വിവാഹത്തിനു മുൻപ് വരന്റെ വീട്ടിലേക്ക് പ്രതിശ്രുത വധു പോകാറില്ല. ഈ പതിവുതെറ്റിച്ചുകൊണ്ടാണ് ഒരു വധു ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബംഗ്ലാദേശിലാണ് സംഭവം. ഖദീസ അക്തർ ഖുശി എന്ന 19 വയസ്സുകാരി വധുവാണ് ബന്ധുക്കളെയും കൂട്ടി വിവാഹത്തിന് മുൻപ് വരന്റെ വീട്ടിലെത്തിയത്. അതുമാത്രമല്ല വിവാഹം കഴിഞ്ഞയുടൻ കക്ഷി വരനുമായി സ്വന്തം വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

നൂറ്റാണ്ടുകളായി പിന്തുടരുന്ന കീഴ്‌വഴക്കം ലംഘിച്ചത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണെന്നാണ് വധുവിന്റെ വാദം. ബംഗ്ലാദേശിലെ സ്ത്രീകളെല്ലാവരും തന്നെ വിവാഹദിനത്തിൽ തന്റെ പാത പിന്തുടരണമെന്നാണ് ആഗ്രഹമെന്നും വധു പറയുന്നു. പുരുഷന്മാർക്കിത് ആകാമെങ്കിൽ എന്തുകൊണ്ട് പെൺകുട്ടികൾക്കിതായിക്കൂടാ എന്നാണ് വധുവിന്റെ ചോദ്യം.

കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ഖദീസ തരീഖ്വൽ ഇസ്ലാമിനെ വിവാഹം കഴിച്ച വാർത്ത ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ ഈ വിവാഹാഘോഷം പക്ഷേ സമ്മിശ്ര പ്രതികരണമാണ് ആളുകളിൽ സൃഷ്ടിച്ചിരിക്കുന്നത്. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും ചെരുപ്പുകൊണ്ടടിക്കണമെന്നാണ് ചിലർ പ്രതികരിച്ചത്. പക്ഷേ തങ്ങൾ ചെയ്തത് ശരിയാണെന്നു തന്നെയാണ് ഖദീസയും ഭർത്താവും വിശ്വസിക്കുന്നത്.

"പാരമ്പര്യമല്ല ഇവിടെ പ്രശ്നം, സ്ത്രീകളുടെ അവകാശങ്ങളാണിവിടെ വിഷയം. ഒരു പെൺകുട്ടി ആൺകുട്ടിയെ വിവാഹം കഴിച്ചാൽ ആർക്കും അപായമൊന്നും സംഭവിക്കില്ല. മറിച്ച് സ്ത്രീകൾക്കെതിരെയുള്ള ചൂഷണം കുറയും, സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകും."

ഇങ്ങനെയൊരു വിവാഹം സംഘടിപ്പിച്ചപ്പോൾ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നുവെന്നും അവർ പറയുന്നു. എങ്കിലും തങ്ങൾ തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വരൻ പറയുന്നത്.

''ചിലർ പള്ളികളിൽ വിവാഹിതരാകാറുണ്ട്. ഞങ്ങൾ മതപരമായാണ് വിവാഹിതരായത്. സാക്ഷികളുടെ സാന്നിധ്യത്തിൽ വിവാഹ റജിസ്റ്ററിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ അനുസരിച്ചാണ് എല്ലാക്കാര്യങ്ങളും ഞങ്ങൾ ചെയ്തത്. മറ്റുള്ളവർ എന്തു വിചാരിക്കും, എന്തുപറയും എന്നൊന്നും ചിന്തിക്കാറില്ല. എല്ലാവർക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണല്ലോ ഉണ്ടാവുക. ''- വരൻ പറയുന്നു.

സാധാരണയായി വരനും കൂട്ടരും കൂടി വധൂഗൃഹത്തിൽ ചെല്ലുകയോ, അല്ലെങ്കിൽ വിവാഹം നടക്കുന്ന സ്ഥലത്തു ചെല്ലുകയോ വിവാഹശേഷം വധുവിനെയും കൂട്ടി വരുകയുമാണല്ലോ പതിവ്. പക്ഷേ ബംഗ്ലാദേശിലെ മിഡ്നാപൂരിൽ വിവാഹത്തിനു മുൻപ് വരന്റെ വീട്ടിലെത്തുകയും വിവാഹശേഷം വരനെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങുകയും ചെയ്ത വധുവിന്റെ പ്രവൃത്തി പലർക്കും പിടിച്ചിട്ടില്ല. പുരുഷ വർഗത്തെ നാണംകെടുത്തുന്ന പ്രവർത്തിയാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.