കാശ്മീരിൽ നിന്നുള്ള വിദ്യാർഥികളുടെ ജീവൻ അപകടത്തിലാണെന്നും ഉത്തരാഖണ്ഡ് സർക്കാർ അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിൽ ഷെഹ്‌ല റഷീദ് എന്ന വിദ്യാർഥിനിയ്ക്കെതിരെ കേസ്. ജെഎൻയു വിദ്യാർഥിനിയാണ് ഷെഹ്‌ല. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രേം നഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഷെഹ്‌ലയ്ക്കെതിരെ കേസെടുത്തതും പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചതും. ഇന്ത്യൻ ശിക്ഷാനിയമം 505,153,504  വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു ഹോസ്റ്റലിൽ ഒരുകൂട്ടം കശ്മീരി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഷെഹ്‌ല ട്വീറ്റ് ചെയ്തത്. 'കശ്മീരിൽ നിന്നുള്ള എല്ലാ വിദ്യാർഥികളും എത്രയും വേഗം ഇന്ത്യ വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ജനക്കൂട്ടം ഹോസ്റ്റൽ വളഞ്ഞിരിക്കുന്നു. ഇരുപതോളം വിദ്യാർഥികൾ മണിക്കൂറുകളായി പുറത്തിറങ്ങാനാകാതെ വിഷമിക്കുന്നു. ഡോൾഫിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അപ്രതീക്ഷിതമായി ഹോസ്റ്റലിൽ പെട്ടുപോയത്. പൊലീസ് സ്ഥലത്തുണ്ടെങ്കിലും ജനക്കൂട്ടത്തെ പിരിച്ചു വിടാനും വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാനും അവർക്കും കഴിയുന്നില്ല'. ഇതായിരുന്നു ഷെഹ്‌ലയുടെ ആദ്യത്തെ ട്വീറ്റ്.

ഷെഹ്‌ലയുടെ തൊട്ടടുത്ത ട്വിറ്റർ സന്ദേശം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. 'കശ്മീരിൽ നിന്നുള്ള പെൺകുട്ടികൾ പുറത്തിറങ്ങാനാകാതെ, ജനക്കൂട്ടത്തെ പേടിച്ച് ഹോസ്റ്റൽ മുറിയിൽ അടച്ചിരിക്കുന്നത് അങ്ങയുടെ സംസ്ഥാനത്താണ്. ഇത്തരമൊരു സാഹചര്യം അഭിമാനകരമായി താങ്കൾ കാണുന്നുണ്ടോ? ദയവു ചെയ്ത് വേഗം ഇടപെടൂ'.

ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്ത് എവിടെയെങ്കിലും പ്രശ്നങ്ങൾ നേരിടുന്നവരുണ്ടെങ്കിൽ അവർക്ക് സഹായം എത്തിക്കാനായി സിആർപിഎഫ് ഒരു ഹെൽപ്പ്‌ലൈൻ നമ്പർ  വഴി പ്രവർത്തനം തുടങ്ങിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട അവർ വിദ്യാർഥികളെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ആരും അത് വിശ്വസിക്കരുതെന്നും പ്രസ്താവനയിറക്കി. ഷെഹ്‌ലയുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നതുപോലെ ഒരു പ്രശ്നവുമില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും അവർ വ്യക്തമാക്കി.

ഇതിനു മറുപടിയായി ബജ്റംഗ്ദൾ കൺവീനർ വികാസ് ശർമയുടെ വാക്കുകൾ ഷെഹ്‌ല ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ താമസിച്ചു പഠിക്കാൻ കശ്മീരി വിദ്യാർഥികളെ തങ്ങൾ അനുവദിക്കില്ല എന്നായിരുന്നു വികാസിന്റെ വാക്കുകൾ. കശ്മീരിൽ നിന്നുള്ളവരെ രാജ്യദ്രോഹികൾ എന്നു വിശേഷിപ്പിച്ചും 24 മണിക്കൂറിനകം അവർ രാജ്യംവിട്ടു പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സംസാരം കേൾക്കുന്നില്ലേയെന്നും ഷെഹ്‌ല ട്വിറ്ററിലൂടെ ചോദിച്ചു.

സംഭവത്തിൽ തനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെക്കുറിച്ചും ഷെഹ്‌ല പ്രതികരിച്ചിട്ടുണ്ട്. അവസാനം ഉത്തരാഖണ്ഡ് പൊലീസ് എനിക്കെതിരെ കേസെടുത്തിരിക്കുന്നു. കശ്മീരികൾ ഇന്ത്യവിടണമെന്ന് മാധ്യമങ്ങൾക്കു മുന്നിൽ ആവശ്യപ്പെട്ട ബദ്റംഗൾ നേതാവിനെതിരെ കേസെടുക്കുന്നുമില്ല. ഉത്തരാഖണ്ഡ് ഭരിക്കുന്നതാരാണെന്ന് ഇതിൽ നിന്നും മനസ്സിലാകുന്നില്ലേയെന്നും അവർ പരിഹാസത്തോടെ ചോദിച്ചുകൊണ്ടാണ് ഷെഹ്‌ല ട്വീറ്റ് ചെയ്തത്.