ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ തരിച്ചുനില്‍ക്കുന്ന രാജ്യത്ത് പാക്കിസ്ഥാനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ‍, സമൂഹമാധ്യമത്തില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യവുമായി അധ്യാപികയും. കര്‍ണാകടയില്‍  ബളഗാവിയിലെ ശിവപുരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്കൂളിലെ അധ്യാപികയാണ് ‘ പാക്കിസ്ഥാന്‍ ജയ് ഹോ’  എന്ന മുദ്രവാക്യം പോസ്റ്റ് ചെയ്തത്. 

സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച തന്നെ ഇവരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍ അനുകൂല സമീപനത്തെത്തുടര്‍ന്ന് കര്‍ണാകട സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് അധ്യാപിക. നഗരത്തിലെ ഒരു കോളജില്‍ പഠിക്കുന്ന കശ്മീരില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയും നേരത്തെ സമാനകുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമത്തില്‍ ഭീകരസംഘടനയായ ജയ്ഷെ അനുകൂല പോസ്റ്റാണ് വിദ്യാര്‍ഥി പോസ്റ്റ് ചെയ്തത്. 

പ്രതീകാത്മക ചിത്രം

ശനിയാഴ്ച രാത്രി അറസ്റ്റിലായ ബളഗാവി സ്വദേശിയായ ജിലേഖ ബി എന്ന അധ്യാപികയെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു. അധ്യാപികയുടെ പോസ്റ്റ് വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. സ്ഥലവാസികള്‍ അവരുടെ വീടിനു സമീപം പ്രതിഷേധിക്കുകയും വീട്ടിലേക്കു കല്ലെറിയുകയും ചെയ്തിരുന്നു. വീടിനു തീ കൊടുക്കാന്‍ തുടങ്ങുന്നതിനിടെയാണ് പൊലീസ് ഇടപെട്ടതും അധ്യാപികയെയും പ്രതിഷേധക്കാരെയും  അറസ്റ്റ് ചെയ്തതും. 

അറസ്റ്റിലായ കശ്മീരി വിദ്യാര്‍ഥിക്ക് 23 വയസ്സാണ്. താഹിര്‍ ലത്തീഫ് എന്നാണ് പേര്. ബാരാമുള്ള ജില്ലക്കാരനാണ്. ജയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്റെയും കൊല്ലപ്പെട്ടുകിടക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെയും ചിത്രം ലത്തീഫ് തന്റെ വാട്സാപ് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. ദറിനെ പുകഴ്ത്തുന്ന പോസ്റ്റും ഷെയര്‍ ചെയ്തിരുന്നു. ഇവര്‍ രണ്ടുപേരെ കൂടാതെ, ആബിദ് മാലിക് എന്നൊരു കശ്മീരി വിദ്യാര്‍ഥിക്കെതിരെയും പൊലിസ് കേസ് എടുത്തിരുന്നു. ഭീകരാക്രമണത്തെ യഥാര്‍ഥ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് കേസ് എടുത്തത്. പരാതിയെത്തുടര്‍ന്ന് ഫെയ്സ്ബുക് അധികൃതര്‍ ഇയാളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.