കടുത്ത ചർമരോഗത്താൽ കുഞ്ഞ് കഷ്ടപ്പെടുന്നതു കണ്ട് ‘അമ്മ ഡോക്ടർ’ ഒരു ‘കടുംകൈ’ ചെയ്തു. കുഞ്ഞിന്റെ പ്രത്യേക ചർമസ്വഭാവത്തിനു പറ്റുന്ന ഒരു സോപ്പ് തന്നെ സൃഷ്ടിച്ചു. അതു ഫലിച്ചു. അതായിരുന്നു തുടക്കം. തൊലിപ്പുറമെ ഉണ്ടാകുന്ന ഓരോരോ പ്രശ്നങ്ങൾക്കും മുടി കൊഴിച്ചിലിനും പ്രതിവിധികൾ കണ്ടെത്തിക്കണ്ടെത്തി നാൽപതിലേറെ ഉൽപന്നങ്ങളാണ് ഈ ഡോക്ടർ ഇതിനകം ഉണ്ടാക്കിയെടുത്തത്. ഇരുപത്തൊന്നുകാരിയായ മകൾക്ക് ഇനി ടൂത്ത് പേസ്റ്റ് മാത്രമേ അമ്മ നിർമിക്കാൻ ബാക്കിയുള്ളൂ. ഒരുവിധ ആസൂത്രണവുമില്ലാതെ ഡോക്ടർ അങ്ങനെ ഒരു സംരംഭകയുമായി. കോവിഡ് പ്രതിസന്ധി കാലത്തു കുറച്ചു സ്ത്രീകൾക്കു തൊഴിലും നൽകി.തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനി ഡോ.രജിത നന്ദിനി എന്ന ശിശുരോഗ വിദഗ്ധയുടെയും മകൾ ദുർഗയുടെയും ‘അലോഹ’ എന്ന ബ്രാൻഡിന്റെയും കഥയാണിത്.

എല്ലാം മകൾക്കു വേണ്ടി

രജിതയുടെ കുടുംബത്തിലെ പലർക്കും ത്വക്‌രോഗ പ്രശ്നങ്ങളുണ്ടായിരുന്നു. എക്സിമ, സോറിയാസിസ് പ്രശ്നങ്ങൾ മൂലം ചില ഉറ്റ ബന്ധുക്കൾ വല്ലാതെ പ്രയാസപ്പെടുന്നതിനും രജിത സാക്ഷിയായിരുന്നു. മകൾ ജനിച്ച് നാലഞ്ചു വയസ്സായപ്പോഴേക്കും കുഞ്ഞിന്റെ ചർമവും വരണ്ടുണങ്ങാൻ തുടങ്ങി. ശിശുരോഗ വിദഗ്ധയായ അമ്മ തനിക്കറിയാവുന്ന ചികിത്സയെല്ലാം നടത്തിയിട്ടും ഫലമുണ്ടായില്ല. പിന്നെ ത്വക് രോഗ വിദഗ്ധരുടെ ചികിത്സയായി. വർഷങ്ങളോളം.. ഒന്നും ഫലിച്ചില്ല. വരണ്ടുണങ്ങിയ ത്വക്കിൽ അസഹനീയമായ ചൊറിച്ചിലാണ്. രാത്രി മുഴുവൻ രജിതയും അമ്മയും ഉറക്കമൊഴിച്ചിരുന്നു കുട്ടിയുടെ കാലുകൾ തടവിക്കൊടുക്കണം, ഇല്ലെങ്കിൽ ചൊറിച്ചിൽ കാരണം കുട്ടിക്ക് ഉറങ്ങാൻ പറ്റില്ല. തൊലിയാകെ വിണ്ടുകീറി വികൃതമായി. കാലുകൾ പൂർണമായി മറയ്ക്കാത്ത ഒരു വസ്ത്രം പോലും കുട്ടിക്ക് ഇടാൻ പറ്റിയിട്ടില്ല. ത്വക് രോഗ ചികിത്സയിൽ പ്രശസ്തരെന്നു കേട്ടവരെയെല്ലാം രജിത സമീപിച്ചു. പല ചികിത്സകൾ മാറിമാറി നോക്കി. കുട്ടിക്ക് ഒരു സോപ്പ് പോലും തേയ്ക്കാൻ പറ്റാതായി. രാവും പകലും പലവിധ മെഡിക്കൽ ജേണലുകളിലൂടെ രജിത ‘അത്ഭുതം’ തേടിയലഞ്ഞു. ഒരു ലേഖനത്തിൽ ആ അത്ഭുതമുണ്ടായിരുന്നു!

ആട്ടിൻപാലിൽ നിന്ന് സോപ്പ്

ചർമരോഗങ്ങൾക്ക് ആട്ടിൻപാൽ അത്ഭുതഫലം ഉണ്ടാക്കുന്നതായുള്ള ഗവേഷണ റിപ്പോർട്ട് ഒരു മെഡിക്കൽ ജേണലിൽ കണ്ടതാണ് രജിതയ്ക്കു ചെറിയ പ്രതീക്ഷ നൽകിയത്. ആട്ടിൻപാൽ കൊണ്ടുള്ള സോപ്പ് എവിടെ നിന്നു കിട്ടുമെന്നായി അടുത്ത അന്വേഷണം. അത് ഇന്റർനെറ്റ് വഴി കണ്ടെത്തി. പരീക്ഷണാർഥം ഒരു സോപ്പ് ഓർഡർ ചെയ്തു വാങ്ങി. മകൾ അത് ഉപയോഗിച്ചപ്പോൾ അവിശ്വസനീയമായ ഫലമായിരുന്നു. ചൊറിച്ചിലും അസ്വസ്ഥതയും കുറഞ്ഞു, ത്വക്കിന്റെ വരൾച്ച കുറഞ്ഞു. 

പക്ഷേ അടുത്ത സോപ്പ് വാങ്ങാൻ നോക്കുമ്പോൾ ആ കമ്പനി തന്നെ പൂട്ടിപ്പോയിരിക്കുന്നു!! പിന്നെ ആ സ്ഥാപനം തേടി നെട്ടോട്ടമായി. രാജസ്ഥാനിലുള്ള സ്ഥാപനമാണെന്നു കണ്ടെത്തി. ചെലവിനനുസരിച്ചുള്ള വിൽപനയില്ലാതെ നഷ്ടത്തിലായതിനാലാണു പൂട്ടിയതെന്ന് അവർ പറഞ്ഞു. 10 സോപ്പെങ്കിലും ഉണ്ടാക്കിത്തരാമോ, എത്ര വില വേണമെങ്കിലും തരാമെന്ന് രജിത കെഞ്ചി. അവർ കൈ മലർത്തി. അതുണ്ടാക്കുന്ന മെഷീൻ തരാമോ എന്നായി. ഹാൻഡ് മെയ്ഡ് ആയി നിങ്ങൾക്കു വേണമെങ്കിൽ വീട്ടിലുണ്ടാക്കിക്കൂടേ എന്ന് അവർ തിരിച്ചു ചോദിച്ചു.

സോപ്പോ.. ഞാനോ.. !

ഒരിക്കലും ആലോചിക്കുക പോലും ചെയ്യാത്ത കാര്യം! ഡോക്ടറായ താൻ വീട്ടിലിരുന്നു സോപ്പുണ്ടാക്കുകയോ..!! പക്ഷേ മകൾക്കു വേണ്ടി ആ കടുംകൈയ്ക്കും രജിത തയാറായി. ആദ്യം സോപ്പ് നിർമാണ കോഴ്സിൽ ചേർന്നു പാസായി. പിന്നെ സ്വന്തം നിലയ്ക്കുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഷിയ ബട്ടറും ഒലിവെണ്ണയുമെല്ലാം തരാതരം പോലെ ചേർത്തു. അങ്ങനെ ആദ്യത്തെ സോപ്പ് ഉണ്ടായി. മകൾ അപ്പോൾ പ്ലസ് ടുവിന് ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്. സോപ്പുമായി അവളെ കാണാൻ ചെല്ലുമ്പോൾ നെഞ്ചിടിക്കുകയായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടാകുമോ... അസ്വസ്ഥത തോന്നിയാൽ പിന്നെ ഉപയോഗിക്കരുതെന്ന് എൽപിച്ചു. അടുത്ത ദിവസം മകൾ വിളിച്ചു, ഒരു പ്രശ്നവുമില്ല. രണ്ടാമത്തെ ദിവസത്തെ ഫീഡ്ബാക്ക്, ഇതു കൊള്ളാമല്ലോ എന്നായി. മകളുടെ പ്രത്യേക തരം ചർമത്തിന് ആ സോപ്പ് ഏറ്റവും ഫലം ചെയ്യുന്നതായാണു പിന്നീടു കണ്ടത്. അതോടെ ആവേശമായി.

പലതരം സോപ്പുകളിലേക്ക്

മകളുടെ ചർമത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. മുഖത്തു മാത്രം കടുത്ത എണ്ണമയം. ചികിത്സകൾക്കു വഴങ്ങാതെ മുഖക്കുരുക്കൾ വല്ലാതെ തിങ്ങിനിറഞ്ഞു പഴുത്തു ചുവന്നിരുന്നു. വരണ്ട ചർമത്തിനുള്ള സോപ്പ് മുഖത്തിനു പറ്റില്ല. അതുകൊണ്ട്, അതിനു പറ്റുന്ന സോപ്പ് വേറെ ഉണ്ടാക്കണമെന്നായി. ആയുർവേദ ഡോക്ടർമാരുടെ ഉപദേശനിർദേശങ്ങളും സ്വീകരിച്ച് സോപ്പിന്റെ കൂട്ടിൽ മാറ്റങ്ങൾ വരുത്തി. ആട്ടിൻപാലിൽ മാത്രം മാറ്റമില്ല. ആട്ടിയ വെളിച്ചെണ്ണയും ഉരുക്കു വെളിച്ചെണ്ണയും ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ പുതിയൊരു സോപ്പ് ഉണ്ടായി.

വീട്ടുകാരിലും ഉറ്റ ബന്ധുക്കളിലുമായിരുന്നു അടുത്ത പരീക്ഷണം. കുടുംബത്തിൽ തന്നെയുണ്ടല്ലോ കുറേ ആവശ്യക്കാർ. അവരെല്ലാം കയ്യടിച്ചു പാസാക്കിയപ്പോൾ മാത്രമാണു ധൈര്യവും ആത്മവിശ്വാസവുമായത്. അവർ പറഞ്ഞറിഞ്ഞു പിന്നെയും ആവശ്യക്കാരെത്തി. കേട്ടറിഞ്ഞു സുഹൃത്തുക്കളും. എല്ലാവർക്കും സൗജന്യമായി സോപ്പുണ്ടാക്കി നൽകി. പൂർണമായും ഹാൻഡ് മെയ്ഡ്. 

‘‘ ഒരു സൽപ്രവൃത്തിയായിട്ടാണ് എനിക്കു തോന്നിയത്. എന്റെ മകളുടെയും ബന്ധുക്കളുടെയും പ്രയാസങ്ങൾ നേരിട്ടറിഞ്ഞവളാണല്ലോ ഞാൻ. വരണ്ട ചർമത്തിനുള്ള മരുന്നല്ല എന്റെ സോപ്പ്. എത്ര സെൻസിറ്റീവ് ആയ ചർമമുള്ളവർക്കും പാർശ്വഫലം പേടിക്കാതെ സമാധാനത്തോടെ ഉപയോഗിക്കാൻ പറ്റുന്ന സോപ്പുകൾ. അതിനൊപ്പം ചർമത്തെ കൂടുതൽ ആരോഗ്യ പൂർണമാക്കും, മൃദുത്വം നൽകും. ചൊറിഞ്ഞു പൊട്ടിച്ചു താറുമാറായ ചർമത്തിനു പുതിയ ജീവൻ നൽകണം’’–അതായിരുന്നു ഉദ്ദേശ്യം. അങ്ങനെ ഒന്നു രണ്ടു വർഷം കഴിഞ്ഞപ്പോൾ ഇതിങ്ങനെയല്ല കൊണ്ടുപോകേണ്ടത്, കുറച്ചു കൂടി പ്രഫഷനൽ ആകണമെന്ന് എല്ലാവരും ഉപദേശിക്കാൻ തുടങ്ങി. നാളതുവരെ ഇതൊരു വ്യവസായ സംരംഭമാക്കുന്നതിനെപ്പറ്റി ഡോക്ടർ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. ഞാനോ, സോപ്പ് കച്ചവടമോ എന്ന് ആകെയൊരു അങ്കലാപ്പ്!

കാപ്പിക്കടയിൽ നിന്നൊരു സംരംഭക

‘‘എന്റെ സഹോദരഭാര്യ ഗായത്രി രമണി, എന്റെ ബന്ധു പാർവതി സുരേഷ് – ഞങ്ങൾ മൂന്നുപേർ കോഫി ഷോപ്പിൽ ഒത്തുകൂടിയപ്പോഴാണു ‘സോപ്പ് ബിസിനസ്’ എന്ന ആശയം ഉരുത്തിരിയുന്നത്. ബിസിനസ് എന്നു കേട്ടു പേടിച്ചു മടിച്ചുനിന്ന എന്നെ ഇതിലേക്ക് ഉന്തിത്തള്ളി വിട്ടത് അവരുടെ ആവേശവും പ്രോത്സാഹനവുമാണ്. ആ കാപ്പിക്കടയിലിരുന്ന് ഞങ്ങൾ എന്റെ സോപ്പിന്റെ ഭാവി സ്വപ്നം കണ്ടു. അതുവരെ ഏതാണ്ട് ഹൽവത്തുണ്ടു പോലെയിരുന്ന സോപ്പിനു രൂപഭാവങ്ങൾ, പാക്കിങ് കവർ എന്നിവ ഞങ്ങൾ ഡിസൈൻ ചെയ്തു.

‘‘പിന്നെ പേരിട്ടു: അലോഹ. ആ പേരിലുണ്ടല്ലോ സ്നേഹവും കാരുണ്യവും സന്തോഷവും പരസ്പരധാരണയും എല്ലാം. എന്റെ സംരംഭത്തിന് ‘അലോഹ സ്കിൻ എസൻഷ്യൽസ്’ എന്നും പേരു നിശ്ചയിച്ചു.‘‘തെലങ്കാനയിൽ തിയ സോപ്സ് അക്കാദമിയിൽ പോയാണു ഹാൻഡ് മെയ്ഡ് സോപ്പ് നിർമാണം പഠിച്ചത്. ഹെർബൽ സോപ്പ് നിർമാണങ്ങൾ വേറെ പലയിടത്തും പോയിക്കണ്ടു മനസ്സിലാക്കി. അതിനൊപ്പം സ്വന്തം ഗവേഷണങ്ങളും. ‘സേഫ് സ്കിൻ ആൻഡ് ഹെയർ പ്രോഡക്ട്സ്’ ലക്ഷ്യമിട്ടു കോസ്മറ്റിക് നിർമാണത്തിൽ അഡ്വാൻഡ്സ് കോഴ്സുകളും ചെയ്തു. ഇതിനിടെ. ‍ഡ്രഗ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റും കിട്ടി. ആലപ്പുഴയിൽ തുറവൂരിലാണു അലോഹ സോപ്പ് നിർമാണ യൂണിറ്റ് തുടങ്ങിയത്’’– ഡോ.രജിത സംരംഭകയിലേക്ക് എത്തിയ വഴി പറയുകയാണ്.

ആവശ്യങ്ങളനുസരിച്ച് ഉൽപ്പന്നങ്ങൾ

തന്നെ വന്നു കണ്ട ഓരോരുത്തരുടെയും പ്രശ്നങ്ങളും പ്രത്യേക ആവശ്യങ്ങളുമാണ് ഓരോരോ പുതിയ ഉൽപ്പന്നങ്ങളിലേക്കു കൊണ്ടെത്തിച്ചതെന്നു രജിത പറയുന്നു. കടുത്ത പ്രമേഹം മൂലം ചർമം വല്ലാതെ വരണ്ടുണങ്ങി വിണ്ടുകീറി അണുബാധയുണ്ടാകുന്ന പ്രശ്നത്തിനു പ്രതിവിധിയായി വളരെ വീര്യം കുറഞ്ഞതും ചർമത്തിന്റെ ഈർപ്പവും എണ്ണമയവും നിലനിർത്തുന്നതുമായ ഔഷധ സോപ്പും ക്രീമും തയാറാക്കിയത് ഒരു ഉദാഹരണം. രൂക്ഷമായ വിയർപ്പു ഗന്ധം, മുഖക്കുരു പ്രശ്നങ്ങൾ നേരിടാനും സോപ്പുകളും ക്രീമുകളും ഉണ്ടാക്കി. പിന്നീടു ഫെയ്സ് പാക്കുകൾ, വിവിധതരം തലമുടിക്കു പറ്റുന്ന ഷാംപൂകൾ, ഷാംപൂ ബാറുകൾ, താരനും മുടികൊഴിച്ചിലും മുടിയുടെ വരൾച്ചയും നിയന്ത്രിക്കുന്ന ഷാംപൂകളും ഹെയർ ഓയിലുകളും. പിന്നീടാണു കാച്ചെണ്ണകളിലേക്കു തിരിഞ്ഞത്. സുഹൃത്തുക്കളായ ആയുർവേദ ഡോക്ടർമാർക്കൊപ്പം സഹായിയായി നിന്നാണ് എണ്ണകാച്ചൽ ടെക്നിക് പഠിച്ചെടുത്തത്.

കട്ട ലോക്കൽ, പക്ഷേ മികച്ച ക്വാളിറ്റി

ആദ്യമെല്ലാം വിദേശത്തു നിന്നു ചേരുവകൾ വരുത്തിയായിരുന്നു നിർമാണം. പക്ഷേ, കലർപ്പില്ലെന്നും ഏറ്റവും മികച്ചതെന്നും ഉത്തമബോധ്യമുള്ളവ പരിസരത്തു നിന്നു തന്നെ കിട്ടുമെങ്കിൽ അതല്ലേ പ്രോത്സാഹിപ്പിക്കേണ്ടതെന്നും രജിത പഠിച്ചു. ഔഷധ ഇലകൾ, വേരുകൾ, പട്ടകൾ, രക്തചന്ദനം, മഞ്ഞൾ, കസ്തൂരി മഞ്ഞൾ എന്നിവയെല്ലാം ലോക്കലായി കൃഷി ചെയ്യുന്നവരിൽ നിന്നു വാങ്ങി. പരിസരവാസികൾ ചക്കിലാട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയും സംസ്ഥാന സർക്കാരിന്റെ ‘കേര’ വെളിച്ചെണ്ണയും മാത്രമാണ് ഉപയോഗിക്കുന്നത്. ഇവയുടെയെല്ലാം ശേഖരണത്തിനും എണ്ണ കാച്ചലിനും സോപ്പുകളും മറ്റും കൈകൊണ്ട് ഉണ്ടാക്കുന്നതിനുമായി കുറച്ചു സ്ത്രീകൾക്കും രജിത തൊഴിൽ നൽകി. എല്ലാം പരിസരവാസികൾ. കോവിഡ് മൂലം തൊഴിൽ നഷ്ടമായവർ ഉൾപ്പെടെ അക്കൂട്ടത്തിലുണ്ട്.

എല്ലാവർക്കും അറിയേണ്ടത് ആട്ടിൻപാലിന്റെ കാര്യമാണ്. മാസം 4–5 ലീറ്റർ ആട്ടിൻ പാലാണു വേണ്ടിവരുന്നത്. പരിസരത്ത് ആടു വളർത്തുന്നവരിൽ നിന്നാണ് ‌അതും വാങ്ങുന്നത്.കോവിഡിനെത്തുടർന്ന് ആലപ്പുഴയിലെ യൂണിറ്റിൽ തൽക്കാലം നിർമാണമില്ല. പത്തനംതിട്ടയിൽ മുത്തൂറ്റ് ഹോസ്പിറ്റലിൽ പീഡിയാട്രീ്യനായി പ്രവർത്തിക്കുന്ന ഡോ. രജിത നന്ദിനി തന്റെ വീടിന്റെ ഒരു ഭാഗമാണ് ഇപ്പോൾ ‘അലോഹ’ നിർമാണ യൂണിറ്റാക്കിയിരിക്കുന്നത്. പത്തനംതിട്ടയിൽ ആട്ടിൻപാലിന് ഒരു ക്ഷാമവുമില്ലെന്ന് രജിതയുടെ സാക്ഷ്യം.

ഒന്നിൽ നിന്ന് 41 ലേക്ക്

ഒരു സോപ്പിൽ നിന്നു തുടങ്ങി 41 ഉൽപ്പന്നങ്ങളാണ് അലോഹയുടെ ലേബലിൽ ഡോ. രജിത ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എല്ലാം 100% ഹാൻഡ് മെയ്ഡ്. നവജാത ശിശുക്കൾക്കു പറ്റിയ സ്പെഷൽ എണ്ണകളും സോപ്പുകളും ക്രീമും ഉൾപ്പെടെയാണിത്. കാപ്പിയുടെ മണമുള്ള കോഫി സോപ്പ് ഉൾപ്പെടെ സോപ്പുകൾ തന്നെ 10 തരമുണ്ട്. ലിപ് ബാമും കൺമഷിയും വരെ എത്തിനിൽക്കുന്നു ഡോക്ടറുടെ സൗന്ദര്യ പരീക്ഷണങ്ങൾ.

ഇതുവരെ ഒരു പരസ്യം പോലും അലോഹയ്ക്കു വേണ്ടി രജിത നൽകിയിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് വെബ്സൈറ്റ് (alohas.in) തുടങ്ങുന്നതു തന്നെ. ഉൽപന്നങ്ങളുടെ വിവരണം ഇതിലുണ്ട്. ഇതുവഴി ഉൽപ്പന്നത്തിനുള്ള ഓർഡർ നൽകാം. കടകളിലോ ഓൺലൈൻ പ്ലാറ്റ്ഫോമിലോ ഒന്നും അലോഹ എത്തിത്തുടങ്ങിയിട്ടില്ല. അത്യാവശ്യക്കാർക്കു നൽകാനുള്ള ചെറുകിട സംരംഭമായിതന്നെ തൽക്കാലും കൊണ്ടുപോകാനാണു രജിത ഉദ്ദേശിക്കുന്നത്.

ശിശുരോഗ വിദഗ്ധയുടെ തിരക്കുകളുടെ ഇടവേളകളിലാണു സോപ്പ് നിർമാണം. 2019 ജനുവരി മുതലാണു സോപ്പ് വിൽപന തുടങ്ങിയത്. അത്യാവശ്യക്കാർക്കു മാത്രം നൽകിയിട്ടും ഈ പ്രതിസന്ധി കാലത്തും പ്രതിമാസം ഒരു ലക്ഷത്തിലേറെ വരുമാനമുണ്ട്. മണിപ്പാലിൽ ബിരുദ വിദ്യാർഥിനിയായ മകൾ ദുർഗ അവിടെയിരുന്ന് അമ്മയ്ക്കായി ബിസിനസ് ഓർഡറുകൾ കൈകാര്യം ചെയ്യുന്നു.

തേങ്ങാപ്പാലിലേക്കും

നാളികേര ബോർഡ് അവരുടെ ജേണലിൽ ഡോ. രജിതയുടെ സംരംഭത്തെക്കുറിച്ചു വാർത്ത കൊടുത്തിരുന്നു. തേങ്ങാപ്പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കിക്കൊടുക്കാനുള്ള അവരുടെ ആവശ്യം മുൻനിർത്തി രജിത അത്തരം സോപ്പുകളും ഉണ്ടാക്കി നൽകി.

ടൂത്ത്പേസ്റ്റ് ഒഴികെയെല്ലാം

രജിതയും കുടുംബാംഗങ്ങളും ഉറ്റ ബന്ധുക്കളുമൊന്നും പുറത്തുനിന്നു മറ്റൊരു സൗന്ദര്യവർധക വസ്തുക്കളും ഇപ്പോൾ ഉപയോഗിക്കുന്നില്ല. ടൂത്ത് പേസ്റ്റ് ഒഴികെയെല്ലാം അമ്മയുടെ അലോഹ പ്രോഡക്ട്സ് ആണ് മകൾ ഉപയോഗിക്കുന്നത്.  ഇനി ടൂത്ത് പേസ്റ്റും ഉണ്ടാക്കുമോ എന്നു ചോദിച്ചാൽ. നിലവിലുള്ള ടൂത്ത് പേസ്റ്റിനോടെല്ലാം അലർജി എന്ന സങ്കടവുമായി ആരെങ്കിലും വന്നാൽ ഡോ.രജിത ചിലപ്പോൾ അതേക്കുറിച്ചും ആലോചിച്ചേക്കും.

English Summary: Successfull Life Story Of Dr. Rajitha Nandini