അപ്രതീക്ഷിതമായി കിട്ടിയ വിവിഐപി.യെ സ്വീകരിക്കുന്ന തിരക്കിലായിരുന്ന വയനാട് സ്വന്തം വിഐപിയെ ജന്‍മനാട്ടിലേക്ക് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മനസ്സു നിറയ്ക്കുന്ന സ്വീകരണം നല്‍കി ദേശീയ ശ്രദ്ധയാകര്‍ഷിച്ച നാട് ഇതാദ്യമായി സിവില്‍ സര്‍വീസില്‍ ഉന്നതവിജയം നേടിയ ഒരു പെണ്‍കുട്ടിയുടെ കൂടെ നാടായിരിക്കുന്നു. വടക്കേ വയനാട്ടിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ശ്രീധന്യയുടെ സ്വന്തം നാട്. വയനാടിനും ഇനി അവകാശപ്പെടാം സിവില്‍ സര്‍വീസിന്റെ അഭിമാനത്തിളക്കം. അതും പട്ടിക വര്‍ഗവിഭാഗമായ കുറിച്യ സമുദായത്തില്‍നിന്നുള്ള പെണ്‍കുട്ടിയുടെ ഐതിഹാസികമായ വിജയത്തിലൂടെ.

വയനാട്ടിലെ പിന്നാക്കവിഭാഗത്തില്‍പെട്ട സാധാരണ കുടുംബത്തിലാണ് ശ്രീധന്യയും ജനിച്ചത്. സ്വന്തമായി ജോലിയില്ലാത്ത അച്ഛനും അമ്മയും തൊഴിലുറപ്പു തൊഴിലാളികള്‍. സ്വാഭാവികമായും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടിയായിരുന്നു വളര്‍ച്ചയും വിദ്യാഭ്യാസവും. തരിയോട് നിര്‍മല ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം. വയനാട്ടിലെതന്നെ കാവുംമന്ദം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പഠനം. ബിരുദത്തിനു ജീവശാസ്ത്രം പ്രധാനവിഷയമായി സ്വീകരിച്ച ശ്രീധന്യ മലയാള സാഹിത്യം ഐഛിക വിഷയമായെടുത്താണ് തുടര്‍ ശ്രമങ്ങള്‍ക്കൊടുവില്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ആദ്യ അഞ്ഞൂറുപേരില്‍ ഒരാളാകുന്നത്. 410-ാം റാങ്ക് ആയതിനാല്‍ ഐഎഎസോ ഐപിഎസോ ലഭിച്ചില്ലെങ്കിലും റെയില്‍വേയോ റവന്യൂ സര്‍വീസോ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിജയത്തിന്റെ തിളക്കത്തിലും തന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതിനേക്കാളേറെ വളര്‍ന്നുവരുന്ന വയനാട്ടിലെ കുട്ടികള്‍ക്ക് തന്റെ നേട്ടം. പ്രചോദനമാകണമെന്നാണ് ശ്രീധന്യ ആഗ്രഹിക്കുന്നത്.

'എനിക്കു സാധിക്കുമെങ്കില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ ആര്‍ക്കും കഴിയും'... വയനാട്ടിലെ മാത്രമല്ല, കേരളത്തിലെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ സാധാരണക്കാരായ വിദ്യാര്‍ഥികളോടും ശ്രീധന്യ സുരേഷ് പറയുന്നു. ഇഛാശക്തിയും ദൃഡനിശ്ചയവുമുണ്ടെങ്കില്‍ കഠിനമായി പരിശ്രമിക്കാന്‍ കൂടി തയാറാണെങ്കില്‍ വിജയം സുനിഛിതം എന്നാണ് ശ്രീധന്യ പറയുന്നത്. വയനാട്ടില്‍നിന്നുള്ള ഓരോ വാര്‍ത്തയും വേണ്ടി കാതോര്‍ത്തിരിക്കുന്ന ദേശീയ മാധ്യമങ്ങളിലും ശ്രീധന്യയുടെ വിജയം വലിയ വാര്‍ത്തയായി. വിജയം പുറത്തറിഞ്ഞയുടന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ അഭിനന്ദിക്കുകയും ചെയ്തു. 

'കേരളത്തിലെ ഏറ്റവും പിന്നാക്കമായ വിഭാഗത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഞങ്ങളുടെ സമുദായത്തില്‍ ഒട്ടേറെ ആളുകളുണ്ടെങ്കിലും ഇതുവരെ ഐഎഎസോ ഐപിഎസോ നേടിയവരില്ല. സിവില്‍ സര്‍വീസിന്റെ എന്റെ വിജയം പുതിയ തലമുറയ്ക്കു പ്രചോദനമാകട്ടെ. വയനാട്ടില്‍നിന്നുള്ളവര്‍ക്കും, പിന്നാക്ക സമുദായത്തില്‍ ജനിച്ചവര്‍ക്കും സിവില്‍ സര്‍വീസ് അന്യമല്ലെന്ന് അവരും ലോകവും അറിയട്ടെ'...ശ്രീധന്യ അഭിമാനത്തോടെ പറയുന്നു. 

നിരന്തരമായ കഠിനാധ്വാനവും സമര്‍പ്പണമവുമാണ് സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രീധന്യയെ സഹായിച്ചത്. ശ്രീധന്യയ്ക്കും കുടുംബത്തിനും എന്റെ ആശംസകള്‍. കരിയറില്‍ വലിയ വിജയം ഇനിയും സ്വന്തമാകട്ടെയെന്നും ആശംസിക്കുന്നു--ട്വിറ്റര്‍ സന്ദേശത്തില്‍ തന്റെ മണ്ഡലത്തിലെ വോട്ടറായ ശ്രീധന്യയെ രാഹുല്‍ ഗാന്ധി അഭിന്ദിച്ചു.

പഠിക്കുന്ന കാലത്തുടനീളം ദാരിദ്ര്യത്തോടും പിന്നാക്കവസ്ഥയോടും പടവെട്ടിയ ശ്രീധന്യയുടെ സിവില്‍ സര്‍വീസ് പഠനവും ഒട്ടും എളുപ്പമായിരുന്നില്ല. സഹോദരിയുടെ മകന്റെ ചികില്‍സയ്ക്കുവേണ്ടി തിരുവനന്തപുരത്ത് വാടകയ്ക്ക് എടുത്ത വീട്ടില്‍ ഇരുന്നാണ് മറ്റു ജോലികള്‍ക്കൊപ്പം ശ്രീധന്യ പഠിക്കുന്നത്. ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുഴുവന്‍ പിന്തുണയോടെയും പഠിക്കുന്നവര്‍ക്കു കിട്ടുന്ന സൗകര്യങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ പഠിച്ചിട്ടും 410-ാം റാങ്കില്‍ എത്തുക എന്നത് ചെറിയ നേട്ടമല്ല. അതുതന്നെയാണ് ആദ്യ റാങ്കുകളേക്കാള്‍ തിളക്കമുള്ള വിജയമായി ആദിവാസി വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടിയുടെ നേട്ടം കൊണ്ടാടപ്പെടുന്നതും.

സിവില്‍ സര്‍വീസ് എന്ന മോഹം നേരത്തെതന്നെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍ ഒരു സബ് കലക്ടര്‍ക്കു നാട്ടില്‍ ലഭിക്കുന്ന ബഹുമാനവും ആദരവും നേരില്‍ കാണാനിടയായതോടെയാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസ്സിലുറപ്പിച്ച് ശ്രീധന്യ പഠിക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴും പിന്‍മാറാന്‍ തോന്നിയില്ല. നിരന്തരമായി ശ്രമിച്ചാല്‍ വിജയിക്കുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. പരാജയത്തിലും തളരാത്ത നിശ്ഛയദാര്‍ഢ്യത്തിനു ലഭിക്കുന്ന പ്രതിഫലമാണ് ഇപ്പോഴത്തെ നേട്ടം. അതൊരു വ്യക്തിയുടെ മാത്രം വിജയമല്ല. മുഖ്യധാരയിലേക്ക് വരാന്‍ ശ്രമിക്കുന്ന എല്ലാ പിന്നാക്കവിഭാഗങ്ങളുടെയും ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. കഠിനാധ്വാനത്തിന്റെ വിജയമാണ്. ഒരു നാടിന്റെ വളര്‍ച്ചയുടെയെും ഉയര്‍ച്ചയുടെയും പ്രതീകമായി മാറുകയാണ് ശ്രീധന്യ. ഭാവി തലമുറകള്‍ക്ക് പ്രതീക്ഷയുടെ ദീപം പകര്‍ന്നുകൊടുക്കുന്ന അണയാത്ത വിജയനാളത്തിന്റെ അനശ്വരപ്രതീകം.