ആറുദിവസം പ്രായമായ കുഞ്ഞിനെ ബാഗിലിട്ട് രാജ്യംകടക്കാൻ ശ്രമിച്ച യുവതി പിടിയിൽ. ഫിലിപ്പീൻസിലെ മനില എയർപ്പോട്ടിൽ വച്ചാണ് അമേരിക്കൻ സ്വദേശിയായ സ്ത്രീ പിടിയിലായത്. സെപ്റ്റംബർ 4 ന് റിപ്പോർട്ട് ചെയ്ത സംഭവത്തെക്കുറിച്ച് ഫിലിപ്പീൻസ് ഇമിഗ്രേഷൻ ബ്യൂറോ വക്താവ് മെൽവിൻ മബുലക് പറയുന്നതിങ്ങനെ :-

'' ബുധനാഴ്ച പുലർച്ചെ 6.20 നാണ് ഈ സംഭവത്തെക്കുറിച്ചറിയുന്നത്. മനിലയിലെ നിനോയ് അക്വിനെ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചാണ് 43കാരിയായ സ്ത്രീയുടെ ലഗേജിനുള്ളിൽ നവജാതശിശുവിനെ കണ്ടെത്തിയത്. കേവലം ആറുദിവസം പ്രായമായ കുഞ്ഞിനെയാണ് അവരുടെ ബാഗിൽ കണ്ടെത്തിയത്.

തന്റെ പാസ്പോർട്ട് മാത്രമാണ് യുവതി എയർപോർട്ടിൽ ഹാജരാക്കിയത്. എയർപോർട്ട് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അവരുടെ ബാഗിനുള്ളിൽ നിന്നും നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിനെ സംബന്ധിച്ച് ഒരു രേഖകളും അവർ എയർപോർട്ട് അധികൃതർക്ക് മുന്നിൽ ഹാജരാക്കിയിരുന്നില്ല. കുഞ്ഞിനെക്കുറിച്ച് എയർപോർട്ട് ജീവനക്കാർ ചോദിക്കുമ്പോൾ താൻ കുഞ്ഞിന്റെ ബന്ധുവാണെന്ന മറുപടിയാണ് യുവതി നൽകുന്നത്. പക്ഷേ കുഞ്ഞുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും അവരുടെ പക്കലില്ല''.

ഫിലിപ്പീൻസ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ഡിവിഷൻ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.