മധ്യപ്രദേശില്‍ 12 വയസ്സുകാരിയുടെ മൃതദേഹം തലയറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സാഗര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ 14-ാം തീയതിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം മാനഭംഗത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നും, പ്രതികള്‍സഹോദരന്‍മാരും അമ്മാവന്‍മാരുമാണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. പൈശാചികമായ സംഭവം മറച്ചുവച്ചതിന്റെ പേരില്‍ കുട്ടിയുടെ അമ്മായിക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കളായ നാലുപേര്‍ അറസ്റ്റിലായെന്ന് അറിയിച്ച പൊലീസ് ഒരാള്‍ ഇനി പിടിയിലാകാനുണ്ടെന്നും കുറ്റവാളികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നും കൂടി വെളിപ്പെടുത്തി. 

ഈ മാസം 13 നാണ് ആറാം ക്ലാസില്‍ പഠിക്കുന്ന  പെണ്‍കുട്ടിയെ കാണാതായത്. കുടുംബം പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ബെര്‍ഖേഡി ഗ്രാമത്തിനു പറത്ത് കൃഷിസ്ഥലത്ത് പിറ്റേന്ന് കുട്ടിയുടെ തലയറുത്ത നിലയിലുള്ള ശരീരം കണെത്തി. കുറച്ചുമാറി ശിരസ്സും കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് ആദ്യം 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ഒരു സൂചനയും ലഭിക്കാതെവന്നപ്പോള്‍ പ്രതിഫലത്തുക 25,000 ആയി ഉയര്‍ത്തി. 

ഉറ്റബന്ധുക്കളാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും സംഭവം പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി തലയറുത്ത് രണ്ടു സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് അമിത് സംഘി പറയുന്നു. കുട്ടിയുടെ അമ്മായിക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നും കേസ് വഴിതിരിച്ചുവിടാന്‍ അവര്‍ ഒരു അയല്‍ക്കാരനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. 

ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ അയല്‍ക്കാരനെയാണ് പൊലീസ് ആദ്യം ചോദ്യം ചെയ്തത്. അയാള്‍ നിരപരാധിയായിരുന്നു. പക്ഷേ കുട്ടിയുടെ 20 വയസ്സുള്ള മൂത്ത സഹോദരനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. അയാളെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ 19 വയസ്സുള്ള അനുജനെ ചോദ്യം ചെയ്തു. ഒടുവില്‍ അവന്‍ കുറ്റം സമ്മതിച്ചു. 

മൂത്ത സഹോദരന്‍ മുമ്പും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലുള്ളവരെല്ലാം ജോലിക്കുപോയ തക്കം നോക്കി സംഭവദിവസവും അയാള്‍ സഹോദരിയെ മാനഭംഗപ്പെടുത്തി. മറ്റ് രണ്ടു സഹോദരന്‍മാര്‍ സംഭവം അറിയുകയും അവരും കുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. 40 വയസ്സിന് അടുത്തുള്ള അമ്മാവന്‍ സംഭവം അറിഞ്ഞപ്പോള്‍ ആദ്യം മാനഭംഗപ്പെടുത്തിയവരെ ശകാരിച്ചെങ്കിലും പിന്നീട് അയാളും കുട്ടിയെ ഇരയാക്കുകയായിരുന്നു.