സോഷ്യൽ മീഡിയയിൽ ടൈം ലൈനിൽ മുഴുവൻ മഞ്ജു വാരിയർ മാത്രമാണ്. വെളുത്ത ഷർട്ടും കറുത്ത പാവാടയുമണിഞ്ഞ്, വെളുത്ത ഷൂസും കറുത്ത വാച്ചും ധരിച്ച്, മെറൂൺ നിറമുള്ള മുടി തെല്ലു മുൻപിലേക്ക് വെട്ടിയിട്ട്, ഏറ്റവും മനോഹരമായ ഒരു ചിരി ചിരിച്ച് അവരങ്ങനെ കയ്യുയർത്തി അഭിവാദ്യം ചെയ്തു നടന്നു വരുന്ന രൂപം. ഒരു സ്ത്രീയ്ക്ക് ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുമോ? പലപ്പോഴും സ്ത്രീകളെ കാണുമ്പോൾ അവരുടെ മുഖങ്ങളിലൊക്കയുള്ള വിഷാദത്തിന്റെ ആ വെളുത്ത, നരച്ച ഛായ എങ്ങനെയാവും അല്ലെങ്കിൽ എന്നാവും മഞ്ജുവിൽ നിന്നുമൊഴിഞ്ഞു പോയിട്ടുണ്ടാവുക?

"മെലിഞ്ഞു ഉണങ്ങി ഇരിക്കുന്ന ഞാൻ, അത്യാവശ്യം വീട്ടുപണികൾ എടുക്കുന്ന ഞാൻ വ്യായാമം ചെയ്താൽ മുരിങ്ങക്കായക്ക് വരെ നാണക്കേട്‌ ആകും. ഇത്രേം ഉണങ്ങിയിട്ടും എന്നെ കണ്ടാൽ ശരിക്കുമുള്ള 40 തോന്നും"– മഞ്ജുവിന്റെ ചിരിയ്ക്കു മുന്നിൽ ഉരുകിയൊലിച്ച് നിൽക്കുന്ന ഒരു സാധാരണക്കാരി വീട്ടമ്മയുടെ കമന്റ് മാത്രമാണെന്ന് വിചാരിച്ച് ഒഴുക്കിക്കളയാൻ തോന്നിയില്ല ഈ വാചകങ്ങൾ. വിഷാദത്തിന്റെ നരച്ച വെളിച്ചം വീണ ആ വാചകങ്ങൾക്ക് പതിനായിരക്കണക്കിന് സ്ത്രീകളുടെ വാക്കുകളുടെ ശക്തിയുണ്ട്. എന്നിട്ടും എല്ലാവര്‍ക്കും മഞ്ജുവിന്റെ ചിരിയും യൗവനവും ആവേശമായി.

മുറിവേറ്റവളുടെ മടങ്ങി വരവായിരുന്നു മഞ്ജു. സ്ത്രീകളുടെ സ്വപ്നങ്ങളിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പറഞ്ഞു കൊണ്ട് വർഷങ്ങൾക്കിപ്പുറം ഒരു സിനിമയിലേയ്ക്ക് എത്തുമ്പോൾ അവരുടെ മുഖത്ത് ആ വിഷാദത്തിന്റെ നര വ്യക്തമായുണ്ടായിരുന്നു. പലപ്പോഴും കാഴ്ചക്കാർ പറഞ്ഞു, ഇല്ല പോയിട്ട് വന്നവരാരും അധിക കാലം പിടിച്ചു നിന്നിട്ടില്ല, പ്രത്യേകിച്ച് ഒരുപാട് കാലങ്ങൾക്ക് ശേഷം മഞ്ജുവിന്റെ മുഖമോ അഭിനയമോ ഒന്നും പഴയതുപോലെ ആയിട്ടില്ല എന്ന് എല്ലാവരും പരിഹസിച്ചു. പെട്ടെന്നു താനെയവർ മടങ്ങിപ്പോകുമെന്നു കരുതി... എന്നാൽ 2014 ൽ നിന്നും വണ്ടി കയറി 2021 ൽ എത്തി നിൽക്കുമ്പോൾ മഞ്ജുവിന്റേത് കാലങ്ങൾക്ക് പിന്നിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ്. കുട്ടിത്തത്തിലേക്കുള്ള പിന്തിരിഞ്ഞു നടത്തം.

എന്തായിരിക്കാം ആ ചിരിയുടെ പിന്നിലെ രഹസ്യം?യോഗ? മെഡിറ്റേഷൻ? നൃത്തം?ഇതൊന്നുമായിരിക്കില്ല, അവനവനോടുള്ള സ്നേഹമായിരിക്കണം.എന്തുകൊണ്ടാവും അവരുടെയത്ര തന്നെ പ്രായമില്ലാത്ത മറ്റൊരു വീട്ടമ്മയായ സ്ത്രീയ്ക്ക് താൻ  മെലിഞ്ഞിരുന്നിട്ടും ആ ഭംഗിയുണ്ടെന്നു സ്വയം തോന്നാതിരുന്നത്?ചിരിക്കാൻ അറിയില്ലാത്തതുകൊണ്ടാവില്ലേ? ഭർത്താവ് ഉപേക്ഷിച്ചതുകൊണ്ട്, മറ്റുള്ളവർ എന്തെങ്കിലും പറയും എന്നോർക്കുന്നത് കൊണ്ട്, മകൾ കൂടെയില്ലാത്തതുകൊണ്ട് ഒക്കെ ദുഖിക്കാൻ അവസരങ്ങളുണ്ടായിരുന്നു, ആ കാലത്തിനിപ്പുറം നിന്ന് അതൊക്കെ ഉള്ളിലുണ്ടെങ്കിലും ഇതൊന്നുമില്ലാതെയും ജീവിക്കണം എന്ന ബോധത്തിൽ നിന്നാവണം അവർ സ്വയം സ്നേഹിക്കാൻ പഠിച്ചു തുടങ്ങിയിട്ടുണ്ടാവുക.  

ഭർത്താവുണ്ടായിട്ടും, മക്കൾ ഉണ്ടായിട്ടും അപ്പോൾ നമുക്ക് ചിരിക്കാൻ പറ്റില്ലേ? സ്വയം പ്രണയിക്കാനും ജീവിതത്തെ കണ്ടെത്താനും പറ്റില്ലേ? ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകൾക്ക് മാത്രമേ ഇത്ര ഊർജത്തോടെ ചിരിക്കാനാകൂ...! – പലതരം അഭിപ്രായങ്ങളിൽ മഞ്ജു വാരിയർ വീണ്ടും ചിരിച്ചു കാണിക്കുന്നു. പൊതുവെ സ്ത്രീകൾക്ക് ഒരു വിചാരമുണ്ട്, എല്ലാം അവരുടെ കൈകളിലൂടെ ഓടിയാലേ  ശരിയാവൂ എന്ന്. മറ്റൊരാൾ അടുക്കള ഉപയോഗിച്ചാൽ അതിന്റെ ഭാരം കൂടി താങ്ങണമല്ലോ എന്ന്. എന്തൊരു തെറ്റായ തോന്നലാണത്! പരമ്പരാഗതമായി കൊണ്ടു നടക്കുന്ന ആ അവകാശബോധം അങ്ങെടുത്ത് കളഞ്ഞാൽ ഈ മെലിഞ്ഞുണങ്ങിയ മുരിങ്ങാക്കോൽ എന്ന സ്വയം ബോധം മാറിക്കിട്ടില്ലെ? ഒരിക്കലും ഒറ്റയ്ക്കായി നടന്നതുകൊണ്ട് മാത്രമല്ല, സിനിമ എന്ന മാധ്യമം കൊണ്ട് പതിനായിരങ്ങൾ തന്നെ ചേർത്ത് പിടിക്കുന്നുണ്ട് എന്ന തിരിച്ചറിവുമല്ല, അതിനുമപ്പുറം സ്വയം കണ്ടെത്താനും സ്നേഹിക്കാനുമുള്ള സമയം അവർ കണ്ടെത്തി എന്നയിടത്താണ് ആ ചിരി ഏറ്റവും മനോഹരമായി മാറുന്നത്.

എത്ര സ്ത്രീകളാണ് മഞ്ജുവിന്റെ ഫോട്ടോ കടമെടുത്ത് ഒരായിരം സ്നേഹം വാരി വിതറിയത്! അവരെപ്പോലെയാകാൻ മനസ്സുകൊണ്ടെങ്കിലും തോന്നി ആ ചിരിയിൽ നോക്കി ചുണ്ടിലൊരു ചിരി വിടർത്തിയത്! നാല്‍പതുകളിൽ ഉള്ളൊരു സ്ത്രീയ്ക്ക് ഇങ്ങനെയും നടക്കാൻ ആകുമല്ലോ എന്ന അദ്‌ഭുതത്തിൽ ഞാനും ഇനി മുതൽ മിഡിയും ടോപ്പും ഇട്ടു നോക്കട്ടെ എന്ന് പറഞ്ഞത്, അല്ലെങ്കിൽ ഞാനും വ്യായാമം ചെയ്തു തുടങ്ങട്ടെ എന്ന് പറഞ്ഞത്. പ്രായം വെറും നമ്പറുകൾ മാത്രമാണെന്ന് മഞ്ജു തന്നെ ആദ്യ സിനിമയിൽ അവരോടു പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും നമ്മൾ ശ്രദ്ധിക്കാതെയിരുന്നത് ആ വിളർച്ച ബാധിച്ച അന്നത്തെ അവരുടെ മുഖത്തിൽ നിന്നുമുള്ള മാറ്റമാണ്.

ഭക്ഷണശീലവും വ്യായാമവും ജോലിയോടുള്ള പ്രണയവും എല്ലാം ആ ചിരിയിലേക്കെത്താൻ മഞ്ജുവിനെ സഹായിച്ചിട്ടുണ്ടാവാം, പക്ഷെ കാണുന്ന എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന ഒരു ചിരിയായിരുന്നില്ലേ അത്? അത്തരമൊരു മനോഭാവമുള്ള വ്യക്തിയെ അല്ലെങ്കിലും ആർക്ക് തോൽപ്പിക്കാൻ സാധിക്കുമെന്നാണ്! ഒരു കഥാപാത്രം മികച്ചു നിന്നാൽ, ഒരു വ്യക്തി സ്നേഹാശംസ അറിയിച്ചാൽ ഒക്കെ അവർ സന്തോഷിക്കുന്നു, ഒപ്പം നിൽക്കുന്ന വ്യക്തിയിലേക്ക് വരെ ഊർജ്ജം പ്രസരിക്കപ്പെടുന്ന ചിരി ചിരിക്കുന്നു, ഏറ്റവും സ്നേഹത്തോടെ പെരുമാറുന്നു, ആരെയും കുറ്റപ്പെടുത്താതെ അവനവന്റെ ജീവിതം ജീവിച്ചു തീർക്കുന്നു. പരസ്പരം വേര്‍പിരിഞ്ഞിട്ടും എത്രയധികം കഥകൾ അവർക്ക് പിന്നിലും മുന്നിലും ഇറങ്ങിയിട്ടും കുറ്റങ്ങളെയൊക്കെ വെറുതെ വിട്ടു സ്വന്തം ജീവിതത്തോടുള്ള അദമ്യമായ പ്രണയത്തോടെ അവർ സ്വയം സ്നേഹിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിൽ അവർക്ക് ഇടപെടാൻ താല്പര്യങ്ങളില്ല.

ഇനി പറയൂ മഞ്ജു വാരിയരുടെ ആ ചിരിക്കും ലുക്കിനും വേറെ കാരണങ്ങൾ വേണോ?പ്രിയപ്പെട്ട സ്ത്രീകളെ നിങ്ങളോടുമാണ്, മുറിവേറ്റവളിൽ നിന്നല്ല പാഠങ്ങൾ പഠിക്കേണ്ടത്, സ്വയം കണ്ടെത്തി സ്നേഹിച്ച്, ചിരിക്കാൻ പഠിച്ചവളിൽ നിന്നാണ്. അവരെ അടയാളപ്പെടുത്തേണ്ടതും അങ്ങനെയാണ്. ഭർത്താവ് നഷ്ടപ്പെട്ടവളെന്നോ, മുറിവേറ്റവളെന്നോ, നാല്‍പതുകാരിയെന്നോ അല്ല, മറിച്ച്, മനുഷ്യരെ സ്നേഹിക്കാൻ അറിയുന്നവളെന്നും അവനവന്റെ ജീവിതം ഏറ്റവും നന്നായി ജീവിക്കാൻ അറിയുന്നവളെന്നുമാണ്. പിന്നെ, ഏറ്റവും മനോഹരമായി ചിരിക്കാൻ അറിയുന്ന സ്ത്രീയെന്നും.