ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ 410 ാം റാങ്കിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷിനെയും മറ്റ് സിവിൽ സർവീസ് വിജയികളെയും സ്വാഗതം ചെയ്ത് കലക്ടർ ബ്രോ. "പിറന്ന മണ്ണിനെ സേവിക്കാൻ സിവിൽ സർവീസിലേക്ക് സ്വാഗതം. പണയപ്പെടുത്താത്ത നട്ടെല്ലും ഭരണഘടനയോടും നിയമവ്യവസ്ഥയോടും മാത്രം വിധേയത്വം കാണിക്കുക." എന്ന ആമുഖത്തോടെയാണ് പ്രശാന്ത് നായർ ഐഎഎസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മറുപുറം: പ്രശാന്ത് നായർ ഐഎഎസിന്റെ എക്സ്ക്ലൂസീവ് അഭിമുഖം

സിവിൽ സർവീസ് പട്ടികയിലെത്തിയ ആദിവാസി യുവതി ശ്രീധന്യയ്ക്ക് ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയിൽനിന്നുള്ള ആദ്യ വ്യക്തി കൂടിയാകും. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. മുൻവർഷങ്ങളിലെ സിവിൽ സർവീസ് നിയമന രീതി അനുസരിച്ച് പട്ടികവർഗ വിഭാഗത്തിൽ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.

കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. ഒടുവിൽ സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങൾക്കില്ലായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. 

ശ്രീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ വയറിങ് പോലും ശരിയാക്കിയിട്ടില്ല. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്.