കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ഡബ്ബിങ്ങ് ആര്‍ടിസ്റ്റിന്റെ പങ്ക് നിർണായകമാണ് എന്നതിൽ തർക്കമുണ്ടാകാനിടയില്ല. എന്നാൽ ശബ്ദത്തിന് എത്ര അളവിൽ പ്രധാന്യമുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ നടക്കുന്നുണ്ട്. അവാർഡ് നിർണയവേദികളിൽ പോലും അക്കാര്യം ചർച്ചാവിഷയമാകാറുമുണ്ട്. അഭിനേതാവും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടാലും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുകൾ ഇപ്പോഴും 'ഓഫ് സ്ക്രീൻ' എന്നു വിളിക്കപ്പെടുന്ന ഗണത്തിൽ ആരാലും അറിയപ്പെടാതെ നിൽക്കുകയാണ്. ധന്യ മേലേടത്ത് എന്ന പേരും ചിലപ്പോൾ സുപരിചിതമായിരിക്കല്ല, പക്ഷേ ആ ശബ്ദം പരിചിതമാണ് പലർക്കും. അന്‍സിബ മുതൽ ശാന്തീ കൃഷ്ണ വരെയുള്ള നായികമാരുടെ ശബ്ദമായിട്ടുണ്ട് ധന്യ. 

പത്ത് വർഷത്തെ യാത്ര

മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 ആണ് ആദ്യചിത്രം. ആദ്യമായി ഒരു നായികയുടെ ശബ്ദമായത് അൻസിബയിലൂടെയാണ്. ശാന്തി കൃഷ്ണക്കു വേണ്ടി ഡബ്ബ് ചെയ്ത ശ്യാമരാഗം ആണ് ഇനി പുറത്തുവരാനുള്ളത്. ഇതിനിടെ അതിരൻ, ലോനപ്പന്റെ മാമോദീസ, ഒരു നക്ഷത്രമുള്ള ആകാശം, വിക്രമാദിത്യൻ, പിക്കറ്റ് 47 സപ്തമശ്രീ തസ്കര, അപ്പോത്തിക്കിരി, മസാല റിപ്പബ്ലിക്ക്, മംഗ്ലീഷ്, ഞാൻ, ഹൈ അലേർട്, ഞങ്ങളുടെ വീട്ടിലെ അതിഥികൾ തുടങ്ങി മുപ്പത്തോളം ചിത്രങ്ങൾക്കു വേണ്ടിയും ഡബ്ബ് ചെയ്തു. 

പരസ്യങ്ങൾ

പരസ്യങ്ങളിലൂടെ ധന്യയുടെ ശബ്ദം നമ്മുടെ സ്വീകരണമുറികളിലേക്കും എത്തിയിട്ടുണ്ട്. ബിഎസ്എന്‍‍എൽ, ധാത്രി, ഇന്ദുലേഖ, ഈസ്റ്റേണ്‍, സാവ്‍ലോൺ, ചന്ദ്രിക തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങള്‍ക്കും ധന്യ  ശബ്ദം നൽകിയിട്ടുണ്ട്. 

ആകാശവാണി വഴി ഡബ്ബിങ്ങ് രംഗത്തേക്ക്

ജേണലിസം ആണ് പഠിച്ചത്. ജോലിയിൽ ഇടക്കൊരു ഇടവേളയും വന്നു. അങ്ങനെയിരിക്കുമ്പോളാണ് ആകാശവാണിയിൽ ജോലി ലഭിക്കുന്നത്. അങ്ങനെ ട്രാക്ക് മാറി. അവിടെ ഡബ്ബിങ്ങ് ചെയ്യുന്ന കുറേപ്പേർ ഉണ്ടായിരുന്നു.  അവര്‍ വഴിയാണ് ഈ രംഗത്തേക്ക് എത്തുന്നത്. അന്ന് ഡബ്ബിങ്ങ് ചെയ്യാനാകും എന്ന ആത്മവിശ്വാസമില്ലായിരുന്നു. അതിനിടക്ക് നിയോ ഫിലിം സ്കൂളിന്റെ വർക്ക്ഷോപ്പ് അറ്റൻഡ് ചെയ്തു. പിന്നെ ഡബ്ബിങ്ങ് ഗൗരവമായിത്തന്നെ എടുത്തുതുടങ്ങി. മാന്നാർ മത്തായി 2 വിന്റെ സംവിധായകന്‍ മമാസ് ഒരു ഡോക്യുമെന്ററിക്ക് ശബ്ദം നൽകാനാണ് ആദ്യം വിളിച്ചത്. ഡോക്യുമെന്ററിക്ക് ശബ്ദം യോജിച്ചില്ലെങ്കിലും മമാസിന് ധന്യയുടെ ശബ്ദം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്കെത്തിയത്. ഇപ്പോഴും തന്റെ  ശബ്ദം സിനിമയിൽ കേൾക്കുമ്പോൾ സന്തോഷത്തേക്കാളേറെ നന്നായോ എന്ന പേടിയാണ് തോന്നുക എന്നും ധന്യ പറയുന്നു.

English Summary: Interview with dubbing artist Dhanya Meledathu