അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എരിവും ചൂടും പകർന്ന് മോണിക്ക ലെവിൻസ്കിയും. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുമ്പ് സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ ക്രൈം സ്റ്റോറി സിരീസിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ മോണിക്ക ലൈംഗിക വിവാദവും രാജ്യചരിത്രത്തിലെ കുപ്രസിദ്ധ ഏടായ ഇംപീച്ച്മെന്റ് നടപടികളും പ്രതിപാദിക്കും. ലൈംഗിക വിവാദത്തിലെ നായികയായ മോണിക്ക ലെവിൻസ്കിയാണ് ഷോയുടെ നിർമാതാവ്. 

അമേരിക്കൻ ക്രൈം സ്റ്റോറീസിന്റെ മൂന്നാം പതിപ്പാണ് അടുത്തവർഷം പ്രേക്ഷകരെ തേടിയെത്തുന്നത്. വൈറ്റ് ഹൗസിൽ നടന്ന കുപ്രസിദ്ധ സംഭവങ്ങളും നിറംപിടിപ്പിച്ച കഥകളും അതിനെത്തുടർന്നു മോണിക്ക ലെവിൻസ്കി ഉൾപ്പെട്ട വിവാദത്തിൽ നടന്ന ഈപീച്ച്മെന്റ് നടപടികളുമാണ് പ്രധാന പ്രമേയം. സ്വാഭാവികമായും പ്രേക്ഷകരുടെ ആകാംക്ഷയുണർത്തുന്ന രീതിയിലാണ് ഷോയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നതും. 

ഒ.ജെ.സിംപ്നന് എതിരെ നടന്ന വിചാരണയും ജിയാന്നി വെഴ്സാക്കിന്റെ കൊലപാതവുമായായിരുന്നു ആദ്യ രണ്ടു സീസണുകളിൽ അമേരിക്കൻ ക്രൈം സ്റ്റോറീസ് അവതരിപ്പിച്ചത്. വിവാദങ്ങൾക്കൊപ്പം ഷോ പുരസ്കാരങ്ങളും നേടി. മൂന്നാം സീസണിലെ മോണിക്ക ലെവിൻസ്കി വിവാദത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു. ഡെമോക്രാറ്റിക് പ്രസിഡന്റ് ബിൽ ക്ലിന്റനെതിരെ നടന്ന ഇംപീച്ച്മെന്റ് ഓർമിപ്പിക്കുന്നതിലൂടെ ഡോണൾഡ് ട്രംപിന് അനുകൂലമായി ജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമം ഷോയ്ക്ക് പിന്നിലുണ്ടെന്നും ആരോപണമുണ്ട്.