ഇന്ത്യന്‍ കലകളും സംസ്കാരവും പൈതൃകവും സംരക്ഷിക്കാനും ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാനും നടത്തിയ ശ്രമങ്ങളുടെ പേരില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയെ തേടി അപൂര്‍വ അംഗീകാരമെത്തി. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്സിന്റെ ട്രസ്റ്റിയായി നിത തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള ഒരാള്‍  ഈ സ്ഥാനത്ത് എത്തുന്നത് ഇതാദ്യമായാണ്. 

മ്യൂസിയത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ട്രസ്റ്റി കൂടിയാണ് നിത. യുഎസിനെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമാണ് 'ദ് മെറ്റ്' എന്നറിയപ്പെടുന്ന മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 5,000 വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങള്‍ 'ദ് മെറ്റി'ലുണ്ട്. ഈ വിഭാഗത്തില്‍ ആയിരങ്ങള്‍ ദിവസവും സന്ദര്‍ശിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാപനം. പുരാതന ഈജിപ്തില്‍നിന്നുള്ള കലാസൃഷ്ടികള്‍ വരെ ഇവിടെ പ്രദര്‍ശനത്തിനുവച്ചിട്ടുണ്ട്. നിത ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പട്ടതോടെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തില്‍നിന്നുള്ള കലാവസ്തുക്കള്‍ മ്യൂസിയത്തില്‍ ഇടംപിടിക്കുമെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. 

ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്സിന്റെ ട്രസ്റ്റിയായി നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ

'ദ് മെറ്റ്' എന്ന സ്ഥാപനത്തോടുള്ള നിതയുടെ പ്രതിബദ്ധത. ഇന്ത്യന്‍ കലകളും സംസ്കാരവും പരിരക്ഷിക്കണമെന്ന ആഗ്രഹം. നിതയുടെ ഈ ഗുണങ്ങള്‍ മ്യൂസിയത്തിന്റെ ഭാവി വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്നാണ് മ്യൂസിയം ചെയര്‍മാന്‍ ഡാനിയല്‍ ബ്രോഡ്സ്കി അഭിപ്രായപ്പെട്ടിരിക്കുന്നത്. അദ്ദേഹം തന്നെയാണ് നിതയുടെ തിരഞ്ഞെടുപ്പ് ലോകത്തെ അറിയിച്ചതും. 'ദ് മെറ്റ്' രാജ്യാന്തര കൗണ്‍സില്‍ അംഗം കൂടിയായിരിക്കും നിത. രണ്ടുവര്‍ഷം മുമ്പ് മ്യൂസിയത്തിന്റെ വിന്റര്‍ പാര്‍ട്ടിയില്‍ നിതയെ ആദരിച്ചിരുന്നു. 

വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ഇന്ത്യന്‍ സാംസ്കാരിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന സ്ഥാപനമാണ് റിലയന്‍സ് ഫൗണ്ടേഷന്‍. ദ് എലിഫന്റാ ഫെസ്റ്റിവല്‍, ഉസ്താദ് സക്കീര്‍ ഹുസൈന്റെ വാര്‍ഷിക സംഗീത പരിപാടി എന്നിവയെല്ലാം ഫൗണ്ടേഷന്‍ ഏറ്റെടുത്തു നടത്തുന്ന പരിപാടികളാണ്. ചിക്കാഗോ ആർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൃഷ്ണ ചിത്രങ്ങളുടെ പ്രചാരണത്തിനുവേണ്ടിയും ഫൗണ്ടേഷന്‍ വിവിധ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 2016 മുതലാണ് ഫൗണ്ടേഷനും നിതയും ദ് മെറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. 2017 ല്‍ രഘുബീര്‍ ദാസിന്റെ ഗംഗയുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം, മൃണാളിനി മുഖര്‍ജിയുടെ പ്രകൃതി ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ മെറ്റില്‍ സംഘടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം മെറ്റ് നടത്തുന്ന പ്രദര്‍ശനങ്ങള്‍ ഫൗണ്ടേഷന്റെ സ്പോണ്‍സര്‍ഷിപ്പോടുകൂടി ആയിരിക്കും. 

ശ്രീബുദ്ധനുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും മുഗള്‍ കാലത്തെ കലയും സംസ്കാരവും പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഇവയില്‍ ഉള്‍പ്പെടുന്നു. ആരോഗ്യം, സംസ്കാരം, കായികം എന്നിങ്ങനെ വിവിധ മേഖലകളിലെ നവീന പരിപാടികളിലൂടെ ഇന്ത്യയിലെ 34 ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ റിലയന്‍സ് ഫൗണ്ടേഷനു കഴിഞ്ഞിട്ടുണ്ടെന്ന് ദ് മെറ്റ് വിലയിരുത്തുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയില്‍ അംഗമായ ആദ്യത്തെ ഇന്ത്യക്കാരിയായ നിതയെ ഏഷ്യയില്‍ നിന്നുള്ള ഏറ്റവും സ്വാധീനശേഷിയുള്ള 50 വനിതകളില്‍ ഒരാളായി ഫോബ്സ് മാസികയും തിരഞ്ഞെടുത്തിരുന്നു. 

English Summary : Nita Ambani elected honorary trustee of NY Metropolitan Museum of Art