സുഹൃത്തിന്റെ ജന്മദിനപാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആ പെൺകുട്ടി മാനഭംഗം ചെയ്യപ്പെട്ടത്. ആഘോഷവും സന്തോഷവും പ്രതീക്ഷിച്ചു ചെന്ന സ്ഥലത്തു നിന്ന് അപമാനിതയായിട്ടായിരുന്നു അവളുടെ മടക്കം. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. ഭീഷണി ഉണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന്  പൊലീസിൽ പരാതിപ്പെടാൻ പെൺകുട്ടി ധൈര്യം കാണിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങളിലെല്ലാം പാർട്ടികൾ നിത്യജീവിതത്തിന്റെ ഭാഗമാണ്. ജന്മദിനങ്ങളും വിവാഹവാർഷികങ്ങളും മുതൽ ചെറുതും വലുതുമായ പാർട്ടികൾ എന്നുമുണ്ടാകും. വീടിന്റെ ടെറസുകളിലോ ഹോട്ടലുകളി ലോ പൊതുവിടങ്ങളിലോ ഒക്കെയായിരിക്കും പാർട്ടികൾ നടക്കുക. നിഷ്കളങ്കമായ സന്തോഷവും ഒത്തുകൂടലുംബന്ധുക്ക ളുടെയും സുഹൃത്തുക്കളുടെയും കൂടിച്ചേരലുമൊക്കെയാണ് പല പാർട്ടികളുമങ്കിലും ചിലയിടങ്ങളിൽ സംഗീതത്തിനൊപ്പം മദ്യവും ലഹഹിമരുന്നും കൂടി കലരുന്നതോടെ അസന്തുഷ്ട അനുഭവങ്ങളും അപൂർവമല്ലാതായിരിക്കുന്നു. 

പ്രതീകാത്മക ചിത്രം

ഡൽഹിയിൽ ചില പാർട്ടികളിൽ വെടിവയ്പ് ഉണ്ടാകുകയും  പലർക്കും ജീവൻ നഷ്ടപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഒരാഴ്ച മുമ്പ് മുംബൈയിൽ നടന്ന ഒരു ജന്മദിന പാർട്ടിയിലാണ് നഗരത്തെ നടുക്കിയ മാനഭംഗം ഉണ്ടായത്. പ്രതിസ്ഥാനത്ത് പുരുഷനൊപ്പം ഒരു യുവതി കൂടി എത്തിയതും പുതിയ സംഭവത്തെ പ്രത്യേകതയുള്ളതാക്കി. 

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ നടന്ന ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവതി മാനഭംഗം ചെയ്യപ്പെട്ടെന്നാണ് ഇത് സംബന്ധിച്ചു പുറത്തു വരുന്ന പുതിയ വാർത്ത. ഫെബ്രുവരി 13നായിരുന്നു സംഭവം. പാർട്ടി നടത്തിയ യുവതിയുടെ കാമുകനും  പാർട്ടിയിൽ പങ്കെടുത്തിരുന്നു. യുവതിയും കാമുകനും കൂടി അതിഥിയായ യുവതിക്ക് അമിതയളവിൽ മദ്യം നൽകി. ലഹരിയിൽ ബോധം നഷ്ടപ്പെട്ട യുവതിയെ പാർട്ടി നടത്തിയ യുവതിയുടെ കാമുകൻ മാനഭംഗപ്പെടുത്തി. മാനഭംഗത്തിന് ഒത്താശ ചെയ്തത് ഇരയുടെ സുഹൃത്തായ യുവതിയാണെന്ന് പൊലീസ് പറയുന്നു. 27 വയസ്സുള്ള യുവതിയാണ് ക്രൂരതയ്ക്ക് വിധേയയായത്. സംഭവത്തിനു ശേഷം ഇതിനെക്കുറിച്ച് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ മടക്കിയയച്ചത്.

തുടക്കത്തിൽ ഭയന്നെങ്കിലും ഇരയായ യുവതി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിനൊടുവിൽ  പാർട്ടിയൊരുക്കിയ യുവതിയും കാമുകനും പിടിയിലായി. മാനഭംഗവും വധഭീഷണിയുമാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ.