മയക്കുമരുന്നുകൾ ഒളിച്ചു കടത്താൻ മയക്കു മരുന്ന് മാഫിയാ സംഘങ്ങൾ പല കുറുക്കു വഴികളും തേടാറുണ്ട്. അസാധാരണമെന്നു തോന്നുന്ന പല കാര്യങ്ങളിലൂടെയും കള്ളക്കടത്തിനു ശ്രമിക്കുന്നവർ പലപ്പോഴും പൊലീസിന്റെ പിടിയിലകപ്പെടാറുമുണ്ട്.

ഇക്കുറി അർജന്റീനയിൽ പിടിയിലായ ഒരു യുവതി വ്യാജഗർഭത്തിലാണ് 15പാക്കറ്റോളം വരുന്ന മരിജ്വാന ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മെൻഡോസയിൽ നിന്ന് സാന്റാക്രൂസിലേക്കുള്ള യാത്രക്കിടയിലാണ് അർജന്റീനയിൽ യുവതി പിടിയിലായത്. അർജന്റീനയിലെ സുരക്ഷാ മന്ത്രി പട്രീഷ്യ ബുൽറിച്ച് പങ്കുവച്ച ട്വീറ്റിലൂടെയാണ് വ്യാജഗർഭത്തിൽ മയക്കുമരുന്നൊളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവതിയുടെ വാർത്ത പുറംലോകമറിഞ്ഞത്. യുവതിയുടെ വ്യാജ ഗർഭത്തിന്റെയും അവരിൽ നിന്ന് പിടിച്ചെടുത്ത മയക്കു മരുന്നിന്റെയും ചിത്രങ്ങൾ സഹിതമാണ് പട്രീഷ്യ ട്വീറ്റ് ചെയ്തത്.

പൊലീസ് നടത്തിയ റെയ്ഡിൽ യുവതിക്കൊപ്പം യാത്രചെയ്തിരുന്ന പുരുഷനിൽ നിന്ന് ചെറിയൊരു പാക്കറ്റ് മരിജ്വാന കണ്ടെത്തിയിരുന്നു. തുടർന്ന് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ഗർഭം വ്യാജമാണെന്നു തെളിഞ്ഞതും അതിനുള്ളിൽ നിന്ന് 15 പാക്കറ്റോളം വരുന്ന മയക്കു മരുന്ന് കണ്ടെത്തിയതും. പിന്നീടുള്ള അന്വേഷണത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്നത് അവരുടെ ഭർത്താവാണെന്നു തെളിഞ്ഞു.

മരിജ്വാന ഒളിപ്പിച്ചു വച്ച വ്യാജ ഗർഭമുണ്ടാക്കിയത് പേസ്റ്റ് കൊണ്ടാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. യുവതിയെയും പങ്കാളിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് മാധ്യമപ്രവർത്തകരോട് വിശദീകരിച്ചതിങ്ങനെ :-

''മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന്റെ പേരിൽ രണ്ട് ആർജന്റീന സ്വദേശികൾ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാളു ടെ കറുത്ത ബാഗിനുള്ളിൽ നിന്ന് മയക്കു മരുന്ന് കണ്ടെത്തി. അയാൾക്കൊപ്പം ഗർഭിണിയായ ഒരു സ്ത്രീയുമുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് അവൾ ഇറങ്ങുന്നത് കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവളുടെ വയറിനുള്ളിൽ കുഞ്ഞല്ല, വ്യാജഗർഭത്തിനുള്ളിൽ മയക്കു മരുന്നാണെന്ന്''.

English Summary : woman faked pregnancy to smuggle 15 packets of drugs in false baby bump

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT