പ്രതീകാത്മക ചിത്രം

സ്ത്രീധനം എന്ന സമ്പ്രദായമേ ഇല്ലാത്ത ഒരു രാജ്യം. അദ്ഭുതം തീരുന്നില്ല, കല്യാണച്ചെലവുകളുടെ ഉത്തരവാദിത്തം വരന്. അടുത്തകാലത്തായി വരന്റെയും വധുവിന്റെയും വീട്ടുകാർ ഒരുമിച്ച് ചെലവ് പങ്കിടുന്ന പതിവുണ്ടെങ്കിലും വധുവിന്റെ വീട്ടുകാർക്ക് മാത്രമായി വലിയതോതിൽ പണം മുടക്കേണ്ടതില്ല. സാധാരണഗതിയിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ വധുവിന്റെ വീട്ടുകാർക്കായി ഒരു വിരുന്ന് ഒരുക്കുന്നു. പെൺകുട്ടിയുടെ വീട്ടിലോ അവിടെ സ്ഥലസൗകര്യമില്ലെങ്കിൽ റസ്റ്റോറന്റിലോ ആയിരിക്കും വിരുന്ന്. ഭക്ഷണം കഴിച്ചുപിരിയാൻ വേണ്ടി മാത്രമല്ല ഈ ഒത്തുകൂടൽ. മറിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ തനിക്ക് സംരക്ഷിക്കാനാവും എന്നു തെളിയിക്കാനാണ് ഇത്തരത്തിൽ വിരുന്ന് നടത്തുന്നത്. 

മറ്റൊരാളെക്കൂടി സംരക്ഷിക്കാൻ കഴിവുണ്ടെങ്കിൽ മാത്രമേ വിവാഹം കഴിക്കാൻ പുരുഷൻമാർ തയാറാവൂ എന്നതാണ് മറ്റൊരു പ്രത്യേക. വിവാഹത്തെക്കുറിച്ചുള്ള ഇത്തരം മധുര മനോഹര ആശയങ്ങൾ ഏതെങ്കിലും കഥയിലോ നോവലിലോ സാങ്കൽപിക രാജ്യത്തോ അല്ല, ഏഷ്യാ ഭൂഖണ്ഡത്തിലെ ഒരു രാജ്യത്തുതന്നെ. 97 ശതമാനം സ്ത്രീകളും സാക്ഷരരായ ഈ രാജ്യത്തിന്റെ പേര് ഫിലിപ്പീൻസ്. ലിംഗനീതിയിലും സ്ത്രീപുരുഷ സമത്വത്തിലും ഏഷ്യയിൽ  ഒന്നാമതും ലോകരാജ്യങ്ങളിൽ മുൻനിരയിലുമാണ് ഫിലിപ്പീൻസ്. ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിലാണ് ഫിലീപ്പീൻസിനെക്കുറിച്ചുള്ള രസകരവും സ്ത്രീകൾക്ക് ആഹ്ലാദകരവുമായ വിവരങ്ങളുള്ളത്.

പ്രതീകാത്മക ചിത്രം

സ്ത്രീകൾ സന്തോഷവതികളും സുരക്ഷിതരുമായി ജീവിക്കുന്ന ഫീലിപ്പീൻസിലെ പാർലമെന്റിൽ അടുത്തകാലത്ത് ഒരു നിയമം പാസ്സാക്കുകയുണ്ടായി. സർക്കാർ കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കുന്നതായിരുന്നു പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ട് അവതരിപ്പിച്ച ചരിത്രപ്രധാനമായ ബിൽ. ഭാരിച്ച സാമ്പത്തിക ചെലവുകൾ പേടിച്ച് രാജ്യത്തെ ഒരു വ്യക്തിപോലും ഉന്നത വിദ്യാഭ്യാസത്തിൽനിന്ന് അകന്നുപോകാതിരിക്കാനാണ് സർവകലാശാലകളിലെ ട്യൂഷൻ ഫീസ് ഇല്ലാതാക്കിക്കൊണ്ടുള്ള ബിൽ അവതരിപ്പിച്ചത്. 12–ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഫിലിപ്പീൻസിൽ ഇപ്പോൾതന്നെ സൗജന്യമാണ്. ലിംഗനീതിയിലും സ്ത്രീ–പുരുഷ സമത്വത്തിലും ലോകരാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇപ്പോൾ ഫീലിപ്പീൻസ്. ഐസ്‍ലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, നിക്കരാഗ്വ, റുവാണ്ട, ന്യൂസിലൻഡ്, അയർലൻഡ്. നമീബിയ എന്നിവയാണ് ആദ്യപത്തിൽവന്ന മറ്റുരാജ്യങ്ങൾ.

കുടുംബസ്വത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യഅവകാശവും അർഹതയും നിലനിൽക്കുന്ന അപൂർവ രാജ്യങ്ങളിലൊന്നുകൂടിയാണ് ഫിലിപ്പീൻസ്. വർഷങ്ങൾക്കുമുമ്പുതന്നെ അവിടെ മതനേതൃസ്ഥാനത്തുപോലും സ്ത്രീകളുണ്ടായിരുന്നു. സൈന്യത്തിലും സ്ത്രീകളുടെ വലിയതോതിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നതിനാൽ സ്ത്രീകൾക്ക് അവരർഹിക്കുന്ന പദവിയും പരിഗണനയും എന്നും ഫിലിപ്പീൻസിൽ ലഭിച്ചിരുന്നു. അമ്മമാരാണ് കുടുംബം നോക്കിനടത്തുന്നത്. വീടുകളിൽ ഗൃനാഥകൾ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. പേര് എഴുതുന്ന കാര്യത്തിലുമുണ്ട് പ്രത്യേകത. സ്ത്രീകളുടെ പേരിനൊപ്പം അമ്മമാരുടെ ആദ്യപേരും പിന്നീട് അച്ഛന്റെ രണ്ടാമത്തെ പേരുംകൂടി ചേർത്താണ് എഴുതുന്നത്.

സ്ത്രീകൾക്ക് പ്രസവാവധി 105 ദിവസമാണ്. ശമ്പളത്തോടെയാണിത്. വേണമെങ്കിൽ പ്രസവസമയത്ത് ശമ്പളമില്ലാതെ 30 ദിവസത്തെ അവധി കൂടി എടുക്കുകയും ചെയ്യാം. കുട്ടികളെ നോക്കുന്ന കാര്യത്തിലും വീട്ടിലെ എല്ലാവർക്കും തുല്യ ഉത്തരവാദിത്തം. സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നിതിലും ഫിലിപ്പീൻസ് ഒട്ടും പിന്നിലല്ല. എല്ലാ രംഗത്തും സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ പങ്കാളിത്തം അംഗീകരിക്കുകയും ചെയ്യുന്നതിനാൽ സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങൾ തീരെകുറവ്. ചെറുകിട, സേവന മേഖലകളിലായി ഒരു ദശലക്ഷത്തോളം സ്ത്രീകൾ സന്തോഷത്തോടെ ജോലി ചെയ്യുന്നുണ്ട്. ആകർഷണീയമായി വസ്ത്രം ധരിച്ചും സൗന്ദര്യം വെളിപ്പെടുത്തിയും ജോലിക്കെത്തുന്ന സ്ത്രീകളെ കച്ചവടം വർധിപ്പിക്കാൻ നിയോഗിക്കുന്നത് ലോകത്ത് എല്ലായിടത്തുമുണ്ടെങ്കിലും ഫീലിപ്പീൻസ് വ്യത്യസ്തമാണ്. ഹൈ ഹീലുള്ള ചെരുപ്പ് ധരിച്ചുവരാൻ സ്ത്രീകളെ നിർബന്ധിക്കരുതെന്ന് അടുത്തകാലത്താണ് രാജ്യത്തെ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദേശം കൊടുത്തത്.