എന്തുകൊണ്ടാവും നല്ല ഭംഗിയും നീളവുമുള്ള മുടികൾ സ്ത്രീകൾ പൂർണമായും കളഞ്ഞു തല മുണ്ഡനം ചെയ്യുന്നത്? ഗ്രീക്ക് ദേവതയായ മെഡൂസയെക്കുറിച്ച് ഒരു കഥയുണ്ട്. മുടിയുടെ ഓരോ ഇഴയെപ്പോലും നിയന്ത്രിച്ച് നിർത്തി അതിൽ അതിശയങ്ങൾ കാണിക്കാനുള്ള കഴിവുണ്ടായിരുന്നു അവർക്ക്. ഒരു സർപ്പം ചുറ്റുന്നത് പോലെ മനുഷ്യരെ ആ മുടിയിഴകൾ ചുറ്റി വരിയും. പക്ഷെ ഒടുവിൽ മാക്സിമസ് എന്ന രാജാവ് മെഡൂസയുടെ മുടി മുണ്ഡനം ചെയ്‌തെന്നും കഥയുണ്ട്. അവളുടെ ശക്തിയെ ചോദ്യം ചെയ്യുകയായിരുന്നു അത്. ഒന്നോർത്താൽ സ്ത്രീകളുടെ മുടി അഴകിനെയോ ആരോഗ്യത്തെയോ മാത്രമാണോ സൂചിപ്പിക്കുന്നത്? അവളുടെ വൈകാരികതകളെയും സൂചിപ്പിക്കുന്നില്ലേ? ഉള്ളിലുള്ള പ്രതിരോധങ്ങളെ ഒന്നാകെ മുടിയിലേയ്ക്ക് കൊണ്ട് വരുമ്പോൾ അത് വെട്ടിമാറ്റപ്പെടുക എന്നത് വലിയൊരു പ്രതിഷേധമാണ്.

ഈയടുത്ത് പ്രതിഷേധത്തിന്റെ ഭാഗമായി രണ്ടു സ്ത്രീകളാണ് അവരുടെ തല മുണ്ഡനം ചെയ്തത്. സ്വന്തം മക്കളുടെ മരണത്തിൽ പ്രതിഷേധിച്ച് അവർക്ക് ഇതുവരെ ലഭിക്കാതെ പോയ നീതിയുടെ പേരിൽ വളയാറിലെ അമ്മയും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച സ്വന്തം പാർട്ടിക്കെതിരെ ശ്രീമതി ലതിക സുഭാഷും. ഇതിനു മുൻപെങ്ങോ അസമിൽ മൂന്ന് സ്ത്രീകൾ തങ്ങളുടെ തല മുണ്ഡനം ചെയ്ത് സർക്കാരിനെതിരെ സമരം ചെയ്തത് ഓർമ്മ വന്നു.

"മുടി നീളം വയ്ക്കാൻ തലയിൽ എന്നും എണ്ണ വയ്ക്കണം. വൃത്തിയാക്കി പെനോക്കെ കളഞ്ഞു, സൂക്ഷിക്കണം, താളി തേയ്ക്കണം", എത്രയെത്ര കേട്ടറിവുകളിലൂടെയും അതിന്റെ പ്രകടിപ്പിക്കലിലൂടെയുമാണ് പെണ്കുട്ടികളുടെയൊക്കെ ബാല്യം കടന്നു പോകുന്നത്! നീണ്ടു വളർന്ന മുടിയെന്നാൽ അഭിമാനത്തിന്റെയും സ്ത്രീത്വത്തിന്റെയും ഭാഗമായി മാറ്റുന്നതിൽ സാഹിത്യവും സിനിമയുമൊക്കെ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. പക്ഷെ പിന്നീട് പെൺകുട്ടികൾ അവരുടെ ഇഷ്ടത്തിന് മുടി വെട്ടിയൊതുക്കാൻ തുടങ്ങി.

"നല്ല മുടിയുണ്ടായിരുന്നതാ, അത് മുഴുവൻ കളഞ്ഞു, സ്റ്റൈൽ ആണത്രേ സ്റ്റൈൽ"പല പെൺകുട്ടികളുടെ തോളൊപ്പം മുറിച്ച മുടികൾ കണ്ടു വീട്ടിലെയും നാട്ടിലെയും കാരണവത്തിമാർ അഭിപ്രായം പറഞ്ഞു. പക്ഷേ അപ്പോഴും മുടി പൂർണമായി കളയുക എന്നതൊരു വിഷയമേ അല്ല.

"ഇന്നലെ എന്റെ ഡിവോഴ്സ് കഴിഞ്ഞു, ഇനിയെനിക്ക് മുടിയൊന്ന് മൊട്ടയടിക്കണം. വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നുന്നു. അത് പൂർണമാകണമെങ്കിൽ എല്ലാത്തിൽ നിന്നും പുറത്തെത്തണം". അപകടകരമായ ഒരു ബന്ധത്തിൽ നിന്നും പുറത്ത് കടന്നു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഒരുവളുടെ തീരുമാനമാണ്. പാരമ്പര്യമനുസരിച്ച് നെറ്റി വളർത്തിയ മെടഞ്ഞിട്ട, എണ്ണ തേയ്ക്കുന്ന, ഭർത്താവിന് ഒരു കാലത്ത് ഒരുപാടു പ്രിയങ്കരമായിരുന്ന മുടിയാണ് അവൾ വെട്ടാൻ തീരുമാനിച്ചത്. ശരീരത്തിലും മനസ്സിലുമുള്ള മുറിവുകൾ തലമുടി വെട്ടിയതുകൊണ്ട് ഇല്ലാതാകാൻ പോകുന്നില്ല, പക്ഷേ, ഇത്രയും നാൾ അനുഭവിച്ച അപകടകരമായ ഒരു ബന്ധത്തിൽ നിന്നുള്ള പൂർണമായ മോചനമായിരുന്നു അവൾക്ക് മുടി കുറിച്ചുകൊണ്ടുള്ള ആ പ്രതിഷേധം.

കാൻസർ പോലെയുള്ള അസുഖങ്ങൾ മുടി നഷ്ടപ്പെടുത്താറുണ്ട്, അവരുടെ മനസ്സിന് കൂട്ടിരിക്കാൻ സ്വയം മുണ്ഡനം ചെയ്ത എത്രയോ പേരെ ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. അവിടെ മുണ്ഡനം ചെയ്യുക എന്നത് ഒരു ചേർത്ത് പിടിക്കലാണ്. സ്നേഹിച്ച, വിശ്വസിച്ച, ഒരാൾ മരണത്തിന് മുഖാമുഖം കണ്ടു വന്നു നിൽക്കുമ്പോൾ മുടി നഷ്ടപ്പെടുക എന്നത് ഒന്നുമല്ല, പക്ഷേ, അവർക്ക് ഒരു കരുതൽ പോലെ ആ മുഖത്ത് വിടരുന്ന ഒരു ചിരി കാണാൻ, മറ്റൊരാൾ അവരെ പരിഹസിക്കാതെയിരിക്കാൻ അവർക്കൊപ്പം മുടി മുറിക്കുന്നവർ, അതും ഒരു പ്രതിഷേധമാണ്, പരിഹസിക്കാൻ സാധ്യതയുള്ള ഒരുപാട് വാക്കുകൾക്കും മനുഷ്യർക്കും നേരെ മറ്റൊരാൾക്കൊപ്പം ചേർന്നു കൊണ്ട് അവരെ ചേർത്ത് പിടിച്ചു കൊണ്ട് നടത്തുന്ന ഒരു പ്രതിഷേധം. അതെ കാരണം കൊണ്ട് തന്നെയാണ് വളയാറിലെ പെൺകുഞ്ഞുങ്ങളുടെ 'അമ്മ തല മുണ്ഡനം ചെയ്തപ്പോൾ അവർക്കൊപ്പം മറ്റു പല സ്ത്രീകളും മുടി വടിച്ചത്. തങ്ങളും അവർക്കൊപ്പമുണ്ട് എന്നൊരു അവകാശപ്പെടലാണ് അത്.

എപ്പോഴാണ് സ്ത്രീകൾക്ക് അർഹതപ്പെട്ട സ്ഥാനം ലഭിച്ചിട്ടുള്ളത്? ഒരുപാട് വാഴ്ത്തുമ്പോഴും സ്വന്തമായി ഒരു മുഖ്യമന്ത്രി പോലുമില്ലാതെ പോയ കേരളത്തിൽ സ്ത്രീകളുടെ സ്ഥാനമെവിടെയാണ്. അതെ നിന്ദ തന്നെയാണ് ഒരുപക്ഷേ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിനും കിട്ടുന്നത്. ഇവിടെയൊന്നും പ്രത്യേകിച്ചോരു പാർട്ടിയല്ല, പകരം ആൺമേധാവിത്തം വഹിക്കുന്ന ഒരു കൂടു മനുഷ്യരാണ് വേട്ടക്കാർ. ആണുങ്ങളുടെ ഭരണവും അധികാരം പങ്കു വയ്ക്കലും കഴിഞ്ഞു മാത്രം മതി സ്ത്രീകളുടെ സ്ഥാനമെന്ന് വീണ്ടും വീണ്ടും പറയാതെ പറയുന്നവർ. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപക്ഷേ ഓരോ പാർട്ടിയുടെയും സ്ത്രീ സ്ഥാനാർത്ഥിത്വം നോക്കിയാൽ എത്ര സ്ത്രീകളുണ്ട് ഓരോ പാർട്ടിയിലും സ്ഥാനാർഥികളായി? അതിൽത്തന്നെ ചെറുപ്പക്കാർ എത്ര പേരുണ്ട്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിന്റെ പ്രതിഷേധമാണ് ലതിക സുഭാഷിന്റെ വേരറ്റ മുടിയിഴകൾ. പാർട്ടിയിലും രാഷ്ട്രീയത്തിലും സാംസ്കാരിക ജീവിതത്തിലും വളരെയധികം ഊർജ്ജത്തോടെ ഇറങ്ങി നടക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് അർഹതപ്പെട്ട സീറ്റ് ചോദിച്ചത് ഒരു കുഴപ്പമല്ല, പക്ഷേ അവിടെയും പുരുഷൻ എന്ന അവകാശത്തിന്റെ നില ഉയർന്നിരിക്കുന്നു. അവിടെയും അവർ ഉയർത്തിപ്പിടിച്ച ഒരു സാംസ്കാരിക നീതിയുണ്ട്, പുറത്തിറങ്ങി സ്വതന്ത്രയായി മത്സരിക്കാൻ കാണിച്ച ചങ്കൂറ്റം, മറ്റൊരു പാർട്ടിയിലേയ്ക്കും കൂടെറാതെ ഒറ്റയ്ക്ക് നിൽക്കാൻ തോന്നിയ ധീരത. അത്ര ധാർമിക നീതി കേരളത്തിൽ തന്നെ എത്ര പുരുഷന്മാർ കാണിച്ചിട്ടുണ്ട് എന്ന് രസകരമായി ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് ആലോചിക്കാവുന്നതാണ്. സത്യത്തിൽ അവരുടെയൊക്കെ മുഖത്തേക്കല്ലേ അവർ ആ മുടിയിഴകളോരോന്നും പറിച്ചെറിഞ്ഞു കളഞ്ഞത്. പണ്ട് മുല മുറിച്ച് പ്രതിഷേധിച്ച നങ്ങേലിയെപ്പോലെ.

തങ്ങളുടെ അവകാശങ്ങളെയും അധികാരത്തെയും കുറിച്ച് ബോധവതികളായ സ്ത്രീകളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പ്രതിഷേധ മാർഗ്ഗമാണ് മുണ്ഡനം ചെയ്യൽ എന്ന് പറയാം. മനോഹരമായി പരിപാലിച്ചിരുന്ന, സ്ത്രീത്വം എന്നതിനെ തിളക്കമാർന്നതാക്കുന്നതിൽ ഒന്നായ മുടി, മുറിച്ചു കളയുമ്പോൾ അവൾ പറയാനാഗ്രഹിക്കുന്നത് താനൊരു സ്ത്രീ മാത്രമല്ല ഒരു സാധാരണ മനുഷ്യൻ കൂടിയാണെന്നും അത് മറ്റുള്ളവർ തിരിച്ചറിയണമെന്നുമാണ്. എല്ലാവരും അർഹിക്കുന്ന നീതി തനിക്കും കൂടിയുള്ളതാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. തല മുണ്ഡനം ചെയ്യുക എന്നത് താൻ നേരിടുന്ന പല അനീതികൾക്കും നേരെയുള്ള ഒരു സ്ത്രീയുടെ ഏറ്റവും വലിയ പ്രതിഷേധമാണ്. അത് വിജയം കാണട്ടെ!

English Summary: Shaved Heads Are Not  Joke