അഭ്യൂഹങ്ങള്‍ക്കു വിരാമം; മല്‍സരരംഗത്ത് സുമലത ഉണ്ടാകും. കര്‍ണാടകയിലെ മണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രയായി മല്‍സരിക്കാനുള്ള തീരുമാനം സുമലത ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനമോഹമല്ലെന്നും മണ്ഡ്യയിലെ ജനങ്ങള്‍ താന്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മണ്ഡ്യയ്ക്കു പകരം മറ്റൊരു മണ്ഡലം കോണ്‍ഗ്രസ് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. എംഎല്‍സി പദവിയും. പക്ഷേ, മണ്ഡ്യ വിട്ട് മറ്റെങ്ങോട്ടുമില്ലെന്നാണ് നടിയുടെ നിലപാട്. കോണ്‍ഗ്രസ് പിന്തുണയ്ക്കയ്ക്കാന്‍ സാധ്യത ഇല്ലെന്നിരിക്കെ, ഇനി ബിജെപി പിന്തുണയിലാണ് മലയാളികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട നടിയുടെ പ്രതീക്ഷ. 

പാർട്ടികൾ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്യുന്നതിനുമുമ്പുതന്നെ സുമലത പ്രചാരണം തുടങ്ങിയിരുന്നു. പ്രമുഖരെയും സാധാരണ പ്രവര്‍ത്തകരെയും നേരില്‍കണ്ടും വോട്ട് അഭ്യര്‍ഥിച്ചു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയും അവര്‍ക്കുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം നടിയെ മല്‍സര രംഗത്ത് ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു. ഭര്‍ത്താവ് അംബരീഷ് മരിച്ചിട്ട് അധികമാകുന്നതിനുമുമ്പ് മല്‍സര രംഗത്ത് ഇറങ്ങാനുള്ള നീക്കത്തെ ചില പ്രമുഖ നേതാക്കള്‍ അപലിക്കുക കൂടി ചെയ്തതോടെ സുമലത തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അതിനിടെ, ബിജെപി നേതാക്കളെയും അവര്‍ കണ്ടിരുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയാകാനല്ല, മണ്ഡ്യയുടെ പ്രതിനിധിയാകാനാണ് തനിക്കു താല്‍പര്യമെന്നാണ് സുമലത വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ഈ നിലപാട് നടിക്ക് വോട്ട് നേടിക്കൊടുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. തുടക്കം മുതല്‍ പ്രചാരണത്തില്‍ സജീവമായിരുന്നെങ്കിലും സുമതല സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ ഇതുവരെയും സംശയവും ആശങ്കയും നിലനിന്നിരുന്നു. 

കോണ്‍ഗ്രസും ജനതാദളും കൈവിടുന്നതോടെ അവര്‍ മല്‍സര രംഗത്തുനിന്നു തന്നെ പിന്‍മാറുമെന്നും പലരും പ്രതീക്ഷിച്ചു. പക്ഷേ, അത്തരം അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടും താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സുമലത ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ പന്ത് ബിജെപിയുടെ കോര്‍ട്ടിലായി. അവര്‍ നടിക്കു പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ കടുത്ത പോരാട്ടത്തിനായിരിക്കും അരങ്ങൊരുങ്ങുക. ഒപ്പം കര്‍ണാകടയിലെ മണ്ഡ്യയിലെ ഫലം അറിയാന്‍ കാത്തിരിക്കുന്നത് കര്‍ണാകടക്കാരെക്കാളേറെ മലയാളികളുമായിരിക്കും.