ആശുപത്രിയിലെത്തും മുൻപേ രക്ഷാബോട്ടിൽ‌ കുഞ്ഞിന് ജന്മം നൽകി ഒരമ്മ. ബിഹാറിലെ മോതിഹരിയിലാണ് സംഭവം. വെള്ളപ്പൊക്കം മൂലം കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാതിരുന്ന ഗർഭിണിക്കും കുടുംബത്തിനും തണലായത് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോർസ് ആണ്. ജൂലൈ 20നാണ് സബീന കാത്തൂൺ എന്ന സ്ത്രീ രക്ഷാബോട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

മോതിഹരിയിലെ ഗോബിർ ഗ്രാമത്തിലെ സബീനയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോൾത്തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഈ സമയം പ്രളയ ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ വിജയ് ജായുടെ നേതൃത്വത്തിലുള്ള എൻഡിആർഎഫ് ടീം. 

ഗർഭിണിക്ക് അടിയന്തര സഹായം വേണമെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് ടീം സ്ഥലത്തെത്തുകയും ഗർഭിണിയുടെ ബന്ധുക്കളുടെയും ആശാവർക്കർമാരുടെയും സഹായത്തോടെ ഗർഭിണിയെ മോട്ടോർബോട്ടിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. എൻഡിആർഎഫ് ടീമിനൊപ്പം  ബോട്ടിൽ ഒരു നഴ്സിങ് അസിസ്റ്റന്റുമുണ്ടായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഗർഭിണിക്ക് പ്രസവവേദന കലശലാവുകയും ചെയ്തു. സാഹചര്യം സങ്കീർണ്ണമാകുമെന്നു തോന്നിയപ്പോൾ ഗർഭിണിക്ക് ബോട്ടിൽത്തന്നെ പ്രസവിക്കാനുള്ള സൗകര്യം ഒരുക്കി നൽകുന്നതിൽ ടീം വ്യാപൃതരായി. നഴ്സിങ് അസിസ്റ്റന്റ്, ആശാവർക്കർമാർ, ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സബീന പെൺകുഞ്ഞിന് ജന്മം നൽകി.

അമ്മയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലെത്തിച്ചെന്നും ഇരുവരും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും അവർ പറയുന്നു.