അമ്മയാണ് ജീവിതത്തിന്റെ ഈണവും താളവുമൊക്കെ. അപ്പോള്‍ പിന്നെ പാടാന്‍ കൂടി അറിയുന്ന അമ്മയാണെങ്കിലോ?. അതുപോലെ നിരവധി അമ്മമാരുണ്ട് ഈ പാട്ടു ലോകത്ത്. അക്കൂട്ടത്തിലൊരാളാണ് രാജലക്‌ഷ്മി. പാട്ടിനെ ഏറെ സ്‌നേഹിച്ച, തനിക്ക് നടക്കാതെ പോയ വഴികളിലൂടെ ആത്മവിശ്വാസത്തോടെ മകളെ കൈപിടിച്ചൊരു അമ്മയുടെ മകളാണ് രാജലക്ഷ്മി. ദാ ഇപ്പോള്‍ അമ്മയെ പോലെ മകനും പാട്ടു ജീവിതത്തിന് കൂട്ടാകുകയാണെന്നു പറയുകയാണ് രാജലക്ഷ്മി.

അവന്‍ പറയാറുണ്ട് ഇപ്പോള്‍

എന്റെ അമ്മയെ പോലെ തന്നെയാണ് അവനും. എന്റെ പാട്ടുകളുടെയും ഷോകളുടെയും പ്രാക്ടീസിന്റെയും കാര്യത്തില്‍ അമ്മയെ പോലെ ഉത്തരവാദിത്തം കാണിക്കാറുണ്ട് അവന്‍. ആര്യന്‍ ജനിച്ച്ദിവസങ്ങള്‍ പ്രായമുള്ളപ്പോഴേ ഞാന്‍ അവനെ അമ്മയെ ഏല്‍പ്പിച്ച് ഷോകള്‍ക്കും റെക്കോഡിങിനും പോയിട്ടുണ്ട്. നമ്മുടെ പ്രൊഫഷന്‍ ആവശ്യപ്പെടുന്നത് ചെയ്തല്ലേ പറ്റൂ. അന്ന് അവന്‍ എന്നെ ഒരുപാട് മിസ് ചെയ്തിട്ടുണ്ടാകും. കരഞ്ഞിട്ടുണ്ടാകും. എനിക്കും സങ്കടമായിരുന്നു. പക്ഷേ വേറെ വഴിയില്ലല്ലോ. പക്ഷേ അവനിപ്പോള്‍ പറയുന്നത് അന്ന് അമ്മ അങ്ങനെ ചെയ്തതു നന്നായി. അതുകൊണ്ടാണ് എനിക്കിപ്പോള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നതെന്ന്. സത്യമാണ്. ആര്യന്‍ എന്റെയും അവന്റെ അച്ഛന്റെയും പ്രൊഫഷന്റെ തിരക്കുകളും ആവശ്യങ്ങളും അറിഞ്ഞ് പെരുമാറുന്ന കുട്ടിയാണ്.

അതും അമ്മയാണ്, അമ്മയ്ക്ക് വല്യ ഇഷ്ടം!

എന്റെ പാട്ട് കണ്ടുപിടിച്ച പോലെ മകന്റെ കാര്യത്തിലും അമ്മയായിരുന്നു ആദ്യ ഗുരു. അങ്ങനെയൊരു ടാലന്റ് ഉണ്ടെന്ന് ചെറുപ്പത്തിലേ മനസ്സിലായിരുന്നു. നല്ല താളവും ശ്രുതിയും അന്നേയുണ്ടായിരുന്നു. അവന്‍ എന്റേതു പോലെയല്ല, ഇംഗ്ലിഷ് പാട്ടുകളാണ് പാടുന്നത്. ഇപ്പോള്‍ അത് പഠിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ അമ്മൂമ്മ പഴയ പാട്ടുകള്‍ കേള്‍പ്പിച്ചു കൊടുക്കുകയും പാടിക്കൊടുക്കുകയും ചെയ്യുന്നോണ്ട് ആ ഗാനങ്ങളൊക്കെ അറിയാം. പല്ലവി പാടിയാല്‍ അനുപല്ലവി അവന്‍ പാടും. അവന്‍ പാട്ടുകാരനും അഭിനേതാവും ആകുന്നതാണ് അമ്മയ്ക്കിഷ്ടം. നല്ലൊരു എന്റര്‍ടെയ്‌നര്‍ ആകണം എന്നാണ് ആഗ്രഹം. അവന്‍ സ്റ്റേജില്‍ പാടാന്‍ കയറുമ്പോള്‍ എന്നേക്കാളും ടെന്‍ഷന്‍ ആണ് അമ്മയ്ക്ക്്. അത് അമ്മ പറയുകയും ചെയ്യും നീ സ്റ്റേജില്‍ കയറുമ്പോള്‍ ഞാന്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഞാനിപ്പോഴും എന്ന്.  

വീട്ടിലെ പാട്ട്

അങ്ങനെ ഇടയ്ക്ക് സംഭവിക്കാറുണ്ട്. അഭിറാം ചേട്ടന്റെ മനസ്സ് നിറയെ പാട്ടാണെങ്കിലും പാടാന്‍ അറിയില്ല. ഇന്‍സ്ട്രുമെന്റ്‌സ് ആണല്ലോ ആളിന്റെ ലോകം. ഞാനും മോനുമാകട്ടെ വോക്കലും. ചില രാത്രികളില്‍ ചെറിയ കച്ചേരിയൊക്കെ വരാറുണ്ട്. അധികവും പഴയ പാട്ടുകളൊക്കെയാണ് പാടുക. പിന്നെ പണ്ടുമുതല്‍ക്കേ ഉള്ള ശീലം ഞങ്ങള്‍ മൂന്നാളും റേഡിയോ കേട്ടാണ് ഉറങ്ങാറ്. അതുകൊണ്ട് കൂടി തന്നെ ആര്യന് പഴയ പാട്ടുകളൊക്കെ ഇഷ്ടമാണ്. അത് സുപരിചിതമാണ്.

അത് അവന്‍ തീരുമാനിക്കട്ടെ

ഒരു സംഗീത കുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് അവനില്‍ അങ്ങനെയൊരു ടാലന്റ് ഉണ്ട്. അതേസമയം ആള് വല്യ സംഭവമായ പാട്ടുകാരന്‍ ഒന്നുമല്ല താനും. പാട്ട് പാടും, പിയാനോ വായിക്കും, പിന്നെ വരയ്ക്കും, പ്രസംഗിക്കും അതുപോലെ പഠിക്കുന്ന കാര്യത്തില്‍ പരീക്ഷണങ്ങളൊക്കെ ചെയ്യാനും ഇഷ്ടമാണ്. എല്ലാത്തില്‍ നിന്നും കുറച്ച് കുറച്ച് കഴിവുകള്‍ ഉണ്ട്. അതുകൊണ്ട് പക്ഷേ പാട്ട് പ്രൊഫഷനാക്കി എടുക്കണോ വേണ്ടയോ എന്ന് അവന്‍ തീരുമാനിക്കട്ടെ. 

അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള സമയമായി വരുന്നല്ലേയുള്ളൂ. ഇപ്പോള്‍ അവന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞങ്ങള്‍ പാട്ട് പഠിപ്പിക്കുന്നുണ്ട്. ആദ്യം ഹിന്ദുസ്ഥാനി പഠിപ്പിക്കാന്‍ ചേര്‍ത്തെങ്കിലും കുസൃതി കുറച്ചുള്ളതുകൊണ്ട് അത് പൂര്‍ത്തിയായില്ല. ചെറിയ ചെറിയ പാട്ട് പ്രോജക്ടുകളില്‍ അവനെ കൂടി പങ്കാളിയാക്കുന്നുണ്ട്. അത് ഞങ്ങളുടെ കടമ. പക്ഷേ പാട്ട് തന്നെ മതിയോ എന്ന് അവനാണ് തീരുമാനിക്കേണ്ടത്. അവന് പാട്ടു പോലെ തന്നെ പഠനവും ഇഷ്ടമാണ്. സയന്‍സ് വല്യ ഇഷ്ടമാണ്. അതുപോലെ പബ്ലിക് സ്പീക്കിങ് ഒത്തിരി ഇഷ്ടമാണ്. അപ്പോള്‍ ഏതാണ് തന്റെ വഴി എന്ന് അവന്‍ തീരുമാനിക്കട്ടെ. പക്ഷേ ഒന്ന് എനിക്ക് ഉറപ്പാണ് പാട്ട് എന്നും അവനൊപ്പം ഉണ്ടാകും എന്ന്.