നൃത്തത്തിൽ എന്റെ ഗുരുവായ  ആശ ടീച്ചർ (ആശ മുരളീധരൻ) കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ നേർശിഷ്യയായിരുന്നു. മുരിയമംഗലത്തുള്ള ആശടീച്ചറുടെ ഡാൻസ് ക്ലാസുകൾ വെറും ഡാൻസ് ക്ലാസുകൾ മാത്രമായിരുന്നില്ല. പഠിപ്പിക്കുന്നതിനിയിൽ ടീച്ചർ ധാരാളം സംസാരിക്കും, ഗുരുനാഥന്മാരെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കും. ക്ലാസ് തുടങ്ങുന്നതിൽ കണിശത ഉണ്ടായിരുന്നുവെങ്കിലും ക്ലോക്ക് നോക്കി ഒരിക്കലും ടീച്ചർ പഠിപ്പിച്ചിട്ടില്ല. അപ്പോഴെല്ലാം ടീച്ചർ കല്യാണിക്കുട്ടിയമ്മ ടീച്ചറെ ഓർക്കും.

ആശ ടീച്ചർക്കൊപ്പം (ആശ മുരളീധരൻ) ലക്ഷ്മി ബായി തമ്പുരാട്ടി

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ ശിഷ്യരുൾപ്പെടെ എല്ലാവരും അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. ആശ ടീച്ചർ അമ്മയുടെ ശിഷ്യയായിരുന്നപ്പോൾ അമ്മയ്ക്ക് ഏകദേശം എഴുപതിനോടടുത്ത് പ്രായമുണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽ മാധവിമന്ദിരം എന്നുപേരുള്ള സാമാന്യം വലുപ്പമുള്ള ഒരു ഇരുനിലവീട്ടിലായിരുന്നു അമ്മ താമസിച്ചിരുന്നത്. വാരാന്ത്യങ്ങളിലെ നൃത്തക്ലാസിലാണ് ആശ ടീച്ചർ ചേർന്നത്. എല്ലാ ക്ലാസുകളും അമ്മ നേരിട്ട് പഠിപ്പിക്കും. അന്നത്തെ ക്ലാസുകളൊന്ന് ഓർത്തുപറയാമോ എന്നു ഞാൻ ടീച്ചറോടു ചോദിച്ചു. ടീച്ചർ ഒരു നിമിഷം കണ്ണടച്ചു, അമ്മയെ മനസ്സിൽ കണ്ടിട്ടാകണം, എന്നോടു പറഞ്ഞു, ഒരു നേര്യതുടുത്ത് കഴുത്തിൽ രുദ്രാക്ഷമണിഞ്ഞ ഒരു തപസ്വിനിയെപ്പോലെ അമ്മ പീഠത്തിലിരിക്കും. മുന്നിൽ ഏതാനും വിദ്യാർത്ഥിനികൾ. ഇന്നത്തെപ്പോലെ നൂറുകണക്കിന് വിദ്യാർത്ഥികളൊന്നുമില്ല. വളരെക്കുറച്ചുപേർ മാത്രം. വാരാന്ത്യക്ലാസുകളാണെങ്കിലും നൃത്തശിക്ഷണം ഗുരുകുലസമ്പ്രദായത്തിലായിരുന്നു. ഒരിക്കലും ഫീസ് ചോദിച്ചുവാങ്ങുന്ന ശീലം അമ്മയ്ക്കില്ലായിരുന്നു. ആശ ടീച്ചറും ഒരിക്കലും ഫീസിനുവേണ്ടി നിർബന്ധം വച്ചിട്ടില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോൾ ആശടീച്ചർ പറയും, ഞാൻ ഫീസ് ചോദിച്ചുവാങ്ങാൻ പഠിച്ചിട്ടില്ല കുട്ടികളേ. കല ദൈവീകമാണെന്നാണ് എന്നെ എന്റെ ഗുരുനാഥന്മാർ പഠിപ്പിച്ചിട്ടുളളത്. അവർ എനിക്കു തന്നത് ഞാൻ നിങ്ങൾക്കു നൽകുന്നു. നല്ലൊരു നർത്തകിയായതിന്റെ മുഴുവൻ ക്രെഡിറ്റും ആശ ടീച്ചർ ഗുരുനാഥന്മാർക്കു നൽകും. ആശടീച്ചറുടെ ഈ ഗുണങ്ങൾ അമ്മയിൽനിന്നും പകർന്നുകിട്ടിയതായിരുന്നു. മോഹിനിയാട്ടത്തെ പരിഷ്കരിക്കുന്നതിനുവേണ്ടി അമ്മ വളരെ ത്യാഗങ്ങൾ സഹിച്ചിരുന്നു. മോഹിനിയാട്ടത്തിന്റെ ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനും മനസ്സിലാക്കിയ വസ്തുതകൾ ശിഷ്യന്മാർക്ക് പറഞ്ഞുകൊുക്കാനും അമ്മ എന്നും ഉത്സാഹം കാണിച്ചു. അതിനുവേണ്ടി ധാരാളം യാത്രകൾ ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളേയും കുടുംബത്തേയും പിരിഞ്ഞ് നാളുകൾ ദാസിത്തെരുവുകളിൽ വിജ്ഞാനദാഹവുമായി അവർ അലഞ്ഞു. ഗവേഷണത്തിനൊടുവിൽ മോഹിനിയാട്ടത്തിന്റെ ആഹാര്യത്തിൽ പല മാറ്റങ്ങളും അമ്മ കൊണ്ടുവന്നു. മോഹിനിയാട്ടത്തിൽ ഇന്നു കാണുന്ന പോലെ ഇടതുവശത്ത് ചെവിയ്ക്കു മുകളിൽ മുടി കെട്ടുന്ന രീതിക്കു പകരം മുടി പിന്നിലേക്ക് മെടഞ്ഞിട്ട് പൂവ് വയക്കുന്നതാണ് ശാസ്ത്രീയമായ രീതീ എന്ന് അമ്മയുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയതായിരുന്നു. പക്ഷേ പിൽക്കാലത്ത് മോഹിനിയാട്ടത്തിൽ ഉണ്ടായേക്കാവുന്ന വിഭാഗീയതകളെ ദീർഘദർശനം ചെയ്തിട്ടാകാം തന്റെ കാലം കഴിഞ്ഞാലും പഠിപ്പിച്ചതെല്ലാം അതേപോലെ തുടരണമെന്ന് അമ്മ സ്വന്തം ശിഷ്യമാരെക്കൊണ്ട് സത്യം ചെയ്യിച്ചുവാങ്ങിയിരുന്നു.

അമ്മയുടെ നൃത്തവിദ്യാലയത്തിൽ ആഴ്ചയിലൊരിക്കൽ അഭിനയക്ലാസുണ്ട്. അമ്മയുടെ ക്ലാസിന്റെ ഏറ്റവും വലിയ പ്രത്യേകത അഭിനയത്തിലെ സ്വാതന്ത്ര്യമാണ്. കാണിച്ചുതരുന്നതുപോലെ തന്നെ അനുകരിക്കരുത് എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്. സ്വതന്ത്രമായി ചിന്തിച്ച് അഭിനയത്തിൽ സ്വന്തം ശൈലി നിർമിക്കാൻ അമ്മ ഉപദേശിക്കും. ഈ സ്വാതന്ത്ര്യം അന്നും ഇന്നും പല അധ്യാപകരും സമ്മതിച്ചുതരുന്നതല്ല. അതുകൊണ്ട് അമ്മയുടെ ശിഷ്യരെല്ലാം ഒരേ അച്ചിൽവാർത്തതുപോലെയാകാതെ നൃത്തത്തിലും അഭിനയത്തിലും അവരുടേതായ വ്യക്തിത്വം ഉണ്ടാക്കിയെുക്കുന്നതിൽ വിജയിച്ചു. ഏതാണ്ട് അവസാനകാലംവരെ അമ്മ വീട്ടിൽ ക്ലാസുകളെടുത്തിരുന്നു. തീരെ വയ്യാതായി തുടങ്ങിയപ്പോൾ ക്ലാസുകൾ മകൾ കലയെയും (ഗുരു കല വിജയൻ) ശ്രീദേവിയേയും (ഗുരു ശ്രീദേവി രാജൻ) ഏൽപ്പിച്ചു. ആശ ടീച്ചറിന്റെ തുടർപഠനം പിന്നീട് കല ടീച്ചറുടെ കീഴിലായി. കല ടീച്ചറും രൂപസൌകുമാര്യത്തിൽ അമ്മയെപ്പോലെ തന്നെയായിരുന്നു. കലടീച്ചറുടെ ക്ലാസുകൾ കുറേക്കൂടി സരസവും ലളിതവുമായിയിരുന്നു. അക്കാലത്ത് ഇന്നുളളതുപോലെ പകിട്ടുള്ള അരങ്ങേറ്റങ്ങളില്ല. വർഷാവർഷം അമ്മയുടെ ശിഷ്യന്മാരെല്ലാവരും അടുത്തുള്ള ക്ഷേത്രങ്ങളിൽ നൃത്തപരിപാടികൾ നടത്തും. അമ്മയുടെ നൃത്തവിദ്യാലയത്തിന്റെ വാർഷികവും ശിഷ്യർക്ക് നൃത്തം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു. അങ്ങനെയൊരു വേദിയിലാണ് ആശ ടീച്ചറുടെ അരങ്ങേറ്റം നടന്നത്. അമ്മയുടെ അവസാന നാളുകളെക്കുറിച്ച് ആശ ടീച്ചർ പറഞ്ഞിരുന്നത് ഞാനോർക്കുന്നു. മോഹിനിയാട്ടത്തിൽ താനായികൊണ്ടുവന്ന മാറ്റങ്ങൾ തന്റെ അവസാനത്തോടെ ഇല്ലാതെയായിപ്പോകുമോ എന്ന് അമ്മ ഒരുപക്ഷേ ആശങ്കപ്പെട്ടിരുന്നോ? ഒരിക്കൽ കേരളകലാമണ്ഢലത്തിൽ ആശ ടീച്ചറുടെ മോഹിനിയാട്ടക്കച്ചേരി കാണാൻ അമ്മയും വന്നിരുന്നു. പ്രോഗ്രാം കഴിഞ്ഞ ഉടൻ അമ്മ സ്റ്റേജിൽവന്നു ടീച്ചറെ ചേർത്തുനിർത്തി തലയിൽ കൈവച്ചനുഗ്രഹിച്ചു. എന്നിട്ട് പറഞ്ഞു, ഞാൻ പറഞ്ഞുതന്നതുപോലെ തന്നെ നീ എല്ലാം മുന്നോട്ട് കൊണ്ടുപോകണം.

ജീവിച്ചിരുന്നപ്പോഴോ മരണാനന്തരമോ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മക്ക് അർഹിച്ചിരുന്ന അംഗീകാരങ്ങൾ ലഭിച്ചുവോ എന്ന സംശയം അമ്മയുടെ ശിഷ്യന്മാർക്കുണ്ട്. പത്മ അവാർഡുകൾക്ക് ഒരിക്കൽപോലും ഈ പേര് പരിഗണിക്കപ്പെട്ടില്ല. മരിച്ചശേഷവും അമ്മയോട് ബഹുമാനം കാണിക്കാൻ കഴിഞ്ഞില്ല. മഴ കോരിച്ചൊരിയുന്ന ഒരു ദിവസമാണ് അമ്മയുടെ മരണം സംഭവിച്ചത്. ഔദ്യോഗികബഹുമതികളോടെ മൃതദേഹം സംസ്കരിക്കും എന്ന് അറിയിപ്പ് വന്നതിനെത്തുടർന്ന് അമ്മയുടെ ഭൗതികശരീരം ശ്മശാനത്തിൽ സൂക്ഷിച്ചു. വളരെ സമയം കഴിഞ്ഞിട്ടും അതിനുള്ള ഒരുക്കങ്ങൾ കാണാതെവന്നപ്പോൾ അമ്മയുടെ അടുത്ത ബന്ധുക്കൾ സംസ്കാരത്തിനു ഇനി വൈകേണ്ടതില്ല എന്നു തീരുമാനിച്ചു. ശരീരം പട്ടടയിലേക്ക് എടുത്ത്കഴിഞ്ഞ് അൽപ്പനേരം കഴിഞ്ഞപ്പോൾ ഔദ്യോഗികബഹുമതി നൽകാൻ സർക്കാർ പ്രതിനിധികൾ എത്തിച്ചേർന്നു. അതിൽ സാംസ്കാരിക കേരളം പൊറുത്തില്ലെങ്കിലും അമ്മയുടെ ആത്മാവ് എല്ലാവരോടും പൊറുത്തുകാണും. കാരണം ജീവിതം മുഴുവൻ ഒരു തപസ്വനിയെപ്പോലെ കഴിഞ്ഞ ആ മഹതി മോഹിനിയാട്ടത്തിനുവേണ്ടി സ്വയം സമർപ്പിച്ച് അതിൽ എന്നോ ആത്മവിലയം പ്രാപിച്ചുകാണും. അമ്മയുടെ ദേഹമേ എരിഞ്ഞിട്ടുള്ളൂ, ആ ആത്മാവ് ആശ ടീച്ചറെപ്പോലുള്ള ഏതാനും ശിഷ്യരിലൂടെ ഇന്നും പ്രകാശിക്കുന്നു.