വിവാഹത്തോടെ കരിയർ സ്വപ്നങ്ങൾ മാറ്റി വയ്ക്കുകയോ കുടുംബത്തിനു കൂടുതൽ സമയം നീക്കി വയ്ക്കാവുന്ന തരത്തിൽ പുതുക്കപ്പെടുകയോ ചെയ്യുന്ന അനുഭവങ്ങളാകും ഭൂരിപക്ഷം സ്ത്രീകൾക്കും പറയാനുണ്ടാകുക. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ വിവാഹിതയാവുകയും കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്ന സ്ത്രീകൾക്ക് സ്വപ്നം കണ്ട തൊഴിൽ മേഖലയിലേക്ക് കരുത്തോടെ പ്രവേശിക്കാൻ ചെറിയ പ്രയാസങ്ങളല്ല നേരിടേണ്ടത്. എന്നാൽ കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശിൽപ ഐപിഎസിന് പറയാനുള്ളത് മറ്റൊരു ജീവിതമാണ്. ഒരു പെൺകുട്ടിയുടെ അമ്മയായതിനു ശേഷമാണ് ഐപിഎസ് പോലൊരു കരിയറിലേക്ക് ഡി.ശിൽപ കടന്നു വരുന്നത്. അതും നല്ല ശമ്പളവും സൗകര്യങ്ങളുമുള്ള ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച്! കടന്നു വന്ന വഴികളെക്കുറിച്ച് ഡി.ശിൽപ ഐപിഎസ് മനോരമ ഓൺലൈനോട് മനസു തുറന്നപ്പോൾ. 

അച്ഛൻ കൊളുത്തി വച്ച സ്വപ്നം

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലായിരുന്നു എന്റെ അച്ഛൻ. അതുകൊണ്ടു തന്നെ സിവിൽ സർവീസ് എന്നത് എനിക്ക് പരിചിതമായ ഒരു മേഖലയായിരുന്നു. അച്ഛനെയും സിവിൽ സർവീസിലുള്ള അച്ഛന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കണ്ടാണ് ഞാൻ വളർന്നത്. അതിൽ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ ഉണ്ടായിരുന്നു. അവരോടൊത്ത് സമയം ചെലവഴിക്കുമ്പോഴൊക്കെ സിവിൽ സർവീസിൽ വരണമെന്ന് എനിക്കും ആഗ്രഹം തോന്നുമായിരുന്നു. കിരൺ ബേദിയൊക്കെ എന്റെ റോൾ മോഡലായിരുന്നു. ആ സമയത്ത് ഉഡാൻ എന്നൊരു സീരിയൽ ഉണ്ടായിരുന്നു. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയെക്കുറിച്ചുള്ള കഥയായിരുന്നു അത്. പ്രതിസന്ധികളെ തരണം ചെയ്ത് സർവീസിലെത്തുന്ന ആ സീരിയലിലെ മിടുക്കിയായ ഉദ്യോഗസ്ഥ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

പ്രസവകാലത്തെ സിവിൽ സർവീസ് പഠനം

ചെറുപ്പം മുതലേ സിവിൽ സർവീസ് എന്ന സ്വപ്നം കൊണ്ടു നടന്നിരുന്നെങ്കിലും ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് എല്ലാവരും ഐടി ജോലിക്ക് പിന്നാലെയായിരുന്നു. ഞാനും അതു തന്നെ തിരഞ്ഞെടുത്തു. ആദ്യം ബി.ടെക് ചെയ്തു. പിന്നീട് എം.ബി.എ എടുത്തു. അതിനു ശേഷമാണ് ഐടി മേഖലയിൽ ജോലിയിൽ പ്രവേശിച്ചത്. എങ്കിലും സിവിൽ സർവീസ് എന്ന സ്വപ്നം മനസിൽ മായാതെ കിടന്നു. അതിനിടയിൽ ഞാൻ വിവാഹിതയായി. വൈകാതെ ഒരു കുഞ്ഞിന്റെ അമ്മയുമായി. അതുവരെ തിരക്കു പിടിച്ച് ഓടി നടന്നിരുന്ന എന്റെ കരിയറിൽ ചെറിയൊരു ഇടവേള വന്നു. എനിക്ക് കുഞ്ഞിനു വേണ്ടി സമയം നീക്കി വയ്ക്കണമായിരുന്നു. സത്യത്തിൽ ആ ഇടവേളയിലാണ് ഞാൻ വീണ്ടും ഗൗരമേറിയ വായനയ്ക്കും പഠനത്തിനും സമയം കണ്ടെത്തിയത്. 

വെല്ലുവിളിയായ പരിശീലനകാലം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത് ഭർത്താവിനെ ആയിരുന്നു. എനിക്ക് സിവിൽ സർവീസിനോടുള്ള ഇഷ്ടം അദ്ദേഹത്തിനും അറിയാവുന്നതാണ്. താൽപര്യം അറിയിച്ചപ്പോൾ അദ്ദേഹത്തിനും വീട്ടുകാർക്കും വലിയ സന്തോഷം. എന്റെ വീട്ടിൽ അച്ഛനായിരുന്നു ഏറെ സന്തോഷം. വായിക്കാനുള്ള പുസ്തകങ്ങളും തയ്യാറെടുക്കാനുള്ള മെറ്റീരിയലുകളെല്ലാം സംഘടിപ്പിച്ച് പഠനം തുടങ്ങി. ചെറിയ കുഞ്ഞ് ഉള്ളതുകൊണ്ട് ദീർഘമായ മണിക്കൂറുകൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും പരാമവധി സമയം കണ്ടെത്തി പഠിച്ചു. ഒടുവിൽ ഐപിഎസിന് സെലക്ഷൻ ലഭിച്ചു. അമ്മയായതിനു ശേഷം എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുത്തു എന്ന കൗതുകം ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾക്കും ഉണ്ടായിരുന്നു. ചെറുപ്പം മുതൽ സിവിൽ സർവീസിനോടുള്ള ഇഷ്ടം പങ്കുവച്ചപ്പോൾ അവർക്കും അദ്ഭുതം. പരിശീലന കാലഘട്ടം ശരിക്കും ബുദ്ധിമുട്ട് ഏറിയതായിരുന്നു. കാരണം കടുത്ത വ്യായാമ മുറകളൊന്നും ചെറുപ്പത്തിലെ ഞാൻ ശീലിച്ചിരുന്നില്ല. പ്രസവത്തിനു ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വേറെയും. എങ്കിലും അവെയല്ലാം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. 

കോവിഡ് കാലത്തെ സുരക്ഷാ ചുമതല

കാസർകോട് സ്പെഷൽ ഓഫിസർ ആയാണ് ആദ്യം എത്തിയത്. കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യമാസങ്ങളായിരുന്നു അവ. ആ സമയത്താണ് കാസർകോ‍ട് കൂടുതൽ കേസുകൾ വന്നതും ലോക്ഡൗൺ ആകുന്നതും. തുടക്കത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നല്ലോ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രിയും പകലുമില്ലാതെ അധ്വാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു അത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിയിരുന്നതുകൊണ്ട് എനിക്ക് എന്റെ കുടുംബത്തെ നേരിൽ കാണാൻ പോലും കഴിഞ്ഞില്ല. അവർ ബെംഗളൂരുവിലായിരുന്നു. അവിടേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സാഹചര്യം ആയിരുന്നില്ല. വൈകാരികമായി പോലും ഏറെ വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടു. കാസർകോട് സാധാരണനിലയിലേക്ക് തിരിച്ചെത്തി. പല മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു. ഇപ്പോൾ കോട്ടയത്തിന്റെ ചുമതലയിലാണ് ഉള്ളത്. ഇവിടെ തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കുകൾ തുടങ്ങിക്കഴിഞ്ഞു. 

പൊലീസിൽ ഇനിയും വേണം സ്ത്രീകൾ

പൊലീസ് സർവീസ് തീർച്ചയായും വളരെ ടഫ് ആണ്. എന്നാൽ, കൂടുതൽ സ്ത്രീകൾ ഇപ്പോൾ ഈ മേഖലയിലേക്ക് വരുന്നുണ്ട്. എസ്.ഐ റിക്രൂട്ട്മെന്റ് എടുക്കുകയാണെങ്കിൽ അതിൽ 25 ശതമാനവും സ്ത്രീകളാണ്. അതായത് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറി വരുന്നുണ്ട്. കൂടുതൽ സ്ത്രീകൾ പൊലീസ് സർവീസിലേക്ക് വരാൻ ആഗ്രഹിക്കുന്നു. എന്റെ അനുഭവത്തിൽ സ്ത്രീകളെ പൊലീസ് യൂണിഫോമിൽ കാണുമ്പോൾ സ്ത്രീകൾക്കു തന്നെ ഒരു സുരക്ഷിതത്വബോധം വരുന്നുണ്ട്. സമൂഹത്തിൽ സ്ത്രീകൾക്ക് ലീംഗനീതിയും തുല്യതയും ഉറപ്പുവരുത്തുന്നതിന് തീർച്ചയായും കൂടുതൽ സ്ത്രീകൾ പൊലീസ് സർവീസിൽ വരേണ്ടതുണ്ട്.

(കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയോട് കലാലയ വിദ്യാർഥിനികൾ ചോദിച്ച ചോദ്യങ്ങളും കരുത്തുറ്റ ഉത്തരങ്ങളും)

ഇലക്ട്രോണിക്സിൽ ബിടെക്, തുടർന്ന് എംബിഎ, പിന്നെ സിവിൽ സർവീസ്... മനസ്സിൽ ഒളിപ്പിച്ച ഐപിഎസ് മോഹത്തിനു വീണ്ടും ചിറകുമുളച്ചത് ടാറ്റ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായിരിക്കെ. വിവാഹിതയും അമ്മയുമായതിനു ശേഷം സിവിൽ സർവീസ് പരിശീലനം തുടങ്ങിയ ഡി. ശിൽപ ഇപ്പോൾ ജില്ലയുടെ ആദ്യ വനിതാ പൊലീസ് മേധാവിയാണ്. കോളജ് വിദ്യാർഥികൾ ശിൽപയുമായി സംസാരിക്കുന്നു.

പൊലീസ് മേധാവിയായി ജോലി ചെയ്യുമ്പോൾ വനിത എന്ന നിലയിൽ വെല്ലുവിളികളുണ്ടോ

മറ്റേതൊരു ഉദ്യോഗസ്ഥനെയും പോലെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരും. സ്ത്രീയോ പുരുഷനോ എന്നതിന് ഇവിടെ പ്രസക്തിയില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനാണു മുൻഗണന. വനിതയായതുകൊണ്ട്, അവരുടെ പക്ഷത്തുനിന്നു ചിന്തിക്കാനും കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും കഴിയും.

കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പൊലീസ് മേധാവി എന്നിവർ വനിതകളായുള്ള കോട്ടയം മോഡൽ.?

ഇതു സംസ്ഥാനത്തിനു മാതൃകയാണ്. സ്ത്രീകൾ ഭരണ തലപ്പത്ത് എത്തിയാൽ സ്ത്രീകൾക്കും കുട്ടികൾക്കും എന്തും തുറന്നു പറയാനുള്ള സാഹചര്യമുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ചില പദ്ധതികൾ മനസ്സിലുണ്ട്. തിരഞ്ഞെടുപ്പു തിരക്കുകൾ കഴിയട്ടെ, അവ നടപ്പാക്കും.

പല ഹോസ്റ്റലുകളിലും ഇപ്പോഴും 6 മണിക്കു ശേഷം പുറത്തിറങ്ങാൻ പെൺകുട്ടികളെ അനുവദിക്കാറില്ല. ഇതു ശരിയാണോ

എവിടെയാണെങ്കിലും ഒരു വിഭാഗത്തിനു മാത്രം സമയക്രമമെന്ന പ്രവണത ശരിയല്ല. അതേസമയം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. ഹോസ്റ്റലിലെ സമയക്രമം നിശ്ചയിക്കാൻ കാരണം സമൂഹമാണ്. ആളുകളുടെ ചിന്താഗതി മാറുന്നതിന് അനുസരിച്ച് ഇതിനും മാറ്റമുണ്ടാകും.

വസ്ത്രത്തിനു പുറത്തുകൂടി തൊട്ടാൽ സ്ത്രീ പീഡനമായി കണക്കാക്കാനാകില്ലെന്ന വിധി പ്രഖ്യാപനം, ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്നു പ്രതിയോടു ചോദിക്കുന്ന കോടതി നടപടി. സ്ത്രീ സുരക്ഷയിലേക്ക് ഇങ്ങനെയാണോ നമ്മൾ ചുവടുവയ്ക്കുന്നത്

ഏതു സർക്കാരും ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതു സ്ത്രീസുരക്ഷയ്ക്കാണ്. സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന എല്ലാ അതിക്രമവും ഗുരുതരമാണ്. ചില കേസുകളിൽ വിചിത്രമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നാൽ സ്ത്രീകൾക്കായി ശക്തമായ നിയമം രാജ്യത്തുണ്ട്. ഇതേനിയമത്തിൽ നിന്നുകൊണ്ട് ഒട്ടേറെ കുറ്റവാളികളെ ശിക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്തു പെരുകുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്?

വർക്ക് ഫ്രം ഹോം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ പേർ സൈബർ ഇടങ്ങളിൽ സജീവമായപ്പോൾ കുറ്റകൃത്യങ്ങളും വർധിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെപ്പറ്റി ക്ലാസുകൾ സ്കൂളുകളിലും കോളജുകളിലും നൽകുന്നുണ്ട്. സൈബർ ഇടങ്ങളിലും വെബ്സൈറ്റുകളിലും എപ്പോഴും പൊലീസിന്റെ കണ്ണുണ്ടെന്നു മറക്കേണ്ട.

ഐപിഎസിലെയും പൊലീസ് സേനയിലെയും വനിതാ പ്രാതിനിധ്യം?

സ്ത്രീകൾ കൂടുതലായി  സേനയിൽ എത്തണം. വനിതാ പൊലീസ് സ്റ്റേഷൻ, പിങ്ക് പൊലീസ് തുടങ്ങി സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗങ്ങളുണ്ട്. എക്സൈസിൽ വരെ 25 ശതമാനം സ്ത്രീകളാണ്. ഇതു വലിയ മാറ്റത്തിന്റെ തുടക്കമാണ്. ഐപിഎസ് തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ട്.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ കുടുംബജീവിതത്തെ ബാധിച്ചിട്ടുണ്ടോ ?

ജോലിയുടെ പിരിമുറുക്കം ജീവിതത്തിലില്ല. ഒഴിവു സമയങ്ങൾ കുടുംബത്തിനൊപ്പം ചെലവിടും. സ്കൂൾ കാലത്തു ഭരതനാട്യം അഭ്യസിച്ചിരുന്നു. സംഗീതവും വായനയുമാണു മറ്റു ഹോബി. കർണാടകയിലെ ഹാസനിലാണു കുടുംബത്തിന്റെ വേരുകൾ. എൽആൻഡ്ടി സീനിയർ ഡവലപ്മെന്റ് മാനേജർ എസ്. ആനന്ദാണു ഭർത്താവ്. മകൾ എട്ടു വയസ്സുകാരി ഐറ.വനിതകളുടെ സമത്വത്തിന്റെയും ക്ഷേമത്തിന്റെയും പ്രതീകമായി ഒരു വനിതാ ദിനത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. മാർച്ച് എട്ടിനു മാത്രമല്ല, എല്ലാ ദിവസവും സാധാരണ ഏതൊരാളെയും പോലെ ജീവിക്കാനുള്ള അവകാശവും സാഹചര്യവുമാണ് വനിതകൾക്കു വേണ്ടത്.