്ങളിൽ പത്രങ്ങളുടെ ഓൺലൈൻ സൈറ്റുകളിൽ നോക്കിയിരുന്നു, ഇല്ല, ഒബിച്ചുറി പേജുകളിൽ അവളില്ല. സിനിമാ നടിയെപ്പോലെ അവളും വിഷാദത്തെ അതിജീവിച്ചിരിക്കണം! ആത്മഹത്യ ചെയ്യാൻ ഒരുപാട് വഴികളും കാരണങ്ങളുമുണ്ടാകും, എന്നാൽ അതിജീവിക്കാൻ ഒരൊറ്റ കാരണമേയുള്ളൂ , ജീവിക്കണം എന്ന ആഗ്രഹം.