തീവ്രവാദി സംഘടനയായ ഐഎസില്‍ ചേരാന്‍ പോയ പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരിലോ വിവാഹം കഴിക്കാനുള്ള ആഗ്രഹം കൊണ്ടോ മാത്രമല്ല നാടു വിട്ട് അനിശ്ചിതമായ ഭാവി തേടി പോയതെന്ന് കണ്ടെത്തല്‍. സാമൂഹികമായ ഒറ്റപ്പെട്ടലും അവരുടെ ഒളിച്ചോട്ടത്തിന്റെ പിന്നിലുണ്ടത്രേ. ആവേശകരമായ ഒരു കൂട്ടായ്മയുടെ ഭാഗമായി ജീവിക്കാം എന്ന പ്രതീക്ഷയും അവരെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് ഈ വിഷയത്തെക്കുറിച്ചു പഠനം നടത്തിയ സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാടുന്നത്. ഐഎസില്‍ ചേര്‍ന്ന പെണ്‍കുട്ടികളോടും അവരുടെ കുടുംബങ്ങളോടും അയല്‍ക്കാരോടുമൊക്കെ സംസാരിച്ചാണ് ഈ നിഗമനങ്ങളില്‍ എത്തിയിരിക്കുന്നത്. 

ഇതുവരെ ഏതാണ്ട് നൂറോളം പെണ്‍കുട്ടികള്‍ യുകെയില്‍നിന്നു മാത്രം ഐഎസില്‍ ചേരാന്‍ പോയിട്ടുണ്ട്. ഇവരില്‍ നാട്ടിലേക്കു തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഷമീമ ബീഗം എന്ന യുവതിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കിയിരുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും പൊതുവെ വലിയ മുന്നേറ്റങ്ങളുടെ ഭാഗമാക്കാതെ ഒഴിവാക്കുന്നത് പലപ്പോഴും അവരില്‍ അമര്‍ഷവും അസംതൃപ്തിയും സൃഷ്ടിക്കാറുണ്ടത്രേ. തങ്ങള്‍ക്കും ധീരമായ മുന്നേറ്റങ്ങള്‍ സാധ്യമാണെന്നു സമൂഹത്തെ ധരിപ്പിക്കാന്‍ ചിലരെങ്കിലും തയാറാകുന്നു. 

രക്ഷകര്‍ത്താക്കളോടുള്ള അമര്‍ഷവും അവരെ എതിര്‍ക്കാനുള്ള പ്രേരണയും ചിലരുടെയെങ്കിലും കാര്യത്തില്‍ കടുത്ത തീരുമാനം എടുക്കാന്‍ പ്രേരണയായിട്ടുണ്ട്. മതപരമായ അഭിമുഖ്യമാണ് മറ്റൊന്ന്. ദൈവികമായ പോരാട്ടം എന്നത് ചിലരെയെങ്കിലും ഭ്രമിപ്പിക്കുന്നു. നിലവിലുള്ള ജീവിതത്തിലെ അസംതൃപ്തിയും വലിയൊരു ആത്മീയ പോരാട്ടത്തിന്റെ പ്രലോഭനവും നിയന്ത്രിക്കാന്‍ കഴിയാതാകുമ്പോള്‍ ചിലര്‍ ഐഎസിന്റെ ഭാഗമാകാന്‍ തയാറാകുന്നു. 

പടിഞ്ഞാറന്‍ നാടുകളിലെ ഫെമിനിസത്തെക്കുറിച്ചുള്ള ആശയങ്ങളും ചില യുവതികളെ ചെടിപ്പിക്കുന്നുണ്ട്. ഐഎസിന്റെ ഭാഗമായാല്‍ എന്തോ മഹത്തായ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന പ്രതീക്ഷയും ചിലര്‍ക്കുണ്ട്. സിറിയയിലും മറ്റും പോയി ഐഎസിന്റെ ഭാഗമായെങ്കിലും ചിലര്‍ മോഹഭംഗത്തെത്തുടര്‍ന്ന് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇവരില്‍ ഷമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കാനായിരുന്നു യുകെയുടെ തീരുമാനം. 

2015 ലാണ് ഷമീമ യുകെ വിട്ട് സിറിയയ്ക്കു പോയത്. നെതര്‍ലന്‍ഡില്‍നിന്നുള്ള പൗരനും  ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയയാളുമായ യാഗോ റെഡിക്കിനെയാണ് ഷമീമ വിവാഹം കഴിച്ചത്. മൂന്നു കുട്ടികളുണ്ടായെങ്കിലും മൂന്നുപേരും മരിച്ചു. അതിനുശേഷമാണ് തന്റെ തീരുമാനം തെറ്റായിപ്പോയെന്നും താന്‍ തിരിച്ചുവരാന്‍ തയാറായതെന്നും ഷമീമ അറിയിച്ചിരുന്നു. പക്ഷേ, രാജ്യത്തെ വഞ്ചിച്ച് ഭീകരപ്രസ്ഥാനത്തില്‍ ചേര്‍ന്ന യുവതിയെ തിരിച്ചുവേണ്ട എന്നായിരുന്നു യുകെയുടെ തീരുമാനം. ഇപ്പോള്‍ 20 വയസ്സാണ് ഷമീമയ്ക്ക്. മാതാപിതാക്കള്‍ ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. ആ രാജ്യത്തേക്കു തിരിച്ചുപോകാന്‍ ഷമീമയ്ക്ക് താല്‍പര്യവുമില്ല. ഷമീമയുടെ വിധിയും ഭാവിയും ചര്‍ച്ചയായതോടെയാണ് എന്തുകൊണ്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരാന്‍ തയാറാകുന്നതെന്ന് ചര്‍ച്ചയും ചൂടുപിടിച്ചിരിക്കുന്നത്. 

English Summary : Isis women driven by more than marriage