അമേരിക്കയില്‍ പുതിയ കാലത്ത് ഏറ്റവും വിജയകരമായ ബിസിനസ് നടത്തുന്ന, ഭാവി വാഗ്ദാനം എന്നു ചൂണ്ടിക്കാട്ടാവുന്ന, മികച്ച സംരംഭകരായ 100 പേരെ എടുത്താല്‍ അവരില്‍ എത്ര സ്ത്രീകള്‍ ഉണ്ടായിരിക്കും. ഒരേയൊരാള്‍ എന്നാണ് പ്രശസ്ത ബിസിനസ് മാഗസിന്‍ ഫോബ്സ് ചൂണ്ടിക്കാട്ടുന്നത്. യാഥാര്‍ഥ്യത്തിനു നിരക്കാത്ത ഈ കണക്കെടുപ്പിന്റെ പേരില്‍ വിവാദത്തിലായിക്കുകയാണ് മാസിക. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനവും എതി‍ര്‍പ്പും രൂക്ഷമാകുകയും ചെയ്തിരിക്കുന്നു. 

റോസ് സ്റ്റോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബാര്‍ബറ റെന്റ്ലര്‍ മാത്രമാണ് ഫോബ്സ് ലിസ്റ്റില്‍ ഇടംപിടിച്ച ഏകവനിത. അതും 75-ാമത്തെ പേരുകാരിയായി. ആമസോണിന്റെ ജെഫ് ബിസോസും ടെസ്‍ലയുടെ എലോണ്‍ മസ്കുമാണ് ലിസ്റ്റില്‍ ആദ്യത്തെ പേരുകാര്‍. ഫെയ്സ്ബുക് സിഇഒ സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തും. 

ഇന്നൊവേറ്റീവ് ലീഡേഴ്സ് എന്ന വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും വിദഗ്ധരായ പാനലാണ് മികച്ചവരെ കണ്ടെത്തിയതെന്നും ഫോബ്സ് അധികൃതര്‍ അവകാശപ്പെടുന്നു. പക്ഷേ, 100 പേരില്‍ ഒരു വനിതയെ മാത്രം ഉള്‍പ്പെടുത്തിയതിനുപുറമെ ലിസ്റ്റിലെ ഏകാസാന്നിധ്യമായ ബാര്‍ബറയുടെ ചിത്രവും ഫോബ്സ് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് വിര്‍മശനത്തിന്റെ ശക്തി വര്‍ധിപ്പിച്ച മറ്റൊരു ഘടകം. 

നിങ്ങള്‍ക്കു നാണം തോന്നുന്നില്ലേ. അവിശ്വസനീയം. 99 പുരുഷന്‍മാരും ഒരൊറ്റ സ്ത്രീയും... 

ഇങ്ങനെ പോയി സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ബാര്‍ബറയുടെ ചിത്രം ഇല്ലാത്തതുകൊണ്ടാണോ അതുള്‍പ്പെടുത്താത്തതെന്നു ചോദിച്ച ചിലര്‍ ചിത്രം തങ്ങള്‍ അയച്ചുതരാമെന്നും ഫോബ്സിനോടു പറഞ്ഞു. പുരുഷന്‍മാരായ 2 പ്രഫസര്‍മാരും ഒരു പുരുഷ കണ്‍സള്‍ട്ടന്റും കൂടിച്ചേര്‍ന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.