തോല്‍പ്പാവക്കൂത്ത് എന്ന അമൂല്യമായ പാരമ്പര്യകലാരൂപം പുത്തനുണര്‍വിന്‍റെ പാതയിലാണ്. ആ പുതിയ മാറ്റത്തിന്‍റെ മുഖമാണ് രജിത രാമചന്ദ്ര പുലവര്‍ പദ്മശ്രീ ജേതാവ് രാമചന്ദ്ര പുലവരുടെ മകളായ രജിത തോല്‍പ്പാവക്കൂത്തില്‍ അടുത്ത കാലത്തുണ്ടായ നല്ല മാറ്റങ്ങളുടെ പ്രതിനിധിയാണ്. സ്ത്രീകള്‍ പാവകളെ തൊടുന്നത് പോലും നിഷിദ്ധമായിരുന്ന കാലത്ത് നിന്നും ഇന്ന് പാവനിര്‍മ്മാണം തുടങ്ങി കൂത്തുമാടങ്ങളിലെ അവതരണം വരെ എല്ലാ ഘട്ടത്തിലും സ്ത്രീകളും പങ്കെടുക്കുന്നുണ്ട്.ന പദ്മശ്രീ രാമചന്ദ്ര പുലവരുടെ സാരഥ്യത്തിലുള്ള  തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രമാണ് ഈ പുരോഗമനപാതയില്‍ മുന്നില്‍ നടക്കുന്നത്. രജിത സംസാരിക്കുന്നു.

പാവക്കൂത്ത് സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്ന കാലം

പണ്ട് ദേവദാസി സമ്പ്രദായം, സതി തുടങ്ങിയ ഒരുപാട് അനാചാരങ്ങളും നിലനിന്നിരുന്നു. അതിന്‍റെയൊക്കെ ഭാഗമായിത്തന്നെയാവും ഇത്തരത്തില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തല്‍ അന്നുണ്ടായത്. പാവനിര്‍മ്മാണം തുടങ്ങി എല്ലാം പുരുഷന്മാര്‍ തന്നെയാണ് ചെയ്തുവന്നിരുന്നത്. സ്ത്രീകള്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. രാജഭരണകാലത്ത് അതിനുവേണ്ടി പ്രത്യേകമായ സമുദായക്കാര്‍ ഉണ്ടായിരുന്നു.അങ്ങനെ ഓരോ പണികള്‍ ഓരോരുത്തരെ ഏല്‍പിച്ച് കൊടുത്തിരുന്നു.പിന്നീട് അങ്ങനെപ്രത്യേകമായ ആളില്ലാതായി. ഇപ്പോള്‍ അവരാരും ചെയ്യുന്നില്ല. ഇപ്പോള്‍ പൂര്‍ണമായും നമ്മള്‍ തന്നെയാണ് ചെയ്യുന്നത്. പൂര്‍ണമായും ഒരു ക്ഷേത്രകലയെന്ന നിലയില്‍ത്തന്നെയായിരുന്നു പണ്ട് തോല്‍പ്പാവക്കൂത്ത് അരങ്ങേറിയിരുന്നത്. 1970ൽ മുത്തശ്ശന്‍ കൃഷ്ണന്‍കുട്ടി പുലവര്‍ ആണ് ക്ഷേത്രങ്ങളില്‍ നിന്ന് തോല്‍പ്പാവക്കൂത്തിനെ പുറത്തേയ്ക്കു കൊണ്ടു വന്നത്. അന്ന് കാരണവന്മാരായ പുലവന്മാരുടെ പിന്തുണയൊന്നും മുത്തശ്ശനുണ്ടായിരുന്നില്ല. കഥകളിയൊക്കെ ക്ഷേത്രങ്ങളില്‍ നിന്നും പുറത്തേയ്ക്ക് വന്നതുപോലെ തന്നെയൊരു മാറ്റമായിരുന്നു അതും. അതേ പോലെയൊരു മാറ്റമാണ് എന്‍റെ അച്ഛന്‍ രാമചന്ദ്ര പുലവര്‍ പിന്നീട് കൊണ്ടുവന്നത്.

കേരളത്തില്‍ മാത്രമല്ല തമിഴ്നാട്. കര്‍ണാടക, ആന്ധ്ര,ഒറീസ എന്നിവിടങ്ങളില്‍ തോല്‍പ്പാവക്കൂത്ത് ഉണ്ട്. പക്ഷേ, കേരളത്തില്‍ മാത്രമേ ഇത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെയ്യുന്നുള്ളൂ.അവിടെയൊക്കെ ഇതൊരു കലാരൂപം മാത്രമാണ്. അതുകൊണ്ടാവും അവിടെയൊക്കെ സ്ത്രീകള്‍ക്കു പണ്ടേ പ്രവേശനമുണ്ടായിരുന്നു. ഒരു കുടില്‍ വ്യവസായം പോലെ തന്നെയാണ് സ്ത്രീകള്‍ പാവ നിര്‍മിയ്ക്കുന്നതും. അവര്‍ക്ക് അതൊരു വരുമാനവുമാണ്. അവിടെയൊക്കെപ്പോയി അവരെ കണ്ടതിനു ശേഷമാണ്ചില മാറ്റങ്ങള്‍ വേണമെന്ന് ഞങ്ങള്‍ക്കും തോന്നിത്തുടങ്ങിയത്.

പുതിയ മാറ്റങ്ങള്‍

അതുവരെ രാമായണം മാത്രമാണ് തോല്‍പ്പാവക്കൂത്തായി കാണിച്ചിരുന്നത്. അച്ഛന്‍ പിന്നീട് പുതിയ കഥകള്‍ പരീക്ഷിച്ച് തുടങ്ങി. പഞ്ചതന്ത്രം കഥകള്‍, ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, അയ്യപ്പചരിതം അങ്ങനെ പുതിയ പരീക്ഷണങ്ങളായി അച്ഛന്‍ പുതിയ കഥകള്‍ കൊണ്ടു വന്നതോടെയാണ്‌ ഞാനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കും തോല്‍പ്പാവക്കൂത്തില്‍ പങ്കാളികളാകാനുള്ള അവസരങ്ങള്‍ തുറന്നുവന്നത്. ഒരു പറ്റം ആളുകള്‍ അത് സ്വീകരിച്ചു. ചിലര്‍ എതിര്‍പ്പുമായി നിന്നു. കല ക്ഷേത്രങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കണമെന്ന് ചില ആചാര്യന്മാര്‍ ശഠിച്ചു. ആശാന്മാരായിരുന്ന ചില പുലവന്മാര്‍ തന്നെ അച്ഛന്‍ കൊണ്ടുവന്ന മാറ്റങ്ങളോട് യോജിച്ചില്ല. പക്ഷേ അച്ഛന്‍ വളരെ സ്ട്രോങ്ങ്‌ ആയി നിന്നു.അച്ഛന് അന്ന്  പോസ്റ്റല്‍ വകുപ്പില്‍ ജോലിയുണ്ടായിരുന്നു.മുത്തച്ഛന്‍ മരിച്ച് കഴിഞ്ഞതിനു ശേഷവും  കുറേക്കാലം  അച്ഛന്‍ ആ ജോലിയില്‍  നിന്നു. അധികം പരിപാടികള്‍ വരുന്നില്ല എന്നു കണ്ട് അച്ഛന്‍ ജോലി ഉപേക്ഷിച്ച് പിന്നീട് കലയ്ക്ക് മാത്രമായി ഇറങ്ങുകയായിരുന്നു. മാറ്റങ്ങളോടെയാണെങ്കിലും കല നിലനിന്നുപോകണമെന്ന് അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു. ആത്യന്തികമായി കലയാണല്ലോ.ആളുകളിലേയ്ക്ക് എത്തുമ്പോള്‍ തന്നെയാണ് ആ ആവിഷ്ക്കാരത്തിന്റെ പൂര്‍ണതയും സായൂജ്യവും.

എനിയ്ക്കുള്ള വാതില്‍ അച്ഛന്‍ തുറന്നു തന്നതാണ്.അച്ഛന്‍ പുതിയ കഥകള്‍ ചെയ്തുവന്നപ്പോഴാണ്  പുതിയ വേദികള്‍ കിട്ടിത്തുടങ്ങിയത്.ക്ഷേത്രകലയുടെ ചട്ടക്കൂടുകള്‍ മാറുകയും രസകരമായ പുതിയ കഥകള്‍ ചെയ്തുതുടങ്ങുകയും ചെയ്തപ്പോള്‍ ടൂറിസത്തിന്റെയുള്‍പ്പെടെ അവസരങ്ങള്‍ വന്നു.മുന്‍പ് കമ്പരാമായണം മാത്രമാണ് ക്ഷേത്രങ്ങളില്‍ ചെയ്തിരുന്നത്.സംസ്കൃതവും തമിഴും മാത്രമായി ചെയ്യുമ്പോള്‍ പലപ്പോഴും വിരസതയുണ്ടായിരുന്നു.ആളുകള്‍ ക്ഷമയോടെ കാണാത്ത അവസ്ഥയുണ്ടായി.രാമായണം തന്നെ പിന്നീട് ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഒക്കെ ചെയ്തിട്ടുണ്ട്. സോഷ്യല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്തുതുടങ്ങി. ആ മാറ്റങ്ങള്‍ തോല്‍പ്പാവക്കൂത്തിനെ കുറച്ച് കൂടെ ജനകീയമാക്കി. കൂടുതല്‍ സ്വീകാര്യതയും വന്നു. മാറ്റങ്ങള്‍ വരുമ്പോഴും ആ തനത് ശൈലി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിയ്ക്കാറുണ്ട്‌. കലയുടെ ആ ഒരു പവിത്രതയും കാത്തുസൂക്ഷിയ്ക്കാന്‍ ശ്രദ്ധിയ്ക്കാറുണ്ട്.

പാവനിര്‍മ്മാണം എങ്ങനെയാണ്?

പണ്ട് മാന്‍തോലായിരുന്നു പാവനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അത് നിയമപരമായി സാദ്ധ്യമല്ലല്ലോ. ഇപ്പോള്‍ കാളത്തോലും ആട്ടിന്‍ തോലുമൊക്കെയാണ് ഉപയോഗിയ്ക്കുന്നത്. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ക്ലീന്‍ ചെയ്ത് വെയിലത്തിട്ട് ഉണങ്ങിയെടുക്കും. പാവകളില്‍ വളരെ സൂക്ഷ്മമായ ചിത്രങ്ങളുണ്ടാവും. പാട്ടുകള്‍ എഴുതുന്നത് പലരാണ്. പണ്ടൊക്കെ കമ്പരാമായണത്തില്‍ നിന്നുള്ള ഭാഗങ്ങളായിരുന്നു. ഇപ്പോള്‍ കഥയ്ക്ക് അനുസരിച്ച് പലരെക്കൊണ്ടും എഴുതിയ്ക്കും. ഗാന്ധിക്കൂത്തിന്‍റെ വരികളെഴുതിയത്  നന്ദന്‍ എടപ്പാള്‍ ആണ്. യേശുക്കൂത്തിന് വര്‍ഗ്ഗീസ് സാര്‍. അതങ്ങനെ തീം അനുസരിച്ച് പലരേയും സമീപിയ്ക്കുകയാണ് ചെയ്യുന്നത്.

പൊതുവേ ഇത്തരം ക്ഷേത്രകലകളില്‍ എല്ലാത്തിന്റെയും കഥാപശ്ചാത്തലമൊക്കെ ഏകദേശം ഒരുപോലെയാണ്. ഭദ്രകാളി തന്നെയാണ് എല്ലാത്തിലും വരിക. തിരുവനന്തപുരത്ത് അത് മുടിയേറ്റ്. കണ്ണൂര്‍ തെയ്യമാണ്. ആത്യന്തികമായി നന്മ വരുക എന്നത് തന്നെയാണ് ഔട്ട് പുട്ട്. ഭഗവതീക്ഷേത്രങ്ങളോട് അനുബന്ധിച്ച് കൂത്തുമാടങ്ങളിലാണ് തോല്‍പ്പാവക്കൂത്ത് അരങ്ങേറുക. മേലെ വെള്ളപ്പുടവ .താഴെ കറുത്തത്. ആയപ്പുടവ എന്നാണു പറയുക. അതില്‍ വലതു ഭഗത്ത് നന്മയുള്ള കഥാപാത്രങ്ങളും ഇടതുവശത്ത് തിന്മയുള്ള കഥാപാത്രങ്ങളും എന്നാണ്.ക്ഷേത്രങ്ങളില്‍ എല്ലാം അനുഷ്ഠാനങ്ങളോടെയാണ് ചെയ്യുന്നത്.കൂത്ത് കൊട്ടിക്കേറുന്നതും  രാവണ നിഗ്രഹം പോലെയുള്ള കഥാസന്ദര്‍ഭങ്ങളും ഒക്കെ അതാത് അനുഷ്ഠാനങ്ങളോടെ തന്നെയാണ് ചെയ്യുന്നത്.നൂറ്റിയെണ്‍പത്തിലധികം ക്ഷേത്രങ്ങളില്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെയ്യുന്നുണ്ട്.

മാറ്റിനിര്‍ത്തിയപ്പോള്‍ വാശി കൊണ്ട് നേടിയെടുത്തത്

എന്‍റെ ആദ്യത്തെ ഗുരു മുത്തശ്ശന്‍ ആണ്. ചെറുപ്പം മുതല്‍ തന്നെ ഞാന്‍ കാണുന്നുണ്ട് എങ്കിലും സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്നതിനാല്‍ ഇങ്ങനെ  ഒരു വേദി തുറന്നുകിട്ടും  എന്നോര്‍ത്തിട്ടില്ല. പുരുഷന്മാര്‍ മാത്രം നില്‍ക്കുന്ന ഒരു വേദിയാണ്. അതിലേയ്ക്ക് ഞാന്‍ വരും എന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. താൽപര്യമുണ്ടായിരുന്നു. ചെറുപ്പം മുതല്‍ ഓരോന്ന് കണ്ടും കേട്ടും ചെയ്തുകൊണ്ടിരുന്നു. ഏട്ടനും എല്ലാവരും വളരെ ചെറുപ്പത്തില്‍ തന്നെ മുത്തശ്ശന്‍റെയടുത്ത് തന്നെയാണ് പഠിച്ചത്. അവരുടെ കൂടെ ബുക്ക് ഒക്കെയെടുത്ത് ഒരുമിച്ച് ഞാനും പോകും. മുത്തശ്ശന്‍ ഒരിയ്ക്കലും വേണ്ട എന്ന് പറഞ്ഞിട്ടില്ല. പാരമ്പര്യകലയായിരുന്നത് കൊണ്ടുതന്നെ അന്ന് വീട്ടില്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് അച്ഛന്‍ വീട്ടില്‍ ചെറിയൊരു തിയേറ്റര്‍ നിര്‍മ്മിച്ചു. ആളുകള്‍ വീട്ടില്‍ വരുമ്പോള്‍ അവരുടെ മുന്നില്‍ അവതരിപ്പിച്ചുവന്നു.  അച്ഛന്‍ പുതിയ കഥകള്‍ ചെയ്തപ്പോ എനിക്ക് പുറം വേദികളിലേയ്ക്ക് ഒരു വാതില്‍ തുറന്നു കിട്ടി.

ആദ്യം പത്ത് മുതല്‍ പതിനഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു സ്കോളര്‍ഷിപ്പ്‌ നല്‍കുന്നുണ്ടായിരുന്നു.വീട്ടില്‍ നിന്ന് സഹോദരങ്ങളും മറ്റ് ആണ്‍കുട്ടികളും പതിവായി അപേക്ഷിയ്ക്കും.അവര്‍ക്ക് കിട്ടും.കലാരംഗത്ത് പഠനസഹായമായി നല്‍കുന്ന  സ്കോളര്‍ഷിപ്പായിരുന്നു അത്.അതുകണ്ടിട്ട് ഒരു തവണ ഞാനും അപേക്ഷിച്ചു.പക്ഷെ അയച്ച് കഴിഞ്ഞപ്പോള്‍ അവര്‍ അച്ഛനെ അറിയിച്ചു  ഇനി മകള്‍ക്ക് വേണ്ടി അപേക്ഷിയ്ക്കരുത്..ഈ കലാരൂപത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലല്ലോ  എന്ന്.പിന്നീട് ഞാന്‍ പതിനെട്ടുവയസ്സുവരെ അയച്ചില്ല..അതിനുശേഷമാണ് അച്ഛന്‍ ഈ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നത്.അതോടെ പലരുടെയും മനോഭാവം മാറി.പിന്നീട് പതിനെട്ടുമുതല്‍ ഇരുപത്തഞ്ചുവരെയുള്ള വിഭാഗത്തിലേയ്ക്ക് ഞാന്‍ വീണ്ടും അയച്ചു.ആ തവണ എനിയ്ക്ക് സ്കോളര്‍ഷിപ്പ്‌ കിട്ടി.ഡല്‍ഹിയില്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് അത്  നേടി.എന്റെയൊരു വലിയ ആഗ്രഹമായിരുന്നു അത്.ഒപ്പം പഠിയ്ക്കുന്ന, വീട്ടിലെ ആണ്‍കുട്ടികള്‍ എല്ലാവരും  വാങ്ങിക്കുമ്പോ ഒരു  സ്തീയെന്ന നിലയില്‍ ഞാന്‍ മാറ്റപ്പെട്ടത് എനിയ്ക്ക് നല്ല വിഷമമുണ്ടായിരുന്നു.അത് മേടിച്ചെടുക്കണം  എന്ന് വാശിയുണ്ടായിരുന്നു. ഇപ്പൊ കേന്ദ്ര അക്കാദമിയുടെ ജൂനിയര്‍ ഫെലോഷിപ്പ് ഉണ്ട്.ഫോക്ക് ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്ക്കാരവും കിട്ടി.തോല്പ്പാവക്കൂത്തില്‍ ആദ്യമായാണ്‌ ഒരു വനിതയ്ക്ക് ആ അംഗീകാരം കിട്ടുന്നത്.

അച്ഛന്‍ ഓരോ പ്രോഗ്രാമിന് പോകുമ്പോള്‍  ചോദിയ്ക്കും നീ വരുന്നോ എന്ന്.കൂടെ നില്‍ക്കാന്‍ ആളുകള്‍ കുറവായിരുന്നു.അപ്പൊ എന്നോട് ചോദിയ്ക്കും.ഞാന്‍ അച്ഛന്‍റെ കൂടെ പോകും.പാരമ്പര്യകലയായതുകൊണ്ട് സഹോദരങ്ങളും മാമന്മാരും ഒക്കെത്തന്നെയാവും സംഘത്തിലുണ്ടാവുക.ഞാന്‍ മാത്രമാവും സ്ത്രീയായിട്ട്.സിംഗപ്പൂര്‍ ഒക്കെ അങ്ങനെ പോയിട്ടുണ്ട്.ഒരുപാട് ആളുകളെ പരിചയപ്പെടാനും പല കലാസംസ്ക്കാരങ്ങള്‍ മനസ്സിലാക്കാനും ഒക്കെ ആ യാത്രകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.

എന്‍റെ ഡ്രീം ടീം...

സ്ത്രീകള്‍ മാത്രമുള്ള  ഒരു പപ്പറ്റ് തിയേറ്റര്‍ നിര്‍മ്മിയ്ക്കണം എന്നതാണ് ആഗ്രഹം..ഒരു ഡ്രീം ടീം..പാവനിര്‍മ്മാണം മുതല്‍ പെര്‍ഫോമന്‍സ് വരെ എല്ലാം സ്ത്രീകള്‍.മനസ്സും ആഗ്രഹവുമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എല്ലാവര്‍ക്കും ഞങ്ങളുടെ സംഘത്തിലേയ്ക്ക് സ്വാഗതം.

സോഷ്യല്‍ വിഷയങ്ങളിലും ഇപ്പൊ പാവക്കൂത്ത് ഉപയോഗിയ്ക്കുന്നുണ്ട്..കൊറോണ ബോധവല്‍ക്കരണത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ചെയ്തിരുന്നു.പഞ്ചായത്തിന്റെ സഹായത്തോടെയുള്ള ഒരു പ്രോജക്റ്റ് ചെയ്യാന്‍ ആലോചിച്ചപ്പോഴാണ് ലോക്ക് ഡൌന്‍ ഒക്കെയായത്.ഒരു സ്ത്രീയുടെ പ്രെഗ്നന്‍സി സമയത്ത്  ഫോളോ ചെയ്യേണ്ടതായ കാര്യങ്ങള്‍ ഒരു കഥപോലെ ചെയ്യണമെന്നുണ്ട്.

മുത്തശ്ശന്‍റെ കാലശേഷം ഒരു ഗവേഷണ കേന്ദ്രം പോലെ അച്ഛന്‍ ആരംഭിച്ചതാണ് തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രം.പാവക്കൂത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് വന്നിരുന്നു പഠിയ്ക്കാനും റിസര്‍ച്ച് ചെയ്യാനും ഒരു ഇടം.ഒരു മിനി തിയേറ്ററും ഉണ്ട്.

ഇപ്പോഴും പഴയ ആചാര്യന്മാര്‍ക്ക് സ്ത്രീകള്‍ ഈ മേഖലയിലേയ്ക്ക് വരുന്നതില്‍ താല്പര്യമില്ല. പന്ത്രണ്ടായിരത്തിലധികം ശ്ലോകങ്ങളുണ്ട്‌ കമ്പര്‍ എഴുതിയത്..അതില്‍ മൂവായിരത്തിയഞ്ഞൂറോളം  ശ്ലോകങ്ങളാണ് തോല്‍പ്പാവക്കൂത്തില്‍ പെര്‍ഫോം ചെയ്യുന്നത്..ഇത് സ്ത്രീകള്‍ പഠിച്ചിട്ടില്ല എന്നുള്ളതാണ് അവര്‍ മുന്നോട്ട് വയ്ക്കുന്ന വാദം.അത് പഠിച്ച് കഴിഞ്ഞാലെ സ്ത്രീകള്‍ വരാന്‍ പാടുള്ളൂ എന്നാണ് അവര്‍ പറയുന്നത്.പണ്ടുകാലത്ത് കൂത്തുമാടങ്ങളില്‍ ഇതെല്ലാം പഠിച്ച പുലവന്മാരുണ്ടായിരുന്നു.അത് തിരിച്ചും മറിച്ചും പാടാനുള്ള കഴിവുള്ളവര്‍. അത് അറിയില്ലെങ്കില്‍ അവരെ പുറത്താക്കാനുള്ള അധികാരം  മറ്റു പുലവന്മാര്‍ക്കും ഉണ്ടായിരുന്നു.ആ കാലം പോലെ എല്ലാം ഈ കാലത്ത് പറ്റില്ലല്ലോ.

കേരളസര്‍ക്കാരിന്‍റെ വജ്രജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി ഞാനിപ്പോള്‍ സ്കൂള്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നുണ്ട്.കുറച്ച് കഴിയുമ്പോള്‍ കുട്ടികള്‍ക്ക് വിരസതയുണ്ടാവും.മാത് സ് ഒക്കെ പഠിയ്ക്കുന്നത് പോലെതന്നെയാണ്.അവരുടെ രീതിയ്ക്കും താല്‍പര്യങ്ങള്‍ക്കും ഒപ്പം കുറെയൊക്കെ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ പഠിയ്ക്കാന്‍ ആളുണ്ടാവില്ല.കലകള്‍ അന്യം നിന്നുപോകും.എല്ലാത്തിനും മുകളില്‍ കല നില നില്‍ക്കണം എന്നുള്ളതാണല്ലോ..

ഭര്‍ത്താവിനും മകനുമൊപ്പമാണ് താമസം.അച്ഛന്‍ പ്രോഗ്രാമിന് വിളിക്കും വരുന്നോ നീയ് എന്ന്..പോകണ്ടാ എന്നൊരു വാക്ക് ഇതുവരെ ഭര്‍ത്താവായ സുരേഷില്‍ നിന്നുണ്ടായിട്ടില്ല.അതൊരു വലിയ സപ്പോര്‍ട്ടാണ്. 

English Summary: Padmashri Ramachandra Pulavar's Daughter Rajitha About Puppetry