അജ്ഞാത രോഗം മാറാൻ പെൺകുഞ്ഞിനോട് ക്രൂരത കാട്ടിയ അച്ഛൻ അറസ്റ്റിൽ. അസമിലാണ് സംഭവം. രണ്ടര വയസ്സുള്ള പെൺകുഞ്ഞിനെ നദിയിലെറിഞ്ഞു കൊന്ന കേസിലാണ് കുഞ്ഞിന്റെ അച്ഛൻ ബീർബൽ ബോഡോയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ്  പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് നദിയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- 

രണ്ടാഴ്ചയിലേറെയായി അജ്ഞാത രോഗത്താൽ ബീർബൽ അസ്വസ്ഥത അനുഭവിക്കുന്നുണ്ട്. അജ്ഞാത രോഗത്തിൽ നിന്നും രക്ഷപെടാൻ ദൈവവിളിയുണ്ടായെന്നും അതനുസരിച്ചാണ് കുഞ്ഞിനെ നദിയിലെറിഞ്ഞതെന്നുമാണ് ബീർബൽ പറയുന്നത്. ബീർബലിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച കുഞ്ഞിനെയുമെടുത്ത് നടക്കാനിറങ്ങിയതാണ് ബീർബൽ. തിരികയെത്തിയപ്പോൾ ഒപ്പം കുഞ്ഞിനെ കാണാതെ ബന്ധുക്കൾ കാര്യമന്വേഷിച്ചപ്പോൾ കുഞ്ഞിനെ നദിയിൽ നിമജ്ജനം ചെയ്തു എന്നാണ് അയാൾ മറുപടി നൽകിയത്. അസുഖത്തെത്തുടർന്ന് താനൊരു  മുറിവൈദ്യനെ കാണാൻ പോയിരുന്നുവെന്നും കുട്ടികളിൽ ഇളയയാളെ നദിയിൽ നിമജ്ജനം ചെയ്യാൻ അയാളാണ് തന്നെ ഉപദേശിച്ചതെന്നും ബീർബൽ പറഞ്ഞത്. മരിച്ച കുഞ്ഞിനെക്കൂടാതെ മറ്റു രണ്ടു മക്കൾ കൂടി ബീർബലിനുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരന്തത്തിൽ മൂന്നാമതൊരാൾക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അങ്ങനെയൊരാളു‍ടെ പങ്ക് വ്യക്തമായിക്കഴിഞ്ഞാൽ കുറ്റവാളികളെ വെറുതെ വിടില്ലെന്നുമാണ് ബക്സ പൊലീസ് സൂപ്രണ്ട് തുബേ പ്രതീക് പറയുന്നത്. വൈദ്യ പരിശോധനയ്ക്കു ശേഷം കുറ്റവാളിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും. റിമാൻഡിൽ കിട്ടിയാൽ മാത്രമേ അയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്നും അവർ പറയുന്നു.

ദുർമന്ത്രവാദത്തിനു തടയിടാനായി ബോധവത്കരണ ക്ലാസുകൾ പൊലീസ് സംഘടിപ്പിക്കാറുണ്ടെന്നും എന്നിട്ടും ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ ഉണ്ടാകുന്നതിൽ വേദനയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.