പൊലീസ് സേനയിൽ വനിതകൾ സാന്നിധ്യം അറിയിക്കുന്നത് അപൂർവതയല്ല, എന്നാൽ എക്സൈസിൽ ആദ്യ വനിത സബ് ഇൻസ്പെകടറായി സജിത തിരൂർ എക്സൈസ് ഓഫീസിൽ പ്രതിജ്ഞ ചൊല്ലിയത് പുതു ചരിത്രമാണ്. അതും ഒന്നാംറാങ്കിന്റെ പൊൻതിളക്കത്തോടെയാണ്  ഈ നേട്ടം കൈവരിക്കുന്നത്. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 2016ന് ശേഷമാണ് വനിതകൾക്ക് അപേക്ഷിക്കാമെന്ന തീരുമാനം വരുന്നത്. വനിതകൾക്കും ഇൻസ്പെക്ടറാകാമെന്ന തീരുമാനം വന്ന ശേഷം ഒന്നാം റാങ്കിന്റെ തിളക്കത്തോടെയാണ് സജിത സർവീസിൽ കയറുന്നത്. ഈ നേട്ടത്തെക്കുറിച്ച് മനോരമന്യൂസ് ഡോട്ട്കോമിനോട് സജിത സംസാരിക്കുന്നു.

പുതിയൊരു ചരിത്രമാണ് സജിതയിലൂടെ പിറന്നിരിക്കുന്നത്. ഈ നേട്ടത്തെക്കുറിച്ച്?

ഒരുപാട് സന്തോഷമുണ്ട്. 2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസിൽ കയറിയതാണ്. അന്നുതന്നെ ആഗ്രഹമുണ്ടായിരുന്നു. വനിതകൾക്കും പരീക്ഷയെഴുതാമെന്ന തീരുമാനം വന്നപ്പോൾ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ പരീക്ഷ എഴുതുകയായിരുന്നു. എന്റെ ഈ വിജയം ഇനിയും വനിതകൾ സർവീസിലേക്ക് വരാൻ കാരാണമാകുകയാണെങ്കിൽ ഒരുപാട് സന്തോഷം. 

കുടുംബമായിക്കഴിഞ്ഞശേഷം നേടിയെടുത്ത ഈ വിജയത്തെക്കുറിച്ച്?

ഭർത്താവിന്റെയും വീട്ടുകാരുടെയും പൂർണപിന്തുണയുള്ളതു കൊണ്ടാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. പഠിക്കാനുള്ള എല്ലാ ചുറ്റുപാടും അവരാണ് എനിക്ക് ഒരുക്കി തന്നത്. ഭർത്താവിന്റെ അമ്മയുടെ പിന്തുണ വളരെ വലുതാണ്. എന്റെ മകൾക്ക് ഏഴുവയസുണ്ട്. ഞാൻ പഠിക്കുന്ന സമയത്ത് അവളുടെ എല്ലാ കാര്യങ്ങളും ഭർത്താവിന്റെ അച്ഛനും അമ്മയും ഏറ്റെടുത്തു. ഭർത്താവിന്റെ അച്ഛനാണ് മകളെ സ്കൂളിൽ നിന്നും വന്ന ശേഷം പഠിപ്പിക്കുന്നത്. ഭർത്താവ് തൃശൂരിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹവും പഠിക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകി. 2014ൽ സർവീസിൽ കയറുന്നതിന് മുൻപ് കോച്ചിങ്ങിന് പോയിരുന്നു. അതിനുശേഷം ജോലിയിൽ ഇരുന്നുകൊണ്ടായിരുന്നു പഠനം.

ഏറെ വെല്ലുവിളികൾ നിറഞ്ഞ ജോലിയാണ് എക്സൈസിലേത്. അതിനെക്കുറിച്ച്?

നമ്മുടെ മുന്നിൽ പൊലീസിൽ വിജയം നേടിയ ഒരു വനിതകളുടെ ഉദാഹരണങ്ങളുണ്ടല്ലോ. പൊലീസ് പോലെ തന്നെ എക്സൈസും ഇരുപത്തിനാലുമണിക്കൂറുള്ള ജോലിയാണ്. ഈ വനിതകളുടെ മുൻമാതൃകകൾ എന്റെ പാതയിൽ വഴിക്കാട്ടിയാകുമെന്നാണ് വിശ്വാസം. എക്സൈസിൽ ജോലി ചെയ്തതതുകൊണ്ട് വകുപ്പിനെക്കുറിച്ച് അറിയാം. ഇൻസ്പെക്ടറായതോടെ ചുമതലകൾ കൂടും. ധൈര്യപൂർവ്വം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ തന്നെയാണ്. തീരുമാനം.

തൃശൂർ തൈക്കാട്ടുശേരിയിൽ റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ദാമോദരന്റെയും ചേർപ്പ് സിഎൻഎൻ സ്കൂളിൽ പ്രധാനാധ്യാപിക ആയിരുന്ന കെ.യു.മീനാക്ഷിയുടെയും മകളാണ് സജിത. ഷൊർണ്ണൂർ ചുഡുവാലത്തൂർ സ്വദേശി കെ.ജി.അജിയാണ് ഭർത്താവ്. ഏഴാം ക്ലാസുകാരിയായ മകളുമുണ്ട്.