പ്രതിഭാ ഹരി

രാഷ്ട്രീയത്തിൽ സ്‌ത്രീകൾക്കു നോ എൻട്രി ബോർഡുണ്ട്. അതെടുത്തു മാറ്റി വച്ച് കേറേണ്ട അവസ്ഥയാണുള്ളതെന്ന് കായംകുളം എംഎൽഎ യു. പ്രതിഭ. വനിതാദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ ആലപ്പുഴ  യൂണിറ്റിൽ സംഘടിപ്പിച്ച 'പെണ്ണായിരിക്കുന്നതിന്‍റെ ആനന്ദം' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു എംഎൽഎ. സ്ത്രീകൾ കൂടുതൽ രാഷ്ട്രീയത്തിലേക്ക് വരണം. ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതെല്ലായിടത്തുമുണ്ട്. അതെല്ലാം തരണം ചെയ്യണം. സ്ത്രീകൾക്ക് പാവം എന്നൊരു ലേബൽ കിട്ടുന്നത് ഇല്ലാതാകണം. അവർക്കിത് പറ്റുമെന്ന സ്ഥിതി വരണം. അതിനു ആദ്യം സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസം കാണിക്കണമെന്നും പ്രതിഭ പറഞ്ഞു.

"ശബരിമലയിൽ കേറണോ വേണ്ടയോ എന്നതായിരുന്നു ഈ കഴിഞ്ഞ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്‍നം. ശബരിമലയിൽ പോകാൻ ആഗ്രഹമുള്ള സ്ത്രീകളാണ് കോടതി വിധിയുമായി പൊയ്ക്കോട്ടേ. പക്ഷേ അതല്ലലോ ഇവിടുത്ത വുമൺ എംപർമെന്റിന്റെ കാതലായ പ്രശ്നം. അത്തരം വഴിതെറ്റിയ ചർച്ചകളിലേക്ക് പോകുകയാണ് പലപ്പോഴും പതിവ്. ഒരു ഭാഗത്ത് വിശ്വാസികൾ അടിക്കുന്നു അപ്പുറത്ത് വിശ്വാസമില്ലാത്തവർ കല്ലെറിയുന്നു. മൊത്തത്തിൽ വിഷയം മാറി. പട്ടിണി കിടക്കുന്ന പെൺകുട്ടികളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. മൂന്നു ദിവസം ഫേസ്ബുക്കിൽ തല്ലു നടക്കും, നാലാമത്തെ ദിവസം നമ്മൾ എല്ലാം കെട്ടി പൂട്ടി പോകും." ഇതാണിവിടുത്തെ സ്ത്രീ ശാക്തീകരണത്തിന്റെ അവസ്ഥയെന്നും പ്രതിഭ കുറ്റപ്പെടുത്തി.

സ്ത്രീയുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ആരും എത്തുന്നില്ല. ഇവിടെ എത്രയോ സ്ത്രീ പീഡനങ്ങൾ ചർച്ചയായി. കിളിരൂർ, കവിയൂർ എന്നൊക്കെ പെൺകുട്ടികൾക്ക് പേരു കിട്ടി എന്നല്ലാതെ പീഡിപ്പിക്കപ്പെട്ട എത്ര പെൺകുട്ടികൾക്ക് നമ്മുടെ സമൂഹത്തിൽ നീതി കിട്ടിയെന്നത് കൂടി ആലോചിക്കണം. നീതി നിഷേധിക്കുന്ന സ്ത്രീയോട് ഒപ്പം നിൽക്കാൻ സമൂഹം പഠിക്കണം. നിങ്ങൾ യുവതലമുറയെങ്കിലും അതിനു തയാറാകണമെന്നും എംഎൽഎ വ്യക്തമാക്കി. 

ഒരു സ്ത്രീയെന്ന നിലയിൽ രാഷ്ട്രീയത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ നിരവധിയാണ്. തിരഞ്ഞടുപ്പിൽ ജയിച്ചു കയറി വരുമ്പോൾ സ്ത്രീ ആയതുകൊണ്ട് മാത്രം, ഭാഗ്യം ഉള്ള സമയം ആയതുകൊണ്ടാണ് ജയിച്ചതെന്നു പറയുന്നതവരെയാണ് കണ്ടിരിക്കുന്നത്. അതാണ് ഏറ്റവും വേദനാജനകം. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നമ്മളെല്ലാം അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളുണ്ട് അതൊന്നും ആരും കണക്കാക്കാറില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 53 ദിവസമായിരുന്നു വർക്ക്. 2 ലക്ഷത്തോളം മനുഷ്യരെ കാണുന്നു... അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നു. ജീവിതത്തിൽ അതൊരു വലിയൊരു അനുഭവമാണ്.

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പഞ്ചായത്ത് മെമ്പർ ആയ ആളാണ് ഞാൻ. പഠിക്കുന്ന കാലവും കൂടിയാണ്. അവിടെ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി നമ്മൾ സ്ത്രീയായതു കൊണ്ട് പ്രൂവ് ചെയ്യണമെന്നുള്ളതാണ്.

പെൺകുട്ടികളായതിൽ വിഷമിക്കുന്ന നിരവധി പേരുണ്ട്. അതിനു കാരണം കുടുംബത്തിൽ തന്നെ അവർക്കുണ്ടാകുന്ന നിയന്ത്രണങ്ങളാണ്. മിക്ക മേഖലകളിലും ഇപ്പോഴും സ്ത്രീകൾക്ക് വെല്ലുവിളികളുണ്ട്. സ്ത്രീധന നിരോധന നിയമമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നാൽ. ഓരോ പെൺകുട്ടിയെയും കല്യാണം കഴിപ്പിക്കാൻ എത്ര പണമാണ് ഇപ്പോഴും ചിലവാക്കേണ്ടി വരുന്നത്. മനുഷ്യന്റെ ആറ്റിട്ട്യൂഡ് ആണ് ആദ്യം മാറേണ്ടത്.

കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ട്. പക്ഷേ എന്റെ വീട്ടുകാർക്ക് അതൊന്നും വലിയ പ്രശ്നമല്ല. ആ കാര്യത്തിൽ സമൂഹത്തിൽ നിന്നുമാണ് കൂടുതൽ വെല്ലുവിളി നേരിടേണ്ടി വന്നത്. പലപോഴും സൈബർ ആക്രമണങ്ങളിലൂടെ...