ആരാധന അതുക്കും മേലെ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ഗോപാലൻ, പാപ്പാൻമാരായ ഉണ്ണിക്കുട്ടൻ, ഷിബു

നിറഞ്ഞു കത്തുന്ന ആട്ടവിളക്ക്. അതിനു മുമ്പിൽ നിന്ന് ശ്ര‌ീകണ്ഠപൊതുവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യ സംഘം തകർത്തു കൊട്ടുകയാണ്. വലിയ കസേരയിൽ കിടന്ന് പാതിയടഞ്ഞ കണ്ണുകളിൽ ഏകാഗ്രതയാവാഹിച്ച് മേളം ആസ്വദിക്കുകയാണ് നീലകണ്ഠൻ എന്ന സാക്ഷാൽ മംഗലശേരി നീലകണ്ഠൻ...

അവസാനിക്കാറാവുമ്പോഴുള്ള മുറുക്കത്തിലാണ് മേളം. താളവട്ടം പൂർത്തിയാവുന്നത് നീലകണ്ഠനറിയാം. ആവാഹിക്കും പോലെ, ഒരു കൈ മുദ്രയിൽ മേളം സ്വരൂപിച്ച് കണിശമായ മുഹൂർത്തത്തില്‍ വലംതുടയിൽ ഒരടി...നീലകണ്ഠൻ : " കേമം....ന്ന് വച്ചാൽ ബഹുകേമം..." രഞ്ജിത്തിന്റെ തിരക്കഥകൾ-ദേവസുരം

കേട്ടതു ശരി തന്നെ. പിരിച്ചു വയ്ക്കാൻ മീശയും മടക്കി കുത്താൻ മുണ്ടും ഇല്ല എന്നേയുള്ളൂ, തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ ആനകളിലെ മംഗലശേരി നീലകണ്ഠന്‍ തന്നെ. മട്ടന്നൂരിന്റേയും പെരുവനത്തിന്റേയുമൊക്കെ മേളത്തിനു താളക്കൈ പൊങ്ങുമ്പോൾ രാമചന്ദ്രൻ ചെവിയാട്ടി താളം പിടിക്കും. ചെണ്ടയുടെ വലംതലയ്ക്ക് കോലുവീഴുമ്പോ‌ൾ എല്ലാം മറന്നു തലയാട്ടും. മിഴികൾ പാതിയടച്ച് മറ്റൊരു ലോകത്തിൽ....

കേട്ട കഥകളിലെല്ലാം ദേവാസരുത്തിലെ മോഹൻലാലിനെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു രാമചന്ദ്രൻ. തലപ്പൊക്കത്തിലും സ്വഭാവത്തിലും എന്തിനു നടപ്പിൽ പോലും നീലകണ്ഠനെപോലെ അഹങ്കാരിയായി, വാശിക്കാരനായി, തറവാടിയായി....

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തൃശൂർ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് അമ്പലത്തിലേക്കു പോവുമ്പോൾ ആനപ്പൊക്കമുള്ള കഥകൾ ഒപ്പം പോന്നു. ഗജലക്ഷണശാസ്ത്രം അനുസരിച്ച് എല്ലാം തികഞ്ഞവൻ. കേരളത്തിലെ ഏറ്റവും ഉയരമുള്ളവൻ, പിന്നെ എവിടെ ചെന്നാലും മൊബൈല്‍ ക്യാമറയുമായി ആരാധകർ വട്ടമിട്ടു നില്ക്കുന്ന സൂപ്പർസ്റ്റാർ.

കുസൃതി നിറഞ്ഞ കഥകൾക്കും പഞ്ഞമില്ല. മദ്യപിച്ച പാപ്പാന്റെ മുണ്ടുരിഞ്ഞ് ഓടിയതു മുതൽ കെട്ടിടത്തിന്റെ ഓന്നാം നിലയിലേക്കു ഓടിക്കയറിയതു വരെ 'വിശേഷങ്ങൾ.' ചെവിയാട്ടി നില്ക്കുന്നു. പിന്നെ, ഒട്ടു മിക്ക ആനകൾക്കും ഉള്ളതു പോലെ ചോരമണമുള്ള കഥകൾ... രാമചന്ദ്രൻ നിമിത്തമായതുകൊണ്ട് ചോരവീണ ഉത്സവപ്പറമ്പുകൾ. ഭയന്ന് ഓടുമ്പോൾ....'' രാമാ....വേണ്ട നിൽക്ക്....'' എന്ന വിളികേട്ട് കുറ്റബോധത്തോടെ നിന്നുപോയത്...അങ്ങനെയങ്ങനെ ആത്മാവുള്ള എത്രയോ അനുഭവങ്ങള്‍.

തെച്ചിക്കോട്ടുകാവ് ദേവിയെ തൊഴുതു നില്‍ക്കുമ്പോഴേ കേട്ടു ചങ്ങല കിലുക്കം. വിളിക്കുന്നു, പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വത്തിന്റെ പ്രിയ രാമചന്ദ്രൻ.....

തലപ്പൊക്കം

കാറ്റുപിടിക്കാത്ത തേക്കുമരം പോലെ തലയുയർത്തി തന്നെയാണ് രാമചന്ദ്രൻ നില്‍ക്കുന്നത്. തിടമ്പേറ്റിയില്ലെങ്കിലും തലപൊക്കത്തിന് ഒരു കുറവുമില്ല. ഇന്ന് ആറാട്ടുപുഴ പൂരത്തിന്റെ തലേ ദിവസമുള്ള തറയ്ക്കൽ പൂരമാണ്. ഇടതും വലതുമായി എട്ടാനകൾ നിൽക്കുമ്പോഴും നടുക്ക് ആൽമരപൊക്കം മനസ്സിലാവാഹിച്ച് ആകാശത്തേക്കു തല ഉയര്‍ത്തിപിടിക്കേണ്ടതാണ്.

അതിനു മുന്നേ കുളിച്ച് സുന്ദരനാവണം. ഒന്നാം പാപ്പാൻ ഷിബുവും രണ്ടാം പാപ്പാന്‍ ഉണ്ണിക്കുട്ടനും ആനക്കുളിക്കുള്ള ഒരുക്കങ്ങളുമായി ഓടി നടക്കുന്നു. ഷിബു ഉറക്കെ അലറി. 'നികത്തിവയ്ക്കാനേ...' തുമ്പിക്കൈ നീട്ടിക്കൊടുക്കാനാ പറഞ്ഞത്. എൽകെജിക്കാരനെ കുളിപ്പിക്കുമ്പോൾ കേൾക്കുന്ന അതേ ശബ്ദം ആനക്കുളിയിലും കേട്ടു തുടങ്ങി ! കാലും പുറവും എല്ലാം ചകിരിയിട്ട് ഉരച്ചു കഴുകി. നഖം ചുരണ്ടി വൃത്തിയാക്കി.....ആനക്കുളി തീരാൻ അഞ്ചുമണിക്കൂറിലധികമാവും.

കുളികഴിഞ്ഞ് പനംപട്ട തുമ്പിക്കൈയിലെടുത്ത് ഒന്നു വീശി വായിലേക്കെടുത്തു വയ്ക്കുന്ന രാമചന്ദ്രനെ കണ്ടപ്പോൾ നാട്ടുകാരനായ ശങ്കരനാരായണൻ ഓർമകളുടെ ആനച്ചാലിലൂടെ ഒന്നു പിന്നോട്ടു പോയി. തെച്ചിക്കോട്ടുകാരുടെ മനസ്സിൽ ആനയോളം വലുപ്പമുള്ള ആ സ്വപ്നം വിരിഞ്ഞത് മുപ്പത്തൊന്നു വർഷം മുമ്പാണ്. സത്യത്തിൽ ഒരു 'ചായക്കട വാതുവെപ്പാണ് ' രാമചന്ദ്രന്റെ വരവിന് വഴിയൊരുക്കിയത്.

"അമ്പലപ്പിരിവു തരാത്ത ഒരാൾ അമ്പലത്തിന് ഒരാനയെ വാങ്ങിക്കൂടേ എന്ന് ചായക്കടയിൽ വച്ചു ചോദിച്ചു. സാധാരണ പിരിവു തരാത്ത ആൾ ആനയെ വാങ്ങിക്കാൻ പറഞ്ഞാൽ ദേഷ്യം പിടിക്കാണ്ടിരിക്ക്യോ? ' നീ പണം വയ്ക്കുകയാണെങ്കിൽ ആനയെ മേടിക്കാൻ പിരിവു തുടങ്ങാം' എന്ന ബെറ്റിലേക്ക് കാര്യങ്ങൾ എത്തി. കക്ഷി അമ്പലനടയ്ക്കൽ കൊണ്ടുപോയി അഞ്ഞൂറിന്റെ നോട്ടു വച്ചു. അതോടെ പിരിവു തുടങ്ങി. പണം പിരിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ ചെരുപ്പുകൾ തേഞ്ഞു. ഒടുവിൽ 'ബലൂണ്‍ വാങ്ങാനായി ' സൂക്ഷിച്ചു വച്ച അഞ്ചു പൈസ മുതൽ ലോൺ അടയ്ക്കാൻ വച്ചിരുന്ന അയ്യായിരം രൂപ വരെ ആന ഫണ്ടിലേക്ക് ഒഴുകി.

തൃശൂരിലെ വെങ്കിടാധരിയുടെ അടുത്ത് ഒരാനയുണ്ടെന്നു കേട്ട് ഞങ്ങൾ അങ്ങോട്ടു പോയി. അന്ന് ഇവന്റെ പേര് ഗണേശൻ എന്നാണ്. ആനയെ അന്വേഷിച്ചു പോവുന്ന വഴിയേ ഇവന്റെ കുരുത്തക്കേടുകളെക്കു‌റിച്ചാണ് കേട്ടത്.'' ആനച്ചൂരുള്ള ഓർമകൾ ശങ്കരനാരായണന്റെ മനസ്സിൽ ഉയർന്നു.

കഥകളിലെ ചട്ടമ്പി....

_പൊതുവാൾ: സത്യം പറഞ്ഞാല്‍ ഒട്ടും പ്രതീക്ഷിച്ചില്യാ, കേട്ടിട്ടേണ്ടായിരുന്നുള്ളൂ. ഇങ്ങനെ പരിചയപ്പെടാൻ കഴിഞ്ഞത്... നീലകണ്ഠന്‍ : കേട്ട കഥകളെല്ലാം വഷളായിരുന്നൂല്ലേ...പോക്കിരി..താന്തോന്നി...ധൂർത്തൻ..അങ്ങനെ വിശേഷങ്ങളേറെയുണ്ട്. കീഴടങ്ങീട്ട്ള്ളത് നല്ല കലാകാരന്മാരുടെ മുന്നിലേള്ളൂ...പിന്നെയിഷ്ടം നല്ല ചട്ടമ്പികളെയാ.... ഈ പറ‍ഞ്ഞ രണ്ടു വര്‍ഗങ്ങളുമായേ ചങ്ങാത്തമുള്ളൂ..._

താന്തോന്നിയായ ആന. അങ്ങനെയൊരു വിശേഷണവും കേട്ടാണ് തെച്ചിക്കോട്ടുകാർ തൃശൂർക്ക് വണ്ടി കയറിയത്. കുസൃതിയും കുറുമ്പും സഹിക്കാൻ വയ്യാഞ്ഞിട്ടാണത്രെ വെങ്കിടാധരി ആനയെ കൊടുത്തൊഴിവാക്കാം എന്നു വിചാരിച്ചത്. അതു കൊണ്ടാവും വെറും പതിനായിരം രൂപ അഡ്വാൻസായി വാങ്ങി ആനയെ കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞത്. ആറു മാസം കഴിഞ്ഞ് മുഴുവൻ പണവും കൊടുത്തതോടെ ആന ഗ്രാമത്തിനു സ്വന്തമായി. നാട്ടുകാരനായ ഭാസ്കരൻ ഓർമിക്കുന്നു.

''പേരാതൃക്കോവ് ശ്രീരാമക്ഷേത്രത്തിലാണ് ഇവനെ നടയ്ക്കൽ ഇരുത്താന്‍ കൊണ്ടുപോയത്. അവിടുത്തെ തിരുമേനിയോട് ആനയ്ക്ക് ഒരു പേരിടാന്‍ പറഞ്ഞു. ശ്രീരാമദേവനെ മനസ്സിൽ‌ തൊഴുത് 'ഇവിടുത്തെ പേരു തന്നെ' ആയിക്കോട്ടെ എന്നായി തിരുമേനി. അങ്ങനെ ഗണേശൻ. രാമചന്ദ്രനായി മാറി. അന്നിവൻ കുഞ്ഞനായിരുന്നു. കൊമ്പുകൾ ഈർക്കിലി പോലെ. ഊട്ടുപുരയുടെ ഓടിന്റെ അടിയിലൂടെയാണ് ആനയെകെട്ടാനുള്ള തറിയുടെ അടുത്തേക്ക് വന്നത്.

നാട്ടുകാരുടെ സ്നേഹം ഇവനെ വളർത്തി വലുതാക്കി. 314 സെ.മീ ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ ആനയാക്കി മാറ്റി. അതായത് പത്തടിയിലും മേലെ. പോളേട്ടന്റെ കടയിലെ ശർക്കരയും നായരുടെ ചായക്കടയിലെ ഇഡ്ഡലിയും നാട്ടുകാർ വാങ്ങിച്ചു കൊടുക്കും. അന്നും ഇന്നും ഇവനെ കാണാൻ നാടിന്റെ പല ഭാഗത്തു നിന്നും ആൾക്കാരെത്തും '' ആനയോളം വലുപ്പമുള്ള ആന സ്നേഹത്തെക്കുറിച്ച് ഭസ്കരേട്ടൻ.

കുളിച്ച് കുറിയും തൊട്ട് മിടുക്കനായി നിന്ന രാമചന്ദ്രന്റെ കഴുത്തിൽ 'ഏക ഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ' എന്നെഴുതിയ മാല അണിയിച്ചു. സ്കൂളിൽ പോവാനായി കഴുത്തിൽ ടാഗും അണിഞ്ഞു നിൽക്കുന്ന മിടുക്കനെ പോലെ ഒരു നിൽപ്. ശാന്തമായ ആ മനസ്സിൽ ഇഷ്ടമില്ലാത്തതായി എന്തെങ്കിലും ഉണ്ടായാൽ പക്ഷേ, മുഖം മാറും. രാമചന്ദ്രന്റെ മനസ്സിൽ അവൻ തന്നെ ചങ്ങലയ്ക്കിട്ട മറ്റൊരാനയുണ്ട്.

എങ്കിലും ഏതവസ്ഥയിലും രാമന്റെയടുത്ത് ഒരേ ഒരാൾക്ക് പോവാം. അതു ഗോപാലകൃഷ്ണനാണ്. ഏതു മദപ്പാടിലാണെങ്കിലും ഗോപാലേട്ടനെ രാമൻ തിരിച്ചറിയും. ഗോപാലൻ എത്ര 'മദ്യപ്പാടി 'ലാണെങ്കിലും രാമനേയും നന്നായിട്ടറിയാം. രണ്ടാൾക്കും ഒരേ വയസ്സ്. അമ്പതിനോട് അടുക്കുന്നു. എത്ര നാൾ കഴിഞ്ഞാലും ചങ്ങല കിലുക്കി രാമൻ ചോദിക്കും: '' ഡോ ഗോപാലാ, എവിടായിരുന്നെടോ.....''

രവീന്ദ്രൻ, വാസുദേവൻ കുറുമ്പൂർ, രാധാകൃഷ്ണൻ

_താന്‍ എവിടായിരുന്നെടോ....... നീലകണ്ഠൻ : വന്നൂല്ലേ....ഊരുതെണ്ടി. പുറത്തു നിന്നും ഉത്തരം : ഉവ്വു തമ്പുരാനെ... (നീലൻ എഴുന്നേറ്റു നടന്നു ചിരിയോടെ) നീലകണ്ഠൻ : എടോ പെരിങ്ങോടരേ.... താൻ എവിടായിരുന്നെടോ....._

അതാണ് രാമനും ഗോപാലനും തമ്മിലുള്ള ബന്ധം. നാട്ടുകാരിൽ നിന്നു കേട്ടകഥയാണ്, സത്യമാവാ‌നേ സാധ്യതയുള്ളൂ. കാരണം പപ്പാന്മാരല്ലാതെ‌ മറ്റാരെങ്കിലും തൊട്ടാൽ കുലുക്കിയെറിയുന്ന രാമച‍ന്ദ്രന്റെ വലതു കൊമ്പിലാണ് ഗോപാലൻ ഇപ്പോൾ തൊട്ടു നിൽക്കുന്നത്. ഒരിക്കൽ മദ്യപിച്ച് പൂമ്പാറ്റയായി വന്ന് കക്ഷി രാമന്റെ കാലിൽ ചാരി നിന്നു. കുറേ കഴിഞ്ഞപ്പോൾ 'ഇനി കൊറച്ചു നേരം മാറി ഇരിക്കടോ' എന്ന മട്ടിൽ തുമ്പിക്കൈയിൽ കോരിയെടുത്ത് മാറ്റി വച്ചു പോലും.

കഥകേട്ട് ചിരിയോടെ ഗോപാലകൃഷ്ണന്‍ : "ആന ഇവിടുന്നു പുറത്തേക്കിറങ്ങിയാൽ ഞാനും ഒപ്പമുണ്ടാവും. ആരും ഏൽപ്പിച്ച ജോലി ഒന്നുമല്ല. അങ്ങനെ പോവും. പിന്നെ പെണ്ണും പെരുച്ചാഴിയൊന്നും ഇല്ലാത്തതുകൊണ്ട് ‌ഇങ്ങനെ നടക്കാം. രാത്രിയിൽ ഇവൻ ഉറങ്ങിക്കഴിഞ്ഞാലും ഞാൻ വന്നു നോക്കും ഉണർത്താതെ വന്ന് പട്ട ഇട്ടുകൊടുക്കും.....

ഒരിക്കൽ ഇ‌വന്റെ തുമ്പിക്കൈയിൽ ഒരു വ്രണം വന്നു. മദപ്പാടുള്ള സമയം. ആരെയും ഇവൻ അടുപ്പിക്കുന്നില്ല. ഞാന്‍ പഞ്ഞിയില്‍ സ്പിരിറ്റു മുക്കി തുടച്ചു വ‍‍ൃത്തിയാക്കി, ആഴ്ചകളോളം പുരട്ടി മുറിവുണക്കി. പോവണ്ടാന്ന് പലരും പറഞ്ഞു. രാമനെ എനിക്കറിഞ്ഞൂടേ...." ഇതു കേട്ട സന്തോഷം കൊണ്ടാണോ രാമന്റെ കണ്ണിൽ തിരയിളകിയത്. അതോ പൂരത്തിനു പോവാനുള്ള ധൃതി കൊണ്ടോ?

തെച്ചിക്കോട്ട്കാവു ദേവിയുടെ മുന്നിൽ നിന്ന് തുമ്പിക്കൈ ഉയർത്തി രാമചന്ദ്രന്‍ ഒന്നു തൊഴുതു. പിന്നെ ഒറ്റ നടത്തം. ഇനി പൂരപ്പറമ്പിൽ കാണാം എന്നു പറഞ്ഞതുപോലെ. സാധാരണ ആനകളെ പോലെ സ്വപ്നലോകത്തല്ല രാമന്റെ നടത്തം. അപ്പോൾ ഭാസ്കരേട്ടന്റെ മനസ്സിൽ പഴയൊരു പാപ്പാന്റെ ഓട്ടം തീവെട്ടി പോലെ മിന്നിക്കളിച്ചു.

"പാലക്കാട് വച്ച്, പാപ്പാന്‍ എന്തോ തെറ്റു ചെയ്തു. അവന് ഇഷ്ടായില്ല. പാപ്പാനെ ഓടിച്ച് അടുത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേയ്ക്ക് കയറ്റി. പിന്നാലെ കോണികയറി രാമനും. ആൾക്കാരു നോക്കുമ്പോ ഒന്നാം നിലയിൽ ആന. അതോടെ ആ കെട്ടിടം പണിത കോൺട്രാക്റ്റർക്ക് പേരായി. ആനകേറീട്ടും പൊളിയാത്ത കെട്ടിടമല്ലേ..." ചിരിചങ്ങലയഴിഞ്ഞു.

മുന്നിൽ ആനലോറി നില്‍ക്കുന്നു. രാമനു കയറാനുള്ള പ്ലാറ്റ് ഫോം റെഡി. ക്യാമറക്കണ്ണിനെ തോല്‍പ്പിച്ചു കൊണ്ട് രാമൻ ലോറിയിലേക്ക് ചാടിക്കയറി.

ഇതു കണ്ട് തെച്ചിക്കോട്ടുകാവ് ക്ഷേത്രം ദേവസ്വം പ്രസിഡന്റ് വാസുദേവൻ കുറുമ്പൂർ പറഞ്ഞു "അവൻ അങ്ങനെയാണ് ഒന്നും പറഞ്ഞു കൊടുക്കണ്ട. തിടമ്പേറ്റി നിൽക്കുമ്പോൾ പാലിക്കേണ്ട കുറേ മര്യാദകൾ ഉണ്ട്. എല്ലാം കൃത്യമായറിയാം. തിടമ്പേറ്റാൻ തല കുനിക്കുമ്പോൾ പല ആനകളും കൊമ്പ് മണ്ണിൽ താഴ‌്ത്തും. പക്ഷേ, രാമന്റെ കൊമ്പ് തുമ്പിക്കു മുകളിലാവും. അതുപോലെ തിടമ്പേറ്റി നിൽക്കുന്നിടം വൃത്തിയായിരിക്കും.

രാമന്റെ മണിക്കൂറുകൾക്കുള്ള വില കേട്ടാൽ അദ്ഭുതപ്പെടും. കുറച്ചു നാൾ മുമ്പ് ഒരു പൂരത്തിന് രാമന്‍ പോയത് നാലരലക്ഷത്തിന് മുകളിൽ, ലേലമായിരുന്നു. വെറു‌തെയാണോ ആനകളുടെ സൂപ്പർസ്റ്റാർ എന്നിവനെ വിളിക്കുന്നത്.

പക്ഷേ, ഇതൊന്നും ഇഷ്ടപ്പെടാത്ത ചിലരുണ്ട്. ഇപ്പോഴും 'നിങ്ങളുടെ ആന ഇടഞ്ഞു 'എന്ന അജ്ഞാത ഫോണുകൾ വരും. ഇവൻ പ്രശ്നക്കരനാണ് എന്നു വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുണ്ട്....'' വാസുദേവൻ പറയുമ്പോഴേക്കും ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു രാമൻ.

ഉണ്ട്, രാമന്റെ പുസ്തകത്തിൽ ചോരവീണ പാടുകൾ. ആനയ്ക്കൊപ്പം തിക്കിത്തിരക്കി നിൽക്കുന്നവരാണെന്ന് ഇതിനു കാരണക്കാർ എന്ന് രാമൻ ആരാധകർ പറയുന്നു. ഒരിക്കൽ കുഴപ്പമുണ്ടായത് ആന വന്നിറങ്ങിയ സന്തോഷത്തിൽ വെടിക്കെട്ടു നടത്തിയപ്പോഴായിരുന്നു. പടക്കം വീണു പൊട്ടിയത് കാൽക്കീഴിൽ. രാമൻ ഓടി. ചോര വീണു. പിന്നെ ഇടുങ്ങിയ ക്ഷേത്രമുറ്റത്തെ എഴുന്നള്ളിപ്പിനിടയിൽ മറ്റൊരാനയുടെ കൊമ്പ് ദേഹത്തു തട്ടിയപ്പോൾ..അങ്ങനെയങ്ങനെ ചോരതുളുമ്പിയ ഉത്സമുറ്റങ്ങൾ. ഉറപ്പാണ്, ഈ ഓർമകളിൽ രാമന്‍ വിളക്കിലെ നാളം പോലെ ഇളകിയാടുന്നുണ്ടാവും.

രാമൻ അങ്ങനെ ചെയ്യില്ല...

_നീലകണ്ഠന്‍ : വാര്യരേ...ഞനെന്താടോ ഇങ്ങനെയായി പോയത്? താൻ ചിന്തിച്ചിട്ടുണ്ടോ അത്?

വാര്യർ : ചിന്തിച്ചിട്ട് ഒരെത്തും പിടിം കിട്ടാത്ത കാര്യം. ങാ തലേവര. അല്ലാതെന്താ ഞാൻ പറയ്യാ....

_നീലകണ്ഠന്‍ : ന്നാ ഇനി ചിന്തിച്ചിട്ട് പ്രയാസപ്പെടെണ്ടാ..... ഞാനിങ്ങനെത്തന്നെയാ …... എന്താന്നു ചോദിച്ചാ അതങ്ങനെ തന്നയാ, അത്ര തന്നെ...

രാമന്റെ മനസ്സ് ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുമെന്ന് രാമന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പറയുന്നു. രാമനാർമി. അതാണ് അവരുടെ പേര്. ആനയ്ക്കു പിന്നിലെ ആൾബലം. രാമന്റെ ഏറ്റവും മോശം കാലഘട്ടത്തിൽ രാമനുവേണ്ടി നാവായവർ. ഫാൻസ് അസോസിയേഷൻ പ്രതിനിധി ഗോവിന്ദ് പറയുന്നു :

മംഗലശേരി നീലക‍ണ്ഠന്റെ എല്ലാ സ്വഭാവവും ഉണ്ട് രാമന്. രാമന്റെ ആരാധകർ തന്നെയാണ്. പലയിടത്തും ആനയെ തൊടാനും കൊമ്പിൽ പിടിക്കാനും പലരും വരും. വലതു കണ്ണിന് അൽപം കാഴ്ചക്കുറവുണ്ട് അവന്. വലതു വശത്തുകൂടി രണ്ടാം പാപ്പാനില്ലാത്ത സമയത്ത് ആരെങ്കിലും പോയാൽ പേടിച്ച് തല കുടയും.

ഈ ആനയെ ഇനി എഴുന്നള്ളിപ്പിക്കരുതെന്ന് പലര്‍ക്കും വാശിയുണ്ടായിരുന്നു. ഒടുവിൽ ഉത്സവപ്പറമ്പിൽ നിരോധനം വന്നു. ആ സമയത്താണ് ഫേസ്ബുക്കിലൂടെ ഇവന്റെ ആരാധകർ പരസ്പരം പരിചയപ്പെടുന്നതും സംസാരിച്ചു തുടങ്ങുന്നതും. രാമനു മുന്നിൽ ഞങ്ങൾ ഒരുമിച്ചു കൂടി. പൊതുതാൽപര്യ ഹർജി കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ ആനയെ പിന്നെയും ഞങ്ങൾ ഉത്സവ‍പ്പറമ്പുകളിൽ എത്തിച്ചു. കൊമ്പുപിടിച്ച് ഫോട്ടോ എടുത്ത് എഫ്ബിയിൽ ഇടുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം. കേരളത്തി‍ലെ ഏറ്റവും വലിയ ആനയ്ക്ക് പിന്തുണ നൽകുകയാണ്....."

രാമചന്ദ്രന്‍ വന്നിറങ്ങിയപ്പോഴേക്കും പൂരപ്പറമ്പിലേക്ക് ഓളം വീണു. ങ്ങ് ഇറക്ക്യാനേ...പാപ്പാൻ പറഞ്ഞതും രാമൻ ഇറങ്ങി. അപ്പോൾ മുതൽ ക്യാമറകള്‍ പൊതിഞ്ഞു. മൊബൈൽ ക്യാമറയ്ക്കു മുന്നിൽ കറതീർന്ന നടനെ പോലെ തുമ്പ പൊക്കി പോസിങ്. പിന്നെ നേരെ ക്ഷേത്രത്തിനകത്തേക്ക്...

വാദ്യമേളത്തോടെ ക്ഷേത്രത്തിനകത്തു നിന്ന് തിടമ്പുവരുന്നതു കണ്ടപ്പോഴേ രാമൻ തലകുനിച്ചു. തുമ്പ‍ിക്കൈയിനു മുകളിൽ കൊമ്പു കുത്തി. പിന്നെ പൂരത്തിരക്കിലേക്ക്...മേളത്തിന്റെ ആദ്യ ഇലയനക്കത്തിൽ തന്നെ രാമന്റെ ചെവി ആടാൻ തുടങ്ങി. ഒമ്പത് ആനകൾക്കു മേൽ പൂരം വിരിഞ്ഞു. ആലിലകൾ താളം പിടിച്ചു. എട്ടാനകൾക്കും മീതെ തല പൊക്കി വച്ച് രാമൻ ഒന്നിളകി നിന്നു. അതിനും മീതേ ആരാധകരും.

മേളത്തിനൊപ്പം ആനയോളം വലുപ്പത്തിൽ ആരാധനയും സ്നേഹവും മുറുകി നിന്നു. ഒരു പൂരത്തിന്റെ കൂടി സ്നേഹക്കാറ്റ് രാമനെച്ചുറ്റി പറന്നു പോയി.