വാശിയേറിയ വോട്ടെടുപ്പിനൊടുവിൽ അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് കർശനമായ ഗർഭഛിദ്ര നിയന്ത്രണ നിയമത്തിന് അംഗീകാരം. ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സ്ത്രീസംഘടനകൾ, ഡോക്ടർമാർ, ഹോളിവുഡിലെ നടീ–നടൻമാർ എന്നിവരുടെ ശക്തമായ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് കടുത്ത നിയമത്തിന് വെള്ളിയാഴ്ച അംഗീകാരം ലഭിച്ചിരിക്കുന്നത്. 

കുട്ടിയുടെ ഹൃദയമിടിപ്പിന്റെ നേരിയ സൂചനയെങ്കിലുമുണ്ടെങ്കിൽ ഗർഭഛിദ്രം അനുവദിക്കില്ല എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. നിയമനിർമാണ സഭ പാസ്സാക്കിയ നിയമം ഇനി റിപ്പബ്ലിക്കൻ ഗവർണർ ബ്രയാൻ കെംപ് അംഗീകരിക്കണം. ഗർഭഛിദ്രത്തിന് എതിരായ തന്റെ നിലപാട് കെംപ് നേരത്തെതന്നെ പുറത്തുപറഞ്ഞിട്ടുള്ളതുമാണ്. 180 അംഗ സഭയിൽ 92 പേരാണ് കർശന നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തത്. നിയമം പാസ്സാക്കാൻ ആവശ്യമുള്ളതിലും ഒരു വോട്ടു മാത്രം കൂടുതൽ. ഇതോടെ, ഏറ്റവും കർശനമായ ഗർഭഛിദ്ര നിയമം നിലവിലിരിക്കുന്ന രാജ്യങ്ങളിലൊന്നായി ജോർജിയ മാറിയിരിക്കുന്നു. 

ഗർഭത്തിന്റെ ആദ്യത്തെ 20 ആഴ്ചകൾക്കുള്ളിൽ പ്രത്യേക സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് യുവതികൾക്ക് അനുമതി നൽകുന്നതാണ് ജോർജിയയിലെ നിലവിലെ നിയമം, പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ അനുമതി ലഭിക്കുന്നതുപോലും ബുദ്ധിമുട്ടാകും. നിയമം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പല കോണിൽനിന്നും പ്രതിഷേധം ഉയർന്നെങ്കിലും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഇതോടെ അമേരിക്കയിൽ ഏറ്റവും കർശനമായ ഗർഭഛിദ്ര നിയമം നിലവിലിരിക്കുന്ന സംസ്ഥാനമായും ജോർജിയ മാറും.