സുരറൈ പൊട്ര്, മൂക്കുത്തി അമ്മൻ,  തമിഴ് സിനിമയിൽ നിന്നും ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങൾ. ഇവ രണ്ടും കൈകാര്യം ചെയ്യുന്ന വിഷയം സ്ത്രീ പ്രാതിനിധ്യമാണ്.സ്വപ്നങ്ങളുള്ള നായകനും നായികയും സാധാരണ കഥകളിലെപ്പോലെ നായകന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അയാളുടെ നട്ടെല്ലായി നിന്ന് സ്വന്തം ലക്ഷ്യത്തെ മറക്കുന്നവളല്ല ബൊമ്മി എന്ന സ്ത്രീ. അവൾക്ക് വിവാഹത്തെക്കാൾ പ്രധാനം താൻ തുടങ്ങാൻ മനസ്സിൽ പദ്ധതിയിട്ടിരുന്ന ബേക്കറി തന്നെയാണ്. അത് ബൊമ്മി നടത്തുകയും ചെയ്യുന്നു, ഒടുവിൽ ലക്ഷ്യത്തിനു വേണ്ടി മുന്നോട്ട് പോകുന്ന ഭർത്താവിനെ പണം നൽകി പോലും സഹായിക്കുന്നു. വിവാഹത്തിനു മുൻപ് അവളുടെ ഭർത്താവാകാൻ പോകുന്നയാൾ പറഞ്ഞ ഒരു വാചകമുണ്ട്,"എനിക്ക് ജോലിയില്ലെങ്കിൽ നീയെന്നെ നോക്കില്ലേ?"എത്ര ധൈര്യത്തോടെയാണ് അയാൾ സ്റ്റീരിയോ ടൈപ്പ് പാട്രിയാർക്കിയാൽ സമൂഹത്തെ മുഴുവൻ തള്ളിപ്പറഞ്ഞത്.

‘മൂക്കുത്തി അമ്മനി’ൽ ഒരു ഗ്രാമം കയ്യേറുന്ന ആൾ ദൈവവും അയാൾക്കെതിരെ നിൽക്കുന്ന ഒരു കുടുംബവുമാണ്. അവർക്കൊപ്പം ഗ്രാമത്തിന്റെ സംരക്ഷകയായ ‘മൂക്കുത്തി അമ്മനും’. സ്വന്തം വേഷത്തിൽ അമ്മൻ അയാൾക്കൊപ്പം ചെല്ലുകയാണ് വീട്ടിൽ, അവിടെ അയാളുടെ പെങ്ങൾ പഠനം ഉപേക്ഷിച്ച് വർഷങ്ങളായി വീട്ടു ജോലിയുമായി കഴിയുകയാണ്. അമ്മൻ അയാളോട് അവളുടെ ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും നല്ലത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ അതിന്റെ ആവശ്യമില്ലാത്ത മട്ടിൽ മുഖം തിരിക്കുന്ന സിനിമയിലെ നായകന് പരിചയമുള്ള പലരുടെയും മുഖങ്ങൾ യോജിക്കും. 

ഇർഫാൻ ഖാൻ മുഖ്യ വേഷത്തിൽ വന്ന ലഞ്ച് ബോക്സ് എന്ന സിനിമയിലും ഇതേ മുഖമുള്ള ഒരാളുണ്ട്. നായികയായ ഇളയുടെ ഭർത്താവ്. ഭക്ഷണമുണ്ടാക്കുക എന്നതാണ് ഇളയുടെ പ്രധാനപ്പെട്ട ജോലി, അതും രുചികരമായി ഭക്ഷണം വച്ച് വിളമ്പാൻ അവൾക്കിഷ്ടമാണ്. വൈകുന്നേരം ഭർത്താവ് വീട്ടിലെത്തുമ്പോൾ താൻ കൊടുത്തു വിടുന്ന ഭക്ഷണം അയാൾ കഴിച്ച് അഭിപ്രായം പറയുന്നത് കേൾക്കാൻ അവൾക്കാഗ്രഹമുണ്ട്, എന്നാൽ അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ അയാൾ തന്റെ ദൈനം ദിന കൃത്യങ്ങളിലേയ്ക്ക് കടക്കും. ഭക്ഷണത്തത്തെക്കുറിച്ച് ആദ്യമായി അവളോട് നല്ല അഭിപ്രായം പറഞ്ഞത് ലഞ്ച് ബോക്സ് മാറിക്കിട്ടിയ സാജൻ ഫെർണാണ്ടസ് ആണ്. ഒറ്റയ്ക്ക് താമസിക്കുന്ന അയാൾക്ക് രുചികരമായ ആ ഭക്ഷണം ആസ്വദിക്കാൻ പറ്റുന്നുണ്ട്. കത്തുകളിലൂടെ ഇളയും സാജനും പരസ്പരം ലഞ്ച് ബോക്സിലൂടെ സംസാരിക്കുന്നുണ്ട്. ഭാര്യ എന്നാൽ വീട്ടിലിരുന്നു തനിക്ക് ഭക്ഷണമുണ്ടാക്കി തരാനും തന്റെ ജോലികൾ ചെയ്യാനും മാത്രമുള്ള ഒരാളാണെന്നുള്ള ബോധത്തെയാണ് ലഞ്ച് ബോക്സിൽ തുറന്നു വച്ചത്, മൂക്കുത്തി അമ്മനിൽ അതൊരു മുഖ്യ വിഷയമല്ലെങ്കിലും ഇത്തരം ചെറിയ ചെറിയ ശ്രമങ്ങൾ സംവിധായകൻ ആർ ജെ ബാലാജി നടത്തുന്നുണ്ട്. ഒരിക്കൽപ്പോലും എത്ര നന്നായി ഭക്ഷണമുണ്ടാക്കിയാലും സ്വന്തം അമ്മയെപ്പോലും അഭിനന്ദിക്കാതെ പോകുന്ന മക്കളെയും അത് ഓർമ്മപ്പെടുത്തും. കുട്ടികളെ തന്നിട്ട് സന്യാസിയായി അപ്രത്യക്ഷനായിപ്പോയ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ഒടുവിൽ അയാൾ തിരികെയെത്തുമ്പോൾ അയാളെ ധൈര്യത്തോടെ തിരികെ ഉപേക്ഷിക്കാൻ ധൈര്യം കാട്ടുകയും ചെയ്യുന്ന കഥാപാത്രം ക്ളീഷേ ആണെങ്കിൽപ്പോലും അഭിനന്ദനീയമാണ്.

മലയാളത്തിൽ ഇപ്പോൾ അവസാനമിറങ്ങിയ കരിക്ക്- ഫാമിലി പാക്ക് പറയാനുദ്ദേശിച്ച വിഷയവും മറ്റൊന്നായിരുന്നില്ലല്ലോ! വീട്ടു ജോലി ചെയ്യുന്ന ഭർത്താവ്, പുറത്ത് ജോലി ചെയ്ത ശമ്പളം വാങ്ങുന്ന ഭാര്യ. അവരുടെ രണ്ടു മക്കളിൽ ഒരാൾ അച്ഛനെപ്പോലെ ജോലിയില്ലാതെ വീട്ടിലിരിക്കുകയും മറ്റെയാൾ ജോലിക്ക് പോവുകയും ചെയ്യുന്നുണ്ട്. ഒരു വിവാഹാലോചന വരുമ്പോൾ ചെറുക്കന്റെ ജോലിയില്ലായ്മ ഒരു പ്രശ്നമാകുന്നുമുണ്ട്. പക്ഷെ തന്നെക്കാൾ നല്ല ജോലിയുണ്ടായിരുന്ന ഭാര്യയെ ജോലിക്ക് പറഞ്ഞയച്ച് സ്വന്തം ജോലി ഉപേക്ഷിക്കുകയാണ് ഭർത്താവ്. അതിൽ ഒരു നാണക്കേടും അയാൾക്ക് തോന്നുന്നതേയില്ല. ആരാണ് ജോലി ചെയ്യേണ്ടത്? ഭാര്യയോ ഭർത്താവോ?

"ഭാര്യയ്ക്കും ഭർത്താവിനും ജോലി ഉള്ളത് തന്നെയാണ് നല്ലത്. ഞങ്ങൾ രണ്ടും നഴ്‌സുമാരാണ്. അതും ഇവിടെ യു കെയിൽ. ഞാൻ ജോലിക്ക് പോയി വരുമ്പോൾ അദ്ദേഹം ജോലിക്ക് പോകും, മൂന്ന് മക്കളാണ് ഞങ്ങൾക്ക്. അവരുടെ കാര്യങ്ങൾ ഞങ്ങൾ രണ്ടു പേരും കൂടിയാണ് നോക്കുന്നത്. വീട്ടു ജോലികളും അങ്ങനെ തന്നെ"

വിദേശത്ത് ജോലി ചെയ്യുന്ന കുടുംബങ്ങളിലെ സ്ഥിരം കാഴ്ച ഇങ്ങനെയൊക്കെ തന്നെയാകും. അതുകൊണ്ട് ഇത് ഒരാളുടെ വാക്കുകളല്ല, പലരുടെയും ആയി വ്യാഖ്യാനിക്കാം. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവർ ഇത്തരമൊരു ഉൾക്കൊളളലിനു തയ്യാറാകുന്നുണ്ടോ?

ക്ളീഷേ ആണ് എന്നാലും പറയാതെയിരിക്കാനാവില്ല, സ്ത്രീകൾ ചെയ്യുന്ന ജോലികളൊന്നും ജോലികളെ അല്ലെന്നു കണ്ടു പിടിക്കുന്നവരുമുണ്ട്. ഓഫീസ് ജോലി കഴിഞ്ഞു വന്നു വീട്ടു ജോലികൾ ഒറ്റയ്ക്ക് ചെയ്യുന്ന എത്രയോ സുഹൃത്തുക്കളുണ്ട്. സ്വപ്നങ്ങളെപ്പോലും മറന്നു പോയവർ. ബൊമ്മിയെപ്പോലെ ചിന്തിക്കാൻ ധൈര്യമുള്ള പെൺകുട്ടികൾ കടന്നു വരുന്നു എന്നതാണ് സന്തോഷം.

തമിഴ് നാടും കേരളവും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്, മാട്രിയാർക്കിയൽ ദൈവങ്ങളെ എല്ലായ്പ്പോഴും ആരാധിച്ചിരുന്നവരാണ് തമിഴ് മക്കൾ. അതായത് അമ്മൻ ദൈവങ്ങളെ. തെന്നിന്ത്യയുടെ ഗോത്ര സംസ്കാരമെടുത്ത് നോക്കിയാലും അവിടെ അമ്മൻ ദൈവങ്ങൾക്ക് തന്നെയായിരുന്നു പ്രസക്തിയെന്നു കാണാം. വളരെ വലിയൊരു വിഷയമാണത്. പക്ഷെ ഗോത്ര സംസ്കാരം അപ്രത്യക്ഷമായതും കേരളത്തിൽ ആര്യന്മാരുടെ കടന്നു വരവും എല്ലാം ചേർന്ന് വരുത്തി വച്ചത് ഒരു പാട്രിയാർക്കിയൽ ഭരണ രീതിയാണ്. അരാഷ്ട്രീയതയെ ചോദ്യം ചെയ്യുന്ന സിനിമകളും പുസ്തകങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് കുറച്ചെങ്കിലും സ്ത്രീകളോടുള്ള മനോഭാവം മാറ്റുമോ എന്നുള്ള ചോദ്യമൊന്നും ചോദിക്കുന്നില്ല, പക്ഷെ മനുഷ്യർ മാറുന്നത് കൊണ്ട് തന്നെയാണ് കലയിലും സാഹിത്യത്തിലും ഇത്തരങ്ങൾ മാറ്റങ്ങളുണ്ടാകുന്നത് എന്ന് ഓർമ്മിപ്പിക്കുന്നു. അനീതിയും സമത്വമില്ലായ്മയും എന്നെങ്കിലുമൊരിക്കൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.