‘ഓ... പെൺകുട്ടിയാണോ? ഇനി ചിലവാണ്’ ഈ അഭിപ്രായ പ്രകടനത്തിനു പിന്നലെ പരിഹാസഭാവം പെണ്‍മക്കളുള്ള മിക്ക അച്ഛനമ്മമാരും കേട്ടുകാണും. എന്നാൽ, അങ്ങനെയങ്ങ് പരിഹസിക്കാൻ വരട്ടെ എന്നു പറയുകയാണ് പുതിയ പഠനം. പെണ്‍മക്കളുള്ള അച്ഛൻമാർക്കിതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്ക് ആയുർദൈർഘ്യം കൂടുമെെന്നാണ് പുതിയ പഠനം പറയുന്നത്. ജാഗിലേണിയൻ സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

അമ്മമാരുടെ ആരോഗ്യവും കുട്ടികളുടെ ജനനവും നിരവധി തവണ പഠനവിഷയമാക്കിയിട്ടുണ്ട്. എന്നാൽ അച്ഛന്മാരുടെ ആരോഗ്യവുമായി ഇതിനുള്ള ബന്ധത്തെ പറ്റി ആദ്യമായാണ് പഠനം നടക്കുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ അച്ഛന്മാരുടെ മനസ്സും ശരീരവും എങ്ങനെ മാറുന്നു എന്നത് സംബന്ധിച്ചായിരുന്നു പഠനം. 4310 പേരയാണ് ഇവർ പഠനവിധേയരാക്കിയത്. ഇതിൽ 2147 അമ്മമാരും 2162 അച്ഛന്മാരുമുണ്ടായിരുന്നു. ആൺമക്കളുടെ എണ്ണവും പിതാവിന്റെ ആരോഗ്യവുമായി യാതൊരു ബന്ധവുമില്ലെന്നും എന്നാൽ പെണ്‍മക്കളുണ്ടാകുന്നത് പിതാവിന്റെ ആയുർദൈർഘ്യം വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. പെൺമക്കളുടെ എണ്ണം അനുസരിച്ച് 74ആഴ്ച വരെ പിതാക്കൻമാരുടെ ആയുസ് വർധിക്കുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ. 

എന്നാൽ മകനായാലും മകളായാലും സ്ത്രീയുടെ ആയുർദൈർ‍ഘ്യത്തെ മോശമായാണ് ബാധിക്കുന്നതെന്നും പഠനം പറയുന്നു. അമ്മമാരുടെ ആരോഗ്യവും ആയുസും ഓരോ പ്രസവത്തിലൂടെയും കുറയുന്നു. തനിച്ചു ജീവിക്കുന്ന സ്ത്രീകൾക്കാണ് കൂടുതൽ ആയുസ്സെന്നും ഗവേഷകര്‍ കണ്ടെത്തി. ഇതിനൊപ്പം നടത്തിയ മറ്റൊരു പഠനത്തിൽ കുട്ടികളില്ലാത്ത ദമ്പതികളെക്കാൾ ആയുസ് കുട്ടികളുള്ള ദമ്പതികൾക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary: Study About Father And Daughter