ഉത്തർപ്രദേശ്: നവജാതശിശുവിനെ കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്ന് വലിച്ചെറിഞ്ഞ് അമ്മ. ലക്നൗവിലാണ് സംഭവം. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ആരോഗ്യമില്ലെന്ന കാരണത്താൽ അമ്മ വലിച്ചെറിഞ്ഞത്.

കുഞ്ഞിന്റെ ചികിൽസാകേന്ദ്രത്തിന്റെ പുറത്ത് കുഞ്ഞിന്റെ അച്ഛനും സഹോദരനും കിടന്നുറങ്ങുന്ന സമയത്താണ് അമ്മ ഈ കടുംകൈ ചെയ്തത്. കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം കുഞ്ഞിനെ കാണാനില്ല എന്ന തരത്തിലാണ് അമ്മ പെരുമാറിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- 

ഖൊരക്പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഏപ്രിൽ 23നായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടാവുകയും മെയ് 26 ന് കെജിഎംയു ഹോസ്പിറ്റലിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിൽ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന അമ്മ ഒടുവിൽ അതിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.