ഫെമിനിസത്തെയും മീ ടൂ ആരോപണത്തെയും പടിയ്ക്കു പുറത്താക്കാൻ പിശാചിനി മുക്തി പൂജയുമായി ഒരുസംഘം പുരുഷന്മാർ. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് ഈ മാസം 22ന് പിശാചിനിമുക്തി പൂജ നടത്തിയത്. പൂജയെക്കുറിച്ചുള്ള ബ്രോഷറുകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു പൂജ നടത്തിയത്.

ഫെമിനിസത്തെയും മീടൂവിനെയും തുരത്തി കുടുംബഭദ്രത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന പുരുഷ സംഘം മീടൂ വിനെ ഡിജിറ്റൽ ആൾക്കൂട്ട ആക്രമണമെന്നാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ പൂജ ഇവർ സംഘടിപ്പിച്ചിരുന്നു. നിയമങ്ങൾ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ കുടുക്കുന്നതിനെതിരെയാണ് സംഘടനയുടെ പ്രവർത്തനമെന്നാണ് ഇവരുടെ വാദം.

സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം എന്നീ നിയമങ്ങൾ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ ശിക്ഷിക്കുന്നതിനെതിരെ തുടങ്ങിയ സംഘടനയുടെ വെബ്സൈറ്റിൽ മാനഭംഗം, പീഡനം എന്നീ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന പുരുഷന്മാരെ പ്രതിരോധിക്കുന്ന വാർത്താ ക്ലിപ്പിംഗുകൾ നിറച്ചിട്ടുണ്ട്. അതുമാത്രമല്ല ദുരിതമനുഭവിക്കുന്ന പുരുഷന്മാർക്കുവേണ്ടിയുള്ള ഹെൽപ് ലൈനും ഇവിടെയുണ്ട്. ആരോടും മിണ്ടാൻ പോലും കഴിയാതെ ആത്മഹത്യാ പ്രവണതയുമായി നടക്കുന്ന പുരുഷന്മാരെ സമാശ്വസിപ്പിക്കാനാണ് ഹെൽപ് ഡെസ്ക്ക്.