പ്രതീകാത്മക ചിത്രം

നിശ്ശബ്ദരായി നോക്കിനില്‍ക്കുകയായിരുന്നു ആള്‍ക്കൂട്ടം. ചിലര്‍ ശബ്ദമുണ്ടാക്കാതെ കരഞ്ഞു. മറ്റുചിലര്‍ രംഗം ക്യാമറയില്‍ പകര്‍ത്തി. വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാക്ഷികളായി. പരസ്യമായ മര്‍ദനമായിരുന്നു രംഗം. ഇന്തൊനേഷ്യയിലെ അച്ചെ പ്രവിശ്യയില്‍. 

പ്രതീകാത്മക ചിത്രം

അവിഹിത ബന്ധം പുലര്‍ത്തിയെന്നാരോപിച്ചാണ് ആറു യുവതീയുവാക്കള്‍ക്ക് ചാട്ടവാറടി ലഭിച്ചത്. പരസ്യമായ ശിക്ഷ കഴിഞ്ഞപ്പോള്‍ രണ്ടു സ്ത്രീകള്‍ക്ക് നടക്കാനുള്ള ശേഷിപോലും ഉണ്ടായിരുന്നില്ല. അവരെ മറ്റുള്ളവരാണ് താങ്ങിപ്പിടിച്ച് ശിക്ഷ നല്‍കിയ സ്റ്റേജില്‍നിന്ന് വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയത്. സുമാത്ര ദ്വീപിന്റെ സമീപത്തുള്ള അച്ചേ പ്രവിശ്യയില്‍ ഇന്നും പരസ്യമായ മര്‍ദനം പതിവാണ്. പ്രധാനമായും ചൂതുകളി, മദ്യപാനം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് പരസ്യമായ ചാട്ടവാറടി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനേഷ്യയില്‍ ഇന്നും പരസ്യമായ ചാട്ടവാറടിയും ചൂരല്‍ കൊണ്ടുള്ള അടിയും ശിക്ഷ വിധിക്കുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് അച്ചെ പ്രവിശ്യ. 

കഴിഞ്ഞ തിങ്കളാഴ്ച 12 പേര്‍ക്കാണ് ശിക്ഷാവിധിയായി പരസ്യമായ ചാട്ടവാറടി ലഭിച്ചത്. ഇവരെല്ലാം കഴിഞ്ഞവര്‍ഷം അവസാനം അറസ്റ്റിലായവരാണ്. ഹോട്ടൽ റെയ്ഡിനിടെയാണ് ഇവർ പിടിയിലായത്. നാലു പേര്‍ക്ക് ഏഴുതവണ വീതം ചൂരല്‍കൊണ്ടുള്ള അടി ലഭിച്ചു. ബന്ധുക്കളല്ലാത്ത പുരുഷന്‍മാര്‍ക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതാണ് ഇവര്‍ക്കെതിരായ കുറ്റം. അവിഹിത ബന്ധം പുലര്‍ത്തിയെന്നാരോപിച്ചാണ് മറ്റുള്ളവരെ ശിക്ഷിച്ചത്. 

17 മുതല്‍ 25 തവണ വരെയുള്ള ചാട്ടവാറടിയാണ് ഇവര്‍ക്ക് ലഭിച്ചത്. പസ്യമായ ശിക്ഷയ്ക്കു മുമ്പായി ഇവരെല്ലാം പല മാസങ്ങളില്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ വടി കൊണ്ട് ആഞ്ഞടിക്കുമ്പോള്‍ ചിലര്‍ വേദന സഹിക്കാനാവാതെ ഉറക്കെ കരഞ്ഞു. രണ്ടുപേരാകട്ടെ വീണുപോയി. അവരെ താങ്ങിയെടുത്ത് പുറത്തേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. 

ഇപ്പോഴും തുടരുന്ന പരസ്യമായ ചാട്ടവാറടിക്കും ചൂരല്‍കൊണ്ടുള്ള മര്‍ദനത്തിനും എതിരെ പ്രവിശ്യയ്ക്കു പുറത്തുള്ളവര്‍ പ്രതിഷേധിക്കാറുണ്ടെങ്കിലും ശിക്ഷ ഇപ്പോഴും തുടരുന്നു. ശിക്ഷാ വിധിക്കു വ്യാപക അംഗീകാരമാണ് അച്ചെ പ്രവിശ്യയിൽ ലഭിക്കുന്നത്.