ജീവിതത്തിൽ പ്രതിസന്ധികൾ തുടർക്കഥയായപ്പോൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടാനല്ല മറിച്ച് ധൈര്യത്തോടെ അതിനെ നേരിടാനാണ് ഷീജയെന്ന പെൺകരുത്ത് തയാറായത്. താനൊരു കള്ളുചെത്തു തൊഴിലാളിയാണെന്ന് അഭിമാനത്തോടെ പറയുന്ന ഷീജയുടെ ജീവിതകഥയിങ്ങനെ:-

കള്ളുചെത്ത് തൊഴിലാളിയായ ഭർത്താവിന് വാഹനാപകടത്തിൽ പരുക്കു പറ്റിയതിനെത്തുടർന്നാണ് കണ്ണവം പന്നിയോട് സ്വദേശി ഷീജ കള്ളു ചെത്തിലേക്കിറങ്ങിയത്. തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടൊക്കെയുണ്ടായിരുന്നെന്നും തെങ്ങിൻ മുകളിലെത്തുമ്പോൾ ആദ്യമൊക്കെ ഛർദ്ദിക്കുമായിരുന്നുവെന്നും ഇന്ന് എത്ര ഉയരത്തിലുള്ള തെങ്ങിലും കയറാമെന്നുമാണ് ഷീജ പറയുന്നത്. മുൻപൊക്കെ ആളുകൾ എന്തു പറയുമെന്നു കരുതി നാണം കാരണം ഒളിച്ചിരിക്കാറുണ്ടായിരുന്നു. ഇപ്പോൾ തെങ്ങു ചെത്തു തൊഴിലാളിയാണെന്ന് പറയാൻ അഭിമാനം മാത്രമേയുള്ളൂവെന്നു ഷീജ പറയുന്നു.

തന്റെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയ ദുഖത്തെക്കുറിച്ചും ഷീജയ്ക്ക് പറയാനുണ്ട്. രണ്ടരവർഷം മുൻപ് ഷീജയുടെ ഇളയ സഹോദരൻ തെങ്ങിൽ നിന്നു വീണു മരിച്ചു. ആ ദുരന്തത്തിൽ‌ നിന്ന് കരകയറുന്നതിനു മുൻപാണ് ഭർത്താവിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്.

എട്ടു തെങ്ങിൽ നിന്ന് ദിവസേന കള്ളെടുക്കുന്നുണ്ടെന്ന്. ഒരു തെങ്ങിൽ ദിവസവും മൂന്നു തവണ കയറിയിറങ്ങും. കള്ളു ചെത്തിക്കഴിഞ്ഞുള്ള സമയം ഓട്ടോറിക്ഷ ഓടിക്കണമെന്ന ആഗ്രഹവും തന്റെ മനസ്സിലുണ്ടെന്ന് ഷീജ പറഞ്ഞു.